ദൃശ്യം 5 .

-ഒരു നാൽപ്പത് വര്ഷം ഇങ്ങനെ കഴിഞ്ഞു പോവുന്നു . ജോർജൂട്ടിക്ക് പത്തുതൊണ്ണൂറ്‌ വയസാവുന്നു . ദൃശ്യം മൂന്നിൽ , പഴേ പോലീസ് ദമ്പതികൾക്ക് അയച്ചു കൊടുത്ത എല്ലുകൾ ഇളയ പശുക്കുട്ടിയുടേതാണ് എന്ന് വ്യക്തമായതാണല്ലോ പുള്ളി രക്ഷപെടാൻ കാരണം . ദൃശ്യം നാലിലും , ക്ളൈമാക്സില് വീണ്ടും കുഴിച്ചെടുത്ത എല്ലുകൾ ഒരു പശുക്കുട്ടിയുടേതാണ് എന്ന് മനസ്സിലാവുന്നു .ഇവിടെ ആണ് ദൃശ്യം അഞ്ച് ആരംഭിക്കുന്നത് .

അപ്പോഴേക്കും പശുക്കുട്ടികളെ കൊല്ലുന്നത് മരണ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ , പോലീസ് ആ വഴിക്ക് ആക്രമണം ആരംഭിക്കുന്നു . പശു എല്ലിൽ ആര്സെനിക് കണ്ടെത്തുന്നു . ജോർജൂട്ടിയുടെ വീട് , സിനിമ തിയേറ്റർ , അഞ്ചു ഷോപ്പിംഗ് മാൾ , ഇരുപത്തഞ്ചു ഫാക്ടറികൾ , മുന്നൂറു സോഫ്ട്വെയർ കമ്പനികൾ എന്നിവിടെ എല്ലാം കിടുതാപ്പികൾ ഫിറ്റ് ചെയ്ത് പോലീസ് ഇരുപത്തിനാലു മണിക്കൂറും അവിടുള്ള എല്ലാ ആളുകളുടെയും സംഭാഷണം എട്ടു പത്ത് കൊല്ലം റെക്കോർഡ് ചെയ്യുന്നു . സ്‌പെഷ്യൽ ആയി എണ്ണൂറ്റി അമ്പത്താറു ദമ്പതികളുടെ കല്യാണം പോലീസ് തന്നെ നേരിട്ട് നടത്തി അവരെ ഒക്കെ പോലീസിൽ എടുക്കുന്നു . മേല്പറഞ്ഞ എല്ലാ സ്ഥാപനങ്ങളുടെയും അടുത്ത് രണ്ടേക്കർ സ്ഥലം വാങ്ങി അവരെ കുടിയിരുത്തുന്നു .ഇത്രയൊക്കെ ചെയ്തിട്ടും പശു മരണങ്ങളും ജോർജൂട്ടിയുമായി ഉള്ള ഡയറക്ട് ബന്ധത്തിന് തെളിവ് കിട്ടുന്നില്ല .

ഗതി കെട്ട് പഴേ പോലീസ് ദമ്പതികൾ പശുമരണങ്ങളെ പറ്റി കേന്ദ്രത്തെ അറിയിക്കുന്നു . ഉടൻ സി ബി ഐ , എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ഇന്റലിജൻസ് ബ്യുറോ , ദേശീയ പശു കല്യാൺ ആൻഡ് ജന ദ്രോഹ വിഭാഗ് എന്നിവ ചേർന്ന് ജോർജൂട്ടിയെയും , കുടുംബത്തെയും , സ്ഥാപനങ്ങളെയും അടപടലം വേട്ടയാടുന്നു .

ഗത്യന്തരം ഇല്ലാതെ ജോർജൂട്ടി ദേശീയ സാംസ്കാരിക പാർട്ടിയിൽ ചേരുന്നു . അതോടെ അയാളെ ദേശീയ നസ്രാണി ആയി പ്രഖ്യാപിക്കുന്നു . ഉടൻ ഒരു പദ്മശ്രീയും കിട്ടുന്നു . തനിക്ക് മുഖ്യമന്ത്രിയാവാൻ സമ്മതമാണ് എന്ന് ജോർജൂട്ടി തുറന്നു പറയുന്നു .

അകെ ലോകം മൊത്തം എടുത്താൽ , കേരളത്തിൽ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടി സ്ട്രോങ്ങ് ആയി നിക്കുന്നുണ്ടല്ലോ . ഇന്ത്യയിൽ അവിടെ മാത്രമേ വേറൊരു പാർട്ടി അധികാരത്തിൽ ഉള്ളു . മുഴുവൻ സഖാക്കളും സൈബർ സഖാക്കളും , ലെഫ്റ്റ് ലിബറലുകളും (ഇന്ത്യയിൽ ബാക്കി ഉള്ളവർ ഒക്കെ- കേരളത്തിൽ മാത്രേ ഉള്ളു. ) ജോര്ജ്ജുട്ടിയെ അടപടലം ട്രോളി നാറ്റിക്കുന്നു .

നാണക്കേട് സഹിക്കാൻ പറ്റാതെ ജോർജൂട്ടി ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നു . ശവമടക്ക് കഴിഞ്ഞെങ്കിലും സംശയം തോന്നിയ പോലീസ് ശവം മാന്തി എടുത്ത് ഡി എൻ എ ടെസ്റ്റ് ചെയ്യുന്നു. ശവം ജോർജൂട്ടിയുടേത് അല്ല !! ജോർജൂട്ടി വേറൊരു സ്ഥലത്ത് പൊങ്ങുന്നു . താൻ കോൺഗ്രസിൽ ചേരാൻ പോകുകയാണെന്ന് പ്രഖ്യാപിക്കുന്നു . കേട്ടവർ കേട്ടവർ അന്തം വിടുന്നു .എന്താണ് ഈ കോൺഗ്രസ്? അങ്ങനെ ഒരു സാധനത്തെ പറ്റി കേട്ടവർ ആരും ഇല്ലായിരുന്നു . ചരിത്രപുസ്തകങ്ങളിൽ പോലും ഇല്ല .സോണിയ ഗാന്ധി , രാഹുൽ ഗാന്ധി എന്ന രണ്ടു പേര് വന്ന് ജോർജൂട്ടിയെ അഭിനന്ദിക്കുന്നു . ആളുകൾ അന്തം വിടുന്നു . ഇവരൊക്കെ ആരാ ???ഇനി ദൃശ്യം 6 (ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .