ബോഡികൾ- ദേ സംഭവം തുടങ്ങീ.

വയറ്റിനകത്ത് കൊറേ എലികൾ ഓടുന്നു. ഒന്ന് രണ്ടു തവണ കക്കൂസിൽ ഇരുന്നു നോക്കിയതാണ്. അവ പോകുന്നില്ല.

ആകെ ടെൻഷൻ. ഇന്നാണ് മെഡിക്കൽ കോളേജിലെ ആദ്യദിവസം- ഹോ. രാജേഷിനെയും കൂട്ടി ഡ്രൈവർ വന്നു. അവന്റ്റെ കാറിലാണ് പോക്ക്. എൻട്രൻസ് ക്‌ളാസിൽ വെച്ച് കിട്ടിയ കൊറേ ഗഡികളുണ്ട്. അതിലൊന്നാണ് ഇവൻ.  അവൻ പര കൂൾ. ഒരു കുലുക്കവുമില്ല.

“ഇന്നല്ലേഷ്ഠാ, മ്മ്‌ടെ- ആഹാ”

അവന്റ്റെ കല്യാണരാത്രി ആണെന്ന് തോന്നും. എന്താ ഒരു സന്തോഷാക്രാന്തം. എനിക്കവന്റ്റെ മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നി. മുന്നിലത്തെ സീറ്റിലാണ് പന്നി. എന്റ്റെ വശത്ത് ഇട്ടിമാണി ഇരിപ്പുണ്ട്. അവനാണ് അടുത്ത ഗഡി. കണ്ണട ഒക്കെ വെച്ച് ഒരു ബേബി ലുക്കാണ് അവന്. ഇട്ടീടെ മോന്ത വിളറിയും കണ്ണുകൾ പേടിച്ച് തുറിച്ചും ഇരിക്കുന്നത് ഞാൻ ചാരുലതയോടെ…ഛേ….ചാരിതാർഥ്യത്തോടെ ശ്രദ്ധിച്ചു. എനിക്ക് പകുതി സമാധാനം ആയി. എന്നെ കണ്ടതും അവൻ ടെൻഷൻ അടിച്ചു ചറപറാ വർത്താനം തുടങ്ങി. അതാണ് അവന്റ്റെ മെയിൻ പ്രശ്നം- ഇങ്ങനെ ചിലച്ചോണ്ടിരിക്കും. എന്തോ പഠിത്തക്കാര്യമോ പുസ്തകക്കാര്യമോ ഒക്കെയാണ്. ഒടുക്കത്തെ പഠിപ്പിസ്റ്റ് ആണ്.

“ബയോകെമിസ്ട്രി എളുപ്പണ്. അനാട്ടമി- പ്രശ്‌നാവോ?” ഇട്ടീടെ വക.

“ഒഞ്ഞു പോടാ കോപ്പേ”- ഞാൻ സരളമധുരമായി മര്യാദയോടെ മൊഴിഞ്ഞു. അതങ്ങനെയാണ്. മര്യാദ എന്റ്റെ ഒരു വീക്നെസ് ആയിപ്പോയി.

“ഇതൊക്കെ എളുപ്പാടാ. നോ പ്രോബ്ലം. റിലാക്സ് ഡാ ഡാഷോളേ” രാജേഷ് ആത്മവിശ്വാസത്തോടെ ചിരിച്ചു. ഞാൻ പല്ലു ഞെരിച്ചു. ഇട്ടി കണ്ണ് ഒന്നൂടെ ബൾബാക്കി. ഡ്രൈവർ ഒരു ഓട്ടോയെ വെട്ടിച്ചു. പട്ടികൾ റോഡ്‌സൈഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മന്ദമല്ലാത്ത മാരുതൻ വീശിയടിച്ചു- കാരണം കാറിൽ എ സി ഇല്ലാ. അങ്ങനത്തെ ഒരു കാലവും ഉണ്ടായിരുന്നെന്ന് മില്ലേനിയം കുഞ്ഞുങ്ങൾ മനസിലാക്കണം. ഓക്കേ?

കോലഴിയും കടന്ന് തിരൂർ വഴി വെളപ്പായയിൽ എത്തിയ കാർ ഠപ്പേന്ന് ഇടതു തിരിഞ്ഞ് സ്റ്റക്ക് ആയി. കാരണം റെയിൽവേ ഗേറ്റ്. ഗേറ്റ് തുറന്നപ്പോ ടൗൺ അവസാനിച്ച ഒരു പ്രതീതി. ഒരു കുഗ്രാമ സൗരഭം. ഐ മീൻ സൗഭഗം. റോഡിൽ കുഴികൾ ‘കുടുക്കും കുടുക്കും’ എന്ന് കുലുക്കി. കുഞ്ഞി വീടുകൾ കുന്തം വിഴുങ്ങി നിന്നു. കോഴികൾ റോഡിൽ കൊത്തിപ്പെറുക്കി. കൈലികൾ മടക്കിക്കുത്തി, രോമാവൃത തുടകൾ ഷോകേസ് പീസുകളാക്കി പല്ലുകൾ അറുപത്തിരണ്ടും കാണിച്ച് അമ്മാവന്മാർ നടന്നു. ചുവപ്പിലും നീലയിലും പൂക്കളുള്ള നൈറ്റികളിട്ട് അമീബോയ്‌ഡ്‌ ശരീരങ്ങളുള്ള അമ്മായിമാർ മുറ്റങ്ങളിൽ നിന്ന് ഉറ്റു നോക്കി.

കുഗ്രാമവും കടന്ന് ഏതോ ഒരു കാടിന്റെ നടുക്ക് എത്തിയപ്പോ അതാ ഒരു ബ്രഹ്മാണ്ഡ ബോർഡ്! ചുറ്റും മതിലൊന്നും ഇല്ല. കാട്ടുപ്രദേശം ചുറ്റിനും ഉള്ള കാടുകളുമായി ലയിച്ച് ഇങ്ങനെ അനന്തമായി കിടക്കയാണ്. ബോർഡിൽ എന്താണ്?

“മെഡിക്കൽ കോളേജ്, തൃശൂർ! “- അതാണ്.

വണ്ടി അവിടെ നിർത്തി ഞങ്ങൾ ഇറങ്ങി. സീനിയേഴ്സ് ഭാവനയിൽ ടൈറാനോസോറസ് റെക്‌സുകളായി ഞങ്ങളെ വേട്ടയാടി. ഞങ്ങക്കെല്ലാം ഒന്നിച്ച് മുള്ളാൻ മുട്ടി. പതിയെ വിറച്ച് ഒരേ വരിയിൽ ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്. റാഗിങ്ങിനെ പറ്റി പല ഭീകരകഥകളും കേട്ടിട്ടുണ്ട്. എന്താണാവോ ദൈവമേ, നടക്കാൻ പോണേ. രാജേഷിന് കുലുക്കം ഒന്നുമില്ല. അടിവെച്ചടി പൊവ്വാണ് ചുള്ളൻ. ഞങ്ങൾ പുറകേ, കണ്ണൊക്കെ തള്ളി അങ്ങോട്ടുമിങ്ങോട്ടും നോക്കി, ഇങ്ങനെ….

ഒരു മനുഷ്യനും അവിടെങ്ങും ഇല്ല. സൂപ്പർ വിജനം. വളഞ്ഞു പുളഞ്ഞ നേർത്ത വഴിയുടെ രണ്ടു വശങ്ങളിലും മാരുതി കാറിന്റെയത്ര തടിവണ്ണമുള്ള ഞാവൽ മരങ്ങൾ ഭയങ്കര പൊക്കത്തിൽ രാക്ഷസന്മാരെ പോലെ നിന്നു. കടും പർപ്പിൾ നിറത്തിൽ ചെറുഗോലികൾ പോലെ ഞാവൽപ്പഴങ്ങൾ എങ്ങും ചിതറിക്കിടന്നു. മുകളിൽ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാന്തര സൂര്യൻ മഞ്ഞ രശ്മികൾ വിട്ടത് താഴെ കളങ്ങൾ വരച്ചു. കുറ്റിച്ചെടികൾ വഴി കയ്യേറി നിന്നു. ചാരവും തവിട്ടും നിറത്തിൽ ഉണക്കിലകൾ പരവതാനി വിരിച്ചു. ഒരു പറ്റം ചിലപ്പൻ കാടകൾ ചിലചിലാ ചിലച്ചോണ്ട് പറന്നു പോയി. റോഡ് ക്രോസ് ചെയ്തു വന്ന ഒരു കീരി ഞങ്ങളെ ഒന്ന് തുറിച്ചു നോക്കിയിട്ട് ഓടി.

പൊടുന്നനെ ഒരു വെളിമ്പ്രദേശം വെളിപ്പെട്ടു. ആ കാടിന്റെ നടുക്ക് മരങ്ങളാൽ മുഖരിതമായി ഏതാനും ഒറ്റനിലക്കെട്ടിടങ്ങൾ ആസ്ബസ്റ്റോസ് ഷീറ്റിട്ട് കാണപ്പെട്ടു, ഞങ്ങൾ നിന്നു. ഇങ്ങനെ നിർന്നിമേഷൻമാരായി സുസ്മേരവദനരല്ലാതെ നോക്കി. ഇതാണോ ഈ…ഈ…മെഡിക്കൽ കോളേജ്?

അതാ വഴി തടഞ്ഞ് കുറച്ചു ദൂരെ ഒരു ചെറുകൂട്ടം ചെറുപ്പക്കാർ നിൽക്കുന്നു!

കോഴിക്കോട് പഠിക്കുന്ന രാജേഷിന്റ്റെ കസിൻ പറഞ്ഞ റാഗിങ്ങ് കഥകൾ പേടി സ്വപ്നങ്ങളായി ഞങ്ങളെ പൊതിഞ്ഞു. എന്റ്റെ നെഞ്ചിൻ കൂടിൽ കുറെ കാടകൾ ഒന്നിച്ചു പിടഞ്ഞു. വിയർപ്പുതുള്ളികൾ കുഞ്ഞുറുമ്പുകളെപ്പോലെ നെറ്റിയിൽ ഇഴഞ്ഞു. ഞങ്ങൾ പതിയെ വിറച്ചു വിറച്ചു നടന്നു; പിന്നെ നിന്നു. നിൽക്കാതെ പിന്നെ? അവന്മാർ മുന്നിൽ!

ഞാൻ പതിയെ കണ്ണുകൾ ഉയർത്തി നോക്കി. അഞ്ചാറ് ഗുണ്ടകൾ പോലുള്ളവന്മാർ പാതിവട്ടത്തിൽ ഞങ്ങളുടെ ചുറ്റും നിൽക്കുകയാണ്. നേതാവ് എന്ന് തോന്നുന്നവൻ ക്രൂദ്ധനായി ഇങ്ങനെ നോക്കുകയാണ്. ഒരു ഗൊറില്ല ലുക്ക്. അവന്റ്റെ താടിയെല്ലുകൾ മുന്നോട്ട് ഉന്തിയിട്ടാണ്. ബൈ മാക്സിലറി പ്രോഗ്നത്തിസം എന്നാണ് ആ അവസ്ഥയുടെ പേര്. അതൊക്കെ പിന്നീട് പഠിച്ചതാണ്.

അവൻ മാത്രമല്ല. എല്ലാരും ക്രുദ്ധരായി നോക്കി. ഞങ്ങൾ പരുങ്ങി നിന്നു. ഒരു ഭയാനക നിശബ്ദത എന്തോ കെട്ടി നിന്നു. തളം കെട്ടിയ ആ സാധനം വളർന്നു വളർന്ന് അസഹനീയ അന്തരീക്ഷം സൃഷ്ടിച്ചു.

ഇട്ടിമാണി ഈ നിശബ്ദതയെ ഭുജിച്ചു….ഛേ…- ഭഞ്ജിച്ചു.

“സാ……ർ…..” അവൻ ആടിനെപ്പോലെ കരഞ്ഞു- “എവിട്യ ഫെർസ്റ്റ് ഇയർ ക്‌ളാസ്?”

“ബാഡാ” ഗൊറില്ല കൈ കാണിച്ചിട്ട് നടന്നു തുടങ്ങി. ഞങ്ങൾ അവന്മാരുടെ പുറകെ ജീവശവികളായി നടന്നു.

കെട്ടിടങ്ങൾ ഉള്ള സ്ഥലത്തേക്ക് പോവാതെ അവർ കൊടുംകാടിനുള്ളിലേക്ക് നടന്നു. കാടിന്റ്റെ നടുക്കൊരു ചെടികൾ ഇല്ലാത്ത സ്ഥലത്ത് അവർ നിന്നു. ഞങ്ങളെ വരിയായി നിർത്തി. ഓടിയാലോ? ഇല്ല- ചുറ്റിനും നിൽപ്പാണ്. ഞാൻ ഇട്ടിയെ പാളി നോക്കി. അവൻ കിലുകിലാ വിറയ്ക്കയാണ്. ഞാനും വിറയ്ക്കയാണ്- കിലുകിലാ എന്ന് തന്നെ. രാജേഷിന്റ്റെ മുഖം ത്രിവർണമായിരിക്കുന്നു. സോറി- വിവർണം. അത്രേം പേടിയുടെ ഇടയിലും എനിക്ക് ചെറിയ ഒരു മറ്റേ സാമാനം തോന്നി- ചാരിതാർഥ്യം.

“ഊരെടാ മഷിരോളെ, ഡ്രസ്സ്!” ഗൊറില്ല അലറി.

ഞങ്ങൾ മടിച്ചു നിന്നു.

‘ചെവി കേട്ടൂടെടാ, കണ്ണകളെ, ചെലവാലി മക്കളേ—“

അലർച്ച ദിഗന്തങ്ങൾ കുലുക്കി. ടപ്പേ എന്ന് എല്ലാരും എല്ലാം ഊരി അണ്ടർവെയർ മാത്രം ഇട്ടു നിന്നു. ഞങ്ങടെ തള് തള കിടക്കുന്ന പെക്റ്ററൽസും റെക്ടസ് അബ്‌ഡൊമിനിസ് മസിലുകളും നാണിച്ച് താഴോട്ട് നിന്നു. ഒരുത്തനും സിക്സ് പാക്കിന്റ്റെ പൊടി പോലുമില്ല. എന്ത് കഷ്ടാല്ലേ. തലയിൽ കുറെ ഇക്വേഷനുകൾ മാത്രമുണ്ട്. ആ സമയത്ത് വല്ല സ്പോർട്സിലും….

അത് പോട്ടെ. അത് പിന്നെപ്പറയാം.

ഒരു ചെറുകാറ്റ് തണുപ്പോടെ വന്ന് ഞങ്ങടെ നഗ്ന മേനികളിൽ തഴുകി. ഞാൻ ചെറുതായി വിറച്ചു. എന്റ്റെ കുന്നത്ത് ജെട്ടിയിൽ നിറയെ തുളകൾ! അയ്യേ. പാറ്റകൾ ആണോ കുറ്റക്കാർ, അതോ കുന്നത്ത് കമ്പനിയാണോ കുറ്റക്കാർ? ഞാൻ രണ്ടിനെയും മനസ്സിൽ ഊടുപാട്‌ പ്രാകി. നാശങ്ങൾ! ഇട്ടിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.

അവന്മാർ ഞങ്ങളെ മാറി മാറി നോക്കി ഊറിച്ചിരിച്ചു.

“ഒരു നല്ല ജെട്ടി വാങ്ങി ഇട്ടൂടെടോ? കക്കക്കക്ക.” ഗൊറില്ല ചിരിച്ചു.

“വീട്ടിലുണ്ട്”- ഇട്ടി വിക്കി.

“ഞഞ്ഞായി”.

അപ്പോഴാണ് രാജേഷ് പാൻറ് ഊരിയത്. ഊരിയിട്ട് ഞെളിഞ്ഞു നിൽക്കയാണ്. അടിയിൽ ചൊകചൊകപ്പൻ പുതു പുത്തൻ ബോക്സർ ടൈപ്പ് നീളൻ സാനം!

അമ്പടാ. തെണ്ടി. ശവി. ആരോ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. കസിൻ തന്നെയാവണം. എന്നിട്ട് ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ല.

ഗൊറില്ലയും കൂട്ടാളികളും രാജേഷിൻന്റെ ബോക്സർ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ട് അവന്റ്റെ ചുറ്റും നടന്നു.

“എന്തോ പ്രശ്നണ്ടല്ലോ; ഡേയ്-” ഗൊറില്ല കൂട്ടാളികളോട് പറഞ്ഞു.

“കംപ്ലീറ്റ് പ്രശ്നണ്. ഇത് ശര്യവില്യ!!”

“ഒരിക്കലും ശരിയവില്ല്യ!!” – കൂട്ടാളികൾ തലയാട്ടി.

“അഴിക്കെടാ അത്!”

ഞാൻ ഒരു ദുഷ്ടൻ ആണെന്ന് നിങ്ങൾ പറയുമായിരിക്കും. പക്ഷേ സത്യമായിട്ടും എനിക്ക് ഇച്ചിരി ചിരി വന്നു.

രാജേഷ് മടിച്ചു മടിച്ച് സാധനം മുട്ട് വരെ താഴ്ത്തി. സകലതും വെളിപ്പെട്ടു. വില്ലന്മാർ കിക്കിക്കിക്കി എന്ന് ചിരിച്ചു.

പെട്ടന്ന് കുറെ കാര്യങ്ങൾ ഒന്നിച്ച് സംഭവിച്ചു.

ടപ്പേ എന്ന് രാജേഷ് ജെട്ടി തിരിച്ചു കേറ്റി, തിരിഞ്ഞ് ഒറ്റ ഓട്ടം. എന്ത് സ്പീഡായിരുന്നെന്നോ. കാട്ടിലേക്കവൻ അപ്രത്യക്ഷനായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇത് കണ്ടതും ഗൊറില്ല ഒഴിച്ചുള്ള എല്ലാ സീനിയേഴ്സും ചിതറി ഓടി. ഗൊറില്ല ഇങ്ങനെ നിൽക്കുകയാണ്.

എന്നെത്തന്നെ അമ്പരപ്പിച്ചു കൊണ്ട്, ഞാൻ ചാടി സർവശക്തിയും സംഭരിച്ച് ഒറ്റ ചവിട്ടാണ്. ഗൊറില്ലയുടെ കാലുകളുടെ ഇടയിലോട്ട്. ഷൂസിൽ കോഴിമുട്ട പൊട്ടുന്നത് പോലെ ക്ടിൻ എന്നൊരു ഫീൽ കിട്ടി. അമ്മേ എന്നൊരു വിളിയോടെ രണ്ടു കൈ കൊണ്ടും മറ്റവിടം പൊത്തി അവൻ അവിടെ വീണ് ഒറ്റ കിടപ്പാണ്.

പ്രഥമ ശുശ്രൂഷ കൊടുക്കാനൊന്നും ഞങ്ങൾ നിന്നില്ല. അതിന് ഞങ്ങൾ ഡോക്ടർമാരായിട്ടില്ലല്ലോ. ഞൊടിയിടയിൽ താഴെ കിടന്ന വസ്ത്രങ്ങൾ- രാജേഷിന്റെയടക്കം- എടുത്തോണ്ട് അവിടന്ന് പാഞ്ഞു.

അന്നാണ് എന്ത് ഭീകര കാടാണ് അത് എന്ന് മനസിലായത്. രാജേഷിനെ കണ്ടു പിടിക്കാൻ അര മണിക്കൂറെടുത്തു. ഉടുപ്പില്ലാതെ ഇങ്ങനെ നടക്കായിരുന്നു അവൻ. അവൻ പാൻറ്റ് വലിച്ചു കേറ്റുമ്പോൾ ഞാൻ ചോദിച്ചു:

“അയ്യേ, ഇതൊക്കെ ആരുന്നല്ലേ ഉള്ളില്?”

“പോടാ ഒതളങ്ങ മോറാ. നിനക്കോന്നും ഇല്ലാത്ത പോലെ.” അവൻ വികാരം കൊണ്ടു.

കുറെ അലഞ്ഞ് ചോദിച്ച് ചോദിച്ച് അവസാനം അനാട്ടമി ഡിപ്പാർട്മെൻറ്റിൽ എത്തി. ചെന്നതും വൈകിയതിന് ആരൊക്കെയോ കുറെ ചീത്തയൊക്കെ പറഞ്ഞ് ഡിസെക്ഷൻ ഹോൾ എന്ന ഒരു വലിയ മുറിയിൽ കേറ്റി നിർത്തി. വരിവരിയായി കിടക്കുന്ന സ്റ്റീൽ മേശകളിൽ ശവശരീരങ്ങൾ ഇങ്ങനെ കിടക്കയാണ്. ഇളിച്ച പല്ലുകളുമായി അവ എന്നെ നോക്കി. ഫോര്മാലിന്റ്റെ അതിരൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. ഞാൻ മോളിലോട്ട് നോക്കി. വലിയ ഒരു ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

“സംസാരം നിർത്തുവിൻ.

ചിരികളികളും നിൽക്കട്ടെ.

ഇവിടെയാണ് മരണം,

ജീവനെ ഉണ്ടാക്കുന്നത്”

അങ്ങനെ എന്റ്റെ പരിശീലനം തുടങ്ങി. ഇനി ബാക്കി പിന്നെ.

(ജിമ്മി മാത്യു)  

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .