പണ്ട് ഒരു ഗ്രീക്ക് വൈദ്യൻ ജീവിച്ചിരുന്നു – ഹിപ്പോക്രറ്റീസ് . അന്നൊക്കെ ഗ്രീക്ക് വൈദ്യം , ചൈനീസ് വൈദ്യം , ഈജിപ്ഷ്യൻ വൈദ്യം , നമ്മുടെ ആയുർവേദം – അങ്ങനെ ഒക്കെ ആണ് .
ഹിപ്പോക്രറ്റീസ് ആണത്രേ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് . ആരൊക്കെയോ പറയുന്നതാണ് . എനിക്കറിയില്ല . എംബിബിസ് മുഴുവൻ പഠിച്ചിട്ടും അങ്ങേരെ പറ്റി ഒന്നോ രണ്ടോ വാചകം ഏതോ ഒരു പുസ്തകത്തിൽ കണ്ട ഓര്മയേയുള്ളു . അങ്ങേര് പറഞ്ഞ ഒന്നും ഞാൻ പഠിച്ചിട്ടില്ല .
നാല് ‘ദോഷങ്ങൾ ‘ ഉടെ ഏറ്റക്കുറച്ചിലുകൾ മൂലമാണ് രോഗം ഉണ്ടാവുന്നത് എന്ന് പുള്ളി കാച്ചി :
രക്തം
കറുത്ത പിത്തം
മഞ്ഞ പിത്തം
കഫം .
പോടോ പുല്ലേ – എന്നാണു ആധുനിക ശാസ്ത്ര വൈദ്യം പറയുന്നത് . ഹിപ്പോക്രറ്റീസ് പഠിപ്പിച്ച ഒരൊറ്റ ചികിത്സ രീതി പോലും ഇപ്പോൾ മോഡേൺ മെഡിസിനിൽ അതെ പോലെ തന്നെ ചെയ്യുന്നില്ല !
പിന്നെന്താണ് ഹിപ്പോക്രറ്റീസ് ചെയ്തത് ?
ദൈവ കോപം മൂലമാണ് മിക്ക രോഗങ്ങളും ഉണ്ടാവുന്നത് . ദൈവങ്ങളെ പ്രീതിപ്പെടുത്തൽ ആണ് രോഗ മുക്തിയുടെ ആദ്യപടി – ഇങ്ങനെ ആണ് എമ്പാടും വിശ്വസിച്ചിരുന്നത് .
ഇങ്ങനെ അല്ല – ശരീരത്തിൽ ഉണ്ടാകുന്ന കേടു പാടുകൾ മൂലം ആണ് രോഗം വരുന്നതെന്നും , ശരീരത്തെ ചികിൽസിച്ചു രോഗം മാറ്റാം എന്നും ആദ്യമായി പറഞ്ഞ വൈദ്യൻ ഈ പുള്ളിയായിരുന്നു . അത് കൊണ്ട് മാത്രം അപ്പൻ ആണെന്ന് പറഞ്ഞു നടക്കുകയാ .
അങ്ങനെ – സ്വന്തം അപ്പനെ തള്ളിപ്പറഞ്ഞതിനാൽ ഒരു തന്തയില്ലാത്ത വൈദ്യമാണ് ആധുനിക വൈദ്യം .
മോഡേൺ മെഡിസിൻ – തന്തയില്ലാ വൈദ്യം .
അറിവുകളും പ്രായോഗിക പ്രശ്ന പരിഹാര രീതികളും എങ്ങനെയാണ് ഉണ്ടാവുന്നത്? ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങൾ എങ്ങനെ ഉണ്ടാവുന്നു?
അറിവുകൾ പല രീതിയിൽ വരുന്നുണ്ട് :
ചുമ്മാ ഫ്രീ ആയി കിട്ടിയ അറിവുകൾ :
ചെറുപ്പം മുതൽ ബന്ധുക്കളും സമൂഹവും ചില കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു . അയൽക്കാർ പൊട്ടന്മാരാണ് , ചില മതക്കാർ അങ്ങനെയൊക്കെയാണ് , രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല തുടങ്ങി പലതും ഇതിൽ വരാം .കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛൻ മക്കൾക്കു അതിനെപ്പറ്റി പലതും പറഞ്ഞു കൊടുത്തേക്കാം . അനുഭവങ്ങളാണ് ഈ അറിവുകളുടെ ഒരു ഉറവിടം എങ്കിലും പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവണമെന്നില്ല .
പിന്നെ ഫേസ്ബുക് , വാട്ട്സ്ആപ്പ് തുടങ്ങി പലതും പല അറിവുകളും നമുക്ക് ഫ്രീ ആയി തരുന്നുണ്ടല്ലോ .
പരമ്പരാഗത വിജ്ഞാനം :
തലമുറകളായി കൈമാറി വരുന്ന അറിവുകളാണവ .വാസ്തു ശാസ്ത്രം, ജ്യോതിഷം മുതലായ കപട ശാസ്ത്രങ്ങൾ മുതൽ സത്യവും മിഥ്യയും പ്രയോഗങ്ങളും ഗുണവും ദോഷവും കേട്ട് പിണഞ്ഞു കിടക്കുന്ന ആയുർവേദം, പാരമ്പര്യ വൈദ്യം , പരമ്പരാഗത തൊഴിൽ ശാസ്ത്രങ്ങളായ മീൻ പിടുത്തം, പാരമ്പര്യ കൃഷി, തച്ചു ശാസ്ത്രം വരെ ഇതിൽ പെടും .ഇതിന്റെ അടിസ്ഥാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല . ചെയ്താൽ, കാലാ കാലങ്ങളിലായി ഇങ്ങനെയാണ് , ആചാര്യന്മാർ പറഞ്ഞിട്ടുണ്ട് , പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയാകും വാദങ്ങൾ . എങ്കിലും പലപ്പോഴും നല്ല രീതിയിൽ പ്രയോജനം ഇവ മൂലം സമൂഹത്തിനുണ്ട്.
ബോധോദയ ജ്ഞാനം :
പ്രപഞ്ച സത്യങ്ങളെപ്പറ്റി അതിയായി ആലോചിച്ചു തപസ്സു ചെയ്യുന്നവർക്ക് പെട്ടന്ന് ചില ഉൾക്കാഴ്ചകൾ ലഭിച്ചേക്കാം . ബുദ്ധൻ മുതൽ സാമുവേൽ ഹനീമാനെ വരെ ഇങ്ങനെ കിട്ടിയ അറിവുകൾ പകർന്നു തന്നവരായി കണക്കാക്കാം .
മേല്പറഞ്ഞ മൂന്നും ആയിരുന്നു ലക്ഷം വര്ഷങ്ങളായി മനുഷ്യ രാശിയുടെ പൊതു വിജ്ഞാനത്തിന്റെ കാതൽ .
കുറെ ആയിരം വർഷങ്ങളെ ആയുള്ളൂ ചിലർ വേറെ നമ്പറുകളുമായി ഇറങ്ങിയിട്ട് .
യുക്തിയുടെ ഉപയോഗം :
യുക്തി സഹമായ വാദ മുഖങ്ങളോടെ സത്യത്തെ അവതരിപ്പിക്കുക . ഗണിത ശാസ്ത്രത്തിന്റെ ഉറവിടം അങ്ങനെയാണ് . പല വിജയങ്ങളും അതിനവകാശപ്പെടാനുണ്ട് . എന്നാൽ യുക്തി സഹമായ എല്ലാം സത്യമാവണമെന്നില്ല .
എല്ലാ പക്ഷികളും രണ്ടു കാലിൽ നടക്കുന്നു .
മനുഷ്യൻ രണ്ടു കാലിൽ നടക്കുന്നു
മനുഷ്യൻ ഒരു പക്ഷിയാണ്
ഇതാണ് യുക്തി മാത്ത്രം ഉപയോഗിച്ചാലുള്ള പ്രശ്നം
ആധുനിക ശാസ്ത്രം :
സത്യം മനസ്സിലാക്കി കാലാന്തരങ്ങളിലൂടെ തേച്ചു മിനുക്കാനും നമ്മൾ കണ്ടു പിടിച്ചിട്ടുള്ള ഏറ്റവും നല്ല മാർഗമാണ് ആധുനിക ശാസ്ത്രം . ഇതിനർത്ഥം ബാക്കിയെല്ലാം വിഢിത്തം ആണെന്നല്ല . ശാസ്ത്രീയമായ പരിശോധന നേരിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കുന്നു എന്ന് മാത്രം .
അത് ഒരു ഗുലുമാൽ പ്രക്രിയയാണ് . യുക്തി മാത്രമല്ല അത്: ചില പടവുകൾ ഉള്ള പ്രക്രിയ :
– ചുമ്മാ കാണുക , കേൾക്കുക , അളക്കുക, മനസ്സിലാക്കുക
-എല്ലാം രേഖപ്പെടുത്തി വക്കുക
-ഇതിനെ വിശദീകരിക്കാൻ ശ്രമിക്കുക . യുക്തി സഹമായ വിശദീകരണങ്ങൾ കാച്ചുക
-വിശദീകരണങ്ങൾ ടെസ്റ്റു ചെയ്യാൻ പരീക്ഷണങ്ങൾ നടത്തുക .
– ഓരോ പുതിയ പരീക്ഷണ നിരീക്ഷണ കുണ്ടാമണ്ടികൾക്കനുസരിച്ചു വിശദീകരണത്തിൽ മാറ്റങ്ങൾ വരുത്തുക .
– വലിയ പ്രശ്നങ്ങൾ കണ്ടാൽ വിശദീകരണങ്ങൾ കാട്ടിൽ കളയാൻ റെഡി ആയിരിക്കുക
– എല്ലാ നിഗമനങ്ങളും പൊതുജനമായും പണ്ഡിതരുമായും പങ്കു വക്കുക , വാദ പ്രതിവാദങ്ങളിൽ ഏർപ്പെടുക .
– എപ്പോൾ വേണമെങ്കിലും ആർക്കും ഇതൊക്കെ ചോദ്യം ചെയ്യാം . ചോദ്യങ്ങൾ യുക്തി സഹവും വസ്തു നിഷ്ഠവും, കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയും ആവണമെന്ന് മാത്രം .
– ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് ഒന്നും ഇല്ല . ഏതു കൊമ്പനായാലും ശാസ്ത്ര ലോകത്തു ചോദ്യങ്ങൾ നേരിടേണ്ടി വരും . ചോദ്യം ചോദിച്ചാൽ പിശാച് പിടിക്കും , തീയിൽ വീഴും, ഇടിത്തീ വീഴും എന്നൊന്നും പറയാൻ പാടില്ല . ചോദ്യം ചോദിച്ചവൻ പിശാചാണെന്നും പറയാൻ പാടില്ല . പറയാം – അത് ശാസ്ത്രീയമായി തെളിയിക്കണം എന്ന് മാത്രം .
– ഉത്തരം പറയാൻ വിഷമം വന്നാൽ വീണ്ടും എല്ലാം പുനഃ പരിശോധിക്കേണ്ടി വരും . അതിനായി വിരിമാറു കാട്ടണം
അലോപ്പതി എന്ന യൂറോപ്പിലുണ്ടായ പാരമ്പര്യ ശാസ്ത്രത്തിൽ നിന്നാണ് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം . പിന്നീട് ലോകമാകെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രങ്ങളിൽ നിന്നും കടം കൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെയൊരു പ്രായോഗിക ശാസ്ത്രമായി വളർന്നു . പ്രയോജനം ചെയ്യുന്ന ഒന്നാണെങ്കിൽ മാത്രമേ ഏതൊരു പ്രായോഗിക ശാസ്ത്രത്തിനും നില നിൽപ്പുള്ളു എന്ന് വ്യക്തമാണ് . മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രം. പ്രയോജനമുള്ളതാണെങ്കിൽ ലോകം മുഴുവൻ സ്വീകാര്യത നേടും . സത്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനം അത് അംഗീകരിക്കുകയുള്ളു . അങ്ങനെ മതിയല്ലോ .
തന്തയില്ലാത്ത വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ ഒക്കെ തന്തയില്ലാത്തവരും മരുന്ന് മാഫിയക്കാരും ഒക്കെ ആണെന്ന രസകരമായ കമന്റുകൾ പ്രതീക്ഷിക്കുന്നു .
തന്തയില്ലാ വൈദ്യത്തിന്റെ പ്രയോജനങ്ങൾ എല്ലാ മനുഷ്യർക്കും കിട്ടുമാറാകട്ടെ – ആമേൻ (ജിമ്മി മാത്യു )