മാർക്സിസം , ഫാസിസം , അങ്ങനെ പല കോടി മൂത്ത ഇസങ്ങളും നമ്മൾ കേട്ടിട്ടുണ്ട് . പക്ഷെ നമ്മുടെ ലോകം തന്നെ മാറ്റി മറിച്ച ഒരു ഇസം ആണ് എം പറി സിസം (Empiricism ).
പരിഭാഷപ്പെടുത്താൻ പാടാണ് .
ആണുങ്ങൾക്കാണോ പെണ്ണുങ്ങൾക്കാണോ പല്ലുകൾ കൂടുതൽ ?
യൂറോപ്പിൽ , ആയിരത്തിനു മേലെ വര്ഷത്തോളം , ആളുകൾ വിചാരിച്ചോണ്ട് ഇരുന്നത് , ആണുങ്ങൾക്കാണ് പല്ലുകൾ കൂടുതൽ എന്നാണു . കാരണം ?
അരിസ്റ്റോട്ടിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് !
അരിസ്റ്റോട്ടിൽ എണ്ണി നോക്കിയിട്ടൊന്നും അല്ല പറഞ്ഞത് . അയാൾ ഇങ്ങനെ യുക്തി ഉപയോഗിച്ച് ആലോചിച്ചു നോക്കി . അപ്പൊ പെട്ടന്ന് തോന്നി – “ആണുങ്ങൾക്കിഷ്ട്ട പല്ലോള് കൂടുതൽ “. അരിസ്റ്റോട്ടിൽ ഭയങ്കര തത്വ ചിന്തകനും ആചാര്യനും ആയി അംഗീകരിക്കപ്പെട്ടു കഴിഞ്ഞപ്പോൾ , പെട്ടന്ന് ഒരു ദിവ്യത്വം കൈ വന്നു !
ചിന്തകൻ – ആചാര്യൻ – ദിവ്യൻ – ദൈവ തുല്യൻ -….പിന്നെ – ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തവൻ .
പിന്നെ ആരെങ്കിലും ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ –
“ഭ ! പുല്ലേ -ഇവനാരെടാ – അരിസ്റോട്ടിലിനേക്കാൾ വലിയവനോ ?”
ശരിക്കും എന്താ ചെയ്യേണ്ടത് ?
ഒരു നൂറ് മുതിർന്ന ആണുങ്ങളെ എടുക്കുക . പല്ല് എണ്ണി നോക്കുക . പല്ല് പോയിട്ടുണ്ടെങ്കിൽ അതും ചോദിച്ചു മനസിലാക്കുക . പിന്നെ നൂറ് പെണ്ണുങ്ങളുടെ പല്ല് എണ്ണുക . ശരാശരി രണ്ടു ഗ്രൂപ്പിന്റെയും എടുക്കാം .തമ്മിൽ ഒത്തു നോക്കുക . എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നറിയാൻ സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ ഉണ്ട് .
ഇത്രേം ഒന്നും വേണ്ട . അരിസ്ടോറ്റീലിയൻ ഗീർവാണം തൊണ്ട തൊടാതെ വിഴുങ്ങുന്നതിനു മുൻപ് , അടുത്ത് നിൽക്കുന്ന ഒരു രണ്ടോ നാലോ, സുഹൃത്തുക്കളുടെ വായ പൊളിപ്പിച്ച് ഒന്നേ , രണ്ടേ , മൂന്നേ , എന്ന് എണ്ണി നോക്കാൻ എന്തോരം വിഷമമുണ്ട് ?
ഈ വിപ്ലവകരമായ , സ്വയം നോക്കി മനസ്സിലാക്കലിന് പറയുന്ന പേരാണ് , എം പറി സിസം . ഇത്രേയുള്ളൂ കാര്യം .
സെന്തോമാസും പറഞ്ഞത് ഇത്രേയുള്ളൂ –
എന്ത് ? ഈശോ എണീറ്റ് വന്നൂന്നാ ? ഞാൻ വിശ്വസിക്കണേൽ എനിക്കാ കാണണം .
കത്തോലിക്കാ സഭ പണ്ട് പഠിപ്പിച്ചത് , ഭൂമി ആണ് പ്രപഞ്ചത്തിന്റെ നടു എന്നാണ് . സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിക്ക് ചുറ്റും കറങ്ങുക ആണത്രേ . ഇതാണ് അരിസ്റ്റോട്ടിലും ടോലെമിയും പറഞ്ഞത് . അതാണ് സത്യം .
ഈ ടെലിസ്കോപ്പ് എന്ന സാധനം ഉണ്ടാക്കി ഗലീലിയോ . നേരെ മോളിലോട്ട് നോക്കി . ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കണ്ടു . വളരെ വ്യക്തമായി സത്യം കണ്മുന്നിൽ . അന്ന് ഗലീലിയോ ഫ്ലോറെൻസിലെ പാദുവ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ .
അന്ന് യൂണിവേഴ്സിറ്റിയിൽ പ്രസിദ്ധനായ ഒരു ജ്യോതി ശാസ്ത്രജ്ഞൻ ഉണ്ട് – സീസറെ ക്രിമോണിനി . ഗലീലിയോ ക്രൈംണിനിയുടെ കാല് പിടിച്ചു പറഞ്ഞു ;
“സാറേ , ഈ ടെലിസ്കോപ്പിലൂടെ ഒന്ന് നോക്ക് – ഞാൻ കാണിച്ചു തരാം , പലതും .”
ചത്താലും നോക്കൂല്ല എന്ന് ക്രിമോണിനി . അതിന്ന് പറഞ്ഞ കാരണം എന്താണെന്നോ ?
“ഞാൻ എല്ലാ ആധികാരിക പൊത്തകങ്ങളും വായിച്ചിട്ടുണ്ട് . എല്ലാ ആചാര്യന്മാർ പറഞ്ഞത് ലാറ്റിനിലും , ഗ്രീക്കിലും പറഞ്ഞതൊക്കെ ഞാൻ ശ്ലോകങ്ങൾ ആയി കാണാപ്പാഠം പഠിച്ചിട്ടുണ്ടെടോ ! പിന്നെ ഈ കൊഴലിലൂടെ നോക്കിയാലേ , എനിക്ക് തലവേദന വരും , തലവേദന .
തലവേദന ഉണ്ടാക്കാതെ പോടോ ഹേ , തന്റെ കോപ്പും കൊണ്ട് !!”
ഈ ജനാധിപത്യം , അഥവാ ഡെമോക്രസിയും ഒരു തരത്തിൽ ഒരു എം പറി സിസം തന്നെ . ദിവ്യത്വം ഉള്ള നേതാക്കളെയും , രാജാക്കന്മാരെയും കാട്ടിൽ കളഞ് , അഞ്ചു കൊല്ലം കൂടുമ്പോൾ ആളുകളെ മാറ്റി . എങ്ങനെ ഉണ്ട് ഇവന്റെയൊക്കെ ഭരണം , എന്ന് നോക്കുന്ന എം പറി സിസം ആണ് ഈ തിരഞ്ഞെടുപ്പ് . കഴിഞ്ഞ കൊല്ലങ്ങളിലെ ഭരണം എങ്ങനെ ആയിരുന്നു , എന്ന് വിലയിരുത്താൻ ഉള്ള നമ്മുടെ കഴിവ് ആണ് ഇവിടെ ടെസ്റ്റ് ചെയ്യപ്പെടുന്നത് . പക്ഷെ അവന്മാരും എം പറി സിസം നടത്തുക ആണെന്ന് മറക്കരുത് .
– എന്തൊക്കെ പറഞ്ഞാൽ ഇവന്മാരുടെ ശ്രദ്ധ തിരിക്കാം ?
– എന്ത് പറഞ്ഞു ചെയ്ത മണ്ടത്തരങ്ങൾ മറയ്ക്കാം ?
– എന്തൊക്കെ വേവും ? – യുദ്ധം , വർഗീയത , അകത്തു ശത്രു , പൊറത്ത് ശത്രു . പേടിപ്പിക്കൽ ?
ഇങ്ങനത്തെ , ഭരണാധികാരികളുടെയും , ഭരണാർഥികളുടെയും എം പറി സിസവും , ജനങ്ങളുടെ എം പറി സിസവും തമ്മിലുള്ള , ഒരു കബഡി കളി ആണ് ജനാധിപത്യം . (ജിമ്മി മാത്യു )