ബിഷപ്പിന്റെ പത്തൽ

പൾസാർ സുനിയെ കാണിച്ചത് തീരെ മര്യാദയായില്ല . ജനാധിപത്യത്തിന് നിരക്കാത്തതാണ് . ഒരു കണക്കിന് പറഞ്ഞാൽ ശരിയല്ലേ ? നൂറു കണക്കിന് കുറ്റവാളികളെ വെറുതെ വിടുന്നു . അവർ നല്ലവരായിക്കാണും . ഒരവസരം കൊടുക്കണ്ടേ ? പരിഷ്‌കൃത സമൂഹം ഇതൊക്കെ ചെയ്യേണ്ടേ എന്നാണു ചോദ്യം . ശരിയാണ്.

ഇതാലോചിച്ചപ്പോഴാണ് എനിക്ക് വേറൊരു സംഭവം ഓര്മ വന്നത് , ഞാൻ ഒന്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് . ഞാനും അച്ഛനും വീട്ടിലില്ല . അമ്മയും ഞങ്ങളുടെ ബന്ധുവായ ഒരേഴുപതു വയസ്സുള്ള പള്ളീലച്ചനും മാത്രമേ വീട്ടിലുള്ളു . അച്ചൻ എന്ന് പറഞ്ഞാൽ വെറും ഒരച്ചനല്ല – ബിഷപ്പാണ് , ബിഷപ്പ് . അഗാധ പാണ്ഡിത്യവും വളരെ പേര് കേട്ടതുമായ ഒരു ബിഷപ്പ് .

അപ്പോഴാണ് ഒരു ഭിക്ഷക്കാരൻ വരാന്തക്കു മുന്നിൽ വന്ന് കൈ നീട്ടുന്നത് . ‘അമ്മ അന്നത്തെ നാട്ടുനടപ്പായ ഒരു രൂപയോ മറ്റോ എടുത്തു നീട്ടി . അയാൾ അതെടുത്തു ഒരേറ്‌ .

“ഇത്രയേ ഉള്ളു . വേണെങ്കിൽ എടുത്തോണ്ട് പൊക്കോ ” – ‘അമ്മ പറഞ്ഞു .

“വേണെങ്കിലോ – നീ ആരാടീ പന്ന ……” പിന്നെ പറയാനറക്കുന്ന കുറെ തെറികളായിരുന്നു . മൂലക്കിരിക്കുന്ന അചനെ  അയാൾ ശ്രദ്ധിച്ചതേയില്ല.

ബിഷപ്പ് ചാടിയെണേറ്റ് ളോഹ മടക്കിക്കുത്തി .(അങ്ങനെയും ചെയ്യാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത് ). മുറ്റത്തു നിന്ന ഒരു മരത്തിൽ നിന്ന് വലിയൊരു പത്തൽ ഓടിച്ചെടുത്തു . ഞൊടിയിടയിലാണ് – പാഞ്ഞു വന്ന് സർവശക്തിയും സംഭരിച്ചു ഒരൊറ്റ പൂശാണ് – ഭിക്ഷക്കാരന്റെ നടുമ്പുറത്തിനിട്ട് . അയാളുടെ ആയുസ്സിന്റെ ബലം കൊണ്ട് കൊണ്ടില്ല . ജസ്റ്റ് മാറിയത് കൊണ്ട് ‘പടാർ ‘ എന്ന ശബ്ദത്തോടെ തൂണിൽ പതിച്ചു . ബിഷപ്പ് പിന്നെയും ഓങ്ങി . നമ്മുടെ വില്ലൻ ഒരൊറ്റ ഓട്ടമാണ് .

“എന്തോരോട്ട അവൻ ഓടിയെ . ഇത്രയും സ്പീഡിൽ ഒരാൾ ഓടുന്നത് ഞാൻ ടീവിയിലെ കണ്ടിട്ടുള്ളു .” ‘അമ്മ പിന്നീട് വന്ന എന്നോട് പറഞ്ഞു

അന്നും നല്ലൊണം കുനുഷ്ട് എന്റെ പക്കലുണ്ട് . ഞാൻ ചോദിച്ചു :

 

“പിതാവേ – ഒരുകരണത്തടിച്ചാൽ  മറ്റേതും കാണിക്കണം എന്നല്ലേ യേശു പറഞ്ഞിരിക്കുന്നത് ?”

 

“മോനെ – ഏതോ ഒരു സന്ദർഭത്തിൽ യേശു അങ്ങനെ പറഞ്ഞു – ശരി തന്നെ . എന്നാൽ – നിങ്ങൾ വിവേകികൾ ആയിരിക്കുവിൻ എന്നും കർത്താവ് പറഞ്ഞിട്ടുണ്ട് . ഓരോ സന്ദർഭത്തിൽ ഉചിതമായി പ്രവർത്തിക്കുന്നതിനാണ്  വിവേകം എന്ന് പറയുന്നത് . മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല – പത്തലിന്റെ പാത്തി കൊണ്ട് കൂടിയാകുന്നു …….”

അവസാനം പതിവ് ഒരീണത്തിലാണ് പിതാവ് പറഞ്ഞു നിർത്തിയത് . നിർത്തിയതും അടുത്തുള്ള പള്ളിയിലെ മണിയടിച്ചു – ണാം ണാം .

ഞാൻ അറിയാതെ പറഞ്ഞു പോയി-  “ആമേൻ “.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .