പാല് കോക്കാച്ചിയും ജനാധിപത്യ വീഞ്ഞും കർഷക റാലിയും : ഒരു കമ്മ്യൂണിസ്റ് വീരഗാഥ :

കേരളത്തിൽ പലപ്പോഴും ഇടതന്മാരെ നമ്മൾ സപ്പോർട് ചെയ്യുന്നുണ്ട് . സ്വല്പം ഇടത്തോട്ട് മാറിയ ലിബറൽ ചിന്താ ഗതി ആയത് കൊണ്ട് കമ്മ്യൂണിസ്റ് കാരെ അധികം കുറ്റം പറയാറില്ല . അതെന്താണ് എന്ന് വച്ചാൽ , മിക്ക കമ്മ്യൂണിസ്റ് അനുഭാവികളും ഇടതു ലിബറൽസ് ആണ് . എന്താണ് ഇടത് ? എന്താണ് ലിബറൽ ?

ഉള്ള സമൂഹത്തിൽ നല്ല മാറ്റങ്ങൾ അത്യാവശ്യമാണ് എന്ന് വിചാരിക്കുന്നതാണ് ഇടതു ചിന്താഗതി . ഇന്ത്യയിൽ ഇന്ന് അത് വേണം എന്ന് ഉള്ളത് എനിക്ക് സംശയം ഇല്ല . എല്ലാം തകർത്തെറിഞ്ഞു ഉടൻ മൊത്തം മാറ്റാം എന്ന് മിഥ്യാ ധാരണ എനിക്കില്ല . അത് കൊണ്ടാണ് മൃദു ഇടത് മനോഭാവം . അപ്പോൾ വലത് എന്നാൽ എന്താണ് ?

ഇപ്പോഴുള്ള സാമൂഹിക സാമ്പത്തിക ക്രമങ്ങൾ അത്ര കുഴപ്പം ഉള്ളതല്ല . മാറ്റങ്ങൾ വേണം – പക്ഷെ വളരെ സൂക്ഷിച്ചും , പഴയതിനെ ബഹുമാനിച്ചും കൊണ്ടായിരിക്കണം എന്നതാണ് വലതന്മാരുടെ മതം . തീവ്ര വലതന്മാർ പക്ഷെ , പഴയ ഒരു സാങ്കല്പിക ഉജ്വല കാലത്തേക്ക് തിരിച്ചു പോകണം എന്ന് പറഞ്ഞേക്കും .

കുറെ കാലങ്ങൾ മുൻപ് വരെ പല വലതു വീക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു . ക്രിസ്ത്യൻ വലത് , മുസ്ളീം വലത് , അങ്ങിനെ . ഓരോ സ്വത്വ സമൂഹത്തിനും വലതന്മാർ ഉണ്ടായേക്കാം . പ്രാദേശിക വാദം – ജർമൻ ഫാസിസം , ഒക്കെ ഇങ്ങനത്തെ തീവ്ര വലത്താണ് . ഈ വലതുകൾ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചോണ്ടിരിക്കും . ഈ ഓരോ സമൂഹത്തിനകത്തും , ചുരുക്കം ഇടതന്മാർ കാണും – സാമൂഹ്യ പരിഷ്കർത്താക്കൾ . കുറച്ചേ കാണൂ . കാരണം മിക്കവരെയും ആ സമൂഹം തന്നെ നശിപ്പിക്കും ; കൊല്ലും . യേശു , സോക്രടീസ് തുടങ്ങിയവർ ഉദാഹരണങ്ങൾ . അതായത് സമൂഹ നിയമങ്ങളെ മുറുകെ പിടിക്കുന്നത് ആണ് വലതു ചിന്താഗതി . വ്യക്തികൾ , അവരുടെ സ്വാതന്ത്ര്യം , സന്തോഷം , അവകാശങ്ങൾ – ഇതിലൊന്നും ശരിക്കും മനുഷ്യ സമൂഹങ്ങളിൽ വലിയ വില ഒന്നും ഉണ്ടായിരുന്നില്ല . ദൈവികത , ബഹുമാനം , അനുസരണ എന്നിവയാണ് സമൂഹ ശരി തെറ്റുകൾ (ജോനാഥൻ ഹാറ്റ് – Jonathan Hadt ).

ഇതിനെതിരെ വന്ന വലിയ ഒരു നീക്കം ആണ് കമ്മ്യൂണിസം . മാറ്റം പെട്ടന്ന് വേണം എന്ന് കമ്മ്യൂണിസം പറയുന്നു . അതിനാൽ , ഇത് ഒരു ഇടതു നീക്കം ആയി കാണാം . പക്ഷെ , സൂക്ഷിച്ചു നോക്കിയാൽ ലിബറലിസവും ആയി ഇതിനു ബന്ധം ഇല്ല . മത സാമൂഹികതയെ , പുതിയ ഒരു സാമൂഹികത കൊണ്ട് മാറ്റി വെക്കുകയാണ് കമ്മ്യൂണിസം ചെയ്തത് . അവിടെയും ഏറ്റവും പ്രധാന ശരികൾ (morals ) – ദൈവികതക്കും , ബഹുമാനത്തിനും , അനുസരണക്കുമാണ് !

വ്യക്തമാക്കാം . ദൈവം ഇല്ലെങ്കിലും ദൈവികത ഉണ്ട് . ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അത്ര പവിത്രത ഉള്ള കാര്യങ്ങൾ ഉപയോഗിച്ച് , ബഹുമാനം നേടി , അനുസരണ വാങ്ങുക – അതിന്റെ പുറത്തു ശക്തമായ സമൂഹത്തെ കെട്ടി പടുക്കുക എന്നതാണ് ദൈവികതയുടെ കാതൽ . അങ്ങനെ നോക്കിയാൽ , കമ്മ്യൂണിസത്തിൽ ദൈവികത ഉണ്ട് എന്ന് പറയേണ്ടി വരും . ദാസ് കാപിറ്റൽ ചോദ്യം ചെയ്യാൻ പാടില്ലാത്ത പുണ്യ ഗ്രൻഥവും , കമ്മ്യൂണിസ്റ്റു പാർട്ടി- സഭയും , കമ്മ്യൂണിസ്റ് പാർട്ടി തലവൻ- മാർപാപ്പയും ആയി മാറാം . ലെനിന്റെ പ്രതിമ വിഗ്രഹം ആകാം . ലെനിൻ മരിച്ചപ്പോൾ കുഴിച്ചിടാതെ മമ്മി ആക്കി ദൈവിക വസ്തു ആയി വച്ചിരുന്ന കാര്യം നമുക്ക് സ്മരിക്കാം .

അങ്ങനെ , ഏതു പ്രത്യയ ശാസ്ത്രം ആകുന്ന പാലിലും ദൈവികത ചേർത്ത് , കുറച്ചു നാൾ കെട്ടി വച്ചാൽ , ആദ്യം കുറെ അധികം കുഞ്ഞു പുഴുക്കൾ ഉണ്ടാകും . കുറച്ചു വലിയ പുഴുക്കൾ ചെറിയ പുഴുക്കളെ തിന്നും ; വലുതാകും . അവസാനം , രണ്ടു മൂന്നു വണ്ടൻ പുഴുക്കൾ ആകും . ഇവ തമ്മിൽ വീണ്ടും കടി പിടി കൂടും . ഏറ്റവും ഭീകരൻ അവസാനം എല്ലാറ്റിനെയും വിഴുങ്ങും ; ഒറ്റക്കാവും . അവനും പരമ്പരകളും എതിരില്ലാതെ വാഴും . ഈ അവനാണ് പാൽ കൊക്കാച്ചി .

ഇന്ന് അഞ്ചു കമ്മ്യൂണിസ്റ് രാജ്യങ്ങളെ നിലവിൽ ഉള്ളു . ചൈന , നോർത്ത് കൊറിയ , ലാവോസ് , വിയറ്റ്നാം , ക്യുബ . എല്ലാറ്റിലും പാൽ കൊക്കാച്ചി മാരുടെ വാഴ്ച ആയിക്കഴിഞ്ഞു .

 

ചില സ്ഥലങ്ങളിൽ പതിയെ ഉണ്ടായി വന്ന ഒരു വ്യവസ്ഥിതി ആണ് ജനാധിപത്യം . ആദ്യം രാജാവിന്റെ പ്രഭുക്കന്മാർ മാത്രം ഉള്ളത് , പിന്നെ കാശ് ഉള്ളവർ മാത്രം , അതുകഴിഞ്ഞു ആണുങ്ങൾ , പിന്നെ അവസാനം മാത്രം എല്ലാ മനുഷ്യർക്കും ഒറ്റ വോട്ട് . ഇങ്ങനെ സാവധാനം വീഞ്ഞ് ഉണ്ടാവുന്നത് പോലെ മൂക്കും തോറും നല്ലതായി വന്ന ഒരു ജാതി സാധനഷ്ടോ ഈ ജനാധിപത്യം . ജനാധിപത്യത്തിൽ മാത്രം പുളക്കുന്ന ചില കൃമികൾ ആണ് ലിബറലുകൾ . ജനാധിപത്യത്തിൽ ഈ കൃമികൾ ആണ് കൂടുതൽ . വലതന്മാരും ഒരു മാതിരി ലിബറലുകൾ ആയി മാറും , ഈ വ്യവസ്ഥിതിയിൽ .

ദൈവികത ഘട്ടം ഘട്ടമായി ഇല്ലാതാക്കി ആണ് ലിബറൽ ജനാധിപത്യം സാധ്യം ആയത് . മതങ്ങളെ സ്റ്റെറിലൈസ് ചെയ്തു , ദൈവികത ഇല്ലാത്ത പാർട്ടികൾ ആക്കി മാറ്റി . രാഷ്ട്രീയവും മതവും കുഴക്കരുത് , കുഴക്കരുത് എന്ന് പറയുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടിയാ – ദിതാണ് കാര്യം .

വ്യക്തി സ്വാതന്ത്ര്യം , അവകാശങ്ങൾ സംരക്ഷിക്കൽ , സഹനം , ചൂഷണം എന്നിവയിൽ നിന്നും വ്യക്തികളെ സംരക്ഷിക്കൽ , ഇതിൽ ആണ് ലിബറൽ ജനാധിപത്യത്തിന്റെ ശരിതെറ്റുകൾ കിടക്കുന്നത് .

അതിനു ഉതകുന്ന നീതി ന്യായ വ്യവസ്ഥക്കും , ജനാധിപത്യ മൂല്യങ്ങൾക്കും സ്വല്പം ദൈവികത – അത്ര മതി .ഈ ദൈവികത യീസ്റ് പോലെ ആണ് . ജനാധിപത്യ വൈൻ ഉണ്ടാക്കാൻ അത് മതി . കാലം ചെല്ലുന്തോറും രുചി കൂടി വരണം .

വേണ്ടാത്ത കാര്യങ്ങൾക്ക് വേണ്ടാത്ത ഡോസിൽ ഉള്ള ദൈവികത നമ്മുടെ പാലിന്റെ അവസ്ഥ ഉണ്ടാക്കും .

അവസാനം ഒരു പാൽ കൊക്കാച്ചിയും , ദുർഗന്ധം വമിക്കുന്ന കുറെ ചീഞ്ഞ പാലും ബാക്കി ആകും . ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണോ . വെറും കാൽ നടന്ന്   പൊട്ടി ചോര ഒലിക്കുന്ന കര്ഷകരോടുള്ള അനുഭാവം ലിബറൽ മൂല്യങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് . മാറ്റം വേണം എന്നുള്ളതും കൊണ്ടാണ് . പാൽ കൊക്കാച്ചികളെ ഉണ്ടാക്കുന്നത് കൊണ്ട് അത് സാധിക്കയില്ല . ഇടത് – അത് പിന്നെ മാറ്റം വേണമല്ലോ( ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .