മനുഷ്യ നിറത്തിന്റെ ചരിത്രം.

നമ്മൾ ഒരു കാര്യം മനസിലാക്കണം- ചിമ്പാന്സിയും ഗൊറില്ലയും ഒക്കെ നല്ല പോലെ വെളുത്ത ആളുകളാണ്! സത്യം. ഇല്ലേൽ നിങ്ങടെ സുഹൃത്ത് ആ ഗൊറില്ലചേച്ചിയെ ഒന്ന് ഫുൾ ബോഡി ഷേവ് ചെയ്തു നോക്ക്. അപ്പൊ ഒരു കാര്യം മനസ്സിലാകും- മുടി അഥവാ പൂട അഥവാ രോമം അഥവാ റംബൂട്ട് അഥവാ തൈര്-

അതാണ് കർത്തദ്!

അപ്പൊ നമ്മുടെ തൊലിനിറത്തെപ്പറ്റി പറയുമ്പോ, എപ്പോഴാണ് മനുഷ്യർക്ക് പൂട എന്ന റംബൂട്ട് പോയത് എന്ന് നോക്കണം. ചിമ്പാന്സികളും മനുഷ്യരും തമ്മിലുള്ള ജീനുകളിൽ ഉള്ള വ്യത്യാസവും, മറ്റു സാഹചര്യത്തെളിവുകളും വെച്ച് നോക്കുമ്പോ ഒരു പന്ത്രണ്ട് ലക്ഷം കൊല്ലങ്ങക്ക് മുൻപേ നമ്മുടെ പൂർവികരുടെ പൂട പൊഴിഞ്ഞു.

പൂട പൊഴിഞ്ഞ പൂർവികർ- ആഹാ- നല്ല ഫീൽ അല്ലെ? മൈര്ലെസ്സ് കാർന്നോന്മാർ.

അതായത് ഭായിയോം ഓർ ബഹനോം- കറുപ്പും തവിട്ടും വെളുപ്പും അതിൻറ്റെ ഇടയിലുള്ള എല്ലാ കളറിലുമുള്ള ഇന്ത്യൻ മക്കളെ, കേരളാവിൻ പൈതങ്ങളേ-

നമ്മൾ കിഴക്കൻ ആൾക്കുരങ്ങൻ ആണ്. ആഫ്രിക്കയിലെ തെക്ക് ആണ് ഘോര വനം മൊത്തം. അവിടെ ആണ് ചിമ്പാൻസിയും ഗൊറില്ലകളും ഒക്കെ. കിഴക്കിലെ പുൽമേടുകളിൽ ആൾക്കുരങ്ങുകൾ ഒക്കെ എവിടെ, എവിടെ, എവിടെ, എവിടെ?

ഇവിടെ, ഇവിടെ, ഇവിടെ, ഇവിടെ- എണീറ്റ് കണ്ണാടിയിൽ ഒന്ന് നോക്കിയാൽ മതി.

കാലാവസ്ഥ മാറിയപ്പോ കിഴക്കൻ വനങ്ങൾ നശിച്ച് പുൽമേടുകൾ ആയി. കഠിന ആഫ്രിക്കൻ സൂര്യന് കീഴെ ഓടിയോടി ഇര പിടിക്കുന്ന ഒരു കൂട്ട ഗോത്രജീവി ആവുമ്പൊ, തല ചൂടാവാതിരിക്കാൻ പൂട പോയി. ധാരാളം വിയർക്കുന്ന തൊലി വന്നു. എണീറ്റ് ഓടാമെന്നായി. രണ്ടു കാലിലുള്ള ഓട്ടവും ഇങ്ങനെ ഉണ്ടായതാണെന്നാണ് അനുമാനം. നമ്മുടെ അത്രേം തളരാതെ ഓടാൻ ഒരു മൃഗത്തിനും കഴിയില്ല.

പറഞ്ഞു വന്നത് ഇത്രേ ഉള്ളു. വിറ്റാമിൻ ഡി ഉണ്ടാക്കുന്ന ഒരു ബയോ റിയാക്ഷന്റ്റെ ഒരു സ്റ്റെപ്പ് നടക്കുന്നത് തൊലിയിലാണ്. അൾട്രാ വയലറ്റ് രശ്മി വേണം അതിന്. ഇതിനു ഏറ്റവും നല്ലത് വെളുത്ത തൊലിയാണ്. പക്ഷെ വെളുത്ത തൊലിയിലൂടെ എത്തുന്ന UV ലൈറ്റ് ഫോളേറ്റ് എന്ന വിറ്റാമിനിനെ വിഘടിപ്പിച്ചു കളയും. മാത്രമല്ല, കാൻസർ ഉണ്ടാക്കും. തൊലി പെട്ടന്ന് കേടാവും.

യുവി ആളത്ര വെടിപ്പല്ല- എന്നാൽ അവനെ വേണം താനും!

അതായത് ആഫ്രിക്കയിലെപ്പോലെ സൂര്യൻ ഉഗ്രനായി പെടക്കുമ്പോ മെലാനിൻ എന്ന കറുത്ത കെമിക്കൽ തൊലിയിൽ ഉള്ളതാണ് നല്ലത്. വിറ്റാമിൻ ഡി ക്കുള്ള യുവി എന്തായാലും കേറിക്കൊള്ളും.

പക്ഷെ എഴുപതിനായിരം കൊല്ലങ്ങളോ മറ്റോ മുന്നേ, കുറെ മനുഷമ്മാർ ആഫ്രിക്കയിൽ നിന്ന് പുറത്തിറങ്ങി, വടക്ക് വെയിൽ ഇല്ലാത്ത, തണുത്തു കോച്ചുന്ന സ്ഥലങ്ങളിൽ എത്തിയപ്പോ ആണ് പണി പാളിയത്.

ഒരു നൂറ്റമ്പത് ജീനുകളെങ്കിലും ഉണ്ട് മനുഷ്യനിറത്തിന്റ്റെ പാരമ്പര്യം നോക്കിയാൽ. എങ്കിലും ചില കീ ജീനുകൾ പോപ്പുലേഷൻ ജെനെറ്റിക്സ് ഒക്കെ വെച്ച് നോക്കിയാൽ, ഏഷ്യയിലെ തണുത്ത സ്ഥലങ്ങളിലും              (മംഗളോയ്‌ഡ്‌ എന്ന് പറയുന്ന ആളുകൾ), യൂറോപ്പിലെയും യൂറേഷ്യയിലെയും ചില സ്ഥലങ്ങളിലും (പൊതുവെ സായിപ്പന്മാർ എന്ന് പറയുന്ന) വ്യത്യസ്ത പരിണാമ പ്രക്രിയകളിലൂടെ വെളുത്ത തൊലി ഉണ്ടായി വന്നു.

ഇത് പിന്നെ അങ്ങോട്ടുമിങ്ങോട്ടും കുറെ മിക്സ് ആയി. പിന്നെ എവിടെയൊക്കെ വെയിൽ ഇല്ലയോ, അവിടെയൊക്കെ വെളുത്ത തൊലി വന്നു. ഒരു 100 തലമുറകൾ- അതായത് ഒരു രണ്ടായിരത്തഞ്ഞൂറു കൊല്ലം മതിയത്രെ, ഒരു ജനതതിയുടെ നിറം മാറാൻ!

ആദ്യം നിറവും സാമൂഹ്യ നിലയും വിലയും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പണ്ടത്തെ ഈജിപ്ത്, ഗ്രീസ്, റോം തുടങ്ങിയ സംസ്കാരങ്ങളിൽ വെളുത്ത നിറത്തോട് ഒരു പ്രതിപത്തിയും ഉണ്ടായിരുന്നില്ല എന്ന് പല ചരിത്രകാരന്മാരും പറയുന്നു. മസായി പോലെയുള്ള ചില ആഫ്രിക്കൻ ഗോത്രങ്ങളിൽ ഇപ്പോഴും താരതമ്യേന വെളുത്ത തൊലി ആളുകൾക്ക് ഇഷ്ടമില്ല.

യൂറോപ്യന്മാർ ലോകം മൊത്തം കീഴടക്കി അവരുടെ സംസ്കാരം ലോകം മൊത്തം പരത്തിയതിനു ശേഷം ആണെന്ന് തോന്നുന്നു- വെളുത്ത തൊലി വ്യാപകമായി എന്തോ മേന്മയുള്ളതാണ് എന്ന ഒരിത് വന്നത്.

ഇതിന് ഒരപവാദം ഇന്ത്യ ആണ്. മൂവായിരത്തഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് വെളുത്തതും കറുത്തതുമായ രണ്ടു ജനങ്ങൾ തമ്മിൽ ഇവിടെ ഒരു വലിയ മിക്സിങ് നടന്നു. അതിനെത്തുടർന്നുണ്ടായ ‘ജാതി’ എന്ന ഒരു സാധനം കാരണം വെളുത്ത നിറത്തോട് ഇന്ത്യക്കാർക്ക് വലിയ ഒരു ആരാധന വന്നു ചേർന്ന് എന്നാണ് പോപ്പുലേഷൻ ജെനെറ്റിക്സ് അടക്കമുള്ള തെളിവുകൾ പരിശോധിക്കുമ്പോ തോന്നുന്നത്. അത് വേറെ ഒരു വലിയ കഥയാണ്.       (ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .