നഗരങ്ങൾ – സ്ഥല വില – ചില കാര്യങ്ങൾ :

ഞാൻ മുരളിച്ചേട്ടനെ വെറുതെ ഒന്ന് തോണ്ടിയെന്നെ ഉള്ളു . അമിത ലളിതവത്കരണം ആണ് , കൃഷിക്ക് കേരളീയർ സ്ഥലം ഉപയോഗിക്കാത്ത  കൊണ്ട് അതിനു വില കുറയുമെന്നും , സ്ഥലം ആവശ്യമില്ലാത്തതാണെന്നും .

ശരിയാണ് – സ്ഥലത്തിന് ചില സമയങ്ങളിൽ വില കണ്ടമാനം ഒരുകാരണവും ഇല്ലാതെ കൂടുന്നു . പിന്നെ ഇടിയുന്നു . ഇപ്പോൾ കുറച്ചു മാന്ദ്യത ഉണ്ട് . ഇത് ഇങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും . ഇത് വെറും മാർകട് നിരക്കിലുള്ള താല്ക്കാലിക ഏറ്റ കുറച്ചിൽ ആയിട്ടേ കാണാൻ കഴിയുക ഉള്ളു .

 

നമ്മൾ ചരിത്രം പരിശോധിക്കണം . അതി പുരാതന കാലം മുതൽ . അത്രക്കൊക്കെ വേണോ ? വേണം – എന്നാലല്ലേ  ഭാവം വരൂ ? വിവാഹ വീക്ഷണം – സോറി- വിഗഹ വീക്ഷണം ഉണ്ടാവൂ ?

 

നമ്മൾ പലരും വിചാരിക്കുന്നത് ചരിത്രം ഇങ്ങനെ തോന്നുന്ന പോലെ ഇങ്ങനെ പോകുന്നു , അല്ലെങ്കിൽ ചാക്രികമായ ആവർത്തനങ്ങൾ ഉണ്ടാകുന്നു എന്നാണു . എന്നാൽ അങ്ങനെ അല്ല . ചരിത്രത്തിനു ഒരു പ്രയാണ പഥം ഉണ്ട് . ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്ക് പെൻഡുലം ആടുകയല്ല . ഒരു പ്രത്യേക രീതിയിലെങ്ങോട്ടോ പോകുക ആണ് . ഇത് എന്ത് കൊണ്ടാണ് എന്ന് നമുക്ക് ശരിക്ക് അറിയില്ല . എന്നാലും ചില ചരിത്ര ചരിത ബാറ്ററികൾ ഉണ്ട് .

 

ബാറ്ററി നമ്പർ വൺ – ആളുകളുടെ എണ്ണം കണ്ടമാനം കൂടുന്നു .

 

ബാറ്ററി നമ്പർ ടു –       സ്വയം നില നിൽക്കാൻ മനുഷ്യൻ ടെക്‌നോളജി , ശാസ്ത്രം , ഇവ ഉപയോഗിച്ച് ജീവ സാന്താനം – മഹ് – സന്ധാരണം – കൂടുതൽ എളുപ്പം ഉള്ളതാക്കുന്നു .

 

ബാറ്ററി നമ്പർ ത്രീ – ഇതിനു മനുഷ്യൻ സ്പെഷ്യലിസ്റ്റുകൾ ആകുന്നു , പരസ്പരം കച്ചവടത്തിൽ ഏർപ്പെടുന്നു .

 

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം അതിവേഗം , ബഹുദൂരം ഓരോ വർഷവും വർധിച്ച നിരക്കിൽ നടക്കുന്നു .

 

ഇതനുസരിച്ച് , രാഷ്ട്രീയം മാറുന്നു , മൂല്യങ്ങൾ മാറുന്നു , ഇക്കോണമി യുടെ നിയമങ്ങൾ മാറുന്നു .

 

ഇതാണ് സംഭവിക്കുന്നത് . ഉദാഹരണത്തിന് കൃഷി തന്നെ എടുക്കാം . ഇപ്പോഴത്തെ മനുഷ്യൻ ഉണ്ടായിട്ട് ഏകദേശം  രണ്ടു ലക്ഷം വർഷങ്ങൾ കഴിഞ്ഞു . ഇതിൽ മിക്കവാറും സമയം അലഞ്ഞു നടന്നു , നായാടി , കിട്ടുന്നത് പെറുക്കി തിന്നു – ഒരു പെറുക്കി ആയി ജീവിച്ചു – ഹണ്ടർ ഗതേറർ ,

 

പെട്ടന്ന് പതിനായിരം വാർഷങ്ങൾക്ക് മുൻപ് ഏകദേശം അഞ്ചോ ആരോ സ്ഥലത്തു (ചുരുങ്ങിയത് ) കൃഷി കണ്ടു പിടിച്ചു ! പരസ്പരം ബന്ധമില്ലാത്ത സ്ഥലങ്ങൾ ആണെന്നോർക്കണം . ഇറാക്കിൽ , സിന്ധു നദിക്കരയിൽ , ചൈനയിൽ , പിന്നീട് ദൂരെ സൗത്ത് അമേരിക്കയിൽ . പിന്നെയുമുണ്ട് .

 

നമ്മുടെ വിചാരം കൃഷി നമുക്ക് നല്ലതായിരുന്നു എന്നാണു . എന്നാൽ പഠനങ്ങൾ (പഴയ ശവശരീരങ്ങൾ വച്ചുള്ളവ )കാണിക്കുന്നത് , കൃഷി തുടങ്ങിയ ഉടനെ അഞ്ചടി പത്തിഞ്ചോളം ശരാശരി ഉയരം ഉണ്ടായിരുന്ന മിഡിൽ ഈസ്റ്റിലെ പുരുഷൻ , അഞ്ചടി രണ്ടിഞ്ചോളം കുറഞ്ഞു എന്നാണു . പുഴുപ്പല്ല് കണ്ടമാനം കൂടി . ഈ സ്റ്റാർച് തന്നെ അല്ലെ തീറ്റ . പകർച്ച വ്യാധികൾ കൂടി .

 

പക്ഷെ നിവർത്തിയില്ല – ഇത്രയും ജനത്തെ തീറ്റിപ്പോറ്റാൻ കൃഷി അല്ലാതെ വേറെ വഴി ഇല്ല . ഒരു ഇരുപത്തഞ്ച് സ്‌കോയാർ കിലോമീറ്റർ കാട്ടിൽ ഇരുനൂറു പെറുക്കി മനുഷ്യർക്കെ ജീവിക്കാൻ പറ്റൂ എന്നുള്ളപ്പോൾ , ഒരു പത്തേക്കറിൽ കൃഷി ചെയ്‌താൽ , അത്രയും പേർക്ക് കഴിയാം .

 

ഒരയ്യായിരം വര്ഷങ്ങള്ക്കു മുന്നേ തന്നെ നഗരങ്ങൾ ഉടലെടുത്തു . എന്തിനു മനുഷ്യർ നഗരങ്ങളിൽ തിങ്ങി പാർക്കണം ? അവിടാനാണ് ട്വിസ്റ്റ് .

 

കച്ചവടം – അത് തന്നെ കാരണം . ടെക്‌നോളജി വികസിച്ചു . ഒരാൾ അമ്പും വില്ലും ഉണ്ടാക്കുന്നതിൽ വിദഗ്ധൻ ആണെന്ന് വെക്കൂ . ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലത്തെ ബിസിനസ്സ് ഉള്ളു . ആശാരിക്കും , കൃഷിക്കാരനും , മൂശാരിക്കും , കാളവണ്ടി ഉണ്ടാക്കുന്നവനും , ഉണക്കിറച്ചി കച്ചവടം ചെയ്യുന്നവനും ഇത് തന്നെ സ്ഥിതി . ഒരു സാദാ കർഷകൻ ഒരാഴ്ച എടുത്ത് ഒരു മഴു ഉണ്ടാക്കുമ്പോൾ , ഒരു സ്പെഷ്യലിസ്റ് കൊല്ലൻ ഒരു ദിവസം അഞ്ചെണ്ണം ഉണ്ടാക്കും . ഇത്രയും ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റവും കുറഞ്ഞ സാമഗ്രി , സമയങ്ങൾ കൊണ്ടുണ്ടാക്കാവുന്ന  പരിപാടി ആണ്  – സ്പെഷ്യലൈസേഷൻ , കച്ചവടം , നഗരങ്ങൾ .

 

ഉദാഹരണത്തിന് ഞാൻ തന്നെ . ഗ്രാമത്തിൽ ഹരിതാഭ ഒക്കെ ഏറ്റു കുളിർന്നിരിക്കാൻ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല , ഇവിടെ നഗരത്തിൽ ആണ് എന്റെ സ്‌പെഷ്യൽ കഴിവുകൾക്ക് ആവശ്യക്കാർ ഉള്ളു .

 

1900 – ത്തിൽ ലോക ജന സംഖ്യയുടെ വെറും പതിനഞ്ചു ശതമാനം മാത്രമേ നഗരങ്ങളിൽ ജീവിച്ചിരുന്നുള്ളു . 2008 ആയപ്പോഴേക്കും അമ്പതു ശതമാനം കഴിഞ്ഞു ! ഇപ്പോൾ ലോകത്തിൽ പകുതിയിൽ അധികം പേര് നഗരങ്ങളിൽ ആണ് ജീവിക്കുന്നത് !

 

അമേരിക്കയിൽ എൺപതു ശതമാനത്തോളം പേര് നഗരത്തിൽ ജീവിക്കുമ്പോൾ , മിക്ക യൂറോപ്യൻ  രാജ്യങ്ങൾ, ഓസ്‌ട്രേലിയയിൽ ഒക്കെ തൊണ്ണൂറു ശതമാനം ജനങ്ങളും നഗരങ്ങളിൽ ആണ് ജീവിക്കുന്നത് !

 

മാത്രമല്ല , വികസിക്കും തോറും ശതമാനം കൂടി വരികയാണ് . ചൈനയിൽ അമ്പത്തഞ്ചു ശതമാനം നഗര വാസികൾ ഉള്ളപ്പോൾ ഇൻഡ്യായിൽ മുപ്പതു ശതമാനത്തോളം പേരെ നഗരവാസികൾ ഉള്ളു . പക്ഷെ എല്ലാ രാജ്യങ്ങളിലും നഗര വൽക്കരണം കൂടി വരിക ആണ് !

 

അപ്പോൾ നിങ്ങൾ വിചാരിക്കും ഈ പട്ടണ മനുഷ്യർ ഒക്കെ ഗ്രാമീണ കൃഷിക്കാരുടെ ഔദാര്യത്തിൽ ആണ് കഴിയുന്നത് എന്ന് . അല്ല . ഇന്ത്യയുടെ ആഭ്യന്തര ഉദ്പാദനത്തിന്റെ എഴുപതു ശതമാനവും സിറ്റികളിൽ നിന്നാണ് ! മുപ്പതു ശതമാനം നഗര വാസികൾ ആണ് എഴുപതു ശതമാനവും കാശ് ഉണ്ടാക്കുന്നത് . കേരളത്തിന്റെ ഉദ്പാദനത്തിന്റെ നാല്പതു ശതമാനവും എറണാകുളത്തു നിന്നാണ് !

 

മുൻപ് ഒരു പോസ്റ്റിൽ പറഞ്ഞതാണ് – 1947 ൽ നമുക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 30 കോടി ജനങ്ങൾ ഉള്ളപ്പോൾ ഇപ്പോൾ ഉള്ളത് 130 കോടിയാണ് . അന്ന് മിക്കവരും പകുതി പട്ടിണി ആണെങ്കിൽ , ഇന്ന് കുറച്ചൊന്നു ശ്രദ്ധിച്ചാൽ എല്ലാവര്ക്കും മൃഷ്ടാന്നം കഴിക്കാൻ ഉള്ളത് ഉണ്ട്.. അതായത് – ഓരോ ഏക്കറിൽ നിന്നും ഉള്ള ഉത്പ്പാദനം വളരെ കൂടി . ആധുനിക കൃഷി രീതികൾ കൊണ്ട് തന്നെ ആണിത് . പക്ഷെ – നമ്മൾ വിചാരിക്കുന്നത്ര കൂടിയിട്ടില്ല . ഇനിയും കൂടാൻ സ്കോപ്പുണ്ട് .

 

അവിടെയാണ് പ്രശ്നം . എന്ത് പ്രശ്നം ? ആകെ കൺഫ്യൂഷൻ ആയല്ലേ ?

 

നമ്മൾക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 80 ശതമാനം ആളുകളും കൃഷിയാണ് . മിക്കവരും ചെറുകിട കൃഷിക്കാർ . പലരും കാർഷിക തൊഴിലാളികൾ . കുറെ കുടി കിടപ്പുകാർ. വലിയ ഭീകര ജന്മികൾ കുറച്  ഉണ്ട് . മുഴവൻ രാജ്യ ഉത്പാദനത്തിന്റെ 52 ശതമാനം അന്ന് കൃഷി കൊണ്ടാണ് . ജന്മിത്തം ആണ് ഒരു പ്രധാന സാമൂഹ്യ വ്യവസ്ഥിതി.

രാജ്യത്തിൻറെ മൊത്തം ഉത്പാദനം പെട്ടന്ന് പറഞ്ഞാൽ മൂന്നായി തിരിക്കാം – കൃഷി

വ്യവസായം

മറ്റു സേവനങ്ങൾ

 

1947 – കൃഷി – ഉത്പ്പാദനം ആകെയുടെ  52 ശതമാനം – ഏർപ്പെട്ടിരിക്കുന്ന ആളുകൾ – 80 ശതമാനം . – ഇനിയാണ് പ്രശ്നം :

 

2016 – കൃഷി – 15 (!)മൊത്തം ഉത്പ്പാദനത്തിന്റെ  വെറും പതിനഞ്ച് ശതമാനം – ഏർപ്പെട്ടിരിക്കുന്ന ആളുകൾ – 60 – 70 ശതമാനം .

 

അത് കൃഷിയുടെ ഉത്പ്പാദനം കുറഞ്ഞതല്ല . ഉത്പാദനം വളരെ കൂടി . ജനപ്പെരുപ്പം ഉണ്ടായിട്ടു കൂടി എല്ലാവരെയും തീറ്റാൻ മാത്രം വർധിച്ചു. പക്ഷെ മാറ്റി വ്യവസായങ്ങളും സേവനങ്ങളും അതിനേക്കാൾ പതിന്മടങ്ങ് കൂടി . പക്ഷെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ 80 ശതമാനത്തിൽ നിന്നും 60 ശതമാനത്തോളം മാത്രമേ താണുള്ളൂ .

 

പച്ചക്ക് പറഞ്ഞാൽ ഇപ്പോൾ നമ്മുടെ രാജ്യത്തിലെ കാർഷിക മേഖലക്ക് ഒരു പതിനഞ്ച് – ഇരുപതു ശതമാനം ആളുകളെ താങ്ങാനുള്ള കെൽപ് മാത്രമേയുള്ളു . സങ്കടകരമായ സത്യം

 

എന്ത് കൊണ്ട് കൃഷിക്കാരുടെ കാര്യം പരിതാപകരമാകുന്നു എന്ന് മനസ്സിലായില്ലേ ?

 

ഒരു രാജ്യം വികസിക്കും തോറും കൃഷിയുടെ ഉദ്പാദന ക്ഷമത കൂടും . ആളുകൾ മറ്റു ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതു  അതിനേക്കാൾ വളരെ കൂടും  . അതായത് , കൃഷിയുടെ തോത് കുറഞ്ഞു വരും . കൃഷിയെ ആശ്രയിച്ചു ജീവിക്കാൻ പറ്റുന്ന ആളുകളുടെ ശതമാനവും കുറഞ്ഞു വരും .

 

വിൿസിത രാജ്യങ്ങളും ചൈനയും ഒക്കെ ഇതേ സ്ഥിതിയിലുടെ കടന്നു പോയിട്ടുണ്ട് . അപ്പോൾ വ്യവസായങ്ങളും മറ്റു സേവന മേഖലകളും വളരെ വർധിക്കുമ്പോൾ ആ മേഖലകളിൽ ജോലിസാധ്യതകൾ കൂടും . പക്ഷെ വിദ്യാഭ്യാസവും ട്രെയിനിങ്ങും വേണ്ട ജോലികളാണ് കുറെ കൂടുന്നത് . നന്നായി വിദ്യാഭ്യാസമുള്ള , കൊടും ദാരിദ്ര്യത്തിന്റെ പിടിയിൽ അല്ലാത്ത , ശാക്തീകരിക്കപ്പെട്ട ഒരു തലമുറക്ക് ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പറ്റി . കൃഷി മേഖലയിൽ നിന്നും വളരെ ആളുകൾ മറ്റു ജോലികളിലേക്ക് തിരിഞ്ഞു . നഗരവൽകരണം വന്നു . ഗ്രാമങ്ങളിൽ നിന്ന് വൻതോതിൽ ആളുകൾ നഗരങ്ങളിലേക്ക് കുടിയേറി .

 

ഇതേ ചരിത്രത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത ഡയനാമിക്സ് ആണ് നമ്മുടെ നാട്ടിലും വർക് ഔട്ട് ആവുന്നത് . പക്ഷെ നമ്മുടെ പാവങ്ങളെ വേണ്ട വിധം ശാക്തീകരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല .

 

മിക്കവരും അന്തം വിട്ടു കുന്തം വിഴുങ്ങുന്ന ഒരു കണക്ക് ഇനി പറയാം . അമേരിക്കയുടെ കാര്യം ആണ് . സ്വയം വേണ്ട എല്ലാ ഫുഡും സ്വയം ഉണ്ടാക്കാൻ കെല്പുള്ള അത്ര കാർഷിക ഉദ്പാദനം ഉള്ള രാജ്യം ആണ് അമേരിക്ക . അത് കൂടാതെ ലോകം മുഴുവനും കൃഷി വിളകൾ കയിറ്റി അയക്കുകയും ചെയ്യുന്നു .

 

മൊത്തം അമേരിക്കൻ ഉത്പാദനത്തിൽ കൃഷിയുടെ പങ്ക് – 1  ശതമാനം (അതെ – മ്മടെ ഒന്ന് തന്നെ )

മൊത്തം അമേരിക്കയിൽ ശരിക്കും കൃഷി കൊണ്ട് മാത്രം

ജീവിക്കുന്നവർ – 1 .5 ശതമാനം (ഒന്നര ശതമാനം )

 

ഇതിൽ മിക്കവരും വലിയ യമണ്ടൻ കർഷകരാണ് . എല്ലാം മെക്കനൈസ്ഡ് ഫാർമിംഗ് ആണ് . ഉള്ള ചുരുക്കം പണിക്കാർക്ക് ഉഗ്രൻ കൂലി .

 

പറഞ്ഞു പറഞ്ഞു കാട് കയറി പ്പോയി . മുരളിച്ചേട്ടൻ പറഞ്ഞതിന്റെ കാതൽ കൃഷി കേരളത്തിൽ ചെയ്യുന്നില്ല , അത് കൊണ്ട് സ്ഥലത്തിന് വിലയില്ല എന്നാണു .

 

ഹോംഗ് കോങ്ങിലും സിംഗപ്പൂരിലും എല്ലാം നഗരവാസികൾ ആണ് – അവിടൊരാളും കൃഷി ചെയ്യുന്നില്ല . അവിടാരും പട്ടിണി കിടക്കുന്നില്ല . സ്ഥലത്തിന് ഭയങ്കര വില ആണ് .

 

കേരളത്തിൽ കൃഷി ലാഭകരമല്ലെങ്കിൽ ഇവിടാരും അധികം കൃഷി ചെയ്യാനൊന്നും പോകുന്നില്ല . അതിന്റെ ആവശ്യവുമില്ല .

 

കേരളം മൊത്തം നഗരവൽക്കരിക്കപ്പെടുന്ന പ്രദേശം ആണ് . ഇവിടെ ആളുകൾ ഇല്ലെങ്കിൽ ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും ഗ്രാമീണർ വരും, ഇവിടുത്തെ നഗരങ്ങളിലോട്ട് . സേവന മേഖല ആണ് ഏറ്റവും വലുത് . ആശുപത്രികൾ , ഹോട്ടലുകൾ , ടൂറിസം , ഐ ടി , അങ്ങനെ സംഖ്യം കാര്യങ്ങൾ ഇവിടെ വളർന്നു വരേണ്ടതാണ് – സർക്കാരുകൾ സ്വല്പം താല്പര്യം കാണിച്ചാൽ വരും . ഈ പല സേവനങ്ങളും നമുക്ക് ഇന്ത്യയിലെ മറ്റു ജനങ്ങൾക്ക് വില്കാം . കഴിവുള്ള സ്‌കിൽസ് ഉള്ള ജോലിക്കാർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകും – അവിടെ നിന്ന് ഇങ്ങോട്ട് പണം അയക്കും . നഗര വിസ്തൃതി വർധിക്കും . സ്വാഭാവികമായി നഗരങ്ങളിലെ ഭൂമി വില കൂടുക തന്നെ ചെയ്യും .

 

ഈ നഗരവൽകരണം മോശമല്ലേ ? അല്ല .

 

നോക്ക് – ഇപ്പോൾ അമ്പതു ശതമാനം വരുന്ന നഗര വാസികൾ വെറും മൂന്നു ശതമാനം ലോക കര ഏരിയയിൽ ആണ് ജീവിക്കുന്നത് . നാല്പതു ശതമാനം കൃഷി ഭൂമി മതി ഈഭാവിയിൽ എല്ലാവരെയും തീറ്റി പോറ്റാൻ . ചുരുക്കത്തിൽ , അമ്പതു ശതമാനം ഏരിയ കാടിനും പ്രകൃതിക്കും കൊടുക്കാം .

 

അപ്പൊ ജനസംഖ്യ – അതല്ലേ ഏറ്റവും അടിപൊളി . നഗരങ്ങളിൽ എത്തുന്ന മാത്രയിൽ പെണ്ണുങ്ങൾ പ്രസവിക്കുന്നത് വളരെ കുറക്കുന്നു . (ലിങ്ക് നോക്കുക – കമന്റിൽ ). നഗരവൽകരണം ജനസംഖ്യയെ കുറയ്ക്കും .

 

അപ്പോൾ – കൃഷിക്ക് വേണ്ടി അല്ല കേരളത്തിൽ സ്ഥലത്തിന് ഡിമാൻഡ് ഉണ്ടാകാൻ പോകുന്നത് – ആളുകൾക്ക് ജീവിക്കാനും , കച്ചവട വ്യവസായങ്ങൾ വളരാനും ആണ് . ഇവിടെ പാവപ്പെട്ട മനുഷ്യർക്ക് വന്നു താമസിച്ച് ജോലികൾ ചെയ്യാനുള്ള സൗകര്യം ആണ് സർക്കാരുകൾ ചെയ്യണ്ടത് . ചെലവ് കുറഞ്ഞ ഫ്ലാറ്റുകൾ ഒക്കെ കെട്ടി കൊടുക്കണം .

 

എന്നാൽ , ഇപ്പോഴുള്ള , നഗരം ഒരിക്കലും വരാൻ സാധ്യത ഇല്ലാത്ത ഗാഡ്ഗിൽ പറഞ്ഞ പരിസ്ഥിതി ലോല പ്രദേശങ്ങൾ , നികത്താൻ പറ്റാത്ത പാടങ്ങൾ , നഗരവൽകരണം വളരെ പതുക്കെ സംഭവിക്കുന്ന സ്ഥലങ്ങളിൽ ഒക്കെ സ്ഥലത്തിന് വില കുറഞ്ഞേക്കും . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .