തുണി പുരാണം: പിന്നെ- ആണുങ്ങൾ എന്ത് കൊണ്ട് സാരി ഉടുക്കുന്നില്ല? ആണുങ്ങൾ മുണ്ടുടുക്കാതെ പാൻറ്റ് ഇടുന്നത് എന്ത് കൊണ്ട്? ആശാൻ ഓടണോ കളത്തിൽ ഇറങ്ങണോ?

വല്യ വല്യ കളിക്കാരൊക്കെ ഇങ്ങനെ കളി നോക്കിയിരിക്കും. കുഞ്ഞു പിള്ളേർ കളി തെറ്റിക്കുന്നതും ഉരുണ്ടു വീഴുന്നതും ഒക്കെ കണ്ടിട്ടങ്ങനെ- നല്ല രസല്ലേ.

പിന്നെ കുറെ പേര് അവരവരുടെ ഗ്രൂപ്പിന് വക്കാലത്ത് പറയൽ മാത്രേ ഉള്ളു. അത് കൊണ്ട് തന്നെ എന്ന് വച്ചോളു- മാരക ഇഷ്യൂകൾ കുളം കലക്കുമ്പോ ആ വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങാത്തത്. ആര്?

ഈ ആശാനേ- ആശാൻ.

ഇപ്പൊ തന്നെ ജെണ്ടർ ന്യൂട്രൽ യൂണിഫോം വിവാദം. സംഭവം പുരോഗമനം തന്നെ ആണ്. സംശയമില്ല. കുട്ടികൾ എല്ലാര്ക്കും സമ്മതം. പിന്നെ ആർക്കാണ് കഴപ്പ്?

ഇതെങ്ങാനും ഇനി യഥാർത്ഥ പെൺ ശാക്തീകരണത്തിന് കാരണമായാലോ എന്നൊരു പേടി. അവർക്കാണ് കഴപ്പ്. ജസ്റ്റ് ഏ ഭയം. അത്രേ  ഉള്ളു. ചിരിക്കബിൾ ആണ് ഇതിനെതിരെ ഉള്ള സമരങ്ങൾ ഒക്കെ.

പക്ഷെ എന്നാലും ചോദ്യം അവശേഷിക്കുന്നുണ്ട്.

എന്ത് കൊണ്ട് പെണ്ണുങ്ങൾ പാന്റ്റും ടോപ്പും ജീൻസും ഒക്കെ ഇടുന്നു? പക്ഷെ ആണുങ്ങൾ ചുരിദാർ ഇടുന്നില്ല? എന്താണ് ഇടക്ക് കല്യാണങ്ങൾക്കെങ്കിലും ആണുങ്ങക്ക് ഒരു പട്ടുസാരി ഉടുത്തു കൂടാ?

സൗകര്യം എന്നതൊക്കെ നിക്കട്ടെ. പണ്ടൊക്കെ എങ്ങനെ ആരുന്നു? നമ്മുടെ നാട്ടിൽ എല്ലാരും മുണ്ടുടുക്കും. ചില ആഭരണങ്ങൾ ഒക്കെ അപ്പോഴും പെണ്ണുങ്ങളെയും ആണുങ്ങളെയും വേർതിരിക്കും.

ഓരോ ജാതി, മതക്കാർക്കും വേഷങ്ങളിൽ വ്യത്യാസം ഉണ്ട്! പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും തമ്മിൽ മാത്രമല്ല കേട്ടോ. ഓരോ ജാതി, മത വിഭാഗങ്ങൾക്കിടയിലും ഓരോരുത്തരുടെ സ്റ്റാറ്റസ്, പദവി, പ്രായം, തൊഴിൽ ഒക്കെ അനുസരിച്ച്, തുണിയും ആഭരണങ്ങളും ഒക്കെ പലപല രീതിയിൽ ആണ്! നേതാവിന്, പുരോഹിതന്, വൈദ്യന്, സന്യാസിക്ക്, ആശാരിക്ക് – അങ്ങനെ അങ്ങനെ.

അങ്ങനെ ഉടുക്കാനെ സമൂഹം സമ്മതിക്കുകയുമുള്ളൂ. ഇല്ലേൽ ചിലപ്പോ വിവരമറിയും. ജാതി ഭൃഷ്ട്, അടി, ഇടി, മുതൽ മരണം വരെ സംഭവിക്കാം! നൂറു സിംഹാസനങ്ങൾ എന്ന നോവലിൽ നായാടിയായ ഐ എ എസ് ഉദ്യോഗസ്ഥൻ-നായകന്റെ അമ്മ മന സ്ഥിരത ഇല്ലാതെ എപ്പോഴും പറയുന്നുണ്ട്- ‘മോനെ- പാന്റ്റും ഷർട്ടും വേണ്ടാ! തമ്പ്രാൻ വേഷം വേണ്ടാ!’

പിന്നെ സ്വല്പം വൈവിദ്ധ്യം അടിസ്ഥാന നിയമങ്ങളിൽ നിന്ന് കൊണ്ട് ചെയ്യാം കേട്ടോ. ആരെ എങ്കിലും ആകർഷിക്കാൻ സ്‌പെഷ്യൽ ആയി ഓരോ ആളുകൾക്കും അവരുടെ ഇഷ്ടങ്ങൾ കർശന നിയമങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യാം. അല്ലേൽ വിശേഷ ദിവസങ്ങളിൽ ലേശം സ്‌പെഷ്യൽ ആവാം. ഞങ്ങൾ സമൂഹം ‘ഇതെന്തൂട്ട് ?’ എന്ന് പറയരുത് എന്ന് മാത്രം.

അല്ലാതെ എന്ത് മുള്ളൽ? എന്ത് അപ്പിയിടൽ? എന്ത് സൗകര്യം?

സഹോ- കൈലി മുണ്ട് മടക്കി കുത്തി നടക്കുന്നതും പാവാടയും തമ്മിൽ എന്ത് വ്യത്യാസം? പണ്ടത്തെ സ്കോട്ട്ലൻഡുകാർ ആണുങ്ങടെ സെക്സി സ്കർട്ട് കണ്ടിട്ടില്ലേ? ഇല്ലെന്നോ? എന്തുട്ടിഷ്ടോ ഇത്? ഒന്നുമില്ലേലും അവറ്റോൾടെ വിസ്‌കീൻറെ പരസ്യത്തിൽ ഉണ്ടല്ലോ ഹേ. ഇത്രേം ഡീസൻറ്റ് കളിക്കരുത്.

ഈ യൂറോപ്പിൽ തന്നെ, രാജ കുടുംബക്കാർ ആണുങ്ങൾ പതിനെട്ടാം നൂറ്റാണ്ടു വരെ ഒക്കെ തന്നെ, ഇറുകിയ ലെഗ്ഗിൻസും ഹൈ ഹീലും ഒക്കെ ഇട്ടിരുന്നു. പെണ്ണുങ്ങളേക്കാൾ ഉഷാറായി വർണ ശബള വേഷങ്ങളും ആയിരുന്നു.

ഇപ്പൊ ഉള്ള പഴയ കാല ഗോത്ര വിഭാഗങ്ങളെ നോക്കിയാൽ തന്നെ ചില കാര്യങ്ങൾ ഒക്കെ അറിയാം. മിക്കവർക്കും എന്തെങ്കിലും തുണി ഉണ്ട്. ആഭരണങ്ങൾ എല്ലാര്ക്കും ഉണ്ട്.

പൊതുവായി പറഞ്ഞാൽ, ചൂടിൽ നിന്നും തണുപ്പിൽ നിന്നുമൊക്കെ രക്ഷിക്കുന്നത് ഒഴിച്ചാൽ, പ്രധാനമായും വേഷങ്ങൾക്ക് ചില സാമൂഹ്യമായും  വ്യക്തിപരമായും ചില സന്ദേശങ്ങൾ നൽകൽ ഉദ്ദേശങ്ങൾ കൂടി ഉണ്ട്.

– ലൈംഗിക ആകര്ഷണീയത ഒളിക്കാൻ, ചിലപ്പോ വിളിച്ചു പറയാൻ. ഇത് ഒരു സങ്കീർണ വിഷയം ആണ്. ഇതിൽ ആണ്കോയ്മ ഉള്ള സമൂഹം സ്ത്രീകളെ വസ്തു ആയി കണ്ട് ഉടമസ്ഥത ഒക്കെ അടിച്ചേൽപ്പിക്കാൻ വേഷത്തെ ഉപയോഗിക്കുന്നുണ്ട്. അത് കൂടാതെ:

1 . ഏത് ഗ്രൂപ്പിൽ നമ്മൾ പെടുന്നു എന്ന് വിളിച്ചറിയിക്കൽ. ഞാൻ ഇന്ന ഗോത്രക്കാരൻ ആണ്. അല്ലെങ്കിൽ പോലീസ് ആണ്. വിദ്യാർത്ഥി ആണ്. ഡോക്ടർ ആണ്. ഉദ്യോഗസ്ഥൻ ആണ്. ഇത് ഒരു പരിധി വരെ സമൂഹം അടിച്ചേൽപ്പിക്കുന്നത് ആണ്.

2 . പദവി, തൊഴിൽ, സോഷ്യൽ റോൾ മുതലായവ. മുകളിൽ പറഞ്ഞതുമായി ബന്ധമുണ്ട് .

3 . ഞാൻ ആൺ ആണ്, അഥവാ പെണ്ണാണ്. ഇത് ഒരു പരിധി വരെ സമൂഹം പറയുന്നത് ആണ്. പക്ഷെ ഇത് വ്യക്തികളുടെ ജെണ്ടർ ഐഡെന്റിറ്റിയുടെ ഒരു സന്ദേശം നൽകൽ കൂടി ആണ്. സമൂഹത്തിന്റെ അടിച്ചേൽപ്പിക്കൽ മാത്രമല്ല. ഉദാഹരണത്തിന്, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്റെ ശരീരം ആണിന്റെ പോലെ, അഥവാ പെണ്ണിന്റെ പോലെ ആണ് ഇരിക്കുന്നത് എങ്കിലും അങ്ങനെ അല്ല എന്റെ ജെണ്ടർ ഐഡന്റിറ്റി  എന്ന് പറയുന്നത് ഐഡന്റിറ്റിക്ക് അനുസരിച്ചുള്ള വേഷങ്ങൾ സ്വയം അണിഞ്ഞിട്ടാണ്.

4 . ഞാൻ എന്ന വ്യക്തിയുടെ പ്രത്യേകതകൾ വിളിച്ചു പറയാൻ മാത്രമായി.  എനിക്ക് ഈ നിറങ്ങൾ ആണിഷ്ടം.  ഞാൻ അടിപൊളി ആണ്. ഞാൻ ഗൗരവക്കാരൻ ആണ്. അങ്ങനെയങ്ങനെ.

ആധുനികത നന്നായി വേര് പിടിച്ചതോടെ, വ്യക്തി കുറെ കൂടി സ്വതന്ത്രൻ/ സ്വതന്ത്ര ആയി. അപ്പൊ കുറെ കൂടി നിയമങ്ങൾ ലംഘിച്ചു കൊണ്ട് വേഷം കെട്ടാം എന്നായി.

അപ്പോൾ മുണ്ടുടുത്തിരുന്ന നമ്മൾ പാൻറ്റ് ഒക്കെ ഇട്ടു തുടങ്ങി. അതെന്താ? സായിപ്പിന് പറ്റുമെങ്കിൽ എനിക്കും പറ്റും. എനിക്കും ഉണ്ട് വലിയവൻ ആവാൻ ആഗ്രഹം. പണ്ട് സായിപ്പ് ആരുന്നല്ലോ മേലാളൻ.

അപ്പൊ പെണ്ണുങ്ങൾ ആണുങ്ങടെ ജീൻസും പാന്റ്റും ഇട്ടു തുടങ്ങിയത്?

അതായത് നമ്മൾ മുണ്ടിൽ നിന്ന് പാൻറ്റ്ലേക്ക് മാറിയ അതേ സൈക്കോളജി!

പാട്രിയാർക്ക ആണ്കോയ്മ ഉള്ള സമൂഹത്തിൽ, മേൽക്കോയ്മ ഉള്ള ആണുങ്ങടെ ഡ്രെസ് ഇടുന്നത് ഒരു സന്ദേശം ആണ് കൊടുക്കുന്നത്.

– സമൂഹമേ, നിങ്ങ പറയുന്ന, പലപ്പോഴും പല ജോലികളും ചെയ്യാൻ അസൗകര്യമുള്ള വേഷം ഇടാൻ മനസില്ല.

– ആണുങ്ങടെ വേഷം ഞങ്ങൾ ഇടും! നിങ്ങൾക്ക് ഉണ്ടെന്നു പറയുന്ന പവർ ഞങ്ങക്കും ഉണ്ട്!

ടാണ്ടടാ- വെറുതെ അല്ല ആളുകൾക്ക് കുരു പൊട്ടുന്നത്.

ഈ വേഷത്തിന്റെ സ്റ്റേറ്റ്മെൻറ് ഒത്തിരി ആണുങ്ങക്കും ഇഷ്ടപ്പെട്ടു കേട്ടോ. ആണുങ്ങൾ പലർക്കും അത് ആകര്ഷണീയവും ആയി തോന്നി. സമൂഹവും അത് കുറെ സ്വാംശീകരിച്ചു. എങ്കിലും പെണ്ണുങ്ങടെ ജീൻസ്, ട്രൗസർ, ടോപ്- ഇതിനൊക്കെ വ്യത്യാസങ്ങൾ മിക്കപ്പോഴും ഉണ്ട് കേട്ടോ. അത് വേറെ കാര്യം.

അപ്പൊ അടിപൊളി. ബാ പൂവാം. ഒക്കെ പറഞ്ഞു കഴിഞ്ഞല്ലോ? 

ഒരു ചെറിയ കാര്യം കൂടി.

ആണുങ്ങൾ എന്താ ചുരിദാർ ഇടാത്തത്? സർക്കാർ ജീവനക്കാർ ആണുങ്ങൾ ആഴ്ചയിൽ ഒരിക്കൽ സാരി ഉടുക്കട്ടെ – അതല്ലേ ഹീറോയിസം? അതല്ലേ പുരോഗമനം? ഡോണ്ട് ദേ ലൈക്?

ങാ. അത് പറ്റില്ല!!

ആണയാൽ ആണത്തം വേണം. ഇല്ലേൽ അയ്യേ!

ദേ കേട്ടല്ലോ. ഇതാണ്; സമൂഹത്തിന്റെ ഈ മനോഭാവം ആണ് ഇത് സമ്മതിക്കാത്തത്. ഇതിൽ പെണ്ണുങ്ങൾക്കും തുല്യ പങ്കുണ്ട്. സ്വന്തം ഭർത്താവ്, മകൻ, സഹോദരൻ, കാമുകൻ, ഒക്കെ പെണ്ണുങ്ങടെ വേഷം ഇട്ടാൽ, സ്ത്രൈണത കാണിച്ചാൽ, അപ്പൊ ഈ പെണ്ണുങ്ങൾ തൊണ്ണൂറ്റൊമ്പത് ശതമാനവും പറയും:

അയ്യേ! അയ്യയ്യേ! ഇതെന്ത് കോലം?

അപ്പൊ പറഞ്ഞത് എന്താണെന്നു വെച്ചാൽ, പുരോഗമനം പൂർണം ആവണമെങ്കിൽ, വിശേഷ അവസരങ്ങളിൽ എങ്കിലും നമ്മുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരൊക്കെ, ആണുങ്ങൾ ആണെങ്കിൽ, നല്ല ഒരു സാരി ഒക്കെ ഉടുത്ത്, ബ്ലൗസ് ഒക്കെ ഇട്ട് വരാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാവേണ്ടതാണ്. മാലയും വളയും കമ്മലുമെങ്കിലും.

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .