മാൽത്തൂസിനെ മലർത്തിയടിച്ചു ! – നമ്മൾ എല്ലാരും കൂടാ ബ്രോ – ചുമ്മാ പേടിപ്പിക്കല്ലേ…

ഞാൻ കുഞ്ഞായിരുന്നപ്പം – അതായത് വളർന്നിങ്ങനെ വരുമ്പോൾ – എവിടെ നോക്കിയാലും ഒരു ചോകപ്പൻ ത്രികോണം (മറ്റേ കൊണം അല്ല – ത്രികോണം – ട്രയാങ്കിൾ ) കാണാം . പിന്നെ ഇളിച്ചിൻഡ് നിക്കുന്ന ഒരു അപ്പനും അമ്മയും ഒരു മോളും ആണെന്ന് തോന്നുന്നു . അടിയിൽ കാപ്ഷനും ഉണ്ട് – നമ്മൾ രണ്ടു നമുക്ക് രണ്ട് .

പിന്നെ ലോകത്തെല്ലായിടത്തും എഴുതിയും വച്ചിട്ടുണ്ട് – നിരോധ്  ഉപയോഗിക്കൂ രാഷ്ട്രത്തെ രക്ഷിക്കൂ . ഇതെന്താമ്മേ ഈ നിരോധ് ?

“ഒന്ന് പോടാ അവിടന്ന് . മൊട്ടേന്നു വിരിഞ്ഞിട്ടില്ല . അപ്പോഴാ…”

 

ഒന്നും മനസ്സിലായില്ല . മൊട്ടയുമായി ബന്ധമുള്ള എന്തോ ഒന്ന് ആണെന്ന് മനസ്സിലായി . “എന്തൂട്ടാ ഡാ ദ് ” എന്നൊരു ഫ്രണ്ടിനോട് ചോദിച്ചു , അവൻ പിറ്റേ ദിവസം വന്നത് ഒരു എമണ്ടൻ ബലൂണും വീർപ്പിച്ചോണ്ടാണ് .

“ഈ ബലൂണും കൊണ്ടെങ്ങിന്യാടാ രാഷ്ട്രത്തെ …?”

അവൻ അതും കൊണ്ടോടും . ഒരു അയ്യായിരം പിള്ളേർ അതിനു പുറകെ ഓളിയിട്ടൊണ്ട് ഓടുന്നു . അപ്പോൾ തന്നെ ഒരു മാഷ് അവനെ പിടിച്ചു . ഹെഡ്മാസ്റ്ററുടെ അടുത്ത് കൊണ്ട് പോയി ഒരു നോബൽ സമ്മാനവും കൊടുത്തു . ഞാൻ പറഞ്ഞിട്ടാണ് കൊണ്ട് വന്നത് എന്നുഅവൻ പറഞ്ഞ വകക്ക് എനിക്കും കിട്ടി ഒരു പദ്മശ്രീ .

 

അതായത് ഉത്തമാ …ഛീ …ഉത്തമ സുഹൃത്തുക്കളെ – ഭായിയോം ഓർ ബഹനോം – പതിനേഴാം നൂറ്റാണ്ടിൽ ഇൻഗ്ലണ്ടിൽ മാൽത്തൂസ് എന്ന് പേരായ ഒരു പാതിരി ജീവിച്ചിരുന്നു . അന്ന് ഇങ്ങളണ്ടിൽ എല്ലാവരും ശുഭാപ്തി വിശ്വാസക്കാരായിരുന്നു . വെറുതെയല്ല – ലോകത്തെ മുഴുവനും കാശ് അവിടെ കുമിഞ്ഞു കൂടുക ആയിരുന്നല്ലോ . എന്നാൽ മാൽത്തൂസ് എന്ന പാതിരി ഒരു പരട്ട ദുർമുഖൻ ആയിരുന്നു .  സന്തോഷിക്കണ്ട തെണ്ടികളെ എന്നാ പാവം മൊഴിഞ്ഞു . എന്താണെന്നല്ലേ ?

 

ലോക ജനസംഖ്യ ഇരട്ടപ്പേരുക്കത്തിൽ കൂടും , അതായത് ഒന്ന് , രണ്ട് , നാല് , – എട്ട് , പതിനാറ് , മുപ്പത്തിരണ്ട് …അങ്ങനെ ഒരു ബെല്ലും കണ്ട്രോളും ഇല്ലാതെ അതങ്ങനെ ശഡ് പൂക്കെന്ന് ശൂർ പൂരത്തിന് വാണാ പോണ ജാതീലാ പോവും . അപ്പൊ ഫുഡും , ക്ലോത്സും , സാമാനങ്ങളും അതിനനുസരിച്ച കൂട്വോ ?

 

ഇല്ല . പറ്റില്ല . സാധ്യമല്ല . നഹീം ന്ന് പറഞ്ഞാ നഹിം .

 

എത്ര കട്ടാലും കൊന്നാലും ജോലി ചെയ്ത ചത്താലും സാധിക്കില്ല .

 

പക്ഷെ ഒരു മാതിരി വളരെ നല്ല സ്ഥിതിയിൽ തന്നെ ശാസ്ത്രീയ കൃഷികളും, വ്യവസായ വിപ്ലവവും ഒക്കെ നമ്മെ രക്ഷിച്ചു നിർത്തി . എന്നാലും മാൽത്തൂസച്ചന്റെ കണക്ക് കണക്കാണ് .

 

കണക്കിനെ തോൽപ്പിക്കാൻ നമുക്കാവില്ല മക്കളെ .

 

ഇത് മനസ്സിലാകുമ്പോളുണ്ടാകുന്ന പേടിയുണ്ടല്ലോ മക്കളെ – അതാണ് നമ്മുടെ അന്നത്തെ സർക്കാരിനെ ഈ ത്രികോണം എഴുന്നള്ളിക്കാനും , മൊട്ടേന്നു വിരിയാത്തവർ കേക്കാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യപ്പെടുത്താനും നിര്ബന്ധിതരാക്കിയത് .

 

അത് മാത്രമല്ല കേട്ടോ . ഇതിനൊക്കെ മുൻപ് സഞ്ജയ് ഗാന്ധി എന്നൊരു പാവം ഉണ്ടായിരുന്നു . കട്ട് ചെയ്യണം കട്ട് ചെയ്യണം എന്നൊരൊറ്റ വിചാരമേ ഉണ്ടായിരുന്നുള്ളു മൂപ്പർക്ക് . കട്ട് ചെയ്യും പിന്നെ ഒരു ബക്കറ്റും തരും . ചോന്ന ബക്കറ്റ് . ഇത്ര പേരെ പിടിച്ചു കട്ട് ചെയ്തില്ലെങ്കിൽ ഡോക്ടർമാരുടെ ശമ്പളം കട്ട് ചെയ്യും ; ചെവിക്കും പിടിക്കും . പതിനാറു വയസ്സുള്ളൊരെ വരെ നിർബന്ധിച്ചു കൊണ്ട് പോയി കട്ട് ചെയ്യും . അങ്ങനെ നീ ഉണ്ടാക്കേണ്ടെന്ന്. എല്ലാം രാഷ്ട്ര നന്മക്കാണെ . സർക്കാർ വീണതോടെ അതൊക്കെ നിന്നു . എന്നാലും ഭീകര ബോധവത്കരണം തുടർന്നു .

 

എന്താണെന്നറിയില്ല . പെട്ടന്ന്  ഇതൊക്കെ നിന്നു . പിന്നീടൊന്നും കേൾക്കാനില്ല . അതെന്തു കൊണ്ടാണെന്നു നാം ഒരിക്കൽ പോലും ആലോചിട്ടുണ്ടോ ?

 

അതായത് – 1950 -ൽ ഒരു ശരാശരി ഇന്ത്യൻ സ്ത്രീക്ക് ആറു കുട്ടികൾ (ഫെർട്ടിലിറ്റി റേറ്റ് = 6 ).

ഇന്നത് ഏകദേശം 2.5 . ഗുണമുണ്ടായില്ലേ ? പിന്നെന്താ ?

 

അതേ – 1950 ൽ ബംഗ്ളാദേശിൽ ഫെർട്ടിലിറ്റി റേറ്റ് = 7 . ഇപ്പോഴോ – 2 .6 . ബംഗ്ളാദേശ് മുസ്ലിം രാജ്യമാണ് . ത്രികോണവുമില്ല തേങ്ങാക്കൊലയുമില്ല , അപ്പോഴോ ?

 

പാകിസ്ഥാനിലും നല്ല കുറവുണ്ട് . ഏഴിൽ നിന്നും മുന്നിലേക്ക്‌ താണു . അതിവേഗം പിന്നെയും താഴുന്നു . കുടുംബാസൂത്രണം എന്നും പറഞ്ഞങ് ചെല്ല് , അവന്മാർ വായിൽ ബോംബിട്ട് പൊട്ടിക്കും . അപ്പൊ അതെങ്ങനെ ?

 

അതായത് ഉത്തമ പുരുഷ കേസരികൾ സ്ത്രീ കേസര്യകളെ – നഗരവൽകരണം , വിദ്യാഭ്യാസം , സ്ത്രീ ശാക്തീകരണം , അഭിവൃദ്ധി – ഇവ കൂടുമ്പോൾ സ്വാഭാവികമായി കുറയുന്ന ഒന്നാണ് ഈ ജനന നിരക്ക് . ഒരു പ്രത്യേക ചരിത്ര മുഹൂർത്തം വരുമ്പോൾ സ്ത്രീകൾ പറയുന്നു :

 

“ഇനി ഒന്നൊട്യ ? ഒന്ന് പോ മനുഷ്യാ , ചെരവ – അല്ല ലാപ്ടോപ്പ് – എടുത്തു വീക്കും ഞാൻ”

 

ഇത്രേള്ളോ – കാര്യം .

 

അതായത് പോപുലേഷൻ ബോംബ് ചീറ്റിപ്പോയി .

 

മാൽത്തൂസ് തോറ്റേ – കീരിക്കാടൻ ചത്തെ …

 

ദൈവത്തിനു സ്തുതി – ആല്ലെലുയ്യ -( തമാശയല്ല)

 

ദേ  അപ്പൊ ഇവിടെ ഒരു ശുംഭൻ പറേണൂ : ഈ മുസ്ലിമ്സിങ്ങനെ കൂട്വാ . ക്രിസ്ത്യൻസിങ്ങനെ മതം മാറ്റം നടത്തി എല്ലാം കോളാക്കാണെ – അപ്പൊ എന്തുട്ടാ ചെയ്യാ ..ന്ന്

 

ഈ വാട്ട്സാപ്പിലൊക്കെ ഇതന്നെ – എന്നാ കണക്കാ നോക്കാല്ലോ . പ്രശ്നള്ള കാര്യല്ല . 2011 സെൻസസ് ഡാറ്റ ണ്ട് .

പാറ്റയാ ? ല്ല – ഡാറ്റ .

 

പിന്നെ pew റീസെർച് സെന്ററിന്റെ നല്ല ഒന്നാന്തരം പ്രോജെക്ഷൻസുണ്ട് – 2050 ൽ ഇവിടെ എന്തായിരിക്കും എന്നത് .

 

2011 ഡാറ്റ അനുസരിച്ചു ഇന്ത്യയിൽ ഹിന്ദുക്കൾ എൺപതു ശതമാനം . മുസ്ലിങ്ങൾ പതിനാലു ശതമാനം . ക്രിസ്ത്യാനികൾ 2 .3 ശതമാനം . മഹാഭൂരിപക്ഷം നല്ലവരായ ഇതിലൊന്നും കുലുങ്ങാത്ത ഹിന്ദുക്കളാണ് .

 

എന്നാൽ വളരെ ചെറിയ ഒരു വിഭാഗം പറയുന്നു – ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് 2 .5 ആണ് . മുസ്ലിങ്ങളുടെ 2 .9 ആണ് . 2050 ആകുമ്പോഴേക്കും ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഇന്ത്യയിൽ ആയിരിക്കും . ഹോ

 

പറയാത്ത ചില കാര്യങ്ങളുണ്ട്. അതാണ് കൂടുതൽ പ്രധാനം :

 

ജനന നിരക്ക് എല്ലാവരിലും കുറയുക ആണല്ലോ . ഹിന്ദുക്കളേക്കാൾ ഒന്നര ഇരട്ടി – അതായത് 50 ശതമാനം കൂടുതൽ വേഗത്തിലാണ് മുസ്ലിങ്ങളുടെ ജനന നിരക്ക് കുറയുന്നത് . വളരെ പെട്ടന്ന് അത് ഹിന്ദുക്കളുടെ അത്ര തന്നെ ആകും .

 

അതായത് ഒരു കണക്ക് അനുസരിച്ചു (ആധുനികത ഇതിലും പെട്ടന്ന് വന്നേക്കാം ) 2050 ൽ മുസ്ലിങ്ങൾ ജനസന്ഘ്യയുടെ പതിനെട്ടു ശതമാനം ആകും. (പിന്നെ മാറ്റങ്ങൾ ഒട്ടു വരികയുമില്ല ). ഹിന്ദുക്കൾ വെറും മൂന്നു ശതമാനം മാത്രമേ കുറയുകയുള്ളു (ക്രിസ്ത്യാനികളും സിക്കുകാരുമൊക്കെ പിന്നെയും കുറയും എന്ന് സാരം )

 

അതായത് – മുപ്പത്തി മൂന്നു വർഷങ്ങൾ കഴിഞ്ഞു (അപ്പോൾ ഇതൊക്കെ എന്ത് – ആ ലൈനിൽ ആകും . കാലചക്രം  തിരിയും . ഇതൊക്കെ ഓർത്തു ചിരിക്കുന്ന ഒരു സ്ഥിതി ആയേക്കും – അപ്പോഴാണ് ) നോക്കുമ്പോളും എഴുപത്തേഴു ശതമാനം എന്ന ഭീകര ഭൂരിപക്ഷത്തിൽ തന്നെ ഇന്ത്യ നിൽക്കും .

 

ഇനി അങ്ങനെ അല്ലെങ്കിൽ തന്നെ എന്ത് ? കേരളത്തിൽ ഇരുപത്തറു ശതമാനം മുസ്ലിങ്ങളും ഇരുപതു ശതമാനം ക്രിസ്ത്യാനികളും ആണ് . എന്നിട്ടു ബീഹാർ , യൂ പി , രാജസ്ഥാൻ , മധ്യ പ്രദേശ് ഇതൊക്കെ വച്ച് നോക്കുമ്പോൾ നമുക്ക് എന്താണ് ഹേ കുറവ് ? ഡോണ്ട് വി ലൈക് ? സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്തെ നമുക്ക് ഇഷ്ടമല്ലേ ? ഏത്?

 

പിന്നെ ക്രിസ്ത്യാനികളുടെ കാര്യമാണ് ഏറ്റവും കഷ്ടം . 1950 – ൽ  ജന സംഖ്യയുടെ 2.3 ശതമാനം . പിന്നെ എന്തൊക്കെ കാണിച്ചു . പള്ളി , സ്‌കൂള് . – സ്‌കൂള് , പള്ളി – പിന്നെ വിദേശത്തു നിന്ന് കാശിറക്കി ആഗോള ഗൂഡാലോചന മദർ തെരേസയും ഒക്കെ ചേർന്ന് നടത്തി . (അങ്ങനെ ആണല്ലോ ആരോപണങ്ങൾ )-ആകെ മൊത്തം ചൂണ്ടയിട്ടു . ആദിവാസികളെ തട്ടിക്കൊണ്ട് പോയി മതം മാറ്റി . അങ്ങനെ കഷ്ടപ്പെട്ട് , ബുദ്ധിമുട്ടി , മന്ത്രിയെയും എം ൽ എ യും പിടിച്ച 1950 ൽ 2.3  എന്നുള്ളതിൽ നിന്ന് :

 

2011 – ൽ വീണ്ടും – 2 .3 .

 

അല്ല സുഹൃത്തുക്കളെ – ഇങ്ങനെ കണക്ക് പറയുന്നത് മഹാ മോശമാണ് . എനിക്കറിയാഞ്ഞിട്ടല്ല . എനിക്കിതിൽ സത്യമായും ഒരു താല്പര്യവുമില്ല . എങ്കിലും സത്യം പറ – എത്ര പേർക്ക് ഈ കാര്യങ്ങൾ ശരിക്കും അറിയാമായിരുന്നു ?

 

എന്നാൽ ഭീതി ഉണ്ടാക്കുന്ന പാതി കണക്കുകൾ എല്ലാവരും കേട്ടിട്ടുണ്ട് .

 

ഷെയർ ചെയ്യുക . ഉണ്ടാകാൻ ഇടയുള്ള കുറെ തൊല്ലകൾ എങ്കിലും ഒഴിഞ്ഞു പോട്ടെ

(ജിമ്മി മാത്യു – പ്രാന്തൻ എഴുത്തു ഡോക്ടർ )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .