പുട്ടിൻ പാവാടാ??- സോറി- അല്ലാട്ടാ.

പുട്ടിൻ ഒരു അസാമാന്യ പ്രതിഭയും, പാവവും ആണെന്നും, ഭീകരനായ അമേരിക്ക യുക്രെയ്നെ നിർബന്ധിച്ച് നാറ്റോയിൽ ചേർക്കാൻ കൊണ്ട് പോയതു കൊണ്ട്, പാവം പുട്ടിൻ മനസില്ലാ മനസോടെ പടക്ക വാണങ്ങൾ ഉക്രൈനിലേക്ക് വിടുകയാണെന്നും ചുമ്മാ പേടിപ്പിക്കാൻ മാത്രമാണെന്നും ഒക്കെ കുറെ അഭിപ്രായങ്ങൾ ഇറങ്ങുന്നുണ്ട്.

എന്തോ. അങ്ങോട്ട് ദഹിക്കുന്നില്ല. ശരിക്കും കാര്യങ്ങൾ നോക്കുമ്പോൾ പുട്ടിൻ ഒരു ഡാഷ് ആണോ എന്നൊരു സംശയം. എന്ത് കൊണ്ടാണ് അങ്ങനെ പറയാൻ കാരണം എന്ന് ഞാൻ പറയാം. ബാക്കി നിങ്ങ തീരുമാനിക്കൂ.

അതിനു മുൻപ് കുറച്ച് ബാക്ഗ്രൗണ്ട് അറിഞ്ഞാൽ നല്ലതാണു എന്ന് തോന്നുന്നു.

രാഷ്ട്രീയ പ്രത്യയശാസ്ത്ര ആശയങ്ങൾ നോക്കിയാൽ, ഇപ്പൊ, ഈ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ, നാല് സാമാനങ്ങൾ ആണ് ഒറ്റനോട്ടത്തിൽ ഉള്ളത് :

– കമ്മ്യൂണിസം:

അവസാനം സ്റ്റേറ്റ് ഇല്ലാത്ത ഒരു ഉട്ടോപ്പിയ വാഗ്ദാനം ചെയ്യുന്ന ഈ സാധനം, ലോകത്തിൽ ഇത് വരെ അങ്ങനത്തെ ഒരു ഉട്ടോപ്പിയ ഉണ്ടാക്കിയിട്ടില്ല. നമ്മുടെ കേരളത്തിൽ ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിൽ പെടില്ല കേട്ടോ. അത് ഒരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ പാർട്ടി മാത്രമാണ്. അത് കൊണ്ട് തന്നെ യഥാർത്ഥ കമ്മ്യൂണിസത്തെ കുറ്റം പറഞ്ഞാൽ അവർക്ക് ഒന്നും തോന്നേണ്ട കാര്യമില്ലല്ലോ.

സോവിയറ്റ് യൂണിയനും ചൈനയും ആയിരുന്നു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസത്തിന്റെ ആളുകൾ. ഒരു കൂട്ടം ആളുകളുടെ ഏകാധിപത്യ ഭരണം ആണ് യഥാർത്ഥത്തിൽ ഉണ്ടായത്. സ്വന്തം പ്രജകളെ തന്നെ അങ്ങേ അറ്റം ദ്രോഹിക്കുന്ന ഒരു അടിച്ചമർത്തൽ ഭരണം ആണ് ഇവിടെ ഒക്കെ നടന്നത്. കോടിക്കണക്കിന് സർക്കാർ വിരുദ്ധരും അല്ലാത്തവരും കൊല്ലപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിനു മുന്നേ തന്നെ ചുറ്റും ഉള്ള രാജ്യങ്ങളെയും പ്രവിശ്യകളെയും ഒക്കെ വിഴുങ്ങുന്ന അധിനിവേശ ശക്തി ആയിട്ടാണ് സോവിയറ്റ് യൂണിയൻ ഉണ്ടാവുന്നത് തന്നെ. അങ്ങനെ ആണ് യുക്രെയ്ൻ ഒക്കെ അതിന്റെ ഭാഗം ആവുന്നത്. പിന്നെ ഫിൻലൻഡിനെ ഒക്കെ ആക്രമിച്ചു. ബാൾട്ടിക് രാജ്യങ്ങളായ ലിത്ത്വേനിയ, ലാറ്റ്വിയ, എസ്റ്റോണിയ ഒക്കെ കേറി അങ്ങ് പിടിച്ചു. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോൾ തന്നെ, നാസി ജര്മനിയുമായി രഹസ്യകരാർ ഉണ്ടാക്കി പോളണ്ടിനെ ആക്രമിച്ചു. ചെന്ന സ്ഥലങ്ങളിൽ ഒക്കെ വലിയ തോതിൽ അക്രമം അഴിച്ചു വിട്ടു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ജർമനി രണ്ടായി. ഈസ്റ്റ് ജർമനി സോവിയറ്റ് കയ്യിൽ ആയി. ഈസ്റ്റേൺ യൂറോപ്പ് മൊത്തം- ഹങ്കറി, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ കുറെ രാജ്യങ്ങളും കയ്യിൽ വന്നു. കയ്യിൽ വന്ന രാജ്യങ്ങളിൽ എല്ലാം കമ്മ്യൂണിസ്റ്റ് പാവ സർക്കാരുകളെ സ്ഥാപിച്ചു. ഹങ്കറി, ചെക്കോസ്ലോവാക്യ, പോളണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ജനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി ഇളകിയപ്പോൾ ഒക്കെ പട്ടാളത്തെ വിട്ട് അതി ക്രൂരമായി സോവിയറ്റ് യൂണിയൻ അതൊക്കെ ഒതുക്കി.

അഫ്ഘാനിസ്ഥാൻ അധിനിവേശം, അതിൽ വൻ പരാജയം. ഇസ്ലാമിസ്റ്റുകളുടെ വലിയ തോതിൽ ഉള്ള ഉയിർത്തെഴുന്നേൽപ്പ്. ആരും മറന്നിട്ടില്ലല്ലോ.

ഇതിനൊക്കെ ന്യായീകരണം ഉണ്ട് കേട്ടോ. മുതലാളിത്ത നീച ലോകത്ത് നിന്നും മാനവരാശിയെ രക്ഷിക്കാൻ. മാർഗം ലക്ഷ്യത്തെ സാധൂകരിക്കും അത്രേ. എന്തരോ എന്തോ.

– ഇസ്ലാമിസ്റ്റുകൾ:

കൂടുതൽ ഇപ്പോൾ വിശദീകരിക്കുന്നില്ല. ഏകദേശം അറിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെ. ഭരണം കിട്ടിയാൽ അകത്തുള്ള എല്ലാര്ക്കും പ്രശ്നമാണ്. ഒരു തരത്തിലുള്ള ജനാധിപത്യവും സ്വാതന്ത്ര്യവും അവർക്ക് സഹിക്കില്ല. മുസ്ലീങ്ങൾ അല്ലാത്തവരുടെ കാര്യം പറയുകയും വേണ്ടല്ലോ. പാക്കിസ്ഥാൻ, ഇറാൻ, മറ്റു അറബ് രാജ്യങ്ങൾ ഒക്കെ ഇങ്ങനെ തന്നെ. താലിബാൻ, ഐസിസ് ഒക്കെ അങ്ങേ അറ്റം. ലബനോണിനെ പറ്റി പിന്നെ ഒരക്ഷരം മിണ്ടാൻ പാടില്ലല്ലോ.

– കൈയ്യൂക്ക്-കാര്യക്കാരനിസം:

സാദാ അതി പുരാതന മോഡൽ. അങ്ങോട്ട് അടക്കി ഭരിക്കുക; അത്ര തന്നെ. അത് രാജാവ് എന്ന പേരിലാകാം, പട്ടാള മേധാവി എന്ന പേരിലാകാം. ജനാധിപത്യം പോലെ ഇരിക്കുന്ന; എന്നാൽ അല്ലാത്ത ഒരു സാധനത്തിന്റ്റെ മൊയലാളി എന്ന പേരിലാകാം.

– ജനാധിപത്യം:

യൂറോപ്പിൽ ഉദയം ചെയ്ത ഈ സാമാനം. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ സ്ഥലങ്ങൾ ആണ് ഇതിന്റെ ഒരു വിളനിലം. ഇന്ത്യയും ഇത് വരെ ഒരു മാതിരി ഒരു ജനാധിപത്യ രാജ്യം ആയി തുടരുന്നു. ഇത് ഇപ്പോഴും ഒരു വർക് ഇൻ പ്രോഗ്രസ് ആണ്. ഇതിന്റെ വക്താക്കൾ ആയ രാജ്യങ്ങളെ പറ്റി പല കുറ്റങ്ങളും പറയാൻ കാണും; സംശയമില്ല. പക്ഷെ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ഉള്ള പത്തെഴുപത് കൊല്ലം നോക്കിയാൽ, മറ്റുള്ള സംഭവങ്ങളെക്കാൾ ഭേദം ആണ് ജനാധിപത്യം എന്നാണ് എന്റെ അഭിപ്രായം.  വിയോജിക്കാം.

ഒക്കെ കണക്കാണ് എന്ന് പറയുന്നവർ കണ്ടേക്കാം. എച്ചൂസ് മി. അതിനോട് യോജിക്കുന്നില്ല. ഡെമോക്രസി ഇൻഡക്സിൽ വളരെ താഴോട്ട് പോയെങ്കിലും ഇന്ത്യ ഇപ്പോഴും ഒരു തരം ആൾക്കൂട്ട ജനാധിപത്യ രാജ്യമാണ്. (populist democracy). ചൈനയെ നോക്കൂ. പാകിസ്ഥാനെ നോക്കൂ. നമ്മൾ ഭേദമല്ലേ? തീർച്ചയായും ആണ്. ഇത് വരെ. ഭാവിയിൽ എന്താകും എന്നറിയില്ല.

അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ ഇവയിലേക്ക് ഒക്കെയാണ് നമ്മുടെ നാട്ടിൽ നിന്നടക്കം കുടിയേറാൻ ആളുകൾ തിക്കി തിരക്കി നിൽക്കുന്നത്. അല്ലാതെ അഫ്ഘാനിസ്ഥാനിലേക്കോ, ഇറാനിലേക്കോ, റഷ്യയിലേക്കോ അല്ലല്ലോ? കോൾഡ് വാർ സമയത്ത് കമ്മ്യൂണിസ്റ്റ് ഈസ്റ്റേൺ യൂറോപ്പിൽ നിന്ന് വെസ്റ്റേൺ യൂറോപ്പിലേക്ക് കടക്കാൻ മത്സരിച്ച് ഓടുകയായിരുന്നു മനുഷ്യർ. അതിർത്തികളിൽ പതിനായിരങ്ങൾ വെടിയേറ്റ് മരിച്ചു വീണിട്ടുണ്ട്. ഈസ്റ്റ് ജർമനിയിൽ നിന്ന് വെസ്റ്റ് ജർമനിയിലേക്ക് ഓടുന്ന മനുഷ്യരെ തടയാൻ ബെർലിൻ മതിൽ വരെ കെട്ടി. അപ്പൊ മതിൽ ചാടൽ ആയി പ്രധാന പരിപാടി. ആ ചാടലിൽ ആയിരങ്ങൾ മരിച്ചു. സോവിയറ്റ് യൂണിയനിൽ നിന്ന് തന്നെ എഴുത്തുകാർ, ശാസ്ത്രജ്ഞർ, പ്രൊഫെഷണലുകൾ ഒക്കെ അമേരിക്കയിലോട്ട് ഓടുകയായിരുന്നു. ജീവനും കയ്യിൽ പിടിച്ച് ഇംഗ്ളണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും ഒക്കെ കമ്മ്യൂണിസ്റ്റ് പറുദീസകൾ ആയ സോവിയറ്റ് യൂണിയനിലേക്കും അന്നത്തെ ഈസ്റ്റേൺ യൂറോപ്പിലേക്കും ഓടിയ ആളുകളുടെ കണക്ക് ഒന്ന് തരണേ. എന്റ്റെ അറിവിൽ ആരും ഇല്ല.

ഈസ്റ്റേൺ യൂറോപ്പ് അടക്കി ഭരിക്കപ്പെട്ടപ്പോൾ, നാറ്റോ അല്ലിയൻസിൽ ഉള്ള വെസ്റ്റേർൺ യൂറോപ്പ് പൂത്തുലഞ്ഞു. യുദ്ധത്തിൽ തോറ്റ ജർമനി ജയിച്ചവരുടെ ദയയിൽ ആയല്ലോ. അതിൽ ഈസ്റ്റ് ജർമനി, സോവിയറ്റ് യൂണിയന്റെ കീഴിൽ ഉറിഞ്ചി തെറ്റി നിന്നപ്പോൾ, വെസ്റ്റ് ജർമനി ഒരു വലിയ സാമ്പത്തിക ശക്തി ആയി വളർന്നു. അമേരിക്കയുമായി നേരിട്ട് മുട്ടി പരാജയം ഏറ്റു വാങ്ങിയ ജപ്പാനെ അടിമരാജ്യമാക്കി ചൂഷണം ചെയ്യാമായിരുന്നു- അമേരിക്കക്ക്. പക്ഷെ ജപ്പാൻ ഒരു പൂർണ ജനാധിപത്യ രാജ്യമായി വളർന്നു; അമേരിക്കയെ തന്നെ വെല്ലുന്ന ലോകത്തിലെ തന്നെ വലിയ ഒരു സാമ്പത്തിക ശക്തി ആയി മാറി.

അമേരിക്കയും നാറ്റോയും നിഷ്കളങ്കർ ആണെന്നല്ല. എല്ലാ രാജ്യങ്ങളും അവനവന്റെ നില നിൽപ്പ് നല്ലോണം നോക്കിയേ കളിക്കു. ഇറാഖിനെ ഒക്കെ രണ്ടാമത് ആക്രമിച്ചത് ശുദ്ധ പോക്രിത്തരം ആണെന്നെ പറയാൻ പറ്റൂ. സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് അതിനെതിരായി ഒരു മാതിരി ഏകാധിപതികളെ ഒക്കെ പോറ്റി വളർത്തിയിട്ടുണ്ട്, ഇവർ.

ഞാൻ പറഞ്ഞത് ഇത്രേ ഉള്ളു- ലോക യുദ്ധങ്ങൾക്ക് ശേഷം ഉള്ള ലോകക്രമം കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെയോ, കൈയ്യൂക്ക് കാര്യക്കാരൻമാരുടെയോ, ഒക്കെ കയ്യിൽ ആവുന്നതിലും എന്ത് കൊണ്ടും നന്നായത് അമേരിക്ക- നാറ്റോയുടെ കയ്യിൽ ആയത് തന്നെയാണ്.

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം സ്വാതന്ത്ര്യം കിട്ടിയ കുറെ രാജ്യങ്ങൾ ജീവനും കൊണ്ട് ഓടിത്തള്ളി. റഷ്യ മാത്രമായി. റഷ്യ പക്ഷെ നല്ല ഒരു ജനാധിപത്യ രാഷ്ട്രമായി വികസിച്ചില്ല. സർക്കാരിന്റെ കയ്യിൽ ഉള്ള സ്വത്തെല്ലാം പുതിയ അധികാരികളുമായി ചേർന്ന് (പലരും പഴേ അധികാര പ്രഭുക്കൾ തന്നെ ആയിരുന്നു), പത്തിരുപത് ഗുണ്ടാ മുതലാളിമാർ കയ്യടക്കി (Russian Oligarchs). ഈ ഗുണ്ടാ മുതലാളിമാർ റഷ്യ അടക്കി ഭരിച്ചു. 1999 ൽ ആണ് പഴേ കെ ജി ബി ഏജന്റ്‌ ആയിരുന്ന പുട്ടിൻ പ്രധാന മന്ത്രി ആയത്. പിന്നീട് പ്രെസിഡന്റ്റ് ആയി.

പിന്നെ ഇന്ന് വരെ ഒറ്റ ഭരണം ആയിരുന്നു ഹേ! ജനങ്ങൾ തിരഞ്ഞെടുക്കുന്നു എന്നാണ് വെയ്പ്പ്. പക്ഷെ നല്ല അമ്പത്താറു മാറ്റ് ഏകാധിപതി ആണ് കക്ഷി. തുടങ്ങിയപ്പോ സ്ഥിരം കൈയ്യൂക്ക് കാര്യക്കാരമാരുടെ നമ്പറുകൾ ആയ:

– നമ്മൾ റഷ്യക്കാർ; നമ്മൾ അടിപൊളികൾ! ലോകത്തിനു നമ്മൾ കാണിച്ചു കൊടുക്കണം. സോവിയറ്റ് കാലത്തേ മേധാവിത്വം വീണ്ടെടുക്കണം.

– ന്യൂനപക്ഷ ഊളകളെ ഒതുക്കണം.

– റഷ്യൻ ഓർത്തോഡോക്സ് സഭ അടിപൊളി. മോസ്‌കോ പാത്രിയര്കീസ് കിറിൽ നമ്മടെ ആള്.

ഒക്കെ ഇറക്കി ആളായി. ജൂലൈ രണ്ടായിരാമാണ്ടിൽ രാജ്യത്തെ ഏറ്റവും വലിയ ഇരുപത്തൊന്ന് ഗുണ്ടാ മുതാളിമാരെ ക്രെംലിനിൽ വിളിച്ചു വരുത്തി. പുട്ടിൻ പറഞ്ഞു:

“ഗുണ്ടാ മുതലാളിമാരെ! നിങ്ങക്ക് ഇവിടെ പൂണ്ടു വിളയാടാം. രാജ്യത്തെ ഊറ്റാം. ജനങ്ങടെ നെഞ്ചത്തോട്ട് കേറാം. നോ പ്രോബ്ലം. പക്ഷെ രാഷ്ട്രീയം വേണ്ടാ. എനിക്ക്  സപ്പോട്ടക്ക തരണം.”

“ഇല്ലെങ്കിൽ?”

“ഞാൻ ചെറുതായി അങ്ങോട്ട് പണിയും. വലുതായും പണിയും! അത്രേ ഉള്ളു”

ആദ്യം  കേട്ടില്ല കേട്ടോ. NTV എന്ന മീഡിയയുടെ മുതലാളി വ്ളാദിമിർ ഗുസിൻസ്കി എതിരായി വാർത്തകൾ ഒക്കെ കൊടുത്തു. പുള്ളിയെ ടാക്സ് ഡിപ്പാർട്മെന്റിനെ കൊണ്ട് പൊക്കിച്ചു. അറസ്റ്റ് ചെയ്തു. എൻ ടി വി പിടിച്ചെടുത്തു. ഗുസിൻസ്കി രാജ്യം വിട്ടോടി. ORTV മൊയലാളി ബെറീസോവിസ്കിരാജ്യം വിട്ടോടി. മൈക്കിൾ കോഡർകോവിസ്കി എന്ന ഒരു വലിയ ഗുണ്ടാ മൊതലാളി സ്വല്പം ലിബറൽ കളികൾ കളിച്ചു നോക്കി. 2003ൽ പുള്ളിയെ ടാക്സ് കേസിൽ പത്തു കൊല്ലത്തേക്ക് ജെയിലിൽ അടച്ചു.

ബാക്കി വന്ന രാഷ്ട്രീയ എതിരാളികളെ ഒക്കെ ഒതുക്കാൻ കുറെ വഴികൾ ഉണ്ടെന്നേ. 2020ൽ, അലക്സി നവൽനി എന്ന പ്രതിപക്ഷ നേതാവിനെ വിഷം കൊടുത്തു കൊല്ലാൻ നോക്കി. വേറെയും കുറെ ആളോളെ ഇങ്ങനെ കൊന്നിട്ടുണ്ടത്രെ!

അത് കൊണ്ടൊക്കെ തന്നെ പുട്ടിനെതിരെ റഷ്യയിൽ ഒരു പൂട്ടും നടക്കില്ല! പുട്ടിൻ ആറാ….ടുകയാണ്. വേറെ ആരെയും തിരഞ്ഞെടുക്കാൻ പറ്റില്ല തന്നെ. പല ഇലക്ഷനുകളും ഉടായിപ്പ് ആണെന്ന ആക്ഷേപവും ഉണ്ട്. കോടതികൾ, മീഡിയ ഒക്കെ പോക്കറ്റിൽ. സ്റ്റേറ്റ് സ്‌പോൺസേർഡ് പ്രൊപ്പോഗാണ്ട ഉപയോഗിച്ച് ലോകം മൊത്തം അസമാധാനം വിതക്കാൻ മിടുക്കൻ. അമേരിക്കയിൽ ട്രംപിന്റെ വിജയത്തിൽ വലിയ ഒരു പങ്കു വഹിച്ചു.

ചുറ്റും ഉള്ള രാജ്യങ്ങളിൽ ഒക്കെ ഉള്ള റഷ്യക്കാരെ ഇളക്കി വിട്ട് ആയുധവും സപ്പോട്ടക്കയും നൽകി അവിടൊക്കെ കുത്തിയിളക്കി. ഉക്രൈനിലും. ചെച്നിയ പിടിച്ചടക്കി.

റഷ്യയേക്കാൾ ജനാധിപത്യം പുലരുന്ന രാജ്യം ആണ് ഉക്രൈൻ. 2014 ൽ ഉക്രൈനിന്റെ ഒരു ഭാഗമായ ക്രീമിയ പിടിച്ചടക്കി. അതിനു ശേഷമാണ് ഈ നാറ്റോയിൽ ചേരുന്ന കാര്യം ഉയർന്നു വരുന്നത് തന്നെ. സ്വാഭാവികമായി ഉക്രൈനിലെ ജനങ്ങൾ എല്ലാം റഷ്യക്കെതിരാണ്. അപ്പോഴാണ് ഒരു രാജ്യത്തെ മൊത്തത്തിൽ ആക്രമിച്ചു കീഴടക്കാൻ ഇറങ്ങിയിരിക്കുന്നത്.

പത്തു നൂറു കൊല്ലങ്ങൾ മുൻപ് വരെ സദാ ഇത് തന്നെ ആയിരുന്നു. രാജ്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുക; അധിനിവേശം നടത്തുക. കൊല്ലുക; ഉന്മൂലനം ചെയ്യുക; അടക്കി ഭരിക്കുക.

കോൾഡ് വാർ നു ശേഷം വളരെ വിരളമായ ഒരു കാര്യമായി മാറിയിരുന്നു അന്യ രാജ്യ അധിനിവേശം. ഇത് ആ രീതിയിലും വളരെ അപകടകരമായ ഒരു സംഭവ വികാസമാണ്.

ഇല്ല. പുട്ടിൻ പാവല്ല.

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .