തലയണ മന്ത്രം എന്ന സിനിമയിൽ, ശ്രീനിവാസന്റ്റെ കാരക്ടർ ഒരു സൈറ്റ് സൂപ്പർവൈസർ മാത്രമാണെങ്കിലും, സ്വയം ഒരു എൻജിനീയർ ആണെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് സത്യം അറിഞ്ഞപ്പോൾ, പുതിയ അയൽക്കാരിൽ ഒരു സ്ത്രീ പറയുന്നു:
“ഛെ! എൻജിനീയർ ആണെന്ന് വിചാരിച്ച് ഞാൻ സ്വല്പം റെസ്‌പെക്ട് കൊടുത്തു പോയി!”
നമ്മുടെ നാട്ടിൽ കുറച്ചു പതിറ്റാണ്ടുകൾക്ക് മുൻപേ മാറു മറക്കൽ സമരം പോലെ ചിലത് നടന്നിരുന്നു. മാറു മറയ്ക്കാൻ അധികാരം രാജാവ് കൊടുത്തപ്പോഴും, അന്യജാതിക്കാരെ പോലെ വസ്ത്ര ധാരണ രീതി മാറ്റുന്നത് കർശനമായി വിലക്കി. സാമൂഹ്യ അടിത്തറ തന്നെ ഇളകിപ്പോവും!
ഡിസ്‌റെസ്പെക്ട് ചെയ്യണ്ടവരെ ആളറിഞ്ഞില്ലേൽ എങ്ങനെ ഡിസ്‌റെസ്പെക്ട് ചെയ്യും?
എങ്ങനെ വീട്ടിൽ കയറ്റാതിരിക്കും? മകനുമായോ മകളുമായോ സ്നേഹത്തിൽ ആവുന്നത് തടയുന്നത് എങ്ങനെ? സ്വവർഗ രക്ത ശുദ്ധി എങ്ങനെ കാത്തു സൂക്ഷിക്കും?
പണ്ട് ഞാൻ ബാംഗളൂരിൽ ആയിരുന്നപ്പോൾ, വളരെ നല്ലയാളും പരമസാത്വികനുമായ ഒരു പുണ്യമനുഷ്യൻ ഒരിക്കൽ ഈർഷ്യയോടെ എന്നോട് ചോദിച്ചു;
“നിങ്ങൾ മലയാളികൾ എന്താ ഇങ്ങനത്തെ പേരുകൾ ഇടുന്നത്?”
ശരിയല്ലേ. സുനിൽ, സുരേഷ്, ചക്കു, മിക്കു, ടിറ്റി, മിറ്റി, ടോജോ, മാജോ, മാന്ഗോ, തേൻഗോ. ജാതി എങ്ങനെ അറിയും? മതം എങ്ങനെ അറിയും?
ഇവരിൽ മിക്കവരും ഹിന്ദുക്കൾ ആയിരിക്കില്ല എന്നും ആ വളരെ നല്ലവനായ മഹാൻ ഈർഷ്യയോടെ ആശങ്കപ്പെടുകയുണ്ടായി. (ഇദ്ദേഹം ഈർഷ്യ; ലാവ പോലും ഇല്ലാതെ….ഛെ- ലവലേശമില്ലാതെ പേർഷ്യൻ ഗൾഫിലെ ഒരു രാജ്യത്ത് ജോലി ചെയ്യുന്നു.)
അന്നെനിക്ക് അദ്‌ഭുതം തോന്നി. കാരണം, പല ന്യൂനപക്ഷങ്ങളും, പൊതു പാതയിൽ നിന്ന് മാറി, സ്വന്തം ആചാരങ്ങളിലേക്ക് ഒതുങ്ങി വേർതിരിവ് കാണിക്കുന്നു എന്നതാണല്ലോ പ്രധാന ഒരു പരാതി വരാറ്. (അത് പലപ്പോഴും ശരിയാണ് താനും. വർഗീയ ചേരിതിരിവ് ആരുടെയും കുത്തക ഒന്നുമല്ല.) ഇതിപ്പോ ഇങ്ങനെ ഉണ്ടോ?
ഉണ്ട് എന്നതും എന്ത് കൊണ്ടാണ് എന്നും നമുക്കിന്നറിയാമല്ലോ. മോളിൽ പറഞ്ഞ കാരണങ്ങൾ കൂടാതെ, അവർ അവരായി തന്നെ നിന്നില്ലെങ്കിൽ എങ്ങനെ അവരുടെ പേര് പറഞ്ഞു സ്വവർഗ സ്നേഹം വളർത്തും? അതും ഒരു വലിയ കാരണമാണ്.
അത് കൊണ്ട്, ഇന്നത്തെ ഇന്ത്യയിൽ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല. സ്വസംസ്കാരത്തിലേക്ക് ചുരുങ്ങിയാൽ- അവന്മാർ പ്രാകൃത അലവലാതികൾ. സാംസ്കാരികമായി ചേരാൻ സാധിച്ചാലോ- ചതിയർ, ക്രിപ്റ്റോ ക്രിസ്ത്യൻ, ക്രിപ്റ്റോ രാജ്യദ്രോഹി, സീക്രട്ട് ജിഹാദി.
1938 ൽ, നല്ലവരായ ജർമൻ ജനതക്കും ഇതേ ഈർഷ്യ തോന്നി. ചില ജൂതന്മാരെ, പേര് കൊണ്ട് തിരിച്ചറിയാൻ പറ്റുന്നില്ല! അല്ലെങ്കിൽ തന്നെ വെളുമ്പൻമാരും, വിദ്യാഭ്യാസം ഉള്ളവരും, കാശുള്ളവരും, പൊതു സമൂഹത്തിൽ അത്ര മേൽ ഇഴുകി ചേർന്നവന്മാരുമായ ജൂതന്മാരെ ഒന്നൊതുക്കാൻ പെട്ട പാട്! 1933 മുതൽ തുടങ്ങിയതാണ്. ആദ്യം ആരാണ് ജൂതൻ എന്നത് നിശ്ചയിച്ചു. ക്രിസ്ത്യാനികൾ ആയവരെ, പള്ളി റെക്കോർഡുകൾ നോക്കി തിരിച്ചറിഞ്ഞു, രേഖപ്പെടുത്തി. അപ്പനോ അമ്മയോ ജർമൻ ആയാലും പോരാ. പതിനാറിൽ ഒന്ന് ജൂത രക്തം ഉണ്ടെങ്കിൽ ജൂതൻ തന്നെ.
എല്ലാ സർക്കാർ ജോലികളിൽ നിന്നും ജൂതരെ പുറത്താക്കി. ഒന്നാം ലോകമഹായുദ്ധ കാലത്ത് രാജ്യത്തിന് വേണ്ടി പോരാടിയവരെയും, യുദ്ധത്തിൽ മരിച്ച ജൂതരുടെ ഉറ്റവരെയും ഈ നിയമത്തിൽ നിന്ന് ആദ്യം ഒഴിവാക്കി. പക്ഷെ ഉടനെ തന്നെ, ആ വകുപ്പ് എടുത്തു കളഞ്ഞു!
“നിന്നോടാരാ പറഞ്ഞേ, ഞങ്ങടെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ? പോയി ചാവിനെടാ.”
ചാവേണ്ടി വന്നല്ലോ. അറുപത് ലക്ഷം പേർക്ക്.
പിന്നെ ‘ജെ’ എന്നടയാളപ്പെടുത്തിയ സ്‌പെഷ്യൽ പാസ്സ്പോർട്ടുകൾ, സദാ അണിയേണ്ട ബാഡ്ജ് . “ജൂതൻ” എന്നെഴുതിയ ബാഡ്ജ്, എപ്പോഴും കഴുത്തിൽ കൂടെ തൂക്കി നടക്കണം! അപ്പോഴേക്കും എല്ലാ തൊഴിലുകളിൽ നിന്നും അവരെ പുറത്താക്കിയിരുന്നു.
അതിനു മുൻപേ ആണ് പെരുമാറ്റം. എല്ലാ ജൂതനും പേരിനു മുൻപേ ‘ഇസ്രായേൽ’ എന്നും, ജൂത സ്ത്രീ, “സാറ” എന്നും വെയ്ക്കണം എന്ന് ഉത്തരവിട്ടു; ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ നല്ലവരായ ജർമൻ ജനങ്ങൾ.
പിന്നെ ജൂതന്മാരെ എവിടെ കണ്ടാലും തിരിച്ചറിയാം എന്നായി. തിന്നാൻ ഇല്ലല്ലോ. പട്ടിണിക്കോലങ്ങൾ. ഉടുക്കാൻ വസ്ത്രങ്ങളും ഇല്ല. ഛെ. നാശങ്ങൾ. ഇനി ഇവരെ എന്ത് ചെയ്യും? അതാണ് നല്ലവരായ ജർമൻ ജനതയുടെ മുന്നിൽ ഉണ്ടായിരുന്ന ചോദ്യം-
“ഡൈ ജൂദൻഫ്രശ്” – ജൂദ ചോദ്യം.
അതിനല്ലേ ഉത്തരം കൊണ്ട് വന്നത്. “എൻഡ്‌ലോസാങ് ദേർ ജൂദൻഫ്രശ് “- ദി ഫൈനൽ സൊല്യൂഷൻ.
ഒരു പതിറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും കഥ മാറി. “ഞങ്ങക്ക് എന്താ പറ്റിത് ന്നറിയില്ല” ന്നായി ജര്മന്കാർ. ഒക്കേത്തിനും തലയിൽ മുണ്ടിട്ട് നടക്കാറായി. ഇപ്പോഴും മുണ്ട് മൊത്തം മാറ്റാറായിട്ടില്ല.
എഡോ, ഈ പഴം പുരാണം എന്തിനാ പിന്നേം, മിസ്റ്റർ റംബൂട്ടെ, ന്നല്ലേ?
ചരിത്രം പഠിക്കുന്നത് ആവർത്തിച്ചാൽ പിന്നേം ചരിത്രം ആവർത്തിക്കുന്നത് തടയാൻ പറ്റിയാലോ?
പിന്നെ തലയിൽ മുണ്ടിടേണ്ടി വരുന്നത് ഒഴിവാക്കാൻ പറ്റിയാലോ? ലോ, ലോ?
ലോ ?
(ജിമ്മി മാത്യു )