തള്ളരുതമ്മാവാ- താഴെപ്പോവും.

അങ്ങനെ എം ബി ബി എഎസ് ഫൈനൽ ഇയർ ആയപ്പോ ആണ് ഗൈനക്കോളജി  പോസ്റ്റിംഗ്. മെഡിക്കൽ വിദ്യാർത്ഥി ആവുമ്പൊ ഈ പോസ്റ്റിങ് എന്നത് ഒരു സംഭവം അല്ല. ഒന്നര വര്ഷം കഴിയുമ്പോഴേ തുടങ്ങും. രാവിലെ എട്ടു മുതൽ ഒരു മണി വരെ ഇത് തന്നെ ആണല്ലോ. പല പല വിഭാഗങ്ങളിൽ ഇങ്ങനെ പോവണം. ഓരോ രോഗിയുടെയും അടുത്തൊക്കെ പോകും. അസുഖവിവരം തിരക്കും. ഓരോ വിദ്യാർത്ഥിയും മാറി മാറി കേസ് എടുക്കണം. അദ്ധ്യാപകർക്ക് പ്രസെന്റ്റ്‌ ചെയ്യണം.

ഹൌസ് സർജൻസി അഥവാ ഇന്റേണ്ഷിപ് വേറെ. അത് പാസായി കഴിഞ്ഞു ചെയ്യുന്ന ഒരു കൊല്ലം പട്ടിപ്പണി ആണ്. പണി എടുത്ത് ഊപ്പാട് വരും. പക്ഷെ ഈ പോസ്റ്റിങ്ങ് അങ്ങനൊന്നും ഇല്ല. ചുമതലകൾ ഒന്നും ഇല്ലല്ലോ.

അപ്പൊ വേണേൽ ഉഴപ്പാല്ലോ.

പക്ഷെ ഗൈനക്കോളജി പോസ്റ്റിംഗിന്റെ ഇടയിൽ ഒരു മാസം പ്രസവമുറി പോസ്റ്റിങ്ങ് ഉണ്ട്. അത് ഇത് പോലത്തെ ഉഡായിപ്പല്ല! തീരെ അല്ല!

പെട്ടന്ന് ജോലി ഒക്കെ ചെയ്യണമെന്നേ! എന്തൊരു അക്രമം-  ഓർക്കണേ. അധികം ഒന്നും അറിയാത്ത കൊണ്ട് കാര്യമായ ചുമതല ഒന്നും ഇല്ല. പക്ഷെ ദിവസം പന്ത്രണ്ടു മണിക്കൂർ ഇങ്ങനെ കറങ്ങി നിൽക്കണം. നൈറ്റ് ഡ്യൂട്ടി മാറി മാറി വരും. ഇരിക്കാൻ പോലും പറ്റില്ല. രാത്രി ജോലി ചെയ്താൽ പകൽ ഓഫ് ഇല്ല! ആ ഒരു മാസം മൊത്തം ആശുപത്രിയിൽ ഒരു മുറിയിൽ എല്ലാരും കൂടെ ചാള അടുക്കിയ പോലെ താമസിക്കണം. (ആണുങ്ങക്കും പെണ്ണുങ്ങക്കും വേറെ വേറെ റൂം ആണ് കേട്ടോ. അങ്ങനെ റൂൾ ഒന്നും ഇല്ല. കാലാ കാലങ്ങളായി ഏതോ കാലന്മാർ ഉണ്ടാക്കിയ ആചാര പ്രകാരം അങ്ങനെ ആണെന്നെ ഉള്ളു….. ന്നാ തോന്നുന്നത്.)

