ദൈവങ്ങൾ മോളിലോട്ട് നോക്കുമ്പോ:
ഒരു പത്തു മുന്നൂറു പേര് ഡിം.
ഉറ്റവരുടെ വേദന. പരിക്ക് പറ്റി ജീവിക്കേണ്ടി വരുന്നവരുടെ വേദന.
മുന്നറിയിപ്പ് ഒന്നുമില്ല. പ്രത്യേകിച്ച് എന്തെങ്കിലും കാരണം? ആവോ. ങേഹേ.
ചിലർക്ക് ഏറ്റവും സങ്കടം- വില്ലനില്ല!!
എന്ത് സങ്കടം നടന്നാലും ഏതേലും വില്ലനെ തപ്പിപ്പിടിക്കുക എന്ന മനുഷ്യ ദൗർബല്യം കാരണത്തിനും ആത്യന്തിക അർത്ഥത്തിനും ഉള്ള ദാഹമാണ്. ചിലർക്ക് വെറുപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ ആ ചെളിയിൽ മുങ്ങിയാൽ മതിയല്ലോ എന്നാണ്. അർത്ഥമില്ലാത്ത, ദയയില്ലാത്ത, കാരണമില്ലാതെ സഹനചിലന്തിവലയിൽ കിടന്നു പിടയേണ്ടല്ലോ.
വേദന കടിച്ചമർത്തി ചിരിക്കുന്ന ഒരു മുപ്പത്തഞ്ചുകാരിയെ ഞാനോർക്കുന്നു. വശത്ത് ഒരു മുഴയായിരുന്നു. കാന്സറായിരുന്ന അത് മൊത്തം എടുത്തു കളഞ്ഞു; റേഡിയേഷൻ ചെയ്തു. വീണ്ടും വന്നു. വീണ്ടും ചെയ്തു. വീണ്ടും റേഡിയേഷൻ ചെയ്തു.
വരുമ്പോ എപ്പോഴും ഒരു പാവം ഭർത്താവും പത്തു വയസുള്ള ഒരു മോനും ഉണ്ട്. എല്ലാരും ചിരിക്കും. കരയുകയാണേലും നമ്മൾ സംസാരിക്കുമ്പോ ചിരിക്കും.
ഒരു കൊല്ലം കുഴപ്പമില്ല. ഇങ്ങനെ ആകുമ്പോ എല്ലാരും ആശ്വാസത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. അപ്പൊ ആണ് കഴുത്തിൽ ഒരു മുഴ!!
അതെടുത്തു. അവിടെ റേഡിയേഷൻ ചെയ്തു. കീമോതെറാപ്പി ഫലപ്രദമാവുന്ന ട്യൂമർ അല്ല. വീണ്ടും ഒരു കൊല്ലം പോയി. പിന്നെയും വേദന വന്നപ്പോ സാധനം വീണ്ടും വന്നിരിക്കുന്നു! ഇത്തവണ നെട്ടെല്ലിലേക്ക് ഒക്കെ ഉണ്ട്. ഇനി സാന്ത്വന ചികിത്സ നോക്കാം എന്നേയുള്ളു. ഞാൻ വിശദമായി സംസാരിച്ചു. ഓൺകോളജിസ്റ്റും റേഡിയേഷൻ ഡോക്ടറും എല്ലാം വിശദമായി സംസാരിച്ചിരുന്നു. അത് കൊണ്ട് കാര്യങ്ങൾ ഒക്കെ അറിയാം.
സ്ത്രീ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു:
“ഇതൊക്കെ തന്നെ ല്ലേ? ഇനീപ്പോ ഒന്നും വേണ്ട. കുഴപ്പമില്ല- ഡോക്ടർ വിഷമിക്കേണ്ട.”
അപ്പോഴാണ് ഞാൻ ശരിക്കും വിഷമിച്ചു പോയത്.
ഭർത്താവു ഒറ്റക്ക് മുറിയിലേക്ക് വന്നു. കുറച്ചു സംസാരിച്ചു. ഭാര്യ അടുത്തുള്ള അമ്പലത്തിലെ ഒരുക്കം ഒക്കെ സ്ഥിരം നടത്തുന്ന ആളാണ്. പരോപകാരി. പലരെയും സഹായിക്കാൻ എപ്പോഴും മുന്നിട്ടിറങ്ങും.
പുള്ളിക്കാരൻ എന്നോട് ചോദിച്ചു:
“ഡോക്ട്രേ- ഇവൾ ഒരു നല്ല ഒരു സ്ത്രീ ആണ്. എപ്പോഴും പ്രാർത്ഥനയാണ്- രോഗം വരുന്നതിനു മുന്നും. ഇവൾക്ക് എന്ത് കൊണ്ട് ഇങ്ങനെ വന്നു?”
ആഹ. എന്ത് നല്ല ചോദ്യം. ചരിത്രപരമായ, അതി പുരാതന ചോദ്യമാണ്. ഹിന്ദു സ്വാമികൾ പല തരത്തിലുള്ളവർ പല രീതിയിൽ ധ്യാനിച്ച്, ആലോചിച്ച്, തപസിരുന്ന് ആകെ എത്തിയത് കർമ്മ ഫലത്തിലാണ്. ബുദ്ധൻ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി എന്തൊക്കെയോ ചെയ്ത്, ഈ ചോദ്യത്തിന് ഉത്തരമായി കണ്ടു പിടിച്ചത് മനുഷ്യർക്ക് ബോധ്യം വരാൻ ബുദ്ധിമുട്ടുള്ള ഈ സാമാനത്തിൽ തന്നെ!
ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇതിനെ കണ്ടത് വേറൊരു രീതിയിലാണ്. ഇവിടെ സഹനമാണെങ്കിൽ അവിടെ സുഖം! മരിച്ചു കഴിഞ്ഞിട്ട് അങ്ങൊട്ട് പോകുവല്ലോ- അവിടെ നിത്യമായി സുഖിക്കും- ഇവിടെ അടങ്ങിയൊതുങ്ങി പള്ളിയും മുല്ലയും ഒക്കെ പറയുന്നത് കേട്ട് നടന്നാൽ.
പോകുമോ? ആവോ. അതെങ്ങനെ? അപ്പൊ ഇവിടിപ്പോ എന്തിനിട്ടു. എന്തിന് കഷ്ടപ്പെടുത്തി? ആ.
ഇങ്ങനെ ചോദ്യങ്ങൾ മുറുകി വരുമ്പോ ഉള്ള ഉത്തരമുണ്ട്:
അങ്ങോരുടെ ലീല!
മാനേജരുടെ യുക്തി!
അതൊക്കെ മനസിലാക്കാൻ ഭയങ്കര പാടാണത്രെ. ആവോ. ആരിക്കും.
യുക്തിയോടെ, തത്വ ചിന്തകരും ശാസ്ത്രകാരൻമാരും യുക്തിവാദികളും കണകുണാ ഘോരഘോരം ചിന്തിച്ചു, വാദിച്ചു. നിരർത്ഥകത എന്ന മയിലല്ലാതെ എന്തേലും കുഴിച്ചു പുറത്തിട്ടോ?
നഹീ ന്നു പറഞ്ഞാ നഹി. ഇല്ലാ ന്നു പറഞ്ഞാ നോ.
അദ്ദേഹം ഒരു ദീർഘനിശ്വാസം വിട്ടു:
“ആവോ. എന്തേലും കണ്ടിട്ടുണ്ടാവും!” എന്നിട്ടയാൾ മോളിലോട്ട് നോക്കി.
ഞാനും മോളിലോട്ട് നോക്കി. ഇതിയാൾ മോളിൽ ആണോ ഇരിക്കുന്നത്?
“ഇറങ്ങി വാ, ഇങ്ങോട്ട്. ഉണ്ടാക്കി വിട്ടാ മതിയോ- ചില ഉത്തരവാദിത്തങ്ങൾ ഒക്കെയില്ലേ?” ഞാൻ മനസ്സിൽ പറഞ്ഞു.
പറഞ്ഞു വന്നത്- ഇതിന്റെയൊക്കെ അർത്ഥം എന്താണെന്നു- എനിക്കറിയാമ്പാടില്ല സാറേ.
ഒന്നറിയാം. നന്മ നമ്മൾ ഇപ്പൊ കണ്ടെത്തണം. അത് നല്ലതാവണം. ജീവിക്കുകയാണേൽ ആർക്കെങ്കിലുമൊക്കെ ഗുണം ഉണ്ടാവുന്നതാണ് നല്ലത്. ദോഷം അധികം ഉണ്ടാക്കാതെയെങ്കിലും ഇരിക്കാം. അർത്ഥം കണ്ടെത്താതെ, കുറെ ലക്ഷ്യങ്ങൾ മനസിലില്ലാതെ, മനുഷ്യർക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്. മുഷ്കിൽ ഹേ.
മുഷ്കിൽ ഹീ നഹി; നമുംകിൻ ഹേ.
(ജിമ്മി മാത്യു)