പന്തു കളി ഞാൻ കാണില്ല – ആണുങ്ങടെ ഓരോ ഉണ്ട പ്രേമങ്ങൾ !

ഈ മോന്തായ ഗ്രന്ഥത്തിൽ മൊത്തം പന്തും കളിയും – കളിയും പന്തും തന്നെ . എന്തുട്ട് വെറുപ്പികൽഷ്ടോ. മെസ്സ്, നെയ്യപ്പം, ക്രിസ്ത്യാനി അങ്ങനെ എന്തൊക്കെയോ. ഈ ആണുങ്ങടെ പന്തിനോടുള്ള ആക്രാന്തത്തിന്റെ പരമ ദയനീയമായ ഒരു ഗോഷ്ടി പ്രകടനം ആണിവിടെ നടക്കുന്നത് .

 

പന്താക്രാന്തം = പരമ ഗോഷ്ടി .

 

പരമ ഗോഷ്ടിയുടെ പരമ കാഷ്ട .

 

ഇവിടെ സ്ത്രീകൾ കുറെ പേര് ഇതിലൊന്നും യാതൊരു താല്പര്യവും ഇല്ലാതെ ഇരിക്കുന്നത് നിങ്ങൾ ആണുങ്ങൾ കാണുന്നില്ലേ ? പന്തുകളി ആന്റി ഫെമിനിസം ആണ് . ആന്റി വിമെൻ ആണ് . സ്ത്രീവിരുദ്ധം ആണ് .

 

ആൾക്കുരങ്ങുകളുടെ…സോറി …ആണരങ്ങുകളുടെ തേർവാഴ്ച – പരമകാഷ്ട – അത് തന്നെ.

 

പരമകഷ്ടം.

 

ഞാൻ ഊന്നി ഊന്നി ചോദിക്കുകയാണ് സൂർത്തുക്കളെ, പന്താകുന്ന ഉണ്ട പ്രേമികളെ, മീശയുടെയും നെയ്യപ്പത്തിന്റെയും ആരാധകരെ , ഗൊറില്ലകളെ , ചിമ്പാന്സികളെ , നെയ്മറായ …ഐ മീൻ , നല്ലവരായ നാട്ടുകാരെ ,

 

ഇവിടെ എവിടെ പെണ്ണുങ്ങൾ? പെണ്ണുങ്ങടെ ഫുട്ബാൾ എവിടെ ? കഴിഞ്ഞ വര്ഷം വനിതാ ഫുട്ബാൾ വേൾഡ് കപ് എവിടെ ആയിരുന്നു ? ഈ കൊല്ലത്തെ കഴിഞ്ഞോ – പറയൂ , പറയൂ .

 

അറിയില്ലല്ലേ ?

 

വേണ്ട – ലോക പ്രശസ്തയായ ഒരു ….ഒരൊറ്റ …..ഫുട്ബാൾ കളിക്കാരിയുടെ പേര് പറഞ്ഞാലും , പ്രിയ ആരാധകാ , കൂരാധാകാ . അല്ല പിന്നെ .

 

ചെറുപ്പം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് . നന്നേ ചെറുപ്പത്തിൽ പെണ്പിള്ളേരുടെ ഒപ്പം അച്ഛനും അമ്മയും , ഒറ്റക്കാലിൽ ചാട്ടം , കഞ്ഞീം കരീം വെക്കൽ , കല്ല് കളത്തിൽ വച്ച് ഉള്ള കളി , ഒക്കെ കളിച്ചിട്ടുണ്ട് . കുറച്ച് വലുതായപ്പോഴോ , കാരംസ് . അതിലും പന്ത് ഇല്ല !!

 

അഞ്ചാം ക്ലാസ്സിൽ ആകെ മൊത്തം സ്ത്രീ വിരുദ്ധവും , ആണ്കോയ്മയുടെ സംസ്ഥാന സെക്രട്ടറിയേറ്റും ആയ തൃശൂർ മാഡൽ ബായ്‌സിൽ കേറുമ്പോൾ ആദ്യം പഠിച്ച കളി എന്താ ?

 

ഗോട്ടി കളി . പന്ത് തന്നെ – ചെറുതാണെങ്കിലും നല്ല ഉറപ്പുള്ള പന്തുകൾ . തോറ്റാൽ വിരലിന്റെ മാടമ്പിൽ ഗോട്ടി എറിഞ്ഞു വേദനിപ്പിക്കാൻ നിന്ന് കൊടുക്കണം . ഹിംസ – ആൺ ഹിംസ . അന്നേ തുടങ്ങി പാട്രിയാർകൽ സമൂഹത്തിന്റെ വൃത്തികെട്ട ജൻഡർ കണ്ടീഷനിംഗ് . ഹോ – മടുത്തു പോയി .

 

പിന്നെ , ക്രിക്കറ്റ് – കോർക് ബാളും ബാറ്റും .

 

ഫുട്ബാൾ ഇല്ല . ഫുട്ബാൾ വാങ്ങാൻ ഒന്നും കാശില്ല . തുണിപ്പന്തു കളി ആണ് പകരം . ഒരു കല്ലിന്റെ ചുറ്റും കീറത്തുണി നീളത്തിൽ ചുറ്റി ചുറ്റി ഒരു മസ്‌ക് മെലോൺ വലുപ്പത്തിൽ (ആ സാധനം അന്നില്ല കേട്ടോ – വറുകപ്പുളിയൻ നാരങ്ങാ എന്ന് പറയാം എന്ന് തോന്നുന്നു ) ആക്കും . പിന്നെ ചാക്കുനൂലു കൊണ്ട് കെട്ടും . നൂൽ പന്ത് റെഡി . മഴക്കാലത്ത് ഈ സാമാനം വെള്ളം കുടിച്ച് ഏതാണ്ട് ജിമ്മിൽ ഉള്ള ഡംബ് ബെല്ലിന്റെ കനവും ഉറപ്പും ആർജിക്കും . ഈ നാരകീയ ബാൾ വച്ചിട്ടാണ് ഫുട്ബാള് കളി . നോക്കണേ പൂരം .

 

നമ്മൾ ഒക്കെ ഇതിന്റെ മുന്നിൽ തന്നെ ഉണ്ട് കളിക്കാൻ . അന്നൊക്കെ വേൾഡ് കപ്പൊക്കെ പ്രാന്താണ് .

 

തുണി പന്തു കളി ഭയങ്കര പാടാണ്.

 

“കാലും കാലും തമ്മിലടിച്ചാൽ ,

അയ്യോ –എന്ന് അർഥം .

ചവിട്ടി ഞെരിച്ച് , എലുമ്പു ഓടിച്ചാൽ ,

തുണിപ്പന്ത് കളിയെന്നർത്ഥം , അർഥം …..” – ഈ പാട്ട് കേട്ടിട്ടില്ലേ ? എന്നാൽ ഇപ്പൊ കേട്ടോ .

 

പിന്നെയും ഉണ്ട് പ്രശ്നങ്ങൾ . നല്ല ഒരു കളിക്കാരനെ നമ്മൾ ബ്ലോക്ക് ചെയ്തു എന്ന് വക്കുക . അവൻ നല്ല ഉന്നത്തിൽ , അതി ശക്തമായി , അതി വേഗത്തിൽ , ഈ ബാൾ അടിക്കും !  എങ്ങോട്ടാണെന്നല്ലേ ?

 

നമ്മടെ ബോളിനിട്ട് !! നമ്മുടെ നിക്കറിൽ പാവമായി ഉറങ്ങി കിടക്കുന്ന സാമാനത്തിനിട്ട് !!!

 

അപ്പോൾ ഒരു സ്ഥിരം മൂവ് ഉണ്ട് . ഞൊടി ഇടയിൽ നമ്മൾ പുറം തിരിഞ്ഞു ഊര (ഊര = ചന്തി = കുണ്ടാമണ്ടി ) കാട്ടിക്കൊടുക്കണം . ബോംബ് മാതിരി വരുന്ന ബോള് നമ്മുടെ മാംസളമായ ഊരയിൽ തട്ടി നിസ്സഹായനായി നിലത്ത് വീഴും . (അതാണ് തിയറി . ശരിക്കും , എലുമ്പൻ ഊരയിൽ തട്ടി നന്നായി എന്നാലും വേദനിക്കും ).

 

ഒരിക്കൽ സമയത്തിനു തിരിയാൻ പറ്റാത്തതിനാൽ എന്റെ ഒരു സുഹൃത്തിന്റെ (കാല മാടന്റെ ) കാലിൽ നിന്നും മിസൈൽ പോലെ വന്ന ഒരു തുണി പന്ത് , കൃത്യം ഉദ്ദേശിച്ച സ്ഥലത്ത് തന്നെ കൊണ്ടു !

 

പിന്നെ ആൾക്കാർ ഒക്കെ എന്നെ ജഗതി യോദ്ധായിൽ പറഞ്ഞ പോലെ – “പൊക്കിക്കൊണ്ട് പോകുക ആയിരുന്നു .

 

മാത്രമല്ല , നാലഞ്ചു ദിവസം തീ തിന്നു . കാരണം ഇനി നിന്റേത് , ദോശമാവിന് പുറത്ത് വച്ചാൽ എന്ത് സംഭവിക്കുമോ , അത് – ഇനി ഒരിക്കലും സംഭവിക്കില്ല എന്ന് എന്റെ വേറെ ഒരു കാലമാടൻ സുഹൃത്ത് പറഞ്ഞു . (മൊത്തം കാലമാടന്മാരുടെ സംസ്ഥാന സമ്മേളനം ആണ് മാഡിൽ ബായ്‌സ് ). അങ്ങനെ അല്ല എന്ന് സ്വയം ടെസ്റ്റ് ചെയതു  ബോധ്യപ്പെടാൻ അഞ്ചാറു ദിവസം എടുത്തു .

 

അതോടു കൂടി തിരുമേനി , രണ്ടു കാര്യങ്ങൾ ഈ ഈപ്പച്ചന്‌ സംഭവിച്ചു :

 

ഈ ഫുട്ബാൾ വെറുത്തു പോയി . അറപ്പും വെറുപ്പും ആയി പ്പോയി . ഫെമിനിസ്‌കളോടുള്ള ഒരു താദാത്മ്യ പെടൽ ആണത് .

 

രണ്ടാമത് . ആണുങ്ങൾ എന്താണ് ഈ പന്തിന്റെ പുറകെ എന്ന് മനസ്സിലായി . ആണുങ്ങക്ക് ഈ പന്താണിഷ്ടോ വല്യ സാധനം ! ബോക്സിങ്ങിൽ തലക്ക് എത്രവേണോ ഇടിക്കാം . തലക്ക് ഒരു വിലയും ഇല്ല . പക്ഷെ അരക്കു കീഴെ – ങേഹേ – ഇടിക്കാൻ പാടില്ല . എന്തിട്ടാല്ലേ ? ക്രിക്കറ്റിൽ ഹെൽമറ്റ് നിർബന്ധം ഇല്ല . പക്ഷെ മറ്റേ – അബ്‌ഡോമിനൽ ഗാർഡ് – ഉണ്ടെർവെയറിനകത്ത് നിശ്ചയം ആയും വച്ചിരിക്കും . ഓരോരോ കോമഡികളെ .

 

അത് കൊണ്ട് ദയവു ചെയ്തു ആണുങ്ങളെ – ഈ പന്തിനോടുള്ള ഫ്രോയിഡിയൻ ഫിക്‌സേഷൻ ഉപേക്ഷിച്ച് , വല്ലോം പോയി വായിച്ച് , തലച്ചോർ വികസിപ്പിക്കാൻ നോക്ക് .

 

ങേ – ഫ്രോയിഡിയൻ ക്നാപ്പൊമാക്സ് എന്താണെന്നോ ?

 

അതാ പറഞ്ഞത് , പന്തും താങ്ങിക്കൊണ്ട് നടക്കാതെ വല്ലോം പോയി വായിക്കാൻ. (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .