കുലക്കൊല- ലക്ഷം ആളോളെ കൊല്ലാം. കുറ്റബോധം വേണ്ടാ!

ചരിത്രം എന്നത് കുറെ സംഭവങ്ങൾ ആണെങ്കിലും, ചരിത്രം ആവർത്തിക്കുന്നതായി നമുക്ക് തോന്നാറുണ്ട്. നമ്മുടെ മനുഷ്യരുടെ സമൂഹ മനഃശാസ്ത്ര പ്രത്യേകതകൾ അല്ലേ അതിനു കാരണം? ആയിരിക്കണം.

ചരിത്രം ശാസ്ത്രമല്ല എന്നാണ് പൊതുവെ ഉള്ള ഒരിത്. ശാസ്ത്രീയ തെളിവ് ശേഖരണവും അപഗ്രഥനവും പിയർ റിവ്യൂ എന്ന കൂട്ടാളി കോടതിയും ഉള്ള എല്ലാ മനുഷ്യ ജ്ഞാന മാർഗ്ഗങ്ങളെയും ശാസ്ത്രം എന്ന് തന്നെ പറയണം എന്നാണ് എന്റ്റെ ഒരിത്. അതിന് താൻ ആരാണ്ടോ എന്നല്ലേ?

ഞാൻ വെറും ഒരു ഹോമോ. പത്തിരുപത് ലക്ഷം വര്ഷം ആയി ഞങ്ങൾ ഉണ്ടായിട്ട്. എന്റെ സ്വന്തം കുലമായ ഹോമോ സാപ്പിയൻ സാപ്പിയൻ  ഉണ്ടായിട്ട് രണ്ടു ലക്ഷം കൊല്ലം കഴിഞ്ഞു. ഇപ്പൊ ഞങ്ങൾ മാത്രമേ ഇവിടെ ഉള്ളു. ഒരു അമ്പതിനായിരം വര്ഷം മുൻപ് വരെ ഒക്കെ വേറെ കൊറേ ചുള്ളന്മാർ ഉണ്ടായിരുന്നു. ഹോമോ ഹൈഡൽബെർഗെൻസിസ്‌, ഹോമോ ഏറെക്ടസ് ൻറെ പല പല വിഭാഗങ്ങൾ, ഡെനിസോവനുകൾ- അങ്ങനെ പലതും. ദേ- ജസ്റ്റ് ഒരു പത്തു നാൽപ്പതിനായിരം കൊല്ലം മുൻപ് വരെ അടുത്ത ഒരു കുല ബന്ധു ഉണ്ടായിരുന്നു- ഹോമോ സാപ്പിയൻ നിയാണ്ടര്താലെൻസിസ്‌ എന്ന നിയാണ്ടര്താൽ മനുഷ്യൻ- യൂറോപ്പിൽ. വെറും ഇരുപതിനായിരം കൊല്ലം മുൻപ് വരെ, ഹോമോ ഫ്ലോറെൻഷ്യസ് എന്ന കുഞ്ഞൻ മനുഷ്യർ ഏഷ്യയിൽ ചില ദ്വീപുകളിൽ ഉണ്ടായിരുന്നു.

ഒക്കെ കുലത്തോടെ ചത്തു കെട്ടു പോയി. അതോ ഞങ്ങൾ കൊന്നതാണോ?

കുലത്തോടെ ലക്ഷക്കണക്കിന് എണ്ണത്തിനെ കുത്തിയും വെട്ടിയും കല്ല് കൊണ്ടിടിച്ചും ജീവനോടെ ചതച്ചും  കത്തിച്ചും? അങ്ങനൊക്കെ നടക്കുവോ?

ഞങ്ങൾ ഭയങ്കര ദയയുടെ ആൾക്കാർ ആണ്. അതാ ഇത്ര വിശ്വസിക്കാൻ പാടേ. ഞങ്ങൾ കുടുംബ സ്നേഹികളാ. കൂടെ  ഉള്ള ആളുകളെ ഭയങ്കര സ്നേഹമാ ട്ടോ. ഇര തേടാൻ പാങ്ങില്ലാത്ത വയസ്സന്മാരെയും വികലാങ്ങരെയും ഒക്കെ തീറ്റി പോറ്റും. പിള്ളേരെ ഒക്കെ പൊന്നു പോലെ നോക്കും. സുഹൃത്തുക്കൾക്ക് വേണ്ടി പോലും ജീവൻ വെടിഞ്ഞു കളയും! അപ്പൊ പിന്നെ മക്കൾടേം ബന്ധുക്കൾടേം കാര്യം പറയണ്ടല്ലോ.

ഞങ്ങൾ സ്നേഹക്കാരാ- ആഹാ, ആഹഹാ. കൊതി ആയിട്ട് പാടില്ല.

ചെറ്യേ ചില പ്രശ്നങ്ങൾ ഉണ്ട് ട്ടോ. സ്വന്തം കുലം എന്നാൽ സ്വന്തം ഗോത്രം, അഥവാ ഗോത്രക്കൂട്ടങ്ങൾ എന്നുള്ള ബോധമേ ഞങ്ങക്കുള്ളു. അന്യ ഗോത്രക്കൂട്ടങ്ങൾ ഒക്കെ മനുഷ്യരാണ് എന്ന് താത്വികമായി അംഗീകരിച്ചിട്ട് തന്നെ പത്തഞ്ഞൂറു കൊല്ലമേ ആയിട്ടുള്ളു. കൊറച്ച് വിവരം വെച്ചപ്പോൾ.

ഈ സ്വന്തം കുല സ്നേഹം തന്നെ ഫയങ്കര കണ്ടീഷണൽ ആണ് കേട്ടോ. കുല മതം അനുശാസിക്കുന്ന കുല മര്യാദ പാലിക്കാത്ത കുലം കുത്തികളെ ഞങ്ങൾ കൊല്ലും! നല്ല കലക്കനായി പീഡിപ്പിക്കും. കണ്ണ് കുത്തി പൊട്ടിക്കും. കയ്യും കാലും വെട്ടും! കുലത്തിൽ നിന്ന് പുറത്താക്കും. ഇതൊക്കെ ഞങ്ങളിൽ യാതൊരു കുറ്റബോധവും ഉണ്ടാക്കുകയില്ല! അതൊക്കെ കുല സ്നേഹത്തിന്റെ ഭാഗം മാത്രം.

അന്യ, ശത്രു ഗോത്രങ്ങൾ മനുഷ്യരായി ഞങ്ങൾ കൂട്ടിയിട്ടില്ല! ഈ അടുത്ത കാലം വരെ. ആരെ വേണേലും കൊല്ലാം. അടിമകൾ ആക്കാം. ബലാത്സംഗം ചെയ്യാം. ഒട്ടും കുറ്റബോധം തോന്നേണ്ട കാര്യമില്ല.

ഈ ചരിത്രം മൊത്തം ഇങ്ങനത്തെ സംഭവങ്ങളുടെ ഒരു സീരീസ് ആണ്. വെള്ളതൊലി ഉള്ള യൂറോപ്യന്മാർ ആണ് കുറെ ഒക്കെ ശാസ്ത്ര ചിന്ത കൊണ്ട് വന്ന് വൻ തോതിൽ അറിവ് നേടിയത്. എന്നിട്ട് അവർ എന്താ ചെയ്തത്? അമേരിക്കയിലേം ആഫ്രിക്കയിലേം ആസ്ട്രേലിയയിലേം ഒക്കെ ചോരേം നീരും ഉള്ള മനുഷ്യരെ വ്യാവസായിക അടിസ്ഥാനത്തിൽ കൊന്നൊടുക്കി; ചൂഷണം ചെയ്തു. സ്വന്തം പള്ളയും ഊരും നിറച്ചു. അതിന് അന്നത്തെ സമാധാന മതമായ ക്രിസ്തുമതം സർവാത്മനാ കൂട്ട് നിന്ന് കേട്ടോ. പിന്നെ ഇടയ്ക്കിടെ യൂറോപ്പിൽ തന്നെ ഉള്ള ജൂതന്മാരെ കൂട്ടക്കൊല ചെയ്യും! ജസ്റ്റ് ഫോർ എ ഹൊറർ. പിന്നെ മുസ്ലീങ്ങളെയും. അതൊക്കെ വല്യ പുണ്യമായിരുന്നു! ഉടൻ സ്വർഗത്തി പോകും!

വേറെ സമാധാന മതമായ ഇസ്ലാമിന്റെ കാര്യം പറയണ്ടല്ലോ. അറബി നാട്ടിൽ പൊട്ടി മുളച്ച്, ലോകം മൊത്തം പൊട്ടി തെറിച്ചു. പലരെയും കൊന്നു. സ്വയം അങ്ങോട്ടും ഇങ്ങോട്ടും പല കുലങ്ങളായും കൊല്ലലുകൾ നടത്തി. കുറ്റബോധം ഒട്ടും വേണ്ടാ! സ്വർഗം കിട്ടും.

മറ്റൊരു അതി സമാധാനമതമായ നമ്മടെ സ്വന്തം സനാതന ധർമം ചരിത്രത്തിൽ ശരിക്കു പതിയാത്ത മൂവ്വായിരത്തഞ്ഞൂറു കൊല്ലം മുൻപുള്ള കുതിരകൾ കെട്ടിയ രഥചക്രങ്ങൾ ഉരുളുന്ന ശബ്ദങ്ങൾ ഉയർത്തിയ അധിനിവേശങ്ങളുടെ ബാക്കി പത്രമാണ് എന്നതിന് പോപ്പുലേഷൻ ജെനെറ്റിക്സ് അടക്കം ഉള്ള തെളിവുകൾ ഉണ്ട്. കുലങ്ങളെ ജാതികൾ ആക്കി നൂറു തലമുറകളെ കൊല്ലാക്കൊല ചെയ്തതിന് ഡി എൻ എ പഠനങ്ങളും ഹിസ്റ്റോറിക്കൽ ലിംഗയ്സ്റ്റിക്‌സും സാക്ഷി. 

മറ്റുള്ള ജനങ്ങളും ഇതൊക്കെ തന്നെ ചെയ്തു കേട്ടോ. കുറ്റം പറയരുതല്ലോ.

മുഴുവൻ ഡാർക്ക് സീൻ അല്ല കേട്ടോ. ജന തതികൾ അങ്ങോട്ടും ഇങ്ങോട്ടും കച്ചവടം നടത്തി. പല കുലങ്ങൾ ഉള്ള, ചക്രവർത്തിമാർ ഭരിക്കുന്ന സാമ്രാജ്യങ്ങളിൽ കുലങ്ങൾ വല്യ പ്രശ്നം ഇല്ലാതെ ഒരുമിച്ചു പാർത്തു. സംസ്കാരവും അറിവും വികസിച്ചു. രക്തബന്ധം ഇല്ലാതെ തന്നെ, ചില മത സംഹിതകളിൽ വിശ്വസിച്ചാൽ ഞങ്ങടെ കുലം ആക്കാം എന്ന ഒഫറും ഇടയ്ക്കു വന്നു.

ഇരുപതാം നൂറ്റാണ്ടു തുടങ്ങിയത് തന്നെ ഒന്നാം ലോക മഹായുദ്ധം ഒക്കെ ആയിട്ടായിരുന്നു. ആ താപ്പിൽ, സ്വന്തം സാമ്രാജ്യത്ത് ഉണ്ടായിരുന്ന അർമേനിയൻ, അസീറിയൻ ക്രിസ്ത്യാനികളെ ഓട്ടോമാൻ തുർക്കികൾ കൂട്ടക്കൊല ചെയ്തു. അധികം പേരെ ഒന്നുമില്ല കേട്ടോ. ഒരു പത്തിരുപത് ലക്ഷം പേരെ. അത്രേ ഉള്ളു. ഒട്ടും കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.

പിന്നെ ഹിറ്റ്ലർ എന്ന ഒരു ചുള്ളൻ പതിനൊന്നു മീശേം വെച്ച് ജർമനിയിൽ ഉദയം ചെയ്തു. ഞങ്ങൾ ആര്യന്മാർ. ഞങ്ങൾ അടിപൊളി കുലം. ഏറ്റവും നല്ല മനുഷ്യകുലമായ ഞങ്ങക്ക് ലോകം മൊത്തം കീഴടക്കണം. അത്രേ ഉള്ളു.

രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയ ഹിറ്റ്ലരുടെ മനസ് ജർമ്മൻ ജനത ഏറ്റെടുത്ത്. ചെറിയ ഒരു പ്രശ്നമുണ്ട്, നമ്മുടെ ഇടയിൽ ഉള്ള ജൂതർ അത്ര വെടിപ്പല്ല. അവരെ വിശ്വസിക്കരുത്.

– വിശ്വസിക്കരുത്; അവർ ചതിയന്മാർ!

– വിശ്വസിക്കരുത്; അവർ ക്രൂരർ!

– വിശ്വസിക്കരുത്; അവർ മനുഷ്യരെ അല്ല!

പിന്നെ,

– മനുഷ്യർ അല്ലാത്ത അവരുടെ ബിസിനസുകൾ ബഹിഷ്കരിക്കണം!

– അവരെ തൊഴിൽ ചെയ്യാൻ സമ്മതിക്കരുത്!

– അവർക്ക് ആഹാരം കൊടുക്കരുത്!

അവസാനം:

ശോ! ഇനി ഈ നാശങ്ങളെ എന്ത് ചെയ്യും?

എന്നാ കൂട്ടത്തോടെ ചെറുതായി അങ്ങ് കൊന്നേക്കാം. നമ്മുടെ രാജ്യത്തിന് വേണ്ടി അത് ചെയ്തേ പറ്റൂ. എന്ത് ചെയ്യാം- വേറെ വഴി ഇല്ല. അത് കൊണ്ടാണ്.

അറുപത് ലക്ഷം പേരെ അങ്ങോട്ട് കൊന്നു. സ്ത്രീകളെയും പുരുഷന്മാരെയും പിള്ളേരെയും ഒക്കെ. അതിനു മുൻപ് എല്ലാരേയും കണക്കിന് പീഡിപ്പിച്ചു. ജോലി ചെയ്യിച്ച്, പട്ടിണി ഇട്ട് കൊല്ലാക്കൊല ചെയ്തു! ഒക്കെ രാജ്യത്തിന് വേണ്ടി! ലേശം പോലും കുറ്റബോധം തോന്നേണ്ട ആവശ്യം ഇല്ല!

ഇതോടു കൂടി ആണ്ചില ആളുകൾ ജീനോസൈഡ് അഥവാ കുല കൊല്ലൽ എന്ന ഒരു പ്രതിഭാസത്തെ പറ്റി പഠിച്ചു തുടങ്ങിയത്. പഠിക്കാൻ പിന്നെയും ഇഷ്ടം പോലെ സംഭവങ്ങൾ കിട്ടി കേട്ടോ. കംബോഡിയയിൽ ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ആയ ഖമർ റൂഷ്- പോൾ പൊട്ടിന്റെ നേതൃത്വത്തിൽ രാജ്യത്തെ നാലിലൊന്നു മനുഷ്യരെ- ഇരുപതു ലക്ഷം പേരെ- ജസ്റ്റ് അങ്ങോട്ട് കൊന്നു കളഞ്ഞു! കമ്മ്യൂണിസ്റ്റ് ഉട്ടോപ്യൻ രാജ്യം വരണ്ടേ?  അതിനാണ്. ഒട്ടും കുറ്റബോധം വേണ്ട. ഭയം വേണ്ട, ജാഗ്രത മതി.

കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ ഉണ്ടാക്കാൻ കുല കൊല്ലൽ തകൃതി ആയി നടന്നു. സ്റ്റാലിൻ അഞ്ചു കോടി ആളുകളെ കൊന്നു തള്ളി. മാവോയും കൊന്നു അഞ്ചു കോടി ആളുകളെ. ഒക്കെ ഒഴിവാക്കാൻ പറ്റാത്തവ ആയിരുന്നു. കുറ്റബോധം ഒട്ടും വേണ്ട. ഭയവും വേണ്ട- ജാഗ്രത മതി.

കമ്പോഡിയൻ ജീനോസൈഡ് കഴിഞ്ഞ് അവിടെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ചെന്ന ഗ്രിഗറി സ്റ്റാന്ടൺ എന്ന ഒരാൾ ആണ് ജീനോസൈഡ് വാച് എന്ന ഒരു സംഘടന ഉണ്ടാക്കിയത്. ഇതിനെ പറ്റി ശാസ്ത്രീയമായി പഠിച്ച്, ലക്ഷണങ്ങൾ കണ്ടെത്തി, തടയുക എന്ന ലക്ഷ്യത്തോടെ.

അദ്ദേഹം പറയുന്ന ചില ലക്ഷണങ്ങൾ ഏതൊക്കെയാണ്?

– മിക്കപ്പോഴും രാഷ്ട്രീയ കാരണങ്ങൾ ആണ് തുടക്കം ആവുക. അധികാരം സ്ഥാപിച്ച് നില നിർത്താൻ ഉള്ള വ്യഗ്രത പലപ്പോഴും കാണാം.

– ഏതെങ്കിലും ഒരു ഗ്രൂപ്പ് മനുഷ്യരെ ‘അവർ’ എന്ന് തിരിക്കുക.

– അവർ ദുഷ്ടന്മാർ ആണ്, മനുഷ്യഗുണങ്ങൾ ഇല്ലാത്തവർ ആണ് എന്നുള്ള രീതിയിൽ പ്രൊപ്പോഗാണ്ട നിരന്തരം ഇറക്കുക.

– ‘അവരുടെ’  സ്വര്യജീവിതം പല തരത്തിലും നിരന്തരം തകർക്കുക. പ്രകോപിപ്പിച്ച് കുല കൊല്ലൽ തുടങ്ങാൻ കാരണം ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം.

– “അവരെ’ എളുപ്പത്തിൽ തിരിച്ചറിയാൻ ഉള്ള ലക്ഷണങ്ങൾ പറഞ്ഞു വെയ്ക്കുക; വീടുകളും സ്ഥാപനങ്ങളും അടയാളപ്പെടുത്തുക.

– നിലവിൽ ഉള്ള നിയമസംവിധാനത്തിനു അതീതമായി പ്രവർത്തിക്കുന്ന കുറെ അച്ചടക്കമുള്ള സംഘടനകൾ, കൂട്ടായ്മകൾ എന്നിവ ഉണ്ടാക്കി, തയ്യാറാക്കി വെയ്ക്കുക.

– ചെറു ചെറു അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് അധികാരികൾ ഒരു തരത്തിലും ശ്രദ്ധിക്കാതെ നിശബ്ദരായി ഇരിക്കുക. സാമ്പിൾ സംഭവങ്ങൾക്ക് അപലപനം ഉണ്ടാവുകയില്ല.

– കുല കൊല്ലലുകൾ, അവ ഉണ്ടാകുമ്പോൾ വളരെ സ്വാഭാവികം ആയി നടക്കും.

– എല്ലാ ഘട്ടങ്ങളിലും ഒന്നും സംഭവിക്കില്ല, സംഭവിക്കുന്നില്ല, സംഭവിച്ചിട്ടില്ല, എന്നിങ്ങനെ ഉള്ള തമ്സ്കരണം അഥവാ ഒട്ടകപക്ഷി നയം സ്വീകരിക്കുക.

റുവാണ്ടയിൽ 1989 ൽ തന്നെ അവിടത്തെ പ്രസിഡന്റിനെ കണ്ട് ഗ്രിഗറി സ്റ്റാൻടൺ പറഞ്ഞിരുന്നു:

” നിങ്ങളുടെ രാജ്യത്തിൽ ഒരു കൂട്ടക്കൊല നടക്കാൻ പോവുന്നു. ‘ടുട്സി’, ‘ഹുട്ടു’ എന്ന് വേർതിരിച്ച് അറിയാൻ സഹായിക്കുന്ന ഐഡന്റിറ്റി കാർഡ് തന്നെ പ്രശ്നമാണ്.

ഗ്രിഗറി പറയുന്നു:

“ഞാൻ ഇത് പറഞ്ഞതും, അത് വരെ ചിരിച്ചു കൊണ്ടിരുന്ന പ്രസിഡന്റിന്റെ മുഖത്ത് നിസ്സംഗതയുടെ ഒരു മാസ്ക് വന്നു വീണു. പിന്നെയാണ് ഞാൻ അറിഞ്ഞത്  – പല ചെറു കൂട്ടക്കൊലകൾക്കും നിശബ്ദ പിന്തുണ കൊടുത്ത ആൾ ആയിരുന്നു ആ പ്രസിഡന്റ്.”

നാലു കൊല്ലം കഴിഞ്ഞ്, 1994 ൽ ആണ് കൂട്ടക്കൊല റുവാണ്ടയിൽ തുടങ്ങിയത്. വെറും നാലു മാസ കാലയളവിൽ അഞ്ചു ലക്ഷം ടുട്സികളെ ആണ് വാക്കത്തി കൊണ്ട് വെട്ടി കൊന്നത്. അഞ്ചാറ് ലക്ഷം സ്ത്രീകളെ ബലാത്സംഗം ചെയ്തു. എച് ഐ വി ബാധിച്ച രോഗികളെ കൊണ്ട് ബലാത്സംഗ സ്‌ക്വാഡുകൾ മുന്നേ ഉണ്ടാക്കിയിരുന്നു.

ഗ്രിഗറി പറയുന്നു:

“കൊല്ലൽ തുടങ്ങുമ്പോൾ പട്ടാളമോ സർക്കാരോ അല്ല അത് ചെയ്യുക. ജനക്കൂട്ടങ്ങൾ ആയിരിക്കും. സർക്കാർ അറിയാത്ത പോലെ നിൽക്കും. എവിടെയും ഇത് സംഭവിക്കാം. അമേരിക്കയിലും.”

വാഷിംഗ്ടണിൽ ഉള്ള ഹോളോകോസ്റ്റ് മ്യൂസിയം ഒരു സങ്കീർണ സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിച്ച്, ഉടൻ ജീനോസൈഡ് നടക്കാൻ സാദ്ധ്യത ഉള്ള രാജ്യങ്ങളുടെ റാങ്കിങ് തയാറാക്കാറുണ്ട്. (ഏർലി വാണിങ് പ്രോജക്ട് ) ഒന്ന് നോക്കുന്നത് രസമായിരിക്കും.

ഭയം വേണ്ട. ജാഗ്രത മതി.

ഓടിക്കോ!!

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .