ഗഡീടെ ബേക്കറി

എം ബി ബി സ് ചെയ്യുന്നതിനിടെ ഒരിക്കൽ തിരുവനന്തപുരത്ത് പോവേണ്ടി വന്നു. ട്രെയിനിൽ വച്ച് പഴയ ബാല്യ കാല സഹപാഠി യെ വീണ്ടും കണ്ടു. പേര് മൈനക്.

“എന്തുട്ടാ ഗെഡ്യെ?” ജാതി വർത്താനം ഒക്കെ കഴിഞ്ഞു.

അവൻ ബി കോം റാങ്കോടെ പാസായി എം ബി എ ക്കോ ഒക്കെ പോകാൻ തയ്യാർ എടുത്തിരിക്കുന്നു.

 

സ്‌കൂളിൽ വച്ച് വല്യ ഗടി ഒന്നും ആയിരുന്നില്ല. മാഡൽ ബോയ്സിൽ ആണല്ലോ ഞാൻ പഠിച്ചത്. ഇടക്ക് അടിയൊക്കെ കൂടും.

 

കൂടണമല്ലോ . ഇടക്ക് കൂടിയില്ലെങ്കില്ലെങ്കിൽ പിള്ളേരുടെ ഇടയിൽ ഒരു വെയിറ്റ് കിട്ടില്ല .

 

“ഒരു വൈറ്റൂല്യ , ഷ്ടോ “- അതാണ് .

 

ഇടക്ക് രണ്ടു പെഡ് യാ പെടക്കണം . ആരെ എങ്കിലും മതി . ഏതെങ്കിലും ഒരു ചുള്ളനെ വല്ലപ്പഴും ഒന്ന് പൂശില്ലെങ്കി ആണാണെന്ന് സമ്മതിച്ചു തരൂല്ല . പ്രത്യേകിച്ചും ഒരു പഠിപ്പിസ്റ് ആണെങ്കിൽ . ഈ ആണുങ്ങൾ ആയി നിൽക്കുന്നതിന്റെ ഒരു പാടേ .

 

ഇതിനു ചില അടവ് നയങ്ങൾ ഒക്കെയുണ്ട് . തീരെ പാവങ്ങൾ , അഥവാ ആരോഗ്യം കുറഞ്ഞതുങ്ങളെ ഇടയ്ക്കിടെ പൂശാം . പക്ഷെ അത് എല്ലാരും ചെയ്യുന്നതാണല്ലോ . മാത്രമല്ല , അത് കൊണ്ട് ഉദ്ദേശിച്ച എഫെക്ട് കിട്ടില്ല . മാത്രവുമല്ല – കഷ്ടവുമാണ് . നേരെ എതിര് എഫെക്ട് വന്നു എന്നും വരാം .

 

“അയ്യേ – ആ ജിമ്മേണ്ടല്ല – ആ പാവത്തിനെ പിടിച്ച പൂശിഷ്ടോ .”

 

“ആണാ? നാണല്ലേ അവന് ? ജാതി ഊമ്പൻ ഷ്ടോ .”

 

പോരെ പൂരം .

 

നമ്മുടെ മണ ഗാങ് ഉണ്ടാക്കാം . അലമ്പന്മാരും ബാക്കി എല്ലാരും പേടിക്കുന്നവരും ആണ് ‘മണ’ ഗാങ് . എന്തിട്ടാ ഈ മണ ? അതൊന്നും ചോദിക്കരുത് . ഈ വാക്കോളൊന്നും ഞാൻ ഉണ്ടാക്കുന്നതല്ല . ജയേഷ് , പ്രേം ജിത് ലാൽ തുടങ്ങിയ കുറെ പൊക്കവും വണ്ണവും ഉള്ള ആളുകൾ എന്റെ ‘സോൾ ഗഡീസ്’ ആണ് . ഇതാണ് എന്റെ മണ ഗാങ് . ഈ മണ ഗാങ്ങിന്റെ ബലത്തിൽ കുറെ നാൾ വിലസി . സ്വരനെ ഒക്കെ ഇടിച്ചു പപ്പടമാക്കി . ഇവർ കൂടെ ഉണ്ടെങ്കിൽ ക്ലാസ്സിലെ ഏറ്റവും പൊക്കം ഉള്ളവനും മസ്സിലനും ആയ രഞ്ജിത്തിനെ വരെ ഈ ഞാൻ “പോടാ ശാവ്യെ ” എന്ന് തൊണ്ടിയിട്ടുണ്ട് .

 

അതാണ് പ്രശ്നം ആയത് .

 

ഒരിക്കൽ , എട്ടാം ക്ലാസിൽ വെച്ചാണെന്ന് തോന്നുന്നു . ജയേഷും പ്രേം ജിത് ലാലും വന്നിട്ടില്ല . രഞ്ജിത്ത് എന്റടുത്തു വന്നു , കവിളിനിട്ടൊരു കുത്ത് . ” എന്തുട്ടണ്ട ഉണ്ടേ ” എന്ന് . “ജാതി നെയ്യുണ്ട തന്നെ നിയ്യ് ” എന്നും പറഞ്ഞു .

 

ഉണ്ടയെ – ഉണ്ട . ഒന്നാമതെ എനിക്ക് അത്യാവശ്യം പൊക്കം ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . രണ്ടാമത് , എനിക്ക് വലിയ തടി ഒന്നുമില്ല . ഇനി ഉണ്ടെങ്കിൽ തന്നെ മൊത്തം ബ്രൂ സി ലി യുടെ പോലത്തെ ഉറച്ച മസ്സിൽ ആണ് . നെയ്യുണ്ടാ പോലും . അവലോസുണ്ട എന്ന് വിളിച്ചിരുന്നെങ്കിൽ പിന്നേം സഹിക്കാമായിരുന്നു .

 

ഞാൻ ചുറ്റും നോക്കി . ജയേഷും പ്രേം ജിത്തും എന്തായാലും ഇല്ല . പിന്നെ ഉള്ളത് ഒരു സ്ട്രാറ്റജിക് കളി ആണ് .

ചുറ്റും നമ്മുടെ ക്‌ളാസിൽ ഉള്ള കുറെ പേര് ഉണ്ടെങ്കിൽ അടി തുടങ്ങി അധികം കഴിയും മുൻപേ ആരെങ്കിലും ഒക്കെ കൂട്ടം ചേർന്ന് അടി കൂടുന്നവരെ പിടിച്ചു മാറ്റും . ഇവിടെ ഞാൻ നോക്കുമ്പോൾ പിടിച്ചു മാറ്റാൻ സാധ്യത ഉള്ള , സ്ഥിരം സമാധാന കാംക്ഷികളായ കുറെ എണ്ണം ചുറ്റും ഉണ്ട് . എന്റെ അത്യാഗ്രഹം ഉണർന്നു . ഏതാനും സെക്കൻഡുകൾ പിടിച്ചു നിന്നാൽ മതി . രഞ്ജിത്തിനെ – അതി ഭയങ്കരനും ദൃഢ ഗാത്രനും ആർനോൾഡ് ശിവ ശങ്കരന്റെ അളിയനും ആയ രഞ്ജിത്തിനെ അടിച്ചു എന്ന ഖ്യാതി കിട്ടുകയും ചെയ്യും . ചുമ്മാ മണ ഗാങ്ങിന്റെ ബലത്തിൽ പിടിച്ചു നിക്കുന്നവൻ എന്ന ചീത്ത പേര് പോയും കിട്ടും

 

. ചാടി മോന്തക്കിട്ട് ഒരു പെടയാ പെടച്ചു .

 

സംഭവം കൈ വിട്ടു പോയി . രഞ്ജിത്ത് ടപ്പേ ടപ്പേ എന്ന് അടി തുടങ്ങി . ഞാൻ ചാടി കഴുത്തിൽ പിടുത്തമിട്ടു . അവൻ നിവർന്നു നിന്നു . ഞാൻ ആകാശത്തിലേക്ക് പൊങ്ങി . ഒരു മാല പോലെ രഞ്ജിത്തിന്റെ കഴുത്തിൽ തൂങ്ങി കിടക്കുക ആണ് .

 

ഹാർട് പട പട ഇടിക്കുന്നു . ചുറ്റും പാളി നോക്കി – പിടിച്ചു മാറ്റഡ ശവ്യോളേ- മനസ്സിൽ അലറി . ഹാവൂ – കുറെ പേര് പിടിച്ചു മാറ്റാൻ ഓടി അടുക്ക്ന്നുണ്ട്.

 

അപ്പോഴാണ് പെട്ടന്ന് മൈനക് അവിടെ എത്തുന്നത് . പിടിച്ചു മാറ്റാൻ വന്നവരെ അവൻ തടഞ്ഞു .

 

“ആരും പിടിച്ചു മാറ്റരുത് . തല്ല്യാ തീർക്കട്ടെ . മാറ്റരുതെന്ന്‌ – ഇത് അവരടെ പ്രശ്നല്ലേ …”

 

കോ …..കോ ..മാങ്ങൻ. സ്ഥിരം കണക്ക് ഹോം വർക്ക് എന്റെ കോപ്പി അടിക്കുന്നവൻ ആണ് .

 

അന്നീ മൈനക് എന്ന മണ കൊണാഞ്ചൻ കാരണം എനിക്ക് കണക്കിന് കിട്ടി . മണ ഗാങ് ഇല്ലല്ലോ . ഏതോ ഒരു മാഷ് ആ വഴി  വന്നപ്പോഴാണ് ഞാൻ നിലത്തു തന്നെ ഇറങ്ങിയത് .

 

ആ മൈനക് ആണ് ഇവൻ. ഈ സംഭവം ഒക്കെ നമുക്ക് ഓർമയുണ്ടല്ലോ . പക്ഷെ അതിനെ പാട്ടി ഒന്നും മിണ്ടാതെ പഴേ കഥകൾ ഒക്കെ പറഞ്ഞു ഇങ്ങനെ ഇരുന്നു .

 

ട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ  നിർത്തി . അവിടെ ഒരു മിനിറ്റോ മറ്റോ ഉള്ളു സ്റ്റോപ്പ് . ജനലിലൂടെ നോക്കുമ്പോൾ പ്ലാറ്റുഫോമിൽ ഒരു ബഹളം . ഏതോ ഒരു മനുഷ്യനെ നാലഞ്ചു പേര് ചേർന്ന് അടിച്ചു പഞ്ചറാക്കുന്നു . മുഖത്ത് മേടുന്നു . വീണിടത്തു കിടത്തി വയറ്റത്ത് ചവിട്ടുന്നു .

 

നമ്മുടെ മൈനക് ചാടി എണീറ്റു . മുഖത്ത് ആവേശ തിര തള്ളൽ . ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി . ഓടി ചെന്ന് , ഈ വീണു കിടക്കുന്നവനെ രണ്ടു ചവിട്ട് ! പിന്നെ മുടി പിടിച്ചു തല നിലത്ത് ഒരു കുത്ത് !

 അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങി . മൈനക് ഓടി തിരിച്ചു കയറി . ഒന്നും സംഭവിക്കാത്ത മാതിരി ഇരിപ്പായി .

 

“നീ എന്തിനാടാ അയാളെ ചവിട്ടിയത് ?” ഞാൻ ചോദിച്ചു .

 

“ഓ – ഒരു കാരണോം ഇല്ലാതെ ആരേം അടിക്കില്ല്യല്ലോ- ല്ലേ . അപ്പൊ നമ്മളും ഒരു സഹായം ..” അവൻ വെളുക്കെ ചിരിച്ചു .

 

“അത്രേള്ളോ ?”

 

“അത്രേല്ലൊ- മ്മക്ക് ത്രേ  ല്ലേ പറ്റൂ .”

 

ഈ മൈനക് ഇപ്പൊ എവിട്യണാവോ? ആരോ പറഞ്ഞത് കേട്ട് – കാനഡ യിലോ എന്തോ ബേക്കറി നടത്തുക ആണത്രേ . നല്ല തങ്കപ്പെട്ട മനുഷ്യൻ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .