ഡോ. എൻ . ആർ . പിരാൻതൻ:

കഴിഞ്ഞ ആഴ്ചയാണ് അത് തുടങ്ങിയത് . വലത്തേ കാലിൽ വല്ലാത്ത മുട്ടുവേദന . വല്ലാതെ വലഞ്ഞു എന്ന് പറഞ്ഞാൽ വലുതാകില്ല . കുറെ നടപ്പും സൈക്കിളോട്ടവും ഉണ്ടല്ലോ . ഓസ്റ്റിയോആർത്രൈറ്റിസ്‌ എന്ന ‘വാതം’ ആയിരിക്കും . ആദ്യമായി പ്രാർത്ഥിച്ചു നോക്കാം എന്ന് തന്നെ തീരുമാനിച്ചു . ഞാൻ തുടങ്ങി :

 

“അല്ലയോ മഹാനുഭാവാ – റെയിൽവേ ലൈനുകളുടെ അപ്പുറത്തു വണ്ടി നിറുത്തി അനേകം തീവണ്ടിപ്പാതകൾ കവച്ചു വച്ചാണ് ആസ്പത്രിയിൽ എത്തേണ്ടത് എന്ന് താങ്കൾക്കറിയാമല്ലോ . ടാക്‌സ് കൊടുക്കുന്നുണ്ട് – പക്ഷെ പാലം വരുന്നില്ല . ടടം ടടം എന്ന് പാഞ്ഞടുക്കുന്ന ബ്രഹ്‌മാണ്ഡസമാനമായ തീവണ്ടികളെ വിദക്തമായി വെട്ടിച്ചു വേണം നടക്കാൻ . പിന്നെ നമ്മുടെ നാട്ടിലെ ട്രെയിനുകൾ മൂത്രം പാത്തുകയും അപ്പി ഇടുകയും ചെയ്യുമെന്ന് അങ്ങേക്ക് അറിയാമല്ലോ . ഈ മൂത്ര അപ്പി ലൊടുക്കുകൾ എരിശ്ശേരിയിൽ കഷ്ണം പോലെ ഇങ്ങനെ കിടക്കുമ്പോൾ അതിൽ ചവിട്ടാതെ ചാടിച്ചാടി നടക്കാൻ നല്ല ഒന്നാന്തരം മുട്ട് വളരെ ആവശ്യമാണെന്ന് താങ്കൾ മനസ്സിലാക്കുന്നുണ്ട് . പിന്നെ ഹോസ്പിറ്റലിനകത്തും ഒരു ഇരുപതു പ്രാവശ്യമെങ്കിലും നാലു നില – കേറ്റോം എറക്കോം – കേറ്റോം – ഇതാണ് സംഭവമെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്കറിയാം .

 

പിന്നെ മുട്ട് വേദന വരാൻ മാത്രം പ്രായം എനിക്കായിട്ടില്ല . എനിക്കറിയാം – പ്രായം ഒക്കെ ആയിത്തുടങ്ങി . പക്ഷെ ഞങ്ങളുടെ ജോലിയിൽ എല്ലാവരും എഴുപതു, എൺപതു . തൊണ്ണൂറു വയസ്സാകുമ്പോഴേക്കാണ്  വിജയ കൊടുമുടിയിൽ കയറുന്നത് . തൊണ്ണൂറു വയസ്സിൽ ശസ്ത്രക്രിയ ചെയ്യുകയും രാത്രി പന്ത്രണ്ടു വരെ രോഗികളെ കാണുകയും ചെയ്യുന്നത് നമ്മുടെ വേലയിൽ സാധാരണമാണ് . അപ്പോഴേ ഒരു നിലയിലെത്തൂ . നമ്മുടെ ജൂനിയർ ഡോക്ടർമാറുമായി മത്സരിച്ചു നിൽക്കാൻ ഇതാണ് ഏറ്റവും നല്ല വഴി – ഒരു മടുപ്പും കൂടാതെ ആരോഗ്യത്തിനു ഒരു കെടും കാണിക്കാതെ ചിരഞ്ജീവിയായി വാഴുക . ഈ ആക്രാന്തത്തിനിടെ പെട്ടന്ന് ഹാർട് അറ്റാക് വന്നു ചത്താൽ കുഴപ്പമില്ല . അത് ഞങ്ങൾ ഡോക്ടർമാരുടെ ഇടയിൽ റിട്ടയർ ചെയ്യാൻ പൊതുവെ അംഗീകാരം നേടിയിട്ടുള്ള ഒരു വഴിയാണ് . അല്ലാതെ സ്വയമേവ വിശ്രമിക്കുക – അത് ഞങ്ങൾക്ക് പൊതുവെ ചിന്തിക്കാൻ കൂടി പറ്റാത്തതാണ് . അതിനാൽ ഈ മുട്ടുവേദന മാറ്റി തന്നെ മതിയാകൂ – പ്ലീസ് “

പിറ്റേന്ന് എഴുന്നേറ്റപ്പോൾ തന്നെ വലത്തേ കാലിലെ മുട്ടുവേദന മാറി ! പക്ഷെ ഒരു കുഴപ്പം – കുറച്ചു നടന്നപ്പോഴാണ് മനസ്സിലായത് – ഇപ്പോൾ ഇടത്തെ മുട്ടിനു ഭയങ്കര വേദന . ഞാൻ ദൈവത്തെ വിളിച്ചു .

 

“ദൈവമേ എന്ന് വിളിച്ച നാവു കൊണ്ട് എന്നെകൊണ്ട് വേറൊന്നും പറയിപ്പിക്കരുത് . താങ്കൾ എന്താണ് ധരിച്ചു വച്ചിരിക്കുന്നത് ? ഞാൻ നാറാണത്തു ഭ്രാന്തൻ ആണെന്നാണോ ?”

 

ദൈവം ഇടുക്കിക്കാരനാണെന്നു തോന്നുന്നു – ഉടൻ പള്ളി മണി അടിച്ചു :

 

“ആം …..ആം ….ആം “

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .