സാധാരണയായി, ഈ കൂട്ടക്കൊലകളുടെ ദൃശ്യങ്ങൾ ഞാൻ കാണാറേ ഇല്ല. ഷിൻഡ്ലേഴ്സ് ലിസ്റ്റ് കണ്ടിട്ടില്ല. ഹോട്ടൽ റുവാണ്ട- നോ നോ. ആനി ഫ്രാങ്കിന്റെ ഡയറി പോലും വായിച്ചിട്ടില്ല.
എങ്കിലും ചരിത്രം വായിക്കാതെ പറ്റില്ലല്ലോ.
എനിക്കറിയാം; സഹോ ആൻഡ് സഹികളെ. സത്യം പറ- ഈ ജർമ്മൻ ജൂത കൂട്ടക്കൊല കേട്ട് കേട്ട് ബോറടിച്ചില്ലേ? ബോറടിച്ചു ചത്തില്ലേ? എന്തുട്ടാ ഗെഡിയെ ഇത്- ഹിറ്റ്ലർ, ജൂതൻ, ആറു ലക്ഷം മനുഷ്യർ ….ഗ്യാസ് ചേമ്പർ-
ഹോ കേട്ട് മടുത്തു.
കേട്ടാൽ തോന്നും ഇത് പുതിയ എന്തോ സാധനം ആണെന്ന്. ജര്‍മന്‍കാര്‍ കണ്ടു പിടിച്ചത് ആണെന്ന്.
ഒരു ചുക്കുമല്ല. ഈ അടുത്ത് റുവാണ്ടയിലും, ബോസ്നിയയിലും, ഇറാക്കിലും സിറിയയിലും ഒക്കെ വർക്ക് ഔട്ട് ആയ സാനല്ലേ അത്? പണ്ട് യൂറോപ്യന്മാർ ആഫ്രിക്കയിലും, അമേരിക്കയിലും ഓസ്ട്രേലിയയിലും ഒക്കെ കാച്ചിയ? പിന്നെയും എത്ര എത്ര? അല്ലേലും ജനതതി ജനതതിയെ കൊല്ലുന്നത് ഒരു സാധാരണ ആണ്. നിസ്സംഗത- അതാണതിന്റെ മുദ്ര. പിന്നെ ന്യായീകരണവും.
എങ്കിലും ഏറ്റവും നന്നായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒന്നായിരുന്നു ജര്‍മന്‍കാരുടെ. നല്ല ഒരു സ്റ്റഡി ക്ളാസ് ആണത്.
1940 ൽ ആണ് ആഷ്വിറ്റ്സ് ക്യാംപ് സ്ഥാപിക്കുന്നത്. വേറെ ഒന്നുമല്ല. സ്വന്തം രാജ്യത്തും കയ്യേറുന്ന സ്ഥലങ്ങളിലും ഉള്ള ജൂതന്മാരെ ഒക്കെ ഒന്ന് ഇല്ലാതെ ആക്കണം. അതിന് എന്താണ് വഴി? അവർ സ്വയം ഇല്ലാതായാലും മതി ആയിരുന്നു.
അതായത്, സംഗതി സിംപിൾ ആണ്. ഞങ്ങൾ ജര്‍മന്‍കാര്‍ അടിപൊളി ആണ്. മഹത്തായ ജർമൻ രാഷ്ട്രത്തിൽ ജൂതന്മാർ വേണ്ട. അത്രേ ഉള്ളു. ഒരാഗ്രഹം. അതൊരു തെറ്റാണോ ഗയ്സ്?
ആദ്യം അവരുടെ അവകാശങ്ങൾ ഒക്കെ എടുത്ത് കളഞ്ഞ്, ജോലി, ബിസിനസ് ഒക്കെ കളയിച്ച്, റേഷനും ഒന്നും കൊടുക്കാതെ അവർ അപ്രത്യക്ഷർ ആകുമോ എന്ന് ഒന്ന് നോക്കി കേട്ടോ. ദയ ഉള്ളവർ ആണ് ജര്‍മന്‍കാര്‍.
എന്നിട്ട് രക്ഷയില്ലാതെ ആണ് ഈ ക്യാമ്പ് ഒക്കെ തുടങ്ങിയത്. അഷ്വിറ്റ്സിൽ വളരെ അയത്ന ലളിതമായി ജീവനുള്ള, ചിന്തയുള്ള, വികാരങ്ങളുള്ള പതിനൊന്നു ലക്ഷം മനുഷ്യരെ ആണ് ഗ്യാസ് ചെയ്തും, പട്ടിണിക്കിട്ടും, അടിച്ചും കുത്തിയും കൊന്നത്.
ആഷ്വിറ്റ്സിലെ ജർമ്മൻ ഗാർഡുകളും കാമുകിമാരും ചിരിച്ചു കളിച്ച് ആഘോഷിക്കുന്ന പടം നോക്ക്. അവർ ആറാടുകയാണ്. രാജ്യത്തിന് വേണ്ടി ചെയ്യുന്ന ആ ദൗത്യം അവരെ ആഹ്ളാദിപ്പിക്കുന്നുണ്ട്. ഈ ക്യാംപിലെ ഡയറക്ടറുടെ അടുത്ത ആളായിരുന്ന അഡ്ജുറ്റൻറ് ഹോക്കർ ആണ് ഈ പടം എടുത്ത ആൾ.
ഈ ക്യാമ്പിലേക്ക് അയക്കപ്പെട്ട ചില പെൺകുട്ടികളുടെ പടങ്ങളും കാണാം. അവരെ പിന്നീടു കണ്ടിട്ടില്ല. അലൈഡ് ആർമി വന്നപ്പോ അവിടെ കണ്ട പട്ടിണിക്കോലങ്ങൾ അവരെ ഞെട്ടിച്ചു.
ഹോക്കർ പിടിക്കപ്പെട്ടു. വിചാരണക്കിടയിൽ അയാൾ പറഞ്ഞു:
“ഞാൻ എങ്ങനെ ഉത്തരവാദി ആകും? എനിക്ക് നിർത്താൻ പറ്റുന്ന കാര്യമായിരുന്നില്ല അവിടെ നടന്നത്. ഞാൻ കാരണം ആരും അവിടെ മരിച്ചിട്ടില്ല!!!”
ങേ – അപ്പൊ ആര് കാരണം ആണ് മരിച്ചത്? ആവോ.
അതാണ് ജനതതി ജനതതിയെ കൊല്ലുമ്പോൾ ഉള്ള ഒരു രസം. മനസാക്ഷി ഇല്ല; കൊലയുടെ ഉത്തരവാദിത്വം എടുക്കേണ്ട.
പാവന ദൗത്യം ചെയ്യുന്നതിന്റെ ചാരിതാർഥ്യം മാത്രം. ആഹ്ളാദവും.
പിന്നെ- ചെകിടടപ്പിക്കുന്ന നിശബ്ദതയും.
(ജിമ്മി മാത്യു)