ട്രൂഗാനിന്നി എന്ന ആദിവാസി :

ഓസ്‌ട്രേലിയക്കടുത്തുള്ള ടാസ്മാനിയ എന്ന ദ്വീപിലേക്ക് വെള്ളക്കാർ വരുന്നത് 1800 കളോടെ ആണ് . അന്നവിടെ ആറായിരത്തോളം ടാസ്മാനിയക്കാർ ഉണ്ട് . ഏകദേശം മുപ്പതിനായിരം വര്ഷം ആയി അവർ അവിടെ പല ഗോത്രങ്ങളും ആയി ജീവിക്കുക ആയിരുന്നു .

 

അന്ന് ഓസ്‌ട്രേലിയയിലെ ആദിമ വർഗക്കാരെ ഒക്കെ നിരപ്പാക്കി കുറച്ചു കുറ്റ ബോധം ഒക്കെ തോന്നിയിരുന്ന കാലമാണ് – വെള്ളക്കാർക്ക് . അത് കൊണ്ട് തന്നെ ടാസ്മാനിയക്കാർ മനുഷ്യനാണെന്നും സായിപ്പിനുള്ള അതെ നിയമ പരിരക്ഷ ഉണ്ടെന്നും കടലാസിൽ ഉണ്ടായിരുന്നു .

 

പെട്ടന്നാണ് ടാസ്മാനിയൻ ഉൾനാടുകൾ ആട് വളർത്തലിനു വളരെ യോജിച്ചതാണെന്നു സായിപ്പിന് മനസ്സിലായത് . കുറെ സ്ഥലം അവർ കൈയേറി . സിംപിൾ ആയി നൂറു കണക്കിന് ആദിവാസികളെ വെടി  വച്ച് കൊന്നു കളഞ്ഞു . അല്ലാതെന്തു ചെയ്യും ? പാവം വെള്ളക്കാർ . അവർക്ക് ആടുകളെ മേക്കണ്ടേ ?

 

ചില ഒളി ആക്രമണങ്ങളിൽ ടാസ്മാനിയക്കാർ രണ്ടോ മൂന്നോ വെള്ളക്കാരെ കൊന്നു .

 

1820 കളോടെ ആണ് . അതോടെ കാര്യങ്ങൾ മാറി മറിഞ്ഞു .

 

ടാസ്മാനിയക്കാർ ദുഷ്ടരാണ് !

 

നികൃഷ്ടരും അലവലാതികളും പിന്നെ എന്തൊക്കെയോ തെറികളും ആണ് .

 

അതായത് , അവർക്ക് എന്തോ കുഴപ്പമുണ്ട് . നമ്മളെ പ്പോലെ അവർ മനുഷ്യർ ആണോ ? സായിപ്പിന് സംശയം തോന്നി .

 

ന്യായമായും തോന്നുമല്ലോ . നമ്മൾ ഇന്ത്യയ്ക്കാർക്ക് ഇതൊക്കെ പരിചയം ആണ് . ഈ അടുത്ത കാലത് …..

 

അല്ലെങ്കിൽ വേണ്ട – നമുക്ക് പഴേ ചരിത്ര താളുകളിൽ ഒളിച്ചിരിക്കാം . ചോര കിനിയുന്ന എന്നാൽ ഓര്മ മറഞ്ഞ മുന്തിരി തോപ്പുകളിൽ ചെന്ന് രാപാർക്കാം . കാരണം ഓർമ്മകൾ ദുഖമാണുണ്ണീ , മറവി അല്ലോ സുഖപ്രദം .

 

അന്നത്തെ ഗവർണർ , ജോർജ് ആർതർ , ടാസ്മാനിയക്കാരെ ശത്രുക്കൾ ആയി പ്രഖ്യാപിച്ചു . പിന്നെ ജൂധം ആയിരുന്നു സുഹൃത്തുക്കളെ – ഭയങ്കര ജൂധം . ഇപ്പോഴും ചില ഓസ്‌ട്രേലിയൻ ചരിത്ര പുസ്തകങ്ങളിൽ ഇതിനെ യുദ്ധം ആയി ചിത്രീകരിച്ചിരിക്കുന്നു .

 

യുദ്ധം – കോപ്പാണ് . സിംപിൾ ആൻഡ് ഹംബിൽ ആയിട്ട് പറഞ്ഞാൽ , പത്തു പതിനഞ്ചു കൊല്ലം കൊണ്ട്, ഒരു മാതിരി എല്ലാ ടാസ്മാനിയക്കാരെയും – ടിശ്യും  –  കൊന്നു കളഞ്ഞു . കുറെ പേരെ വെടി വച്ച് കൊന്നു . കുറെ പേരെ പിടിച്ചോണ്ട് പോയി അടിച്ചും ഇടിച്ചും കൊന്നു . പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു കൊന്നു . തോട്ടക്കാർ , ചത്തവരുടെ എണ്ണം നോക്കി കൊന്നവർക്ക് കാശ് കൊടുത്തു . ലോക്കൽ ബിഷപ്പോക്കെ ഇതിനെ സപ്പോർട് ചെയ്തു കേട്ടോ – ദോഷം പറയരുതല്ലോ .

 

പിന്നെ ബാക്കി വന്നവരെ പല കാമ്പുകളിലായി പാർപ്പിച്ചു . അവിടങ്ങളിൽ അവർ ഈയാം പാറ്റകളെ പോലെ ചത്തൊടുങ്ങി . 1870 കാലോടെ ഒക്കെ ഇവരെ തമ്മിൽ ഇണ ചേർത്ത് കുട്ടികളെ ഉണ്ടാക്കാൻ ഒക്കെ നോക്കി കേട്ടോ . അപ്പോഴേക്കും കാലം മാറി കേട്ടോ . അന്യം നിന്ന് പോകാതിരിക്കാൻ ചില പ്രാന്തൻ വെള്ളക്കാർ ശ്രമിച്ചു . അതിലൊരുത്തൻ പറഞ്ഞു :

 

“എന്താണോ എന്തോ – ഇവർക്ക് ഈ സെക്‌സിലും കുട്ടികളെ ഉണ്ടാക്കാനും ഒന്നും ഒരു താല്പര്യവുമില്ല . ഇവർക്ക് എന്തോ കുഴപ്പമുണ്ട് . ഇവർ മജ്ജയും മാംസവും ഉള്ള മനുഷ്യ ജീവികൾ അല്ലെ ?”

 

തന്നെ , തന്നെ – പൊള്ളുന്ന ഓർമകളും . അവർ എങ്ങനെ രമിക്കും ? എങ്ങനെ കുട്ടികളെ പോറ്റി വളർത്തും ? അവരുടെ ലോകമേ പോയി കഴിഞ്ഞല്ലോ .

 

ട്രൂകന്നിനി ഒരു ഗോത്ര തലവന്റെ മോൾ ആയിരുന്നു . വെള്ളക്കാരുമായി ധീരതയോടെ പോരാടി . അമ്മയെയും അമ്മാവന്മാരെയും ഒക്കെ കൊന്നു കളഞ്ഞു . ഏകസഹോദരിയെ തോട്ടക്കാർ പിടിച്ചോണ്ട് പോയി . കാമുകനെ വെള്ളക്കാർ കൊന്നു . എന്നിട്ട് ട്രൂകന്നിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു .

 

ട്രൂകന്നിനി ചത്തില്ല . കുറെ കാലം ജീവിച്ചു . തടവിൽ അവസാനം ആയി അവശേഷിച്ചത് അവരാണ് . 1873 ൽ. അപ്പോഴേക്കും അവർ ഇംഗ്ളീഷ് ഒക്കെ പഠിച്ചു അവരുടെ സഹ ജീവികളെ ജയിലിൽ സേവിച്ചു കൊണ്ട് വെള്ളക്കാരുമായി പൊരുത്ത പ്പെട്ടിരുന്നു . മരണ സമയത് അവർ ഒരേ ഒരു കാര്യമേ വെള്ളക്കാരോട് ആവശ്യപ്പെട്ടുള്ളു ;

 

“എന്നെ കീറി മുറിച്ചു പഠിക്കരുത് . മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കരുത് . കത്തിച്ച ചാരം ഈ ടാസ്മാനിയൻ കാടുകളിൽ വിതറണം . പ്ലീസ് .”

 

മരിച്ച ശരീരം മ്യൂസിയത്തിൽ പ്രദർശനത്തിനും വച്ചു , കീറി മുറിച്ചും നോക്കി . കുറെ ശരീര ഭാഗങ്ങൾ ഇംഗ്ളണ്ടിൽ റോയൽ കോളേജ് ഓഫ് സർജൻസിനും അയച്ചു കൊടുത്തു .

 

പിന്നീട് , ഈ തെറ്റ് മനസ്സിലാക്കി , 1976 ൽ ,അവർ മരിച്ചിട്ട് ഏകദേശം നൂറു വർഷങ്ങൾ കഴിഞ്ഞു ,  അവരുടെ ശരീരം മാന്യമായി ക്രെമീറ്റ് ചെയ്തു , ചിത ഭസ്മം , അവരുടെ ആളുകൾ മുപ്പതിനായിരം കൊല്ലത്തോളം സ്വൈര്യമായി വിഹരിച്ച ആ കാടുകളിൽ വിതറി .

 

അങ്ങനെ , വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു കഥക്ക് കൂടി പൂർണ വിരാമം ആയി .

 

ഇനിയും കഥ തുടരും . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .