കത്തി വിഴുങ്ങിൽ നിന്ന് പഠിച്ച കാര്യങ്ങൾ:

1799ൽ, ജോണ് കമിൻസ് എന്ന ഇരുപത്തി മൂന്നുകാരൻ ചുള്ളൻ ചെക്കൻ കൂട്ടുകാരുടെ കൂടെ ഇരുന്നു വെള്ളമടിച്ചു.കപ്പൽ ജോലിക്കാരൻ ആരുന്നു പുള്ളി. തലേ ദിവസം തുറമുഖത്ത് ഒരു മാജിക്കുകരൻ കത്തി വിഴുങ്ങുന്നത് അങ്ങേര് കണ്ടു. അന്ന് രാത്രി ആണ് ചുള്ളൻ വെള്ളമടിച്ചത്. ഒക്കെ ചെയ്യുന്ന കാര്യം തന്നെ. പക്ഷെ , ജോങ്കുട്ടന്റെ കാര്യത്തിൽ ഇച്ചിരി പ്രശ്നം പറ്റി. നല്ലോണം ഓവർ ആയി. ഓവർ ആയപ്പോ പുള്ളി:”ഡാ, മയിലൊളെ. ഞാൻ വേണേ വിഴുങ്ങാട കത്തി” എന്നൊരു അടി അടിച്ചു. ആ അടി ഇച്ചിരി ഓവർ ആയില്ലേ?ആയി. ആയി.എന്നാൽ പുള്ളീടെ കൂട്ടുകാർ അതിലും ഓവർ ആയി. എന്നാ ഇന്നാ പിടിച്ചോ. വിഴുങ്ങി കാണിക്കട പുല്ലേ, ന്ന്!!ഒരു മടക്കു കത്തിയും കൊടുത്തു.നല്ല ഫോമിൽ ആരുന്ന ജോങ്കുട്ടൻ, കത്തി മടക്കി, ഒരൊറ്റ വിഴുങ്ങ്. എന്നിട്ട് ഒരിറക്ക് റമും കുടിച്ചു. ഓൾഡ് മോങ്ക്. എല്ലാരും കയ്യടിച്ചു. “ആഹാ. വീരൻ. ധീരൻ. വിഴുങ്ങു മഹാൻ.””ഇനീം വിഴുങ്ങാൻ പുറ്റ്വോഡോ?” ന്നായി ഫ്രണ്ട് തെണ്ടികൾ.”കപ്പലിലൊള്ള എല്ലാ പണ്ടാര കത്തീം ഇങ്ങു കൊണ്ടു വാടാ” ന്നായി മ്മ്‌ടെ ഗഡി.മൂന്നു കത്തിയും കൂടെ പുള്ളി അങ്ങോട്ട് നീറ്റ് ആയി മുണ്ങ്ങി. നീറ്റ് ആയി റമും മേലേ കേറ്റി, ഹീറോ ആയി. പിറ്റേന്ന് വെളിക്കിരുന്നപ്പോ ഒരു കത്തി അങ്ങോട്ട് പ്ലം എന്നു പോയി. ആദ്യം വിഴുങ്ങിയത് അല്ല!പക്ഷെ പിന്നെ അടുത്ത ദിവസം രണ്ടെണ്ണം കൂടെ പോയി. ഒരെണ്ണം ബാക്കിയായി എന്നാണ് ഹീറോ ആണയിട്ടു പറയുന്നത്. പിന്നൊരു ആറു കൊല്ലം പുള്ളി നല്ല കുട്ടിയായി ജീവിച്ചു.1805 ൽ ബോസ്റ്റേണിൽ വച്ച് പിന്നേം കുറെ പേരുടെ കൂടെ ഇരുന്നു കുടിച്ചപ്പോ:”നാലു കത്തി വിഴുങ്ങിയവനാണീ കെ കെ ജോസെപ്പ്” എന്നായി.ഉടൻ തെണ്ടികൾ കത്തിയും ആയി വരവായി. സിംപിൾ ആയി അഞ്ചെണ്ണം വിഴുങ്ങി. പിറ്റേന്ന് ആളെ കാണാൻ കൂട്ടമായി ആളോൾ വന്നു. നിരാശപ്പെടുത്തരുതല്ലോ. എട്ടെണ്ണം കൂടെ വിഴുങ്ങി.ഇത്തവണ നല്ല വയറു വേദനയും ചർദിയുമായി ആശുപത്രിയിൽ രണ്ടു മാസം കിടന്നു. പലപ്പോഴായി എല്ലാ കത്തികളും തൂറിപ്പോയി. ആഹാ. ആശ്വാസം. ജോങ്കുട്ടൻ പിന്നേം ഗോദയിൽ ഇറങ്ങി.അപ്പൊ ബ്രിടീഷ് നേവിയിൽ ആയിരുന്നു ജോണ്. അധികം താമസിയാതെ പിന്നേം വെള്ളമടിച്ചിരിക്കുമ്പോ പിന്നേം വീമ്പിളക്കി. വിഴുങ്ങി അഞ്ചു കത്തികൾ!!പിറ്റേന്ന് വലിയ തിരക്കായി ആളെ കാണാൻ. നന്നായി ഓൾഡ് മോങ്ക് അടിച്ചു കേറ്റി, ടച്ചിങ്‌സ് ആയി നാല് കത്തി കൂടെ മുണ്ങ്ങിയത് പുള്ളിക്ക് ഓർമയുണ്ട്. പിന്നെ ഒൻപത് എണ്ണം കൂടി വിഴുങ്ങി എന്ന് കാണികൾ ആണയിടുന്നു.എന്തായാലും അതോടെ കച്ചവടം പൂട്ടി. പിന്നെ എന്നും വയറുവേദനയും ഛർദിയും തന്നെ. ഒന്നും തിന്നാൻ പറ്റുന്നില്ല. ഇടക്കിടെ കത്തികളുടെ സ്ക്രു, അലക് പകുതി ദ്രവിച്ചത്, മരക്കഷ്ണം ഒന്ന്, അങ്ങനെ ഓരോന്ന് തൂറിയോ ശർദിച്ചോ പോവും. 1807 ൽ ഗയ്‌സ് കോളേജ് ലണ്ടനിൽ പോയി ഡോക്ടർ ബർബിങ്ടൻ, ഡോക്ടർ കറി എന്നിവരുടെ ചികിത്സയിൽ ആയി. അവരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും, വിശ്വസിച്ചില്ല! എന്താല്ലേ. ഈ ടോട്ടര്മാരുടെ ഒരു കാര്യം. പിന്നെ ഒന്നു രണ്ടു കൊല്ലം കൊണ്ട് ജോണ് അവശൻ ആയി. അപ്പൊ സർജന്മാർ പിന്നേം ചോദ്യം ചെയ്തു. ഇത്തവണ അവർ വിശ്വസിച്ചു. ഒരാൾ ജോണിന്റെ മലദ്വാരത്തിൽ വിരൽ ഇട്ടു. അതാ , അങ്ങു ഉള്ളിൽ, ഒരു കത്തി!!എന്ത് ചെയ്യാം. അന്ന് അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഒരിറക്ക് വെള്ളം കുടിക്കാൻ പറ്റാതെ , ജോണ് കമിൻസ് 1809 ൽ മരിച്ചു.ദുഷ്ടരായ സർജന്മാർ പുള്ളിയുടെ ശവം കീറി പരിശോധിച്ചു. ഒരു പത്തു നാൽപ്പത് കത്തിയുടെ ഭാഗങ്ങൾ കണ്ടെടുത്തു. അങ്ങനെ, ധീരനും വീരനുമായ ജോണ് കമിൻസിന്റെ കത്തി വിഴുങ്ങ് അവസാനിച്ചു.പാഠങ്ങൾ:- ഓൾഡ് മോങ്ക് അത്ര നല്ലതല്ല. – വെള്ളമടിച്ച് ഇരിക്കുമ്പോ വീമ്പ് ഇളക്കരുത്. കയ്യും കാലും വേണേൽ ഇളക്കി ഡാൻസ് കളിച്ചോ.- ലോകത്തിന്റെ കയ്യടി നേടാൻ എന്തും ചെയ്യരുത്. നമ്മുടെ കയ്യിൽ, ഛേ, വയറ്റിൽ ഒതുങ്ങുന്നത് ആണോ എന്ന് നോക്കണം.- മാജിക്കുകാരെ വിശ്വസിക്കരുത്. ആന പിണ്ടം ഇടുന്നത് കണ്ട് അണ്ണാൻ പിണ്ടം ഇടാൻ നോക്കരുത്. ഡാഷ് കീറും.- ഒരിക്കൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ ചാടി ചത്തില്ല എന്നു വിചാരിച്ച് പിന്നേം പിന്നേം ചാടരുത്.- പിന്നെ, കത്തി വിഴുങ്ങനേൽ, ഇരുപതാം നൂറ്റാണ്ട് വരെ എങ്കിലും കാത്തിരിക്കുക. വയർ തുറന്ന് ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർമാർക്ക് ഒരു കോണ്ഫിഡൻസ് വരണ്ടേ. ഛേടാ!(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .