പെണ്ണുങ്ങൾ വിചാരിച്ചാൽ ആണുങ്ങൾ നന്നാവും !

ഈയടുത്ത് മുരളിച്ചേട്ടന്റെ പെണ്ണുങ്ങൾ എന്ത് കൊണ്ട് പ്രായം കുറവുള്ള പുരുഷന്മാരെ കെട്ടണം , അഥവാ ദീര്ഖബന്ധങ്ങളിൽ കൂടെ കൂട്ടണം എന്ന ലേഖനം കണ്ടു .

അപ്പൊ ഇനി ചില കാര്യങ്ങൾ പറയാനുണ്ട് . എല്ലാം ശാസ്ത്രമല്ല . ഒത്തിരി സീരിയസ് ആയി എടുക്കരുത് . എന്നാൽ ഒക്കെ വെറുതെ അല്ല താനും .

ആദ്യം ഉള്ള ചില കാര്യങ്ങൾ പറയാം .

ലോകത്താകമാനം നോക്കിയാൽ , പെണ്ണുങ്ങളും ആണുങ്ങളും , ദീർഘ കാല പങ്കാളിയിൽ വേണം എന്നാഗ്രഹിക്കുന്ന ഗുണങ്ങൾ ഏകദേശം ഒന്ന് തന്നെയാണ് . ഏറ്റവും പ്രധാനം , പങ്കാളിയുടെ ബുദ്ധി , വിവേകം , വ്യക്തിത്വ പ്രത്യേകതകൾ , കരുണ എന്നിവയാണ് . ആണുങ്ങളും പെണ്ണുങ്ങളും ഇതിൽ യോജിക്കുന്നു . എന്നാൽ രണ്ടേ രണ്ടു കാര്യങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വ്യത്യാസം ഉണ്ട് .

ആണുങ്ങൾ മുഖ , ശാരീരീരിക സൗന്ദര്യത്തിനു സ്വല്പം കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട് .    ചെറുപ്പത്തിനും .പെണ്ണുങ്ങൾ ഇച്ചിരി കൂടുതൽ പ്രധാനമായി കരുതുന്നത് , ആണിന്റെ സോഷ്യൽ സ്റ്റാറ്റസ് , ജോലി , പണം എന്നിവക്കൊക്കെ ആണ് . ഇത് വെറും ശരാശരി വ്യത്യാസങ്ങൾ മാത്രമാണ് കേട്ടോ .

പെണ്ണുങ്ങൾക്ക് സൗന്ദര്യം ഇഷ്ടമില്ലെന്നല്ല . അതിൽ അവർ നോക്കുന്നത് , മുഖ സൗന്ദര്യത്തേക്കാളേറെ , പൊക്കം , ആരോഗ്യത്തിന്റെ അളവുകോലുകൾ , ഇവയെ ഒക്കെ ആണ് . പ്രായക്കൂടുതലും !! ഒന്നോ രണ്ടോ അതിലധികമോ വയസ്സ് കൂടുതൽ ഉള്ള ആണുങ്ങളെ ആണ് പെണ്ണുങ്ങൾ ദീർഘകാല ബന്ധത്തിനായി നോക്കുന്നത് !

സമൂഹം അടിച്ചേൽപ്പിക്കാൻ നോക്കുന്നതും ഏകദേശം ഇതൊക്കെ തന്നെ ആണെന്ന് നമുക്കറിയാം . ഇപ്പോൾ ഏറ്റവും പാശ്ചാത്യവൽക്കരിക്കപ്പെട്ട മോഡേൺ സമൂഹങ്ങളിൽ നടന്ന പഠനങ്ങൾ ആണെന്നോർക്കണം .

ഇതിന്റെ ഇഫെക്ട് അത്ര ചെറുതാണ് എന്ന് കരുതരുത് . കുറെ വർഷങ്ങൾക്ക് മുൻപ് , പ്ലാസ്റ്റിക് സർജറി മേഖലയിലെ ഏറ്റവും ഭയങ്കരൻ ജേർണൽ ആയ പി ആർ എസിൽ ഒരു പഠനം പ്രസിദ്ധീകരിച്ചു വന്നിരുന്നു . അമേരിക്കൻ പെൺ പ്ലാസ്റ്റിക് സർജന്മാരിൽ ഒത്തിരി പേര് കെട്ടിയിട്ടില്ല . ദീർഘകാല ബന്ധങ്ങൾ ഇല്ലാത്ത ഒത്തിരി പേര് ഉണ്ട് . ആണുങ്ങളുമായി വളരെ വ്യത്യാസം !

ഇതിന്റെ ഒരു പ്രധാന കാരണമായി പഠനത്തിൽ വെളിപ്പെട്ടത് , പെണ്ണുങ്ങൾ തങ്ങളേക്കാൾ , കൂടുതൽ സ്റ്റാറ്റസും പണവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ മാത്രമേ അങ്ങനെ കൂടെ കൂട്ടാൻ ഇഷ്ടപ്പെടുന്നുള്ളു എന്നതാണ് !

ഇതിനൊക്കെ പല കാരണങ്ങളും കാണും . പരിണാമപരമായ ജനിതക കാരണങ്ങളും , സാമൂഹിക കണ്ടീഷനിംഗുകളും ഒരു പോലെ പ്രധാനമാണ് . അത് വേറെ വിഷയം . കുണ്ടിരേഖ , അഥവാ ബോട്ടം ലൈൻ എന്താണെന്നു വച്ചാൽ , ആണുങ്ങളെ ചീത്തയാകുന്നത് പെണ്ണുങ്ങളാണ് ! പെണ്ണുങ്ങളാണ് അമേരിക്കയിൽ പോലും മൂരാച്ചികൾ ! ആണുങ്ങളുടെ മൂരാച്ചിത്തരത്തിനു കാരണം ഈസ് ഇന്റർനാഷണൽ മൂരാച്ചിത്തരം ഓഫ് പെണ്ണുങ്ങൾ !

അപ്പൊ ആണുങ്ങളെ ശരിയാക്കാൻ പെണ്ണുങ്ങൾക്കേ പറ്റൂ . നിങ്ങൾ എല്ലാവരും (നോട്ട് ദി പോയിന്റ് – എല്ലാവരും ചെയ്യണം. കുറെ പേര് കുലം കുത്തികൾ  ആയാൽ ഒന്നും നടക്കൂല്ല ).

ആദ്യമായി , ഈ ആൺ സൗന്ദര്യത്തെ പറ്റി ഉള്ള നിങ്ങളുടെ ധാരണകൾ തിരുത്തി എഴുതണം . ആണുങ്ങളുടെ ഏറ്റവും വലിയ പ്രശ്നം , വലിപ്പം , പേശീ ബലം , ദേഷ്യം, അടി പിടി , ഒക്കെ ആണ് . ഇതിന് ജൈവീകവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ട് . രണ്ടും , പെണ്ണുങ്ങൾക്ക് നേരെ ആക്കാവുന്നതേ ഉള്ളു .

തന്നെക്കാൾ ഉയരം കൂടിയ ഒറ്റ ആണിനെ പോലും കെട്ടരുത് , കൂടെ കൂട്ടരുത് . മസ്സിൽ ഉള്ളവരെ തീരെ ഒഴിവാക്കണം . സിക്സ് പാക്ക് ഉള്ളവരെ കാണുമ്പോൾ തന്നെ ഓടണം . കഴിയുന്നതും തന്നെക്കാൾ , ഉയരം കുറഞ്ഞ , തീരെ മെലിഞ്ഞു മസിലുകളെ ഇല്ലാത്ത , രോമം കുറവുള്ള ആണുങ്ങളെ വേണം കെട്ടാൻ . താടി , മീശ , ഇവയൊക്കെ വളരെ കുറവുള്ളവർ ആയാൽ നല്ലത് .

ആറടി പൊക്കമുള്ള , ജാഡ , ആണത്തം , മസ്സിൽ , തോൾ വീതി ഇവയൊക്കെ ധാരാളമുള്ള ഒരൊറ്റ ആണിന് പോലും പെണ്ണ് കിട്ടരുത് . കുറെ തലമുറകൾ കൊണ്ട് , ആണുങ്ങൾ , ശരീര വലിപ്പം കൊണ്ടും , മസിൽ , അടിയുണ്ടാക്കാനുള്ള ത്വര , ഇതിൽ ഒക്കെ പെണ്ണുങ്ങളുടെ പോലെ തന്നെ ആവും . പെണ്ണുങ്ങൾ തീരെ മൈൻഡ് ചെയ്യാതെ വരുമ്പോൾ , സമൂഹവും , ഇത്തരം ഗുണങ്ങൾ ഉള്ള പുരുഷന്മാരെ തഴയും .

പിന്നൊന്ന് , പണം , സ്റ്റാറ്റസ് , ജോലി , വിദ്യാഭ്യാസ യോഗ്യതകൾ – ഇവ കൂടുതൽ ഉള്ള പുരുഷന്മാരെ നിഷ്ക്കരുണം തല്ലണം – സോറി തള്ളണം . കഴിയുന്നതും വീട്ടു ജോലികൾ ചെയ്ത് , കുടുംബത്ത് അടങ്ങി ഒതുങ്ങി ഇരിക്കാൻ താല്പര്യം ഉള്ള പുരുഷന്മാരെ കെട്ടണം . ഇതൊക്കെ നേരത്തെ പറഞ്ഞുറപ്പിക്കയും വേണം .

അത് മാത്രം പോരാ . ജോലി , വിദ്യാഭ്യാസ യോഗ്യതകൾ , പണം – ഇതിനു പുറമെ ഓടാനുള്ള ത്വര – അതായത് ഉത്പതിഷ്ണുത – എന്ന ഗുലുമാൽ പിടിച്ച സാധനം – ഉള്ള പുരുഷന്മാരെ ആവുന്നത്ര അകറ്റി നിർത്തുക . അങ്ങനെ ഉള്ള ആളുകളെ തിരഞ്ഞെടുക്കുന്ന പെണ്ണുങ്ങളെ സൈബർ ആക്രമണത്താൽ നേരിട്ടാലും വലിയ കുഴപ്പമില്ല .അതൊക്കെ വലിയ ഒരു  തെറ്റാണ് , എന്ന രീതിയിൽ സമൂഹം കരുതുന്ന ഒരു സ്ഥിതി വരണം . എങ്കിൽ , ഉറപ്പായും ഇപ്പോഴുള്ള സ്ത്രീകൾ നേരിടുന്ന മിക്ക പ്രശ്നങ്ങൾക്കും പരിഹാരം ആകും എന്നുള്ള കാര്യത്തിന് യാതൊരു സംശയവുമില്ല . കുറെ ആണുങ്ങളും രക്ഷപ്പെടും . നീ തന്നെ കുടുംബത്തിന്റെ ചിലവ് നോക്കണം ; ജോലിയിൽ വച്ചടി വച്ചടി കേറണം , നെഞ്ചു വിരിക്കണം , പെണ്ണ് പിടിക്കണം , താടി ഉയർത്തി നടക്കണം , നിന്ന് മുള്ളണം , ഷേക് ഹാൻഡ് കൊടുക്കുമ്പോ മറ്റവനെ കൈ പിടിച്ചു ഞരിക്കണം എന്നിങ്ങനെ ഉള്ള സമൂഹ കൽപ്പനകളിൽ നിന്ന് ഞങ്ങൾ ആണുങ്ങളും രക്ഷപ്പെടും .

ഇത് തമാശ ആണെന്ന് വിചാരിക്കരുത് . സംഭവം സീരിയസ് ആണ് . ഇങ്ങനെ മാത്രമേ നമുക്ക് വേണ്ട മാറ്റങ്ങൾ ശരിക്കും വരൂ . അത് വരെ കുറെ പുറമെ  കാര്യങ്ങൾ മാറി എന്ന ഒരു തോന്നൽ ഉണ്ടാകുകയേ ഉള്ളു .

അപ്പൊ , പെണ്ണുങ്ങളെ , ഓൾ ദി ബെസ്റ്റ് .

ശ്ശ് ..ശ്ശ് …പൊക്കത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .