പാഠം ഒന്ന് – മനുഷ്യൻ ഉണ്ടായി (ഇരുപത്തിനാലു മണിക്കൂർ മുൻപ് ഭൂമിയും )

മ്മടെ സത്യപാലേട്ടൻ പറഞ്ഞത് പരിണാമവും ഒരു കുന്തവും ഉണ്ടായിട്ടില്ല എന്നാണു . (കുന്തവും എന്നങ്ങേര് പറഞ്ഞിട്ടില്ല – എന്റെ വക രാഷ്ട്രീയ പക പോക്കൽ ആണെന്ന് നിങ്ങൾ പറയുവോ ? അങ്ങനെയൊന്നൂല്യ – ട്ടോ  .)

എന്ത് കുന്തമാണെങ്കിലും അങ്ങേരു പറഞ്ഞു : നമ്മുടെ പൂർവികർ , അതായത് എന്തും അറിയാവുന്ന ഭാരതീയർ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നാണു . അതായത് പൗരാണികമായ അറിവുകൾ നമുക്കിപ്പോൾ അറിയാവുന്ന സത്യങ്ങളൊക്കെ പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു എന്നാണു . കുന്തമാണ്‌ .

 

നമ്മുടെ ഭൂമി ഉണ്ടായിട്ട് ശരിക്കും നാനൂറ്റി അൻപത് കോടി വർഷങ്ങൾ ആയി . ഏതാനും കോടി വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഒറ്റ കോശ ചെറു ജീവികൾ ഉണ്ടായി . എന്നാൽ കടലിൽ പല കോശങ്ങൾ ഉള്ള കാണാൻ മാത്രം ഉള്ള ജീവികൾ ഉണ്ടായിട്ട് അമ്പതു കോടി വർഷങ്ങളെ ആയുള്ളൂ . അഞ്ചാറു കോടി കൊല്ലങ്ങൾക്ക് മുൻപ് മാത്രമേ  കരയിൽ ജീവൻ  ആയുള്ളൂ !

 

ചുമ്മാ തമാശക്ക് , ഭൂമി ഉണ്ടായത് ഒരു ഇരുപത്തിനാലു മണിക്കൂർ  മുൻപ് ആണെന്ന് സങ്കല്പിക്കുക . അപ്പോൾ ചരിത്രം എങ്ങനെ ഇരിക്കും ?

 

മൂന്നര ദിവസം  മുൻപ് പ്രപഞ്ചം ഉണ്ടായി – വലിയ ഒരു വളി – ദി ബിഗ് ബാങ് !

 

ഒരു ദിവസം  മുൻപ് അർദ്ധ രാത്രി പന്ത്രണ്ടിന് ഭൂമി ഉണ്ടായി . ചുട്ടു പഴുത്ത ഫൂമി . സൂര്യനെ ചുറ്റുന്ന ഫൂമി .

 

ഭൂമി തണുത്തു . അതി രാവിലെ നാലു മണിയോടെ ജീവൻ ഉണ്ടായീയെന്ന തോന്നുന്നത് . ( ഈ ഭാഗം അത്ര ക്ലെയർ അല്ല – ഇവിടെ വേണമെങ്കിൽ നമ്മുടെ ഇഷ്ടപ്പെട്ട , പുരാണം , ഇതിഹാസം , പുസ്തകം , ഇതിൽ നിന്നൊക്കെ എടുത്തു ഫിൽ ചെയ്യാം .)

 

രാവിലെ അഞ്ചു , അഞ്ചര യോടെ ആദ്യത്തെ ഫോസിലുകൾ – കൂട്ടം കൂടി വളരുന്ന ഏകകോശ ജീവികൾ – സ്ട്രോമറ്റോലെറ്റുകൾ – എന്ന് പറയുന്നവ നമ്മുക്ക് കാണാം . ഇന്നും ഉണ്ട് ജീവിക്കുന്ന സ്‌ട്രോമാറ്റൊലിറ്റുകൾ !

 

കടലിൽ ആണ് കളിയൊക്കെ . വെള്ളം വിട്ട് ഒരു കളിയേയില്ല . വെള്ളമാണല്ലോ എല്ലാം .

 

ജീവിതമേ വെള്ളത്തിൽ !

 

പിന്നെ കുറെ മണിക്കൂറുകൾ ഒറ്റ കോശമുള്ള സൂക്ഷ്മ ജീവികളുടെ കളിയാണ് . നീന്തുന്നു , തിന്നുന്നു , തൂറുന്നു . ഓടുന്നു , ഓടി പിടിക്കുന്നു . രക്ഷപ്പെടുന്നു . കുറെ എണ്ണം പച്ച നിറത്തിൽ വിലസുന്നു . അവക്ക് ഒന്നും തിന്നണ്ട ! സൂര്യൻ മതി . ലൈറ്റ് എടുക്കുന്നു , വെള്ളവും സോഡാക്കകത്തുള്ള കാർബൺ ഡിഓക്സിഡും ചേർത്ത് മിക്സ് ചെയ്തു ഒരു പിടിപ്പീരാണ് . കുറെ പഞ്ചസാര ഉണ്ടാക്കി ഫിറ്റാവാൻ അത് മതി . ഇതുങ്ങളെ വെട്ടി വിഴുങ്ങാൻ വേറേതുങ്ങൾ .

 

അങ്ങനെ , കുറെ മണിക്കൂറുകൾ കളി തുടരുന്നു . തന്നത്താൻ രണ്ടായി പിളർന്നാണ് പുതിയ ജീവികൾ ഉണ്ടാകുന്നത് . കുറെ ആയപ്പോൾ സംഭവം ബോറായി . കൗമാരക്കാർ കൊച്ചു പുസ്തകം കണ്ടു പിടിക്കുന്നത് പോലെ , വൈകുന്നേരം ആറു മണി ആയപ്പോഴേക്കും കുറെ ജീവികൾ കണ്ടു പിടിച്ചു വേണ്ടാത്ത പരിപാടി തുടങ്ങി – സെക്സ് – അയ്യേ .

 

പിന്നെ അത് തന്നെ സ്ഥിരം പരിപാടി . അതോടെ ഈ സത്യപാലേട്ടൻ ഇല്ലെന്നു പറഞ്ഞ സാധനം ഇല്ലേ ? പരിമളം – ഛെ – പരിണാമം – അത് അതിവേഗത്തിൽ ആയി . എട്ട് ഒൻപതു മണി ഒക്കെ ആയപ്പോഴേക്കും പല കോശങ്ങൾ ഉള്ള കടൽ ചെടികൾ , പായലുകൾ , ജേലിഫിഷ് , പുഴൂസ് , ഒക്കെ കണ്ടു തുടങ്ങി .

 

കാമോൺഡ്രാ , മഹേഷേ – ദിവസം കഴിയാറായി – വീട്ടിൽ എത്തണ്ടേ ?

 

നോട്ട് ദി പോയിന്റ് – കടലിൽ മാത്രമേ കളി ഉള്ളു . കെട്ടി മറിച്ചിൽ ഒക്കെ വെള്ളത്തിലാണ് . വെള്ളത്തൊലോട്ടം , വെള്ളത്തിൽ ചാട്ടം , വെള്ളത്തിൽ വിഴുങ്ങൽ . വെള്ളത്തിൽ സെക്സ് – ആഹാ , എന്ത് രസം .

 

ഈ കര ഇങ്ങനെ തരിശായി , വിജനമായി , പാറയായി , കുളുന്നു വിറച്ചും ചുട്ടു പൊള്ളിയും കാത്തു കാത്തങ്ങിരിക്കുകയാണ്- രാവിലെ ആകാൻ കൊതിക്കുന്ന സെക്കൂരിറ്റി ഗാർഡിന്റെ പോലെ .

 

ആവൂ – രാത്രി പത്തു മണിക്കു ചില ചെടികൾ വലിഞ്ഞു കേറി വന്നു .

 

പിന്നെ ഉഭയ ജീവികൾ , ഉരഗങ്ങൾ , ഉരഗങ്ങൾ ആയ ഡിനോസോറുകൾ . പതിനൊന്നു മണിയോടെ എത്തിയ ഡിനോ സോറുകൾ പതിനൊന്നര ആയപ്പോഴേക്കും സ്ഥലം വിട്ടു – ഗോൺ . ഡിനോസറുകളുടെ ഏകദേശം ഒപ്പം വന്നു , ഭീകര ഡിനോ സോറുകളെ പേടിച്ചു എലികളെ പോലെ ചെറു ജീവികൾ ആയി രാത്രി മാത്രം ഒളിച്ചും പാത്തും നടന്നിരുന്ന സസ്തനികൾ , അതി വേഗം , ബഹുദൂരം കുതിച്ചു . മാനുകളും, ആനകളും , കടുവകളും ആയി . ഇതിനിടെ ചില ഡിനോ സോറുകൾ പക്ഷികൾ ആയി രൂപാന്തരം വന്ന് ആകാശത്തു പറന്നു നടന്നു .

 

പതിനൊന്നേ മുക്കാൽ ആയപ്പോഴേക്കും നിറച്ചും ഇവയാണ് , കര നിറയെ . പ്രാണികൾ, ജല ജീവികൾ , ഏക കോശ ജീവികൾ ഒക്കെ ഒരു സൈഡിലൂടെ പരിണാമ വഴികൾ തുടർന്ന് പോകുന്നു .

 

കാമോൺട്ര !! ജൽദി …..

 

പ്രൈ മേറ്റ്സ് എന്ന ചെറു ജീവികൾ , കുരങ്ങു പൂർവികർ ,  ഹോമിനിടെ – ആൾകുരങ്ങുകളുടെ പൂർവികർ , പിന്നെ ഹോമിനിൻസ് – ആസ്ട്രലോപിത്തെക്കസ് പോലെ ഉള്ള തുങ്ങൾ രണ്ടു കാലിൽ നിവർന്നു നിൽക്കുന്നു .

 

ചില ഹോമിനിൻസ് , ഹോമോ ആയി , ഹോമോ ഹാബിലിസ് , ഹോമോ റക്ട്‌സ് .

 

ഹോമോ സാപിയൻസ് . ദേ  ഇളിച്ചോണ്ട് നിൽക്കുന്നു . ആലോചിക്കുന്നു .

 

ആദ്യമായി എന്തോ ഒരു സാധനം , ഏതോ ഒരു സോഫ്റ്റ് വെയർ ഓടുന്ന പ്രോഗ്രാമിൽ , ന്യോറോണുകളുടെ രാസ ഭാഷയിൽ , ചോദിക്കുന്നു :

 

“എന്താ ഇപ്പൊ ഇവടെ ണ്ടായേ ?”

 

സമയം പതിനൊന്നു മണി കഴിഞ്ഞു അൻപത്തെട്ടു മിനുട്ടും നാൽപ്പത്തിമൂന്നു സെക്കണ്ടും . പന്ത്രണ്ടടിക്കാൻ പതിനേഴു സെക്കൻഡ് കൂടി മാത്രം . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .