പുട്ടോളികളെ മനസിലാക്കുന്ന ഒരു പഴോളി:

ഞാൻ ഒരു കാര്യം മനസിലാക്കുന്നു- ഇന്ത്യ മൊത്തം പുട്ടോളികൾ ആണ്! പുട്ടിൻ തേനാണ്, പാലാണ്, ചക്കരയാണ്. യുക്രയ്ൻ എന്താണെന്നറിയില്ല- മൊത്തം മൈലാണ്. അവർ സ്വന്തം കാലിന് കോടാലി വെച്ചവരാണ്. അവരെ എല്ലാം പുട്ടിൻ കൊല്ലും. അവരുടെ നാട് കുട്ടിച്ചോറാക്കും. അതിനെന്താ? കണക്കായിപ്പോയി. ഇതാണ് പുട്ടോളികളുടെ മനസിലിരുപ്പ്.

പഴോളികൾ ഇല്ലാതില്ല; കേട്ടോ- അലവലാതികൾ. പേടിത്തൊണ്ടന്മാർ. ചങ്കൂറ്റം ഇല്ലാത്തവർ. വെടിയുണ്ട വരുമ്പോൾ വിരിമാറ് കാണിക്കാൻ പോലും ത്രാണി ഇല്ലാത്തോർ. വേറെ രാജ്യങ്ങളെ കേറി ആക്രമിക്കരുതത്രെ! ആണത്തം ഇല്ലാത്ത പഴങ്ങൾ.

എന്തോ- ഞാൻ ഒരു പഴോളി ആണെന്ന ദുഃഖസത്യം ഒരു ആറ്റം ബോംബ് വീണത് പോലെ നിങ്ങളെ വേദനിപ്പിക്കും എന്നറിയാം. എങ്കിലും ആ ദുഃഖ സത്യം വ്യസനസമേതം നിങ്ങൾ ഉൾക്കൊള്ളണം.

എന്ന് വെച്ച് യുദ്ധമേ പാടില്ല; പട്ടാളം വേണ്ട എന്നൊന്നും ഒരിക്കലും പറയില്ല കേട്ടോ. നമ്മുടെ ലോകം അത്രേം ആയിട്ടില്ല എന്ന് നല്ല ബോധമുണ്ട്. നല്ല ഒന്നാന്തരം പട്ടാളത്തിന്റെയും ആറ്റം ബോംബിന്റെയും പുറത്താണ് നമ്മൾ പാക്കിസ്ഥാന്റെയും ചൈനയുടെയും മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്നത്. രാജ്യത്തിനകത്ത് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും വേറെ പല പക്ഷത്തിന്റെയും ടെററിസ്റ്റുകൾ ഉണ്ട്. അടി കൊടുക്കണ്ടപ്പോ കൊടുക്കണം; വെടി വെയ്ക്കണ്ടപ്പോ വെയ്ക്കണം. നമ്മുടെ സ്വര്യ ജീവിതവും സ്വാതന്ത്ര്യവും സമാധാനവും തത്ക്കാലം കുറെ ഒക്കെ, പ്രഹരശേഷിയുടെ പുറത്താണ് നിൽക്കുന്നത്.

പക്ഷെ പ്രഹരശേഷിയുടെ പുറത്ത് മാത്രമല്ല!!!!

അതാണ് ഒന്നാമത്തെ പോയിന്റ്റ്. മനുഷ്യൻ ഉണ്ടായത് മുതൽ തൊടങ്ങിയതാ തിരുമേനി, തമ്മി തല്ലി ചാകൽ. ചെറുഗോത്രങ്ങൾ രാജ്യങ്ങൾ ആയപ്പോ അത്രേം വലിയ ഭീകര തോതിൽ ആയി കൊല്ലലും കൊള്ളിവെയ്പ്പും ബലാത്സംഗവും അടിമത്തവും ഒക്കെ. ഒരു പതിനാറാം നൂറ്റാണ്ടു മുതലാണ് മനുഷ്യത്വം എന്നതിനെ പറ്റി ആളുകൾ ചിന്തിക്കുന്നത് തന്നെ. ഈ സായിപ്പന്മാർ ചെയ്തു കൂട്ടിയ അക്രമങ്ങൾക്ക് കണക്കില്ല. മറ്റുള്ളോരും മോശം ആരുന്നില്ല. ഈ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണു ചെറിയ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി ഭരിക്കരുത്, സാദാ ജനങ്ങളെ കൊല്ലരുത്, എല്ലാരും മനുഷ്യരാണ് എന്നൊക്കെ തോന്നി തുടങ്ങിയത്.

“സമാധാനം അല്ലേ ബോസ്, കൊല്ലലിനെ കാൾ നല്ലത്?” എന്ന ചോദ്യം തന്നെ ഈ അടുത്ത കാലത്തെ ആണ്.

അതായത് ലോക മനസാക്ഷി എന്നൊരു സാധനം കൂടി ആണ്, മനുഷ്യക്കുരുതികൾ കുറച്ചത്.

അതിന് അപവാദങ്ങൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. കോൾഡ് വാർ സമയത്ത് സോവിയറ്റ് യൂണിയനും അമേരിക്ക- നാറ്റോ സഖ്യവും ഇഷ്ടം പോലെ വേണ്ടാതീനങ്ങൾ കാണിച്ചിട്ടുണ്ട്. അതിനു ശേഷവുമുണ്ടായിട്ടുണ്ട്. ഭീകരവാദികൾ അനേകം നിരായുധരെ കൊന്നു തള്ളി. രാജ്യങ്ങളെ ആക്രമിച്ച് അധിനിവേശം നടത്തിയ കേസുകൾ ഉണ്ടായിട്ടുണ്ട്. ഈസ്റ്റേൺ യൂറോപ്പ് മൊത്തം അധിനിവേശ ശക്തിയായി ഭരിച്ചത് സോവിയറ്റ് യൂണിയൻ ആണ്. അഫ്ഘാനിസ്ഥാനെ ആണ് സോവിയറ്റ് യൂണിയൻ അവസാനമായി കയ്യേറി ഭരിച്ചത്. തുടർന്ന് ഇസ്ലാമിസ്റ്റുകളെ അമേരിക്ക സപ്പോട്ടക്ക കൊടുത്ത് പോറ്റി വളർത്തി. അവർ അമേരിക്കക്ക് ഇട്ടു തന്നെ പണിതു. അമേരിക്ക അഫ്ഘാനിസ്ഥാനെ കയ്യേറി. ഇതിനിടെ സദാമിന്റെ ഇറാക്ക് കുവൈറ്റിനെ കയ്യേറി. കുവൈറ്റിനെ വിടുവിച്ച ശേഷം പിന്നെ, ഒരാവശ്യവുമില്ലാതെ അമേരിക്ക ഇറാഖിനെ കയ്യേറി. അവിടെ ഉണ്ടായ അരാജകത്വം മുതലെടുത്ത് ഐ സ് ഐ സ് എന്ന നരകീയശക്തി ആറാടി. താലിബാൻ എന്ന നാരകീയ ശക്തി ആറാടിക്കൊണ്ടിരിക്കുന്നു.

ഒരു പഴോളി എന്ന നിലയിൽ ഇതിനെ ഒക്കെ ശക്തിയുക്തം അപലപിക്കുന്നു.

ഇതൊന്നും തന്നെ നമ്മുടെ പുട്ടു രാജാവ് യുക്രൈൻ കയ്യേറി ആക്രമിച്ചതിന് യാതൊരു ന്യായീകരണവും ആവുന്നില്ല! ഇല്ല. ഇല്ല. ഇല്ല.

ആന്തരിക പ്രശ്നങ്ങളാലും യാഥാർഥ്യ ബോധമില്ലാത്ത സാമ്പത്തിക, രാഷ്ട്രീയ നയങ്ങളാലും ഉള്ളിൽ നിന്ന് ദ്രവിച്ച് ചിതലെടുത്ത് സോവിയറ്റ് യൂണിയൻ പൊട്ടിത്തകർന്നപ്പോൾ, പണ്ടത് ആക്രമിച്ചു കീഴടക്കിയ ഒത്തിരി രാജ്യങ്ങൾ ഓടി തള്ളി വേറെ വേറെ ആയി. അതിലൊന്നാണ് ഉക്രൈൻ.

അതെ- “ഛെ- അതും റഷ്യയുടെ ഭാഗല്ലേ?”- അല്ല. നൂറ്റാണ്ടുകളായി വേറെ അസ്തിത്വം ഉള്ള രാജ്യമാണ് അത്.

1990 മുതൽ 1996 വരെ ഉള്ള കാലഘട്ടത്തിൽ ആണ് സ്വന്തം കയ്യിൽ ഉണ്ടായിരുന്ന ആറ്റം ബോംബുകൾ ഒക്കെ യുക്രൈൻ ലോക സമാധാനത്തെ കരുതി വേണ്ടാ എന്ന് വെച്ചത്. റഷ്യയും, നാറ്റോ യും ഒക്കെ ഈ ചർച്ചയിൽ ഉണ്ടായിരുന്നു. – “ഛെ! ഇനി എന്തിനാ നിങ്ങക്ക് അതൊക്കെ? ഇനി ഒക്കെ സമാധാനമല്ലേ? ഞങ്ങൾ നിങ്ങളെ അതിർത്തി ഒക്കെ  റെസ്‌പെക്ട് ചെയ്യും”- ഇത് പറഞ്ഞതിൽ റഷ്യയും ഉണ്ട്!

എന്നിട്ടാണ് പുട്ടിൻ എന്ന എന്തിനും മടിക്കാത്ത ഏകാധിപതി ഉക്രൈനെ കേറി മേഞ്ഞത്. ഒരു സാമ്രാജ്യത്വ, അധിനിവേശ ശക്തി ആണ് പുട്ടിന്റെ കീഴിലെ റഷ്യ. പല രാജ്യങ്ങളെയും ആക്രമിച്ച് കഷണങ്ങൾ മാന്തിയ ചരിത്രം ഉണ്ട്. ഉക്രൈനിലെ റഷ്യൻ വിഘടന വാദികളെയും ഭീകരവാദികളെയും സഹായിച്ചു. ഇതൊന്നും പോരാണ്ടു ഉക്രൈന്റെ ഭാഗമായ ക്രീമിയ പിടിച്ചെടുത്തു. വേറെയും രണ്ടു ഭാഗങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കി അത് ഞങ്ങടെ ആയി എന്നും പറഞ്ഞു നടന്നു.

ഇത്രേം ഭീകരൻ വിഴുങ്ങാൻ വരുമ്പോ ഏത് രാജ്യം ആണേലും സംരക്ഷണം തേടും. നാറ്റോയിൽ ചേരണം എന്ന് പറഞ്ഞെങ്കിലും ചേർക്കും എന്ന സൂചന ആയില്ല. പല രാജ്യങ്ങളും അതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു.

എന്നിട്ട്, ഇതൊന്നും പോരാഞ്ഞാണ് കുറെ ഒക്കെ  ജനാധിപത്യ രാജ്യമായ  ചെറു രാജ്യത്തെ നല്ല ഒന്നാന്തരം ഏകാധിപത്യ രാജ്യത്തെ ഏകാധിപതി കേറി ആക്രമിക്കുന്നത്! എന്നിട്ട് എന്തൊരു ന്യായീകരണം! ഹോ- ഭയങ്കരം തന്നെ.

ഇപ്പൊ പല പുട്ടോളികളും പറയുന്നത് –

“ഛെ- അങ്ങ് തോറ്റു കൊടുത്താൽ പോരെ, ഹേ? വെറുതെ ചാവണോ? ഈ അസ്തിത്വം എന്ന് പറഞ്ഞാൽ വെറും മായ ആണെന്നെ. ഹ!” എന്നാണ്.

നാളെ ചൈന നമ്മളെ ആക്രമിച്ചാൽ ഇത് തന്നെ പറയുമോ ഹേ?

“അങ്ങ് തോറ്റു കൊടുക്കാന്നേ. ഇനി ചൈനീസ് ഒക്കെ പഠിച്ചാ പോരെ, വേണേൽ അവരുടെ പോലെ കണ്ണ് ഇറുക്കി ചെറുതാക്കി നടക്കാന്നേ. അത്രേ അല്ലെ ഉള്ളു?”

പുട്ടോളികളെ- ഒരു പഴോളി ആണെങ്കിലും എനിക്ക് നിങ്ങളെ മനസിലാകും. പല സാംസ്‌കാരിക ഔന്നത്യ സംഘത്തിന്റെ ആൾക്കാർക്കും എൺപത്താറു ഇഞ്ചും ബാക്കിയും ഉള്ള, അമിതാധികാര ത്വരയുള്ള, സ്വരാജ്യ മിഥ്യാഭിമാനിയായ പുട്ടിൻ വലിയ ഹീറോ ആണ്. അമേരിക്കയോട് ഒക്കെ പോടാ പുല്ലേ പറയാൻ കെൽപ്പുള്ള ഹീറോ. അമേരിക്ക വിരോധം-  അത് കൊണ്ട് മാത്രം പുട്ടോളി ആയവർ ഉണ്ട്. കമ്മ്യൂണിസ്റ്റ് പുട്ടോളികളും ഇസ്ലാമിസ്റ്റ് പുട്ടോളികളും ഇതിൽ പെടും.

സോറി. ഈ പഴോളി അതിൽ പെടില്ല. “എന്റെ ഫോർമുല ഞാൻ നിങ്ങക്ക് തരുന്നു- നിങ്ങടെ ചോര എനിക്ക് തരൂ” എന്ന് പറയുന്ന ആരെയും എനിക്ക് പേടിയാണ്. അത് സ്റ്റാലിനായാലും ഹിറ്റ്ലർ ആയാലും മാവോ ആയാലും, പോൾ പോട്ട് ആയാലും പുട്ടിൻ ആയാലും. ഒഴുകുന്ന ചോരയും കരയുന്ന മുഖങ്ങളും കരിയുന്ന മനുഷ്യമാംസവും കൊരയുന്ന പട്ടിണിയും ആണ് അപ്പോൾ ഓര്മ വരിക. അമേരിക്കൻ അധിനിവേശങ്ങൾ ഓർക്കുമ്പോഴും ഭീകര ആക്രണമങ്ങൾ നടക്കുമ്പോഴും ഇത് തന്നെ ഒക്കെ ആണ് ഓർക്കുക.

ഇനി എല്ലാ ചെറു രാജ്യങ്ങളും ആണവ ആയുധങ്ങൾ ഉണ്ടാക്കാൻ നെട്ടോട്ടം ഓടുകില്ലേ? റഷ്യയുടെ ഉക്രൈന് അധിനിവേശം നൽകുന്ന  പാഠം എന്താ? ഇനി യാതൊരു അന്താരാഷ്ട്ര മര്യാദകൾക്കും വില ഇല്ലെന്നോ? ഒരു നൂറു കൊല്ലം മുൻപത്തെ രാക്ഷസീയ യുദ്ധ സംസ്കാരത്തേക്ക് നമ്മൾ തിരിച്ചു പോണോ?

സോറി പുട്ടോളീസ്. നിങ്ങക്കൊപ്പമല്ല.

എന്ന്, ഒരു പേടിത്തൊണ്ടൻ, നട്ടെല്ലില്ലാത്തവൻ, – പഴോളി.

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .