പുതിയ പകർച്ച രോഗങ്ങൾ – എങ്ങനെ ഉണ്ടാകുന്നു ?

പെട്ടന്നെവിടെ നിന്നാണ് ഈ നിപ്പ ? കുറെയധികം പുതിയ ഇൻഫ്ലുൻസ ടൈപ്പുകൾ ? ഡെങ്കി , ചിക്കുൻഗുനിയ , ഹാന്റാ വൈറസ്? എയ്ഡ്സ് ?

 

ഇപ്പോഴത്തെ നിപ്പ എവിടുന്നാണ് എന്ന് നമുക്കറിയില്ല . എന്നാൽ പുതിയ പുതിയ രോഗാണുക്കൾ എങ്ങനെ വരുന്നു , എന്ന് നമുക്ക് നോക്കാം .

 

രണ്ടു ലക്ഷം വർഷങ്ങൾക്ക് മേലെ ആയല്ലോ മനുഷ്യൻ ഉണ്ടായിട്ട് . പതിനായിരം കൊല്ലം ആയി കൃഷി തുടങ്ങിയിട്ട് . അതിനു മുന്നേ പെറുക്കിത്തീറ്റ ആയിരുന്നു . കുറച്ചു നായാട്ടും .

 

നായാട്ടു കാലത്ത് , എന്തൊക്കെ അണുക്കൾ നമ്മെ വേട്ടയാടി ?

 

ഒരു ഐഡിയയുമില്ല ! മിക്ക മനുഷ്യരും നാല്പതുകളിലും അൻപതുകളിലും മരിച്ചു പോയിരുന്നു എന്ന് നമുക്കറിയാം . ചുരുക്കം ചിലർ ദീർഘനാൾ ജീവിച്ചിരുന്നു . പേൻ , ചെള്ളുകൾ , വിരകൾ , മുതലായവ ഒക്കെ നമ്മെ ശല്യപ്പെടുത്തിയിരുന്നു എന്ന് അനുമാനിക്കാം . അത്രേയുള്ളു . കോല , യുദ്ധം , അപകടങ്ങൾ ഒക്കെ കാരണവും ആളുകൾ മരിച്ചൊടുങ്ങിയിരുന്നു . വൈറസ് , ബാക്റ്റീരിയ ഒക്കെ അസുഖം ഉണ്ടാക്കിയാൽ ഒരു ഗോത്രം അങ്ങനെ തന്നെ ചിലപ്പോൾ നശിച്ചു പോയെന്നിരിക്കും . ചുരുക്കം പ്രതിരോധ ശേഷി ഉള്ളവർ ബാക്കി വന്നേക്കാം . അതോടെ പിന്നെ ആ അണു കുറെ നാൾ തല പോക്കില്ല . അടുത്ത ഗോത്രം കുറെ അകലെ ആണല്ലോ . അവരുമായി അടുപ്പം വരണം . ചില മനുഷ്യരിൽ രോഗം ഉണ്ടാക്കാതെ അണു ഉറങ്ങിക്കിടക്കും . അഥവാ പതുക്കെ പെറ്റു പെരുകാനും മതി . അവർ അടുത്ത ഗോത്രവുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടി വന്നാൽ ഈ അണു  പിന്നെയും കൊടിയ നാശം വിതക്കുകയായി . ഇങ്ങനെ ആയിരുന്നു കാര്യങ്ങൾ .

 

കൃഷി തുടങ്ങിയത് പകർച്ച വ്യാധികൾക്ക് വലിയ ഉത്തേജനം നൽകി . ആളുകൾ തിങ്ങി പാർക്കുന്നു . അണുക്കൾക്ക് ഒരു പ്രത്യേകത ഉണ്ട് . ജനിതക മാറ്റങ്ങൾ പെട്ടന്ന് വരാം . ആട് പെട്ടന്ന് പുലി ആകാം . അങ്ങനെ കന്നുകാലികളിൽ ഉണ്ടായിരുന്ന ചില അണുക്കൾ രൂപം മാറിയതാണ് വസൂരി , ചിക്കൻ പോക്സ് , ക്ഷയം , തുടങ്ങിയ അസുഖങ്ങൾ എന്ന് വിചാരിക്കപ്പെടുന്നു .

 

അതൊക്കെ എന്തായാലൂം ചരിത്രം നോക്കിയാൽ റോമിൽ എ ഡി ആദ്യ നൂറ്റാണ്ടുകളിൽ പല വലിയ പകർച്ച വ്യാധികളും ഉണ്ടായിട്ടുണ്ട് . പലതും നാല്പതു മുതൽ അൻപത് ശതമാനം വരെ ആളുകളെ കൊന്നിട്ടുണ്ട് ! എന്നാൽ ഈ രോഗാണു ഏതാണ് എന്ന് പോലും അറിയില്ല ! വസൂരി ആണെന്ന് വിചാരിക്കപ്പെടുന്നു . മൂവായിരം , നാലായിരം കൊല്ലം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളിലും മറ്റും വസൂരി , ക്ഷയം , എന്നിവയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട് .

 

ആയിരത്തി ഇരുനൂറുകളിലും , ആയിരത്തി നാനൂറുകളിലും യൂറോപ്പിൽ യെർസിനിയ പേസ്റ്റിസ് എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന പ്ലേഗ്  മൂലം മുപ്പതു മുതൽ അമ്പതു ശതമാനം ജനസംഖ്യ മരിച്ചൊടുങ്ങിയിട്ടുണ്ട്, പല പ്രാവശ്യങ്ങൾ ആയി .

 

പിന്നത്തെ വലിയ രോഗ പൊട്ടി പുറപ്പെടുകൾ യൂറോപ്യൻമാർ അമേരിക്ക കീഴടക്കിയപ്പോൾ ആണ് . തോക്കുകളെക്കാളും വാളുകളെക്കാളും അപകടകാരികൾ  ആയിരുന്നു അവർ കൊണ്ട് വന്ന വസൂരി , ഇൻഫ്ലുൻസ തുടങ്ങിയ അസുഖങ്ങൾ . എൺപതു തൊണ്ണൂറ് ശതമാനം അമേരിക്കൻ ഇന്ത്യയ്ക്കാർ ആണ് ചത്തൊടുങ്ങിയത് . അധിനിവേശം അതോടെ പൂർണമായി .

 

ക്ഷയം , ടൈഫോയ്ഡ് , കുഷ്ഠം , കോളറ , വയറിളക്കം ഉണ്ടാക്കുന്ന അനേകം രോഗങ്ങൾ , മലേറിയ , വിരകൾ , ഇൻഫ്ലുൻസ , ഡിഫ്ത്തീരിയ . മീസിൽസ് ,ന്യൂമോണിയ , മെനിഞ്ചൈറ്റിസ് ഒക്കെ ഉണ്ടാക്കുന്ന അണുക്കൾ ഒക്കെ നമ്മുടെ  കൂടെ എപ്പോഴും ഉണ്ടായിരുന്നു . വലിയ പോളിയോ ബാധ മൂലം അമേരിക്കയിലും മറ്റും വളരെ കുട്ടികൾ മരിക്കുകയും വികലാങ്കർ ആവുകയും ചെയ്തത് ഇരുപതാം നൂറ്റാണ്ടിൽ തന്നെ ആണ് .

 

ഏകദേശം ആയിരത്തി തൊള്ളായിരത്തി ഇരുപത് , മുപ്പതുകൾ വരെ അണുക്കൾ ഉണ്ടാക്കുന്ന ഇന്ഫെക്ഷനുകൾ ആയിരുന്നു നമ്മുടെ പ്രധാന അന്തകൻ . അതിനു ശേഷം അവക്ക് മേലെ നമുക്ക് ഭാഗിക വിജയം നേടാനായി . എങ്ങനെ ആണിത് സംഭവിച്ചത് ?

 

അറിവ് – രോഗാണുക്കളെ കണ്ടെത്തി . ഓരോ രോഗാണുവും എങ്ങനെ ആണ് പകരുന്നത് എന്ന് മനസ്സിലായി . വൃത്തി , വ്യക്തിശുചിത്വം , തടയൽ മാര്ഗങ്ങള് , ശുദ്ധമായ വെള്ളം , ഭക്ഷണം – ഇവയൊക്കെ സാധാരണമായി . കൊതുകുകൾ പോലത്തെ രോഗാണു വാഹകരെ പറ്റി നമ്മൾ ബോധവാന്മാരായി.

 

രോഗ പ്രതിരോധ വാക്‌സിനുകൾ വന്നു . ആന്റി ബയോട്ടിക്കുകൾ വന്നു . ഇപ്പോൾ ആന്റി വൈറലുകളും ഉണ്ട് . വസൂരിയെ നിർമാർജനം ചെയ്തു . പോളിയോയെ മിക്കവാറും ഇല്ലാതാക്കി .

 

എങ്കിലും രോഗാണുക്കളിൽ നിന്ന് പൂർണ മുക്തി നമുക്ക് നേടാൻ ആയിട്ടില്ല . തികച്ചും പുതിയ അണുക്കൾ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നു . പഴയ , എല്ലാവരും മറന്നു കിടന്നവ പെട്ടന്ന് ഭാഗികമായി തിരിച്ചു വരുന്നു .പല കാരണങ്ങൾ ആണുള്ളത് .  പ്രധാനപ്പെട്ടവ ഏതാണെന്നു നോക്കാം .

 

പരിതസ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു :

 

വനങ്ങൾ വെട്ടി തെളിക്കുന്നു . കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുന്നു . പല അണുക്കളും വവ്വാലിലും മറ്റു ചില ജീവികളിലും രോഗം ഉണ്ടാക്കാതെ ഉറങ്ങി കിടക്കുന്നവ ആണ് . ചിലപ്പോൾ പല കാരണങ്ങളും കൊണ്ട്, ഈ ജീവികളുടെ എണ്ണം കണ്ടമാനം പെരുകുന്നു , അഥവാ ഇവ പുറത്തിറങ്ങുന്നു . അങ്ങനെ രോഗങ്ങൾ ഉണ്ടാകുന്നു . ഇവ പലതും പണ്ടേ ഉള്ളതായിരിക്കാം , പുതിയവയും ഉണ്ടാവാം .

 

വവ്വാലുകൾ വളരെ പ്രധാനപ്പെട്ട വൈറസുകളുടെ ഒരു ആലയം ആണ് എന്ന് പറയാം . റാബീസ് , എബോള , നിപ്പാ , സാർസ് എന്ന വൈറസുമായി ബന്ധപ്പെട്ട വൈറസുകൾ തുടങ്ങി അറുപതോളം വൈറസുകൾ ഇങ്ങനെ ഉണ്ടത്രേ . ആയിരത്തി ഇരുനൂറോളം തരാം വവ്വാലുകൾ ഉണ്ട് . നമ്മുടെ പോലെ സസ്തനികൾ ആണ് . പറക്കാൻ പറ്റും . താരതമ്യേന ആയുസ്സ് കൂടുതൽ ഉള്ള ജീവികളാണ് അവ . ശരീരോഷ്മാവ് കൂടുതൽ ആയതിനാൽ വൈറസ് ശരീരത്തിൽ ഉണ്ടെങ്കിലും രോഗം വരികയില്ല എന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു .

 

വവ്വാൽ മാത്രമല്ല . ഹാന്റാ വൈറസ് തുടങ്ങിയ പലതും എലികളിലും മറ്റും ആണുള്ളത് . പെട്ടന്ന് എലികളുടെ എണ്ണത്തിൽ കൂടുതൽ വന്നാൽ അത് ഹാന്റാ വൈറസ് ബാധകൾ ഉണ്ടാക്കും . അമേരിക്കയിൽ മഴ കൂടിയ ഒരു സീസൺ കഴിഞ്ഞുള്ള സമയത് ഇങ്ങനത്തെ ഒരു രോഗാണു ബാധ ഉണ്ടായിരുന്നു . നമ്മുടെ നാട്ടിലെ എലിപ്പനി മറ്റൊരു ഉദാഹരണം ആണ് .

 

പലപ്പോഴായി പൊട്ടിപ്പുറപ്പെടുന്ന ഇൻഫ്ലുൻസ ചൈനയിൽ നിന്നാണ് മിക്കവാറും തുടങ്ങാറ് . അവിടെ താറാവുകളിൽ ആണ് വൈറസ് ഉറങ്ങി കിടക്കുന്നത് (റിസെർവോയർ ഹോസ്റ്റ് ). താറാവിനെയും പന്നിയെയും ഒന്നിച്ചു കൃഷി ചെയ്യുന്നു ചൈനാക്കാർ . പന്നികളിലേക്ക് പകരുന്നു . (കാലാ കാലങ്ങളിലായി വൈറസിൽ ഉണ്ടായേക്കുന്ന ജനിതക മാറ്റങ്ങൾ ആണ് പെട്ടന്ന് പകരാൻ കാരണം ). പന്നികൾ ഇന്റർമീഡിയറ്റ് ഹോസ്റ്റ് ആയി വർത്തിക്കുന്നു . ഇവിടെ നിന്ന് മനുഷ്യരിലേക്ക് പകരുന്നു .

 

നഗരവൽകരണം പരിതസ്ഥിതിയിൽ ഉണ്ടാകുന്ന ഒരു മാറ്റം ആയി കാണാവുന്നതാണ് . നമ്മുടെ നാട്ടിൽ പെട്ടന്ന് നഗരങ്ങൾ കണ്ടമാനം വളർന്നിട്ടുണ്ട് . ചെറിയ , വീടിനു ചുറ്റും ഉള്ള ജല സംഭരിണികളിലും പാത്രങ്ങളിലും പെട്ടന്ന് പെറ്റു പെരുകാൻ കൊതുകുകൾ പഠിച്ചു. (ഇത് ഒരു തരം പരിണാമ മാറ്റം ആണ് ). ആളുകൾ തിങ്ങി പാർക്കുന്നു . ഡെങ്കി , ചിക്കൻ ഗുനിയ എന്നീ രോഗങ്ങൾക്ക് പടരാൻ ഉള്ള സാഹചര്യം ആയി .

 

അണുക്കളിൽ ഉണ്ടാകുന്ന ജനിതക മാറ്റങ്ങൾ :

 

നേരത്തെ പറഞ്ഞ പോലെ , ജനിതക മാറ്റങ്ങൾ വഴി , നമുക്ക് ഇത് വരെ ഒരു പരിചയവും ഇല്ലാത്ത അണുക്കൾ പുതുതായി ഉണ്ടായി വരാം . എയ്ഡ്സ് ഉണ്ടാക്കുന്ന എച് ഐ വി , ഇങ്ങനെ ഉണ്ടായി വന്നത് ആണെന്ന് കരുതുന്നു . കുരങ്ങുകളിൽ ഉണ്ടായിരുന്ന ഒരു വൈറസ് ആണ് ഇങ്ങനെ മാറിയത് എന്ന് കരുതപ്പെടുന്നു . ഇൻഫ്ലുൻസ വൈറസുകൾ പെട്ടന്ന് പെട്ടന്ന് മാറുന്നവ ആണ് . അത് കൊണ്ട് , അടിക്കടി രോഗബാധകൾ ഉണ്ടാകുന്നു .

 

മനുഷ്യരുടെ ലോകം മൊത്തം ഉള്ള സഞ്ചാരം :

 

ഇങ്ങനെ ലോകത്തിനെ ഏതെങ്കിലും ഉള്ള ഒരു കോണിൽ ചുരുക്കം മനുഷ്യരിൽ മാത്രം ഉണ്ടായിരുന്നതൊ , ഏതെങ്കിലും ജീവിയിൽ ഉറങ്ങിക്കിടന്നതോ , ജനിതക മാറ്റം സംഭവിച്ചതോ എങ്ങനെയും ആയിക്കൊള്ളട്ടെ , ഒരു പുതിയ അണു , അതിനോട് ഇത് വരെ കോണ്ടാക്ട് ഇല്ലാത്ത ജന സമൂഹത്തിൽ വലിയ തോതിൽ രോഗാണു ബാധ ഉണ്ടാക്കും . കാരണം , ആ അണുവിനോട് , ആ ജനത്തിലെ മിക്കവർക്കും പ്രതിരോധശക്തി ഇല്ലല്ലോ .

 

ഇന്ന് ലോകം മൊത്തം ഒരു നഗരം ആണ് . ആളുകൾ ലോകം മൊത്തം വലിയ നോയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . അത് കൊണ്ട് , മുൻപറഞ്ഞ കാരണങ്ങളാൽ , ഏതെങ്കിലും ഒരു രോഗ ബാധ ഉണ്ടായാൽ , ലോകം മൊത്തം പകരാൻ ഉള്ള സാഹചര്യം ഇപ്പോൾ ഉണ്ട് . ഇത്രയും പുതിയ അണുക്കളോ – എന്ന് തോന്നാൻ ഒരു പ്രധാന കാരണം അതാണ് . വളരെ ചുരുക്കി ആണ് പറഞ്ഞിട്ടുള്ളത് . പറയാൻ ഒത്തിരി ബാക്കിയുള്ളത് വിട്ടിട്ടുണ്ട് .(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .