ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ ലോകം ഞെട്ടി . ഗാന്ധി ഒരു സംഭവം ആയി . ഇന്ത്യ കെട്ട് പൊട്ടിച്ചു പുറത്തു ചാടി .
ലോകമാസകലം സാമ്രാജ്യങ്ങൾ ഇടിഞ്ഞു തകർന്നു . സഞ്ചിയിൽ നിന്ന് ഗോലികൾ ചിതറിയ പോലെ കുറെ രാജ്യങ്ങൾ ഉണ്ടായി . പാകിസ്ഥാൻ , മലയ്ഷ്യ , പിന്നീട് പതുക്കെ പതുക്കെ ആയി , അറബ് രാജ്യങ്ങൾ , ആഫ്രിക്കൻ രാജ്യങ്ങൾ – അങ്ങനെ അങ്ങനെ .
എല്ലാരും വല്യ കാര്യത്തിന് , ജനാധിപത്യം ഒക്കെയായിട്ടാണ് തുടങ്ങിയത് . പക്ഷെ ഒക്കെ കോഞ്ഞാട്ട ആയി . ഇന്ത്യ ഒഴികെ വേറൊന്നിലും അത് പച്ച പിടിച്ചില്ല .
എന്തിനു – ഈയടുത്ത് നല്ല ഒരവസരം കിട്ടിയിട്ട് , നല്ല കാശുള്ള റഷ്യക്ക് പോലും നല്ല ഒരു ജനാധിപത്യ വ്യവസ്ഥക്ക് ജന്മം നല്കാൻ ആയില്ല .
അതായത് , പതിറ്റാണ്ടുകളും , നൂറ്റാണ്ടുകൾ തന്നെയും നീണ്ട ഒരു ക്രമാനുഗത ചരിത്രഗതിയുടെ ആകെ ത്തുക ആണ് ഇപ്പോൾ നമ്മൾ ആധുനിക രാജ്യങ്ങളിൽ കാണുന്ന ഡെമോക്രസി .
ഇന്ത്യയും അടിസ്ഥാനപരമായി ഒരു വിധ പുരോഗമന ആശയങ്ങളും ഉള്ളിന്റെ ഉള്ളിൽ സ്വാംശീകരിച്ച ഒരു രാജ്യമല്ല . കാടു പിടിച്ചു കിടക്കുന്ന പറമ്പിന്റെ മോളിൽ , കടലാസ് കൊണ്ടുള്ള വിരി ഇട്ടത് പോലെ ആണ് നമ്മുടെ ജനാധിപത്യം . അല്ലാതെ മണ്ണുറപ്പിച്ച് , കോൺക്രീറ്റ് തറ കെട്ടി അതിന്റെ മോളിൽ ടൈൽ ഇട്ടതല്ല നമ്മുടെ ക്രൈസി ഡെമോക്രയ്സി .
എന്നിട്ടും ഇതെങ്ങനെ നിന്ന് എന്നുള്ളത് ഒരു ചോദ്യമാണ് . വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് :
– കുരങ്ങന്മാരുടെ കയ്യിൽ പൂമാല കൊടുത്തത് പോലെ , അവന്മാർ ഒക്കെ കുളമാക്കും – എന്നാണു . മിക്ക പാശ്ചാത്യ പണ്ഡിതരും അത് തന്നെ വിശ്വസിച്ചു .
പിന്നെ എങ്ങനെ ഇത് ഇത്ര നാൾ നിന്നുഷ്ടോ –
അത് ഒരു ചോദ്യം ആണ് . എന്റെ നോട്ടത്തിൽ , നാല് കാലുകൾ ഉള്ള ഒരു സ്റ്റൂൾ ആണ് നമ്മുടെ ഡെമോക്രസി .
ഒന്ന് – നമ്മൾ , അഥവാ അന്നത്തെ ഇന്ത്യൻ ജനത . അന്നത്തെ രാഷ്ട്ര ശില്പികൾക്ക് സപ്പോട്ടക്ക കൊടുത്തത് കൊണ്ടാണ് കുറെ ഇങ്ങനെ സംഭവിച്ചത് . അവരോടുള്ള ആരാധനയും , സ്നേഹവും , പിന്നെ , ചില നിബന്ധനകൾക്ക് വിധേയമായ സഹിഷ്ണുതയും അവർക്കുണ്ടായിരുന്നു എന്ന് വേണം വിചാരിക്കാൻ .
രണ്ട് – പിതാവ് എന്ന ഭരണ ഘടന അപ്പൻ .
കിടിലോസ്കി ആണ് നമ്മുടെ ഭരണഘടന . ഇത് എഴുതി ഉണ്ടാക്കിയതോ – നമ്മുടെ സംസ്കാരവുമായും , അന്നത്തെ സാംസ്കാരിക നായകന്മാരായ ഗാന്ധി അടക്കമുള്ളവരുമായും നിരന്തരം കലഹിച്ചു കൊണ്ടിരുന്ന , അമർഷം കടിച്ചമർത്തി എന്നും ജീവിച്ചിരുന്ന ഒരാൾ. മരിക്കുന്നത് വരെ പൊതു ബോധങ്ങളോട് പൊരുത്തപ്പെടുകയോ , ജന്മ നാട് തന്നെ അംഗീകരിച്ചു എന്ന തോന്നൽ ഉണ്ടാവുകയോ ചെയ്യാതിരുന്ന ഒരാൾ . എനിക്ക് പറ്റിയത് ഞാൻ ചെയ്തു , ഇനി നിങ്ങളായി , നിങ്ങളുടെ പാടായി- ഇതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം എന്ന് പിന്നീടുള്ള എഴുത്തുകൾ കണ്ടാൽ തോന്നും . ഒരു പാശ്ചാത്യ ഉത്പന്നം ആയിരുന്നു ഈ ഭരണ ഘടന, എന്ന വിമർശനം , എന്റെ അഭിപ്രായത്തിൽ ശരിയാണ് .
മൂന്ന് – പുത്രൻ – ഗാന്ധിയുടെ മാനസ പുത്രൻ , നെഹ്റു .
ഭരണഘടന ഉണ്ടാക്കാൻ അംബേദ്കറെ ഏൽപ്പിച്ച് , ആദ്യ പതിറ്റാണ്ടുകൾ രാഷ്ട്രത്തെ നയിച്ച , പാശ്ചാത്യ മൂല്യങ്ങൾ ഉള്ള , ചരിത്രം അറിയാവുന്ന , സയന്റിഫിക് ടെംപെർ എന്ന വാക്കുണ്ടാക്കിയ , ദൈവ വിശ്വസി അല്ലാതിരുന്ന , ഉള്ളിന്റെ ഉള്ളിൽ ഒരു ശരാശരി ഇന്ത്യക്കാരന്റെ യാതൊരു മനോഭാവങ്ങളും ഇല്ലാതിരുന്ന ഒരാൾ . പക്ഷെ അന്നത്തെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു . അങ്ങേരുടെ ഭാഗ്യം . നമ്മുടെയും ?
നാല് – പരിശുദ്ധ ആത്മാവ് – കൊല്ലപ്പെട്ട ഗാന്ധിയുടെ ആത്മാവ് അഥവാ പ്രേതം . അദ്ദേഹം എന്തിനു മരിച്ചു ? ഈ ചോദ്യത്തിന്റെ ഓർമ്മ . ഈ ഓർമ്മയുടെ ആഴങ്ങളിൽ , ഡ്രാഗണുകളും , ഭീമാകാര നാഗങ്ങളും തണുത്തു വിറച്ച് അനങ്ങാനാവാതെ കിടന്നു .
ഇന്ന് , ഇതിൽ മൂന്ന് കാലുകൾ ദുർബലം ആയിക്കഴിഞ്ഞു .
ഭരണഘടനാ മൂല്യങ്ങൾ , സംസ്കാര മൂല്യങ്ങളുമായി ഒത്തു പോകുന്നുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ട്. സ്വാഭാവികം . അടിസ്ഥാനപരമായി , ഒരു പാശ്ചാത്യ ഉത്പന്നം എന്ന് പറയാവുന്നതാണല്ലോ അത് . തുല്യത , തുല്യ അവകാശങ്ങൾ , തുടങ്ങിയ ചില ഗുലുമാലുകൾ ഒക്കെ അതിൽ ഉണ്ട് .
നെഹ്റുവിനെ പറ്റി ഇപ്പോൾ ഏത് കൊച്ചു കുട്ടിക്ക് പോലും അറിയാം . അദ്ദേഹത്തിന്റെ കുറ്റങ്ങൾ മാത്രമേ മുക്കിലും മൂലയിലും കേൾക്കാൻ ഉള്ളു .
പരിശുദ്ധ ആത്മാവ് ഇപ്പോഴും ഇവിടെ എവിടെയോ ഉണ്ട് . അടക്കിപ്പിടിച്ച തേങ്ങലോടെ , നിശബ്ദ രാത്രികളിൽ ഇന്നും ഏതൊക്കെയോ ഇടനാഴികയിൽ അത് ചുറ്റി തിരിയുന്നു . പക്ഷെ എങ്ങും നഗരം ആയി. ൽ ഇ ഡി കളുടെ കൃത്രിമ പ്രകാശം എവിടെയും പരന്നിരിക്കുന്നു . വാട്സാപ്പ് ഫോർവെർഡുകളുടെ ബഹളത്തിനിടയിൽ ആ പ്രേത രോദനം , തീർത്തും ഇല്ലാണ്ടാവാൻ അധിക കാലം വേണ്ട .
ആകെ ബാക്കിയുള്ളത് , ഇന്ത്യൻ ജനതയുടെ അപഗ്രഥന , മൂല്യ ബോധം ആണ് . ആ ഒറ്റക്കാലിൽ വേണം റിപ്പബ്ലിക്കിന് ഇനി നിവർന്നു നില്ക്കാൻ . അത് സാധിക്കുമോ ?
അതാണ് ഇനി കാണാനുള്ളത് . (ജിമ്മി മാത്യു )