പിന്നെ ഒരു സംഭവം ഉണ്ട്.  രാത്രി ഡ്യൂട്ടി ഇല്ലെങ്കിലും ഇടയ്ക്കിടെ ഓടി പ്രസവമുറിയിലോ അനുബന്ധിച്ചുള്ള ഓപ്പറേഷൻ തിയേറ്ററിലോ വരണം. പ്രധാന സംഭവങ്ങൾ നടക്കുമ്പോ അവിടെ എത്തി നമ്മൾ ഒബ്‌സേർവ് ചെയ്യണം പോലും. നിരീക്ഷിക്കണം. പിന്നെ ഓടടാ ചാടടാ എന്നൊക്കെ പറയുമ്പോ അത് ചെയ്യണം. പിന്നെ മാഡംസ്‌ (ഗൈനക്കോളജി ബോസ്‌മാർ മിക്കവരും പെണ്ണുങ്ങൾ ആണന്ന്) എന്തേലും ചെയ്യുമ്പോ അവർക്ക് കൊറേ പ്രേക്ഷകർ വേണം. തള്ളുമ്പോ കണ്ണ് മിഴിച്ചു കേക്കാൻ (കേക്കുന്ന പോലെ ഉറക്കം വന്നു പണ്ടാരമടങ്ങി നിക്കാൻ എന്നും പറയാം) കൊറേ ആളോള് ഉണ്ടാവുന്നത് ഒര് രസല്ലേ? ചുമ്മാ ഒരു മന സുഖം അത്രേള്ളൂ.

പ്രസവ മുറീന്ന് റൂമിലേക്ക് ഒരു കാളിംഗ് ബെൽ ഉണ്ട്. നമ്മുടെകൂട്ടുകാർ തന്നെ ആണ് ഇത് അടിക്കുന്നത്. കേട്ടാൽ അപ്പൊ ചാടി എഴുന്നേറ്റ് ചെല്ലണം എന്നാണ്. ഉഴപ്പന്മാർ ചിലർ (ഉഴപ്പികളും), എത്ര തവണ ബെൽ അടിക്കുന്നുണ്ട് എന്ന് നോക്കിയിട്ടേ പോവുള്ളു.

ഒരൊറ്റ ബെൽ- സാദാ പ്രസവം നടക്കാൻ പോവുന്നു.

രണ്ടു ബെൽ    – സാദാ പ്രസവം. പക്ഷേ സാദാ മാഡം ചോദിച്ചു- “എവിടെടാ എല്ലാം; ങേ?”

മൂന്നു ബെൽ   – സിസേറിയൻ, അല്ലേൽ എമെര്ജെന്സി ഓപ്പറേഷൻ.

നാലു ബെൽ   – എന്തോ കോംപ്ലിക്കേറ്റഡ് കേസ്- പൈലി സാർ വരാൻ സാദ്ധ്യത ഉണ്ട്.

അഞ്ചു ബെൽ – പൈലി സാറിനെ വരാൻ ഫോൺ വിളിച്ചിട്ടുണ്ട്

ആറു ബെൽ  – പൈലി സാർ വന്നെടാ; ഓടി വാടാ മൈ@@!!

പൈലി സാർ പുലി ആണ്. വെറും പുലി അല്ല. ഗൈനക്കോളജി എന്ന മഹാ കാനനത്തെ കിടു കിടാ വിറപ്പിക്കുന്ന ഒരു- സിംഹം!!

പൈലി സാർ ഒരു സ്രാവാണ്. വെറും സ്രാവല്ല- ഗൈനക്കോളജി എന്ന മഹാസാഗരത്തിൽ നീന്തി തുടിക്കുന്ന ഒരു ഗ്രേറ്റ് വൈറ്റ് ഷാർക്ക്!!

നമ്മളോ- ഇതിന്റെ ഒക്കെ കരയ്ക്ക് അന്തം വിട്ടു നിൽക്കുന്ന കൊച്ചു കോഴിമുട്ടകൾ. ഛേ- കോഴിക്കുഞ്ഞുങ്ങൾ.

പൈലി സാർ എന്ന് കേട്ടാലേ നനയണം നിക്കർ- പുണ്യ മൂത്രത്താൽ. അങ്ങനെ ഒരു ചൊല്ല് തന്നെ മെഡിക്കൽ സ്റ്റുഡന്റ്സിന്റെ ഇടക്ക് ഉണ്ട്. മറ്റുള്ള മാഡംസിനും ഇതേ പ്രശ്നം ഉണ്ടെന്നാണ് പിന്നാമ്പുറ സംസാരം.

പേടിയും ബഹുമാനവും. അത് സാർ പ്രത്യേകം ഒന്നും ചെയ്തിട്ടല്ല. അത്ര കഴിവും അറിവും ഉള്ള ആളാണ്. കണിശവും ഉണ്ടെന്നേ ഉള്ളു.

ട്രിങ് ട്രിങ് ട്രിങ് ….എന്ന് ഒരു ദിവസം രാത്രി ഒരു മണിക്ക് അടി തുടങ്ങി. ഞാൻ പണ്ടേ പേടിത്തൊണ്ടൻ ആണ്. ഒറ്റ അടിക്ക് ഞാൻ ഉണർന്ന് എണ്ണൽ തുടങ്ങി- ഒന്നേ, രണ്ടേ, മൂന്നേ……

പിന്നാലെ മിക്കവരും എണീറ്റു. ചില ശുഷ്കാന്തിയുടെ ആൾക്കാർ പാൻറ്റൊക്കെ വലിച്ചു കേറ്റി തുടങ്ങി.

നാലേ, അഞ്ചേ…….ങേ! ആറ്! ഒരു വാർണിംഗും ഇല്ലാതെ!!

ആകെ ബഹളം. തട്ട് മുട്ട്. തട് പിടു. ലോഹ കട്ടിലുകൾ നിരങ്ങുന്ന കര കര ശബ്ദം. സിപ്പുകൾ വലിച്ചു കേറ്റുന്ന കിർ കിർ. അപ്പുറത്തെ മുറിയിൽ നിന്ന് സുന്ദരികൾ കൊലുസും വളയും കിലുക്കി ഓടുന്ന സുന്ദര സുരഭില ശബ്ദം. ഒന്ന് രണ്ടു പേർ കട്ടിലിൽ നിന്ന് പിതും, ബിധ്തും എന്ന് താഴെ.

“എണീക്കെടാ മ@#ഓളെ! പൈലി സാർ!! ഡാ കു## ! പൈലി സാർ!! ഇജ്ജാതി ചുരുളി ഡയലോഗുകൾ കൊണ്ട് രംഗം മുഖരിതമായി.

എന്റ്റെ തൊട്ടടുത്ത് ഭയങ്കര പഠിപ്പിസ്റ്റും ആയിരം മാഡംസിന്റെ കണ്ണിൽ ഉണ്ണിയുമായ സുന്ദർ പിച്ചായി              

 ( ശരിക്കുള്ള പേരല്ല ) നല്ല ഉറക്കം. ആക്രാന്തത്തിന്റെ ആളാണ്. പൈലി സാറിനെ ഇമ്പ്രെസ്സ് ചെയ്യാൻ എന്ത് കടും കയ്യും കാണിച്ചു കളയും. ആ റ്റെയ്പ്പാണ്. അവനെ ഒന്ന് കുലുക്കി വിളിച്ചിട്ട് ഞാൻ ഓടി.

“തീയേറ്ററിൽ ആടാ, തീയേറ്ററിൽ ആടാ!” ആരോ പറഞ്ഞു.

ചാടി ഡ്രസിങ് റൂമിൽ കേറി, പാന്റും ഷർട്ടും അഴിച്ച്, ജെട്ടിക്ക് മേലെ പച്ച തീയേറ്റർ പാന്റ്റും ഷർട്ടും വലിച്ചു കേറ്റി. ഷർട്ട് മിക്കതും ചെറുതാണ്. എനിക്ക് തന്നെ ചെറുത്. ഇറക്കം വളരെ കുറവ്. ഇത് പിള്ളേർക്ക് ഉണ്ടാക്കിയതാണോ? @##$$!

ങാ- പിന്നെ പാൻറ്. ഞാൻ ഒരു സത്യം പറയട്ടെ. ഞങ്ങൾ സർജൻമാരെ പലപ്പോഴും നിങ്ങൾ ഈ പച്ചയും നീലയും ഒക്കെ നിറത്തിൽ ഉള്ള സൊയമ്പൻ സ്റ്റൈലൻ ഡ്രെസ്സിൽ കണ്ടിട്ടുണ്ടായിരിക്കും. എന്റ്റെ തന്നെ പടങ്ങൾ ചിലപ്പോ കാണാനും മതി. അപ്പൊ നിങ്ങൾ ഒക്കെ മനസ്സിൽ പറഞ്ഞിട്ടുണ്ടായിരിക്കും- ‘ആഹാ- എന്തുട്ടാ സ്റ്റൈൽ!’ – എന്തുട്ടാ ഒരു ….എന്തുട്ട്? ങാ; ഒരിത്. ‘എന്തുട്ടാ ഒരിത്!” (ലവ് കണ്ണ് സ്മൈലി).

എന്നാൽ അധികം ആളുകൾക്ക് അറിയാത്ത ഒരു രഹസ്യം പറയട്ടെ- ഈ പാന്റിനു ബട്ടൺ ഇല്ല! സിപ്പർ ഇല്ല! കുടുക്ക് ഇല്ല. നഹി എന്ന് പറഞ്ഞാൽ നഹി! ഒരു വള്ളി മാത്രമേ ഉള്ളു! ഇങ്ങനെ രണ്ടു വശവും വലിച്ച്, നടുവേ ഇങ്ങനെ കെട്ടുന്ന …..അറിയാല്ലോ അല്ലേ?

‘അതെന്തിനാടാ തെണ്ടീ നീ ഇപ്പൊ പറഞ്ഞേ?’ ഇതല്ലേ നിങ്ങടെ മനസ്സിൽ? ഒന്ന് അടങ്ങു ചങ്ങാതി. കാം ഡൗൺ യു ….ഫെലോസ്. ഡോണ്ട് ഷൂട്ട് ഫ്രം ഇന്സൈഡ് ദി ഗൺ.

അപ്പൊ ഞങ്ങൾ ഒക്കെ പതുക്കെ, വളരെ പതുക്കെ, തീയേറ്റർ ഡോർ തുറന്ന്, ശബ്ദമുണ്ടാക്കാതെ അടച്ച് പമ്മിപ്പമ്മി ഓപ്പറേഷൻ ചെയ്യുന്ന പൈലിസാറിൻറ്റെ പുറകിൽ വന്ന് ഓച്ഛാനിച്ച് നിക്കുവാണ്. വൈകി വന്നവർ ചിലർ മിണ്ടാതെ, കൃമ്മാതെ പൂച്ച നടക്കുന്ന പോലെ ഇടക്ക് വരുന്നുണ്ട്.

അതിഭയങ്കര ചെവി പൊട്ടിക്കുന്ന നിശബ്ദത. മോണിറ്ററിന്റെ പതിഞ്ഞ ഹൃദയ ശബ്ദമായ ബീപ്പ് ബീപ്പ് മാത്രം. ഗൗരവം തളം കെട്ടി നിൽക്കുന്നു.

പെട്ടന്നാണ് സാർ എന്തോ ഒരു ചോദ്യം ചോദിക്കുന്നത്. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ആർക്കും ഉത്തരം അറിയില്ല.

“എവിടെ സുന്ദർ പിച്ചായി? അവനും അറിയില്ലേ?”

സാർ ഒന്ന് തിരിഞ്ഞു നോക്കി.

“അവൻ വരുന്നുണ്ട് സാർ.” ആരോ പറഞ്ഞു.

പൈലി സാർ അവനെ അന്വേഷിക്കുന്നുണ്ട് എന്നെങ്ങിനെയോ മണത്തറിഞ്ഞ്, ധൃതിയിൽ പാന്റും ഷർട്ടും ഒക്കെ കേറ്റി അത്യധികം ആധിയോടെ സുന്ദർ പിച്ചായി ഒറ്റയോട്ടത്തിന് തീയേറ്റർ വാതിലിനടുത്തെത്തി.

 സുന്ദർ പിച്ചായി വാതിൽ ടമാർ എന്ന ഒരു ഭയങ്കര ശബ്ദത്തോടെ ഒറ്റ തള്ളിനു തുറന്നു. പഴേ മര വാതിലാണ്.

ഞാൻ ഞെട്ടി വാതിലിലേക്ക് നോക്കി. ആൺ കുട്ടികൾ നോക്കി. പെൺ കുട്ടികൾ നോക്കി. മാഡംസ്‌ നോക്കി. അനെസ്തേറ്റിസ്റ്റ് നോക്കി. പൈലി സാർ നോക്കി. ബോധം കെട്ടു കിടക്കുന്ന രോഗി മാത്രം നോക്കിയില്ല.

സ്തബ്ധരായി എല്ലാരും നോക്കുമ്പോൾ കാണുന്ന കാഴ്ചയെന്താ?

ടപ്പേ എന്ന് തുറക്കുന്ന വാതിൽ. അവിടെ ആക്രാന്ത പൂരിതമായ കണ്ണുകൾ തള്ളിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന സുന്ദർ പിച്ചായി. അതേ നിമിഷത്തിൽ; നിമിഷാർദ്ധത്തിൽ- ധൃതിയിൽ കെട്ടിയ വള്ളി അഴിയുന്നു. പാൻറ്റ് നേരെ താഴെ കാൽച്ചുവട്ടിൽ! ഷർട്ടിന് ഇറക്കമില്ല!

സാധാരണ, ഞങ്ങൾ സർജൻമാർ എപ്പോഴും ജെട്ടി ഇടും. അത് മസ്റ്റ് ആണ്. എപ്പോഴാണ് തീയേറ്ററിൽ കേറേണ്ടി വരുന്നത് എന്ന് പറയാൻ പറ്റില്ല; അതാണ്. എന്നാൽ ജന്മനാ ഒരു സർജനാവാൻ യാതൊരു യോഗ്യതയുമില്ലാത്ത, കേവലം ഒരു ഫിസിഷ്യൻ ആവാൻ മാത്രം ആംപിയർ ഉള്ള ആ ഭൂലോക കൂശ്മാണ്ഡൻ, ശാർദൂല വിക്രീഡിതൻ, ബ്രഹ്മാണ്ഡ വാനര പ്രമുഖൻ- നഹി.

നഹി എന്ന് പറഞ്ഞാൽ നഹി.

പൈലി സാർ വളരെ ഗൗരവത്തോടെ തിരിഞ്ഞ് ഓപ്പറേഷൻ തുടർന്നു. പക്ഷെ അടക്കിപ്പിടിച്ച ഒരു അട്ടഹാസ ചിരി യാതൊരു ശബ്ദവും ഉണ്ടാക്കാതെ ആ തോളുകളെ ചലിപ്പിച്ചത് ഞാൻ കണ്ടു. ഞാൻ മാത്രമേ കണ്ടുള്ളു.

അതായത്; കേവലം സത്യമായ ഈ കഥയിൽ നിന്ന് പലതും പഠിക്കാനുണ്ട്. പ്രധാനം എന്താണെന്നു വെച്ചാൽ; ഏത് ഏത് വലിയവൻ ആയാലും,

നിങ്ങൾ പഴേ വലിയ ഡോക്ടർ ആയിരിക്കാം. ഉന്നത ഇദ്യോഗസ്ഥൻ ആയിരിക്കാം. ശാസ്ത്രജ്ഞൻ ആയിരിക്കാം. എന്തിന്, അയ് പി എസ് വരെ ആയിരിക്കാം.

പക്ഷെ-

തള്ളുമ്പോൾ ഒരു മയത്തിൽ തള്ളണം. ഇല്ലേൽ ചെമ്പു തെളിയും. പിന്നെ;

ഉള്ളിന്റെ ഉള്ളിൽ ബോധം ധരിച്ചിരിക്കുന്നത് വളരെ വളരെ നല്ലതാണു. 

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .