കശ്മീർ ചരിത്രം ആട്ടക്കഥ – അമ്ലേഷ്യം ഇല്ലാതെ .

നമ്മൾ വീടിനു പുറത്തിറങ്ങുമ്പോൾ , ഒരാൾ നമ്മളെ നടുവിരൽ പൊക്കി കാണിച്ച് , “എടാ മൈനേ ” എന്ന് വിളിക്കുന്നു . നമ്മൾ ഇതിനോട് എങ്ങനെ പ്രതികരിക്കും ?

ഇതിനു ഉത്തരം പറയണമെങ്കിൽ ഇനിയും കാര്യങ്ങൾ അറിയണം . ആൾ പത്താം ക്‌ളാസിൽ ഒന്നിച്ച് പഠിച്ചത് ആണെങ്കിലോ ? തിരിച്ചു തന്തക്ക് വിളിച്ച് ആശ്ലേഷിച്ചേക്കാം . ശത്രു ആണെങ്കിലോ ? ആൾ കത്തി എടുക്കുന്ന  ഗുണ്ടാ ആണോ ? അതോ ഒന്ന് കൊടുത്താലും കുഴപ്പം ഇല്ലാത്തവൻ ആണോ ?

അതായത് നമ്മുക്ക് ഓർമ്മകൾ വേണം . അമ്ലെഷ്യം അഥവാ അംനേഷ്യ എന്ന ഓർമ ഇല്ലായ്മ വന്നാലോ ? ഇടി കറുത്ത മൂടാൻ – സോറി – ഇതികര്തവ്യതാ മൂഢൻ ആയിപ്പോകും .

ഇത് പോലാണ് ചരിത്രം അറിയാതെ സമ കാലീന സംഭവങ്ങളെ വിലയിരുത്തുന്നത് .

മ്മക്ക് സ്വാതന്ത്യ്രം വേണോന്നു പറഞ്ഞു ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ് ബഹളം വച്ചോണ്ട് നടക്കുന്നു . ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാല്പതുകളിലും , ഗാന്ധി , നെഹ്‌റു , പട്ടേൽ എന്നിവരാണ് പ്രധാന വീരന്മാർ . അങ്ങനെ കാംഗ്രസ് വിലസിക്കൊണ്ട് ഇരിക്കുമ്പോ , രണ്ടു ടീമ്സ് , ഇടയിൽ കോലു മിട്ടായി പെറുക്കാൻ വന്നു . ഒന്ന് ജിന്ന . രണ്ട് അംബേദ്‌കർ . സവർണ ഹിന്ദുക്കടെ പാർട്ടി ആണ് നിങ്ങടെ പാർട്ടി . സ്വാതന്ത്ര്യം കിട്ടിയാ ഞങ്ങ മൂഞ്ചും. ഇതാണ് അടിസ്ഥാനപരമായി , രണ്ടു ഇടങ്കോൽ പാർട്ടികളും പറഞ്ഞത് .

അംബേദ്കറെ ഒരു വിധത്തിൽ തൽക്കാലം അടക്കി ഇരുത്തി .

ജിന്ന പക്ഷെ രക്ഷയില്ല ! മുസ്‌ലിം ലീഗും ഒക്കെ ആയി ഭയങ്കര കച്ചറകൾ . അവസാനം, ചില പ്രൊവിൻഷ്യൽ ഇലെക്ഷനുകളിൽ , മദ്രാസ്സിൽ വരെ ഉള്ള , പാക്സ്ഥാൻ ഉണ്ടായാൽ തന്നെ അങ്ങോട്ട് പോകാൻ യാതൊരു പാങ്ങും  ഇല്ലാത്ത മുസ്ലീങ്ങൾ വരെ , മുസ്‌ലിം ലീഗിന് വോട്ട് ചെയ്തു . കുറ്റം പറയാൻ പറ്റില്ല . അങ്ങനത്തെ ഒരു വൈകാരിക കോപ്പ് കേട്ടാണ് ജിന്ന ഉണ്ടാക്കി എടുത്തത് . പല വർഗീയ കലാപങ്ങളും പുള്ളി തിരി കൊളുത്തുകയും ചെയ്തു . അങ്ങനെ രണ്ടു രാജ്യങ്ങൾ ഉണ്ടാവാതെ രക്ഷയില്ല എന്ന് വന്നു .

അങ്ങനെ ബും ….എന്ന് രണ്ടെണ്ണം പൊട്ടി ഭൂമിയുടെ നെഞ്ചത്തേക്ക് വീണു – ഒന്ന് ഇന്ത്യ എന്ന ഹിന്ദുസ്ഥാൻ . രണ്ട് , പാകിസ്ഥാൻ . ഹിന്ദുസ്ഥാനീലെ അന്നത്തെ പ്രമാണി ഹിന്ദുക്കളിൽ അധികാരം ഉണ്ടായിരുന്നവരുടെ ഗുണം കൊണ്ട് , ഹിന്ദുസ്ഥാൻ ഒരു മത രാജ്യം ആയില്ല . പാകിസ്ഥാൻ ഉണ്ടായതെ മത രാജ്യം ആയിത്തന്നെ ആണ് .

ഈ കെയ്ക്ക് ഒക്കെ ഉണ്ടാക്കി മുറിക്കുമ്പോൾ ചിതറുന്ന മാതിരി , അഞ്ഞൂറോളം ചെറു നാട്ടു രാജ്യങ്ങൾ ബാക്കി വന്നു . അതിൽ മുസ്ളീം ഭൂരിപക്ഷം ഉള്ളവ പാകിസ്ഥാനിലോട്ടും , ഹിന്ദു ഭൂരിപക്ഷം ഉള്ളവ ഇന്ത്യയിലോട്ടും വരും എന്നായിരുന്നു പ്രതീക്ഷ . പട്ടേൽ , നെഹ്‌റു , വി പി മേനോൻ എന്നിവർ ചേർന്ന് , മിക്ക രാജാക്കന്മാരുടെയും , കൈ പിടിച്ചു തിരിച്ച് , ചെവിക്ക് നുള്ളി , ഒക്കെ സമ്മതിപ്പിച്ചു . പക്ഷെ കുറെ രാജ്യങ്ങൾ ഇടഞ്ഞു നിന്നു :

കാശ്‌മീർ

തിരുവിതാംകൂർ

ജുനഗഢ്

ഹൈദരാബാദ് .

ഇതിൽ തിരുവിതാംകൂറിലെയും ഹൈദെരാബാദിലെയും ജനങ്ങൾ ഇളകി , അവസാനം ഇന്ത്യയിൽ ചേരാൻ നിര്ബന്ധിതർ ആയി . ഈ കഥ വേറെ അവസരത്തിൽ .

അപ്പൊ ജുനഗഢിൽ മുസ്‌ലിം രാജാവ് , ഭൂരിപക്ഷം ഹിന്ദു പ്രജകൾ . കാശ്മീരിൽ ഹിന്ദു രാജാവ് , മുസ്ളീം പ്രജകൾ . ഭൂരിപക്ഷം ആണ് ജനങ്ങൾ എന്നെ ഉദ്ദേശിച്ചുള്ളൂ .

ജുനഗഢിലെ നവാബ് പാക്സിതാനിൽ ചേരണം എന്ന് പറഞ്ഞു , ജിന്നക്ക് കത്ത് കൊടുത്തു !

അവിടാണ് പ്രശ്നം ആയത് . കശ്മീർ പാകിസ്ഥാൻ എടുത്തോട്ടെ എന്ന് വിചാരിച്ച് റിലാസ്കെട് ആയി ഇരിക്കയായിരുന്നു , നെഹ്‌റും പട്ടേലും . ഇത് കേട്ടതോടെ തരിച്ചു കയറി . ആർക്ക് ? മ്മ്‌ടെ ആൾക്കാർക്ക് . പ്രത്യേകിച്ചും പട്ടേലിന് .

അവസാനം ജുനഗഢ് നവാബ് ഓടി പാക്കിസ്ഥാനിലേക്ക് പോയി , സ്ഥലം ഇന്ത്യയുടെ കൈയിൽ വരുകേം ചെയ്തു .

പക്ഷെ കശ്മീർ രാജാവ് ഹരി സിങ് , നമ്മൾ സ്വതന്ത്ര രാജ്യമായി വിലസും എന്ന് പറഞ്ഞു നിൽക്കയാണ് .

ഉഗ്രൻ സ്ഥലം ആണ് കശ്മീർ . സുന്ദരി . സുരഭിലി . ഹിമാലയ വെളുമ്പി . തടാക കോമള , പച്ച, ശ്വേത മനോഹരി . മലകൾ തിങ്ങും മോഹിനി .

ജമ്മു താഴെ . വിഭജനവും പലായനങ്ങളും കഴിഞ്ഞപ്പോൾ , ഹിന്ദു ഭൂരിപക്ഷം . മോളിൽ കശ്മീർ താഴ്വര . പിന്നെ ഗിൽജിത് ബാൾട്ടിസ്ഥാൻ . എല്ലായിടത്തും മുസ്‌ലിം ഭൂരിപക്ഷം . എന്നാൽ താരതമ്യേന മത ചിന്ത കുറവുള്ളവർ . ശാന്തശീലർ . രാജാവ് ഹിന്ദു . സർക്കാർ ഉദ്യോഗസ്ഥർ മിക്കതും അതിനാൽ തന്നെ ഹിന്ദു ; പ്രധാനമായും , പണ്ഡിറ്റുകൾ .

ഇന്ത്യ , പാകിസ്ഥാൻ കൂടാതെ , അഫ്ഘാനിസ്ഥാൻ , ചൈന , ഈ രാജ്യങ്ങളും അയൽക്കാർ . റഷ്യ ഏതാനും കിലോമീറ്ററുകൾ മാത്രം . ഭയങ്കര സ്ഥാനം ഉള്ള സ്ഥലം . ജിയോ പൊളിറ്റിക്കൽ വാസ്തു  പ്രകാരം ഉഗ്രൻ. റൊമ്പ പ്രമാദ മാന ഇടം .

ഇതിനിടയിൽ അതാ ഒരാൾ . ആറടി നാലിഞ്ച് പൊക്കത്തിൽ ഒരു സുന്ദര ചെറുപ്പക്കാരൻ . ഇവനെ നോക്കി വച്ചോ . പത്തറുപത്  വര്ഷം കഴിഞ്ഞും മരിച്ചു കഴിഞ്ഞും പുള്ളി കശ്മീർ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും .പേര് ഷേഖ് അബ്ദുല്ല . ഷേഖ് അന്നത്തെ സയൻസ് ബിരുദ ധാരി . ഡൽഹിയിൽ നിന്ന് പഠിച്ചു വന്നാൽ ഉടൻ രാജാവിന്റെ കീഴിൽ കശ്മീർ സർക്കാരിൽ ജോലി കിട്ടേണ്ടവൻ . മുസ്‌ലിം ആയത് കൊണ്ട് കിട്ടുന്നില്ല . ആൾ ഇളകി . പ്രസംഗത്തോട് പ്രസംഗം . ആയിരങ്ങൾ പിറകെ കൂടുന്നു – മുസ്‌ലിം കോൺഫെറെൻസ് എന്ന സംഘടനാ രൂപീകരിക്കുന്നു . പിന്നീട് ഹിന്ദുക്കളെയും , സിക്കുകാരെയും ഒക്കെ ചേർത്ത് നാഷണൽ കോൺഫെറെൻസ് എന്ന സംഘടനാ ഉണ്ടാക്കുന്നു . ഉദ്ദേശം സൽഭരണം .

ട്വിസ്റ്റ് – നെഹ്രുവും ഷെഖും ഭായി ഭായി . രണ്ടു പേരും ആത്മാർത്ഥ സുഹൃത്തുക്കൾ ആവുന്നു . രണ്ടു പേരും സിക്കുലാർ ലിബറൽസ് . ഷെയ്ഖ് തികഞ്ഞ മുസ്‌ലിം . പക്ഷെ തികഞ്ഞ സെക്കുലർ മതേതര വാദി . പാകിസ്ഥാൻ വേണ്ടേ വേണ്ട . ഒന്നുമില് ഇന്ത്യയിൽ ചേരും . ഇല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കും . പക്ഷെ കൺഫ്യൂഷൻ . രാജാവ് ഇപ്പോൾ കാശ്മീരിൽ ഒന്നുമല്ല . ഷേഖ് എന്ന് പറഞ്ഞാൽ ആളോള് ചാവും . ഹിന്ദുവും മുസ്ലീമും ഒക്കെ . ജനങ്ങൾക്കും പാകിസ്ഥാനിൽ ചേരേണ്ട . ഷേഖ് പറേന്നത് കേൾക്കും എല്ലാരും .

ഇങ്ങനെ കൺഫ്യൂഷൻ അടിച്ചോണ്ട് നിൽക്കുമ്പോ പാകിസ്ഥാൻ അക്ഷമൻ ആയി . അതോ അക്ഷമയോ . എന്തായാലും ക്ഷമ നശിച്ചു . കാശ്മീരിന്റെ നെഞ്ചത്തോട്ട് കൊറേ പത്താൻ കാർ ഗോത്ര വർഗക്കാരെ ലോറികളിൽ തോക്കും കൊടുത്തു പറഞ്ഞു വിട്ടു . കമാൻഡ് പാകിസ്ഥാൻ ആർമി . ഗോത്രക്കാർ ജാതി മത ഭേദമന്യേ കാശ്മീർകാരെ കൊള്ളയടിച്ചും , കൊന്നും ബലാത്സംഗം ചെയ്തും , ശ്രീനഗറിലേക്ക് കുതിച്ചു . രാജാവ് ജമ്മുവിലേക്ക് ഓടിത്തള്ളി .

“അണ്ണാ , രക്ഷിക്കണേ ” ഹരി സിങ് നെഹ്‌റുവിനെ വിളിച്ച് കരഞ്ഞു . ഷെഖും വിളിച്ചു .

“അടിയൻ ലച്ചിപ്പോം .- പക്കേങ്കി മ്മ്‌ടെ കൂടെ കൂടണം . ന്തെ ?” – നെഹ്‌റു ആൻഡ് പട്ടേൽ .

“ഒക്കെ – എന്ത് വേണോ ചെയ്യാം .”

അങ്ങനെ ഇന്ത്യൻ ആർമി ഫ്‌ളൈ ചെയ്തു ശ്രീനഗറിൽ ഇറങ്ങി . ചടപടാ എല്ലാരേം ഓടിച്ചു . പാകിസ്ഥാൻ അംഗ വടക്കുള്ള ജിൽജിത് ബാൾടിസ്ത്താൻ ഒക്കെ കയിലാക്കി പി ഓ കെ ആക്കി നിന്ന് . നമ്മൾ ജമ്മുവും കശ്മീർ താഴ്വരയും വച്ച് കൊണ്ടിരിക്കയാണ് . അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും .

ഐക്യ രാഷ്ട്ര സഭ ഇടപെട്ടു . യുദ്ധം നിന്നു . ഹിത പരിശോധന നടത്തണം എന്നായി .

ഇനി അത് പള്ളീൽ പറഞ്ഞാ മതി എന്ന് നെഹ്‌റു .

ഇതിനിടയിൽ ഷേഖ് പിന്നേം കരാർ മാറ്റിക്കൊണ്ടിരുന്നു . സ്‌പെഷ്യൽ സ്വാതന്ത്ര പദവി വേണം , ആരും അങ്ങോട്ട് കേറി വരരുത് , തേങ്ങാ മാങ്ങാ ഒക്കെ എഴുതി ചേർത്ത ആർട്ടിക്കിൾ 370 ഒക്കെ നെഹ്രുവും പട്ടേലും സമ്മതിച്ചു .

എങ്ങനെങ്കിലും ഒന്ന് വേഗം ഞങ്ങടെ കുടീലോട്ട് വാടെ !

അപ്പോഴേക്കും ജമ്മുവിലെ ഹിന്ദുക്കൾ ഇളകി . ഭാരതീയ ജന സംഘ് എന്ന ബി ജെ പി യുടെ പഴേ പാർട്ടിയുടെ ആളായ ശ്യാമ പ്രസാദ് മുക്കർജി അവിടെ ചെന്ന് കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കി . ഒരു ധാരണയുടെ ഇടയിൽ , അറസ്റ്റിൽ ആയ അദ്ദേഹം ജയിലിൽ ഹാർട്ട് അറ്റാക്ക് ആയി മരിച്ചു . പോരെ പൂരം !

ചോരക്കു പകരം ചോര ! പകരം ഞങ്ങൾ ചോദിക്കും ! കശ്മീർ ഞങ്ങടെ തറവാട് സ്വത്ത് ! അഖണ്ഡ ഇന്ത്യ ! എന്നൊക്കെ ആയി ഒരു സംഘടനാ ഓരിയിടൽ തുടങ്ങി .

ഇത് കേട്ടതോടെ ഷേഖിനു പേടി ആയി . നെഹ്‌റു ചത്താൽ ഇന്ത്യ വെറും ഹിന്ദുസ്ഥാൻ ആകും . നമ്മുടെ കാര്യം ഖുദാ ഗവാ . ഇങ്ങനെ ആണ് ഷേഖിനു തോന്നിയത് . പിന്നേം ഷേഖ് സംഭവങ്ങൾ വച്ച് താമസിപ്പിച്ചോണ്ട് ഇരുന്നു . ഇതിനിടെ ഇന്ത്യൻ ഇന്റലിജൻസ് പതുക്കെ നാഷണൽ കോണ്ഫറന്സില് കുത്തി തീരുപ്പ് ഉണ്ടാക്കി . ഇന്ത്യയിൽ ഉടൻ ചേരണം എന്നുള്ള ഒരു ഗ്രൂപ്പ് ഉണ്ടാക്കി, ഷെയ്‌ഖിനെ പുറത്താക്കി ! അർധരാത്രി തന്നെ അറെസ്റ്റ്മാറസ്റ്റും ചെയ്തു .

പിന്നെ ഒന്നും പറയണ്ട . വച്ചടി വച്ചടി കശ്മീർ ജനങ്ങൾ ഇന്ത്യയിൽ നിന്ന് അകന്നു . പാക്സിതാൻ സകല കുത്തിത്തിരുപ്പും ഉണ്ടാക്കി . 65 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് കാശ്മീരിൽ കയറിയ പാകിസ്താനുമായി യുദ്ധം . അത് ഒത്തു തീർപ്പായത് ഇന്ത്യൻ ആർമി പാകിസ്ഥാന്റെ പഞാബിലോട്ട് കേറി ലാഹോറിലേക്ക് മാർച്ച് ചെയ്തപ്പോൾ .

ശാസ്ത്രി പോയി, ഇന്ദിര വന്നു . പിന്നേം യുദ്ധം . ബംഗ്ലാദേശ് ഉണ്ടായി . പാകിസ്താന്റെ മുഖത്ത് കിട്ടിയ അടി . ഷെയ്ഖ് സ്ഥിരം പലപ്പോഴായി അറസ്റ്റിൽ .

തെരഞ്ഞെടുപ്പുകൾ പേരിന് . പല തെരഞ്ഞെടുപ്പുകളും വെറും ഷോ . ബൂത്ത് പിടിച്ചത് സർക്കാർ തന്നെ . കോൺഗ്രസ് കാലത്ത് തന്നെ . എങ്ങനെയും കശ്മീർ മണ്ണ് നമുക്ക് നില നിർത്തണം .

ഇതിനിടെ ആഗോള ഇസ്ലാമിസഷൻ . അത് മുതലെടുത്ത് സിയ ഉൾ ഹക്ക് . സ്ഥിരം ഭീകരത . ഭീകരർക്ക് സഹായം . ഗറില്ലാ യുദ്ധം – യുദ്ധമല്ലാത്ത സ്ഥിരം യുദ്ധം – പ്രോക്സി വാർ . കശ്മീർ ജനങ്ങൾ മൊത്തം ഇന്ത്യക്കെതിര് . പക്ഷെ ഇനി നമുക്ക് കൈ വിടാൻ പറ്റാത്ത ജിയോ പൊളിറ്റിക്സ് .

ഇതിനിടെ പാവം കാശ്മീരി പണ്ഡിറ്റുകളെ ക്രൂര വംശ ഹത്യ നടത്തി ഓടിച്ചു , കശ്മീർ മുസ്‌ലിം ഭീകരർ . പതിനായിരങ്ങൾ എല്ലാം നഷ്ടപ്പെട്ടു അഭയാർത്ഥികൾ ആയി . വളരെ അധികം പണ്ഡിറ്റുകളുടെ ജീവൻ നഷ്ടപ്പെട്ടു .

പക്ഷെ ഒരു കാര്യം നമ്മൾ ഓർക്കണം . ഇത്രയും നാളിനിടെ , കശ്മീർ പ്രശ്നം കാരണം , മറ്റുള്ള ഇന്ത്യൻ മുസ്ലീങ്ങൾ ഭീകര വാദത്തിലേക്ക് ഇറങ്ങിയതേ ഇല്ല. അമേരിക്കയിൽ ഒക്കെ ഇസ്ലാം തീവ്ര വാദം ശക്തിപ്പെട്ടപ്പോളും , ഇന്ത്യയിൽ നിന്ന് വളരെ കുറച്ച് പേരെ ശരിക്കും പറഞ്ഞാൽ ഉണ്ടായുള്ളൂ . അത് മാറിയത് ,ഇങ്ങനത്തെ ചില ചരിത്ര വഴികളിലൂടെ ആണ് :

രഥ യാത്ര ,

ബാബ്‌റി മസ്ജിദ് തകർക്കൽ .

രാഷ്ട്രീയം , വർഗീയ ലഹള , വർഗീയ ലഹള , രാഷ്ട്രീയം .

ബോംബേ ലഹളകൾ

ബോംബെ ബോംബ് ഭീകര ആക്രമണം

പല പല ഭീകര ആക്രമണങ്ങൾ .

പിന്നെ വലിയ വർഗീയ ലഹള .

അങ്ങനെ അങ്ങനെ , നല്ല ജഗ പൊഗ .

ഇങ്ങനെ കാര്യങ്ങൾ പുരോഗമിക്കുകയാണ് . ഇപ്പോഴും നമ്മുടെ രാജ്യം നല്ലതാണ് . ഭരണ ഘടന നല്ലതാണ് . നിയമ വാഴ്ച ഉണ്ട് . എല്ലാ മനുഷ്യർക്കും സമാധാനമായി ജീവിക്കാനുള്ളത്ര തീറ്റയും , കുടിയും ഒക്കെ പതുക്കെ , കഷ്ടപ്പെട്ട് ഉണ്ടായി വരുന്നു . പതുക്കെ ഒക്കെ നേരെ ആകുമോ ?

എനിക്ക് പ്രതീക്ഷ ഉണ്ട് .

ജയ് ഹിന്ദ് . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .