തടിയിൽ തട്ടൽ ദുഃഖം ആണുണ്ണീ , നാക്കല്ലോ സുഖപ്രദം- വുമൺസ് ഡേ .

ഞാൻ പണ്ട് ബാംഗളൂരിൽ ആയിരിക്കുമ്പോ എന്റെ കൂട്ടുകാർ കൂട്ടത്തിൽ ഒരു രസികൻ ചുള്ളൻ വന്നു പെട്ടു . എല്ലാര്ക്കും വളരെ ഇഷ്ടമായിരുന്നു , പുള്ളിയെ .

കണ്ടാൽ ഉടനെ :

“ജിമ്മിയെ – നീ ശരിക്കും ചുള്ളൻ ആയിട്ട്ണ്ടല്ലോ . അടിപൊളി ഷർട്ട് ആട്ടാ .”

“എന്തുട്ടാ നിന്റെ ഒരു ബുദ്ധി !”

“ങേ . നിനക്ക് ഹെയ്റ്റ് കൂടിയ !”എന്നൊക്കെ പറയും .

നമ്മൾ സ്നേഹിച്ചു പോവും . ആൾ ഭയങ്കര കാശുകാരൻ ആണ് . വലിയ പദവിയും നില പ്ലസ് വില ഒക്കെ ഉള്ള ആളുമാണ് . അത് കൊണ്ട് തന്നെ എല്ലാര്ക്കും പുള്ളിയെ കൂടെ കൂട്ടാൻ ഇഷ്ടവുമാണ് .

പതിയെ ആണ് എനിക്ക് ഒരു കാര്യം മനസിലായത് .

അദ്ദേഹവുമായി പുറത്ത് പോയാൽ ഒരു കുഴപ്പമുണ്ട് .

നോ ബിൽ വിൽ വാക് !

ബില്ല് ഒരിക്കലും കൊടുക്കൂല്ലെന്ന് . വേറെ കുഴപ്പം ഒന്നുമില്ല . പിന്നെ എപ്പോഴും വീട്ടീന്ന് നമ്മൾ തന്നെ ആളെ പിക്ക് അപ്പണം ; ഡ്രോപ്പണം .

സാരമില്ല – “ആഹാ , നീ വെളുത്ത ? മസിൽ കൊള്ളാല്ലോ ? ജിമ്മിൽ പോൺണ്ടാ ?” – ഇത് കേട്ടാ പോരെ ?

എന്തെങ്കിലും ശരിക്കും സഹായം ആവശ്യമുണ്ടെങ്കിൽ നമ്മൾ വിളിച്ചാൽ മതി .

പുള്ളി വരൂല്ല ! മുങ്ങിക്കളയും . ആ ആവശ്യം , മറ്റേ ആവശ്യം. ഞാൻ ഈ ഡിസ്ട്രിക്ട് ലേ ഇല്ല ; അത് കൊണ്ടാ .

അതായത് , സംഭവം സിംപിൾ ആണ് . തടിയിൽ തട്ടുന്ന സഹായം ഒക്കെ ചെയ്യാൻ പാടാണെന്നേ . നാവ് കൊണ്ട് സുഖിപ്പിക്കാൻ ചെലവും മസിലും മെനക്കേടും ഇല്ലല്ലോ . ശരിക്കും പെണ്ണുങ്ങൾക്ക് പൊളിറ്റിക്കൽ , എത്തിക്കൽ ഇക്വാലിറ്റി എന്ന സാധനം കൊടുക്കാൻ ഇച്ചിരി പാടാണെന്നേ . ആണുങ്ങൾക്കും പരമ്പരാഗത സമൂഹത്തിനും .

ഇത്രേം കാലം ഉണ്ടായിരുന്ന പ്രിവിലേജ് ഒക്കെ കളയാൻ ആർക്കാണ് താല്പര്യം ? ആദ്യം തന്നെ , ഏത് പാതിരാത്രിക്കും എവിടെയും ആണുങ്ങളെ പോലെ തന്നെ ഇറങ്ങി നടക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം . അതിപ്പോ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ പോലും ഇപ്പോഴും എല്ലായിടത്തൊന്നും പറ്റുകയില്ല . കുറെ നിയമങ്ങൾ അതി കര്ശനമാക്കിയത് കൊണ്ട് മാത്രം കാര്യമില്ല . സമൂഹ മനോഭാവം അങ്ങനെ തന്നെ മാറണം . ഇന്ത്യയിൽ അത് ഒക്കെ എപ്പോ നടക്കും ? ദേ – ഇപ്പൊ നടന്നത് തന്നെ .

ഈ കല്യാണം എന്ന സംഭവം തന്നെ ഇപ്പൊ ഉള്ളത് പോലെ നടന്നാൽ , പെണ്ണുങ്ങക്ക് എവിടന്ന് സ്വാതന്ത്ര്യം കിട്ടും എന്നാണ് ? ഒരു വീട്ടിൽ നിന്ന് പുറന്തള്ളി വേറെയൊരു വീട്ടിലേക്ക് ഓടിക്കുന്ന പരിപാടി .

ജോലിയിൽ ഒരു ബ്രെക് എടുത്താൽ , ഒരു തരത്തിലും തിരിച്ചു കയറാൻ പറ്റാത്ത അത്ര കോമ്പറ്റീഷനും , സമ്മർദവുമായി തൊഴിൽ രംഗം .

പാർലമെന്റിൽ മുപ്പത് ശതമാനം സ്ത്രീ സംവരണത്തിന്റെ കാര്യം എന്തായി സഹോ ? – കമ്പിളിപ്പൊതപ്പ് ; കമ്പിളിപ്പൊതപ്പ് .

നല്ല നൂതന , ബ്രഹത് സംഭവങ്ങൾ പരീക്ഷിക്കുന്നതിൽ തെറ്റില്ലെന്നേ . ഇരുപത്തഞ്ചു കഴിഞ്ഞ എല്ലാ പെണ്ണുങ്ങൾക്കും മാസം പതിനായിരം രൂപ ചുമ്മാ . പെൻഷൻ .ആണുങ്ങൾക്ക് അൻപത് കഴിഞ്ഞിട്ട് മതി . ബാക്കി സബ്‌സിഡികൾ ഒക്കെ ഇച്ചിരി കുറയ്ക്കാം .

അയ്യോ – ഇതൊക്കെ എങ്ങനെ ?

ഒറ്റയടിക്ക് നാട്ടുകാരുടെ പോക്കറ്റിൽ ഉള്ള നോട്ട് മൊത്തം നിരോധിക്കാമെങ്കിൽ , ഒറ്റ നിമിഷത്തിൽ മാസങ്ങളുടെ ലോക്ഡൌൺ പ്രഖ്യാപിക്കാമെങ്കിൽ , എന്ത് വില കൊടുത്തും എല്ലാ സമരങ്ങളെയും അടിച്ചമർത്താമെങ്കിൽ , പെട്രോൾ വില എന്ത് സംഭവിച്ചാലും കുറയ്ക്കില്ല എന്ന് തീരുമാനിക്കാമെങ്കിൽ ഇതും നടക്കും . ഇച്ജാശക്തി വേണം , അത്രേ ഉള്ളു .

പേർസണൽ ആയി പറയുവാണെങ്കിൽ , അമ്മയും , സഹോദരിയും , ഭാര്യയും ഒക്കെ ചെയ്യുന്ന കാര്യങ്ങളിൽ പകുതി എങ്കിലും ഏറ്റെടുത്ത് ചെയ്യണം . അപ്പോൾ അത് ചെയ്യേണ്ടി വരാത്ത മൂരാച്ചികളായ ആണുങ്ങൾ തൊഴിൽ സ്ഥലത്ത് മുന്നിലാകും . നമ്മൾ ഈച്ച റോൾ ആകും . ഉണ്ടാക്കുന്ന കാശ് കുറയും . ഇച്ചിരി നില ഇടിവ് , വില കുറവ് , പരിഹാസം , പുച്ച്ചം – ഇതിനൊക്കെ വിരിമാറ് കാട്ടേണ്ടി വരും . എന്തിന് – സ്വന്തം പെണ്മക്കളെ താൻ പോരിമ ഉള്ളവർ ആക്കി വളർത്തുന്നതിന് തന്നെ സമൂഹത്തിന്റെ പഴി കേൾക്കേണ്ടി വരും .

ആകെ മൊത്തം ടോട്ടൽ നോക്കിയാൽ , വളരെ പാടാണെന്നേ ; ഇതൊക്കെ . അത് കൊണ്ട് , ഇതൊന്നും ചെയ്യാതെ , എങ്ങനെ ഒരു ഒരു സ്ത്രീ പക്ഷ വാദി ആയ ആണ് ആവാം എന്നാണ് നമ്മൾ നോക്കേണ്ടത് .

ആദ്യം തന്നെ ഞാൻ ഫെമിനിസ്റ്റ് ആണ് , ഫെമിനിസ്റ്റ് ആണ് എന്ന് സദാ തട്ടി വിടണം . അത് എന്താണ് എന്ന് പോലും അറിയണം എന്നില്ല . എന്തിലും ഏതിലും പാട്രിയാർക്കിയുടെ കറുത്ത കരങ്ങൾ ഘോര ഘോരം ആരോപിക്കണം . അതിനെതിരെ പോരാടണം .

പൊതുവെ പറഞ്ഞാൽ , താൻ ഒഴിച്ചുള്ള എല്ലാ ആണുങ്ങളെയും നിരന്തരം തെറി പറഞ്ഞാലും മതി .

പെണ്ണ് , ആണ് , പിന്നെ , സാധാരണ സങ്കീർണ ജൈവശാസ്ത്ര വിവിധത കൊണ്ട് ഉണ്ടാവുന്ന മറ്റു ലൈംഗിക വൈവിധ്യങ്ങൾ എന്ന സ്വതേ വ്യക്തമായ ഒരു കാര്യത്തെ പാടെ നിരാകരിക്കുക . ആണ് , പെണ്ണ് എന്ന ഒന്ന് ഇല്ല എന്ന് ഘോര ഘോരം അങ്ങോട്ട് പ്രഖ്യാപിക്കുക . ജൈവ ശാസ്‌ത്രപരമായി പോലും അങ്ങനെ ഒന്നില്ല എന്നും , ഇതൊക്കെ പാത്രിയാർക്ക പ്രാകൃത സമൂഹത്തിന്റെ ‘ഹെജിമണിക് കോൺസ്ട്രക്റ്റ് ‘ എന്ന എന്തോ തേങ്ങാപ്പിണ്ണാക്ക് ആണെന്നൊക്കെ അങ്ങ് അടിച്ചു വിടുക . (അങ്ങെനെ ഒന്നില്ലെങ്കിൽ പിന്നെ എന്താണ് ഈ ‘പെൺ’ പക്ഷ വാദം ? എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )

പൊതുവെ സോഷ്യൽ മീഡിയയിലും , മറ്റു മാധ്യമ ഇടങ്ങളിലും പെണ്ണുങ്ങൾ എന്ത് പറഞ്ഞാലും പെണ്ണായത് കൊണ്ട് മാത്രം ചാടി വീണ് ലൈക്ക് , ലവ് ഒക്കെ അടിക്കുക . പൂർണ സപ്പോർട്ട് കൊടുക്കുക . എതിർ അഭിപ്രായം പറയുന്ന ആണുങ്ങളെ നന്നായി തന്നെ പച്ച തെറി പറഞ്ഞാലും ഒരു കുഴപ്പവുമില്ല .

അപ്പൊ പെണ്ണുങ്ങളെ ആരെയും ആക്രമിക്കാൻ പാടില്ല എന്നാണോ ? അങ്ങനെ ഇല്ല കേട്ടോ . ഏതെങ്കിലും ഒരു ഇഷ്യൂവിൽ ആണിനെ ഏതെങ്കിലും തരത്തിൽ സപ്പോർട്ട് ചെയ്യുന്ന പെണ്ണുങ്ങളെ കണ്ടാൽ കണ്ണുമടച്ച് എത്ര തെറി വേണോ വിളിക്കാം ; അവഹേളിക്കാം . അതൊക്കെ നിങ്ങളുടെ ഇമേജ് കൂട്ടുകയേ ഉള്ളു .

പങ്കാളിയെ ശാരീരികമായി ആക്രമിക്കുന്നത് എഴുപത് ശതമാനവും ആണുങ്ങൾ ആണ് . ലൈംഗിക അതിക്രമങ്ങൾ കാണിക്കുന്നതിൽ തൊണ്ണൂറ്റഞ്ചു ശതമാനവും ആണുങ്ങൾ ആണ് . ഇത് മനസ്സിൽ വച്ച് വേണം ഏത് നിയമത്തെയും നോക്കി കാണാൻ എന്നുള്ളത് എല്ലാവരും യോജിക്കേണ്ട ഒരു കാര്യം തന്നെ ആണ് . പക്ഷെ നല്ലൊരു സ്ത്രീ പക്ഷ വാദി ആവാൻ അത് മാത്രം പോരാ . എന്ത് പ്രശ്നം ഉണ്ടായാലും , പെണ്ണുങ്ങളിൽ ഒരാൾ പോലും തെറ്റായി ഒന്നും പ്രവർത്തിക്കുകയോ , ചിന്തിക്കുകയോ പോലും ഒരിക്കലും ചെയ്യില്ല എന്ന് ഉറച്ച് ആവർത്തിക്കണം, ആ നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്യണം . എന്ത് അനുഭവങ്ങളും സംഭവങ്ങളും അങ്ങനെ അല്ലാത്തത് ഉണ്ടെങ്കിലും നിഷ്കരുണം തമസ്കരിക്കണം .

എല്ലാവരെയും തീർച്ചയായുമല്ല , കേട്ടോ . ശരിക്കും പുരോഗമന വാദികൾ ആയവർ കൊണ്ട് തന്നെ ആണ് മാറ്റങ്ങൾ ഉണ്ടാവുന്നത് . അവരിൽ പലരും തീവ്രതയോടെ നിൽക്കുന്നത് കൊണ്ട് തന്നെയാണ് കാര്യങ്ങൾ നേരെ ആവുന്നത് . പക്ഷെ ഒരു പരിധി വിടുന്ന രീതിയിൽ ചിലത് ആവുമ്പോൾ, പൊതുസമൂഹം ഈ ചിന്തകളിൽ നിന്ന് തന്നെ മുഖം തിരിച്ചു കളയില്ലേ എന്ന് ചിലപ്പോ തോന്നിപ്പോവും . പറയുന്നത് അതിപുരോഗമനം . താഴെ മണ്ണിൽ അതിന്റെ ഒന്നും കാണാനും ഇല്ല .

മാമനോട് ഒന്നും തോന്നിയാലും കായികമായി ഒന്നും ചെയ്യല്ലേ , മക്കളേ . പെണ്മക്കൾ ഒക്കെ ഉള്ളതാ (പൊളിറ്റിക്കലി ഇൻകറക്ട് സ്റ്റേറ്റ്മെന്റ് – കൊല്ലടാ ഇവനെ )

(ജിമ്മി)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .