റിപ്പബ്ലിക് ഡേയും മാത്തന്റെ ഭാര്യയും :

സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാൾ പ്രധാനം ആണ് സ്വയം മര്യാദക്ക് ഭരിക്കാൻ സാധിക്കുന്നത് . നമ്മുടെ കൂടെ ആ സാമാനം കിട്ടിയ മിക്കവർക്കും അത് സാധിച്ചിട്ടില്ല !

 

പാകിസ്ഥാൻ മൂ ….ഐ മീൻ മുടന്തി മുടന്തി നീങ്ങുന്നു .

 

മിഡിൽ ഈസ്റ് മൊത്തം മൊണ്ണ-  മൂ ……എണ്ണ . ഐ മീൻ എണ്ണ കാരണം മാത്രം പിടിച്ചു നിക്കുന്നു . എണ്ണ  പോയാൽ സ്വാഹാ ആകും . സ്വാഹാ . അതിപ്പോൾ ആകാൻ സാധ്യത ഉണ്ട് .

 

മ്യാൻമാർ , മലേഷ്യ – ഒന്നും നമ്മുടെ സംവിധാനത്തിന്റെ അടുത്ത് വരില്ല .

 

ആഫ്രിക്കയുടെ കാര്യം പറയുകയേ വേണ്ട .

 

എന്താത് സംഭവം ?

 

എന്റെ സ്‌കൂളിൽ കൂടെ മാത്തൻ എന്ന ഒരു പേരുകാരൻ ഉണ്ടായിരുന്നു .

 

സുന്ദരൻ ആയിരുന്നു മാത്തൻ . ഡിഗ്രി കഷ്ടിച്ച് പാസ്സായപ്പോഴേക്കും ആറടി പൊക്കമുള്ള സുമുഖൻ . ആരും നോക്കി നിന്ന് പോകും .

 

തറവാടി ആണ് മാത്തൻ . ലേശം ക്ഷയിച്ചെങ്കിലും നമ്പൂരിമാരെ സെന്തോമാസ് മാർഗം കുടിച്ച തറവാട്ടിൽ പിറന്നവനാണീ കെ കെ മാത്തൻ !

 

ചില ചില്ലറ കുഴപ്പങ്ങൾ ഉണ്ട് മാത്തന് . പലപ്പോഴും പലതിനോട് ആണ് കൂറ് . ചിലപ്പോ കുടി തുടങ്ങിയാൽ കുടിയോടു കുടി . വാള് വെക്കൽ ഒക്കെ മത്സരം ആയി എടുത്തു കളയും . പെട്ടന്ന് ധ്യാനം കൂടും . പിന്നെ – ഹല്ലെലുയ്യ . ഉള്ള ജോലിയൊക്കെ കളഞ്ഞു അതിന്റെ പുറകെ നടക്കും . ഒരിക്കൽ ഹിന്ദു സന്യാസിമാരോടൊപ്പം ഹിമാലയത്തിൽ പോയി . ആ സമയത് വീട്ടുകാരെ വേണ്ടാ . ഫോൺ വിളി കൂടെ ഇല്ല .

 

എന്നാൽ വീട്ടിൽ നിൽക്കുന്ന സമയത്തോ – കുടുംബം എന്ന് വച്ചാൽ ചത്ത് കളയും . അപ്പനെ ബഹുമാനിച്ചില്ല എന്ന് പറഞ്ഞു അയല്പക്കകാരൻ റപ്പായിയെ കുത്താൻ ചെന്നു .

 

ചെറുതായി വർണ വേറിയൻ  ആയിരുന്നു . താഴ്ന്ന ജാതിക്കാരെ കണ്ടേ കൂടാ . പെണ്ണുങ്ങൾ ഒക്കെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നോണം . പെങ്ങളെ ഒന്നിനും വിടൂല്ല . ആന്റി വിമൻ . സദാചാര ഭീകരൻ ഒക്കെ ആയി ചിലപ്പോൾ രൂപം പ്രാപിച്ചു കളയും .

 

ഒരു ഏക സ്വഭാവം ഇല്ല . സ്ഥിരത ഇല്ല . സുന്ദരനും തറവാടിയും ആണ് താനും .

 

മാത്തന് മാറ്റം വന്നത് ഒരു പ്രേമത്തിലൂടെ ആണ് . പെണ്ണ് കണ്ടതിനു ശേഷം ആണ് പ്രേമം ! മാത്തന്റെ അപ്പൻ നെഹ്രുച്ചൻ , പട്ടേൽ മാപ്പിള , അയലത്തെ അംബേദ്‌കർ ഇച്ചായൻ മുതൽ പേര് പിടിച്ചു വലിച്ചു കൊണ്ട് പോകുക ആയിരുന്നു , പെണ്ണ് കാണാൻ .

 

“എനിക്ക് കെട്ടണ്ട ……പ്ലീസ് . എന്നാത്തിനാ അതൊക്കെ ? ഞാൻ ഇങ്ങനെ നടന്നോളാന്നെ അപ്പാ . വേണ്ടെന്നു പറാന്നെ  ഇച്ചായോ” ഇങ്ങനെ ഒക്കെ മാത്തൻ കിടന്നു അലച്ചു .

 

നെഹ്രുച്ചൻ കൈ രണ്ടും ബാക്കിൽ പിടിച്ചു കെട്ടി . അംബേദ്‌കർ മാമൻ വായിൽ ത്രിവർണ തുണി തിരുകി . നിർദയം പെൺവീട്ടിലേക്ക് കൊണ്ട് പോയി . കോൺസ്റ്റൻസ് എന്ന പേരുള്ള കോണിമോളാണ് പ്രതിശ്രുത വധു .കോണിമോളുടെ വീട്ടിൽ കാറ് നിർത്തിയിട്ടേ കെട്ടൊക്കെ അഴിച്ചു വിട്ടുള്ളു .

 

കോണിയെ കണ്ട മാത്രയിൽ മാത്തൻ ഒന്നടങ്ങി . അതി സുന്ദരി ആണ് കോണി . അഞ്ചര അടി പൊക്കം . ഐശ്വര്യയുടെ ഷേപ്പ് . ആൻജെലിനയുടെ ചിരി .

 

ആകെ കുറ്റം പറയാവുന്നത് ലേശം മദാമ്മ ലുക്ക് ഉണ്ടെന്നുള്ളതാണ് . ഒരു പാശ്ചാത്യ ലുക്ക്.

 

മാത്തൻ പക്ഷെ വീണു . അങ്ങനെ ആണ് മാത്തന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാവുന്നത് .

 

കോണി മോൾ ഭയങ്കര കണിശക്കാരി ആണ് . പല്ലുതേക്കാതെയും ഷർട് ഇടാതെയും കഞ്ചാവ് വലിച്ചു ജോലിക്കു പോകാതെയും ഒന്നും ഇരിക്കാൻ കോണി സമ്മതിക്കുകയില്ല . ബഹുമാനവും സ്നേഹവും കാരണം മാത്തൻ ഒക്കെ സമ്മതിക്കും . പതിയെ ആണെങ്കിലും മാത്തന്റെ ജീവിതം പച്ച പിടിച്ചു തുടങ്ങി . ജോലീന്നു ആരും പിരിച്ചു വിട്ടില്ല . ചെറുതെങ്കിലും ശമ്പളം പതിയെ കൂടുന്നുണ്ട് .

 

പറമ്പിൽ തൂറുന്നത് നിർത്തി കക്കൂസിൽ ആക്കി പരിപാടി .

 

ആരോഗ്യം മെച്ചപ്പെട്ടു .

 

പത്തു നാല്പതു വയസ്സ് അടുത്തു . എന്റെ ഒക്കെ സ്റ്റേജ് ആയി . അപ്പൊ നമുക്കൊക്കെ തോന്നുന്ന ഒരു എന്തോ ഒരിതുണ്ടല്ലോ മക്കളെ , എന്തുവാ അതി ? ചെസ്റ്റിന്റെ സൈസൊ ?

 

അല്ല – അസ്തിത്വ ദുഃഖം .

 

പണ്ട് കുറെ ഞാനുകൾ ഉണ്ടായിരുന്നു . ഇപ്പോഴും കുറെ ഞാനുകൾ ഉണ്ട്. എല്ലാ ഞാനുകളും പെണ്ണുമ്പിള്ളയുടെ കൺട്രോളിൽ ആണ് .

 

ദിലീപ് തിളക്കത്തിൽ പറഞ്ഞത് പോലെ –

 

“ഇതിലാരാച്ചാ  ശരിക്കുള്ള ഞാൻ ?”

 

അങ്ങനെ പോകുമ്പോൾ , ഒരു ദിവസം കോണി വീട്ടിൽ ഇല്ലാത്ത സമയത്തു , മാത്തന്റെ കല്യാണത്തിന് പിറ്റേന്ന് കോണി അടച്ചു പൂട്ടിയ പഴേ മാത്തന്റെ ചെറുപ്പകാല വസ്തുക്കൾ സൂക്ഷിച്ചിരുന്ന അലമാര മാത്തൻ കുത്തി തുറന്നു .

 

പണ്ട് അലഞ്ഞു നടന്ന സമയത്തു ഇട്ടിരുന്ന രണ്ടു വർഷമായി കഴുകാതിരുന്ന ജെട്ടിയുടെ ഉശിരൻ മണം മാത്തന്റെ മൂക്കിലേക്ക് അടിച്ചു കയറി .

 

മാത്തന്റെ മനസ്സിൽ പഴേ ഒരു ബോണ്ട പൊട്ടി . ചീഞ്ഞ ബോണ്ടയിൽ നിന്നും നൊസ്റ്റാൾജിയ പ്രവഹിച്ചു . പണ്ട് അടിച്ചു കോൺ തിരിഞ്ഞിരിക്കുമ്പോൾ പാടാറുള്ള പാട്ട് അവൻ മൂളി :

 

“ചെറുപ്പകാലങ്ങളിൽ ഉടുത്ത ജെട്ടി ,

നനക്കുമോ മാനുഷൻ ഉള്ള കാലം ?”

 

പല റിബൽ ചിന്തകൾ മാത്തന്റെ മനസ്സിൽ പൊന്തി വന്നു .

 

“എന്തിനാണ് എന്നും അലക്കിയ ജെട്ടി ഇടുന്നത് ? അതിന്റെ ആവശ്യം ഒന്നുമില്ല . സെന്തോമാസ് മാർഗം കൂട്ടിയ എന്റെ പത്രാസ് കാണിക്കാൻ , അലക്കിയ ജെട്ടി ഒന്നും ഇടേണ്ട . ഓരോരോ പാഷനെ .’

 

“പറമ്പിൽ തൂറിയ പോരെ ? കാർന്നോന്മാർ ഉണ്ടാക്കിയ ഏക്കർ കണക്കിനുള്ള പറമ്പ് പിന്നെന്തിനാണ് ?”

 

“ഈ കോൺസ്റ്റൻസ് എന്ന കോണി അത്ര സുന്ദരി ഒന്നുമല്ല . പെണ്ണുമ്പിള്ളേടെ കീഴിൽ സഹിച്ചത് മടുത്തു .”

 

കഥ ഒരു വഴിത്തിരിവിൽ ആണ് സുഹൃത്തുക്കളെ . ഇനി എന്ത് സംഭവിക്കും ? എന്റെ ദൈവമേ – സസ്പെൻസ് കൊണ്ട് ഞാൻ ഞെളി പിരി കൊള്ളുകയാണ് .

 

അല്ല – പറഞ്ഞു വന്നത് എന്താണ് ? റിപ്പബ്ലിക് ഡേയും ഇന്ത്യയും ഒക്കെ പറഞ്ഞു തുടങ്ങി മാത്തന്റെ ചരിത്രത്തിൽ എങ്ങനെ എത്തി ? എനിക്ക് ശരിക്കും വട്ടായോ .

 

ജെട്ടി കഴുകീട്ടു രണ്ടു ദിവസമായി . ഇനി അതിന്റെ എങ്ങാനും ആണോ ?

 

എന്തരോ എന്തോ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .