രണ്ടു മാപ്പ് അപേക്ഷകളുടെ കഥ :

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഒരു താടിക്കാരൻ ജനിച്ചു . പതിനേഴാം നൂറ്റാണ്ടിൽ ആണ് പുള്ളി പ്രശ്നക്കാരൻ ആവുന്നത് . താടിയുണ്ട് അങ്ങേർക്ക് . സാത്വികൻ ആണ് .

ഈ പതിനാറു പതിനേഴു നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞാൽ അവിടെ മൊത്തം കത്തോലിക്കാ സഭയുടെ വാഴ്ച ആണ് ! രാജാക്കന്മാർ ഒക്കെ മാർപാപ്പയെ ഓച്ഛാനിച്ചു നിൽക്കണം . ആടാമോ ? പാടാമോ ? എന്തൊക്കെ തിന്നണം ? എന്തൊക്കെ ചെയ്യാം ? – ഇതൊക്കെ സഭ തീരുമാനിക്കും . എന്തിനു – എന്തൊക്കെ ചിന്തിക്കാം എന്നത് വരെ നിയന്ത്രണത്തിൽ ആണ് .

താടിക്കാരെന്റെ പേര് ഗലീലിയോ എന്നാണു . അതിനു മുൻപ് ചില ചരിത്രങ്ങൾ ഒക്കെയുണ്ട് . അന്നൊക്കെ ശാസ്ത്ര കാര്യങ്ങളും അച്ചന്മാരും ബിഷപ്പുമാരും ഒക്കെയാണ് തീരുമാനിക്കുന്നത് . അരിസ്റ്റോട്ടിലും ടോളമിയും പറഞ്ഞിട്ടുണ്ട് – ഭൂമിയുടെ ചുറ്റും ആണ് സൂര്യൻ തിരിയുന്നത് . സൂര്യൻ മാത്രമല്ല . മറ്റു ഗ്രഹങ്ങളും , നക്ഷത്രങ്ങളും ഒക്കെ ഇങ്ങനെ ഭൂമിയെ ചുറ്റുന്നു .

അതായത് , ഭൂമിയിൽ ഏദൻ തോട്ടം . മനുഷ്യൻ ഇങ്ങനെ ഇരിക്കുന്നു . ബാക്കി ഒക്കെ ഭൂമിക്കു ചുറ്റും കറങ്ങുന്നു .
കണ്ടൂടെടോ – സൂര്യൻ ഉദിക്കുന്നു – കിഴക്കു നിന്നും പടിഞ്ഞാറ്റോട്ടേക്ക് ഇങ്ങനെ നീങ്ങുന്നു . അപ്പ്രത്തോട്ട് പോകുന്നു . സൊ സിംപിൾ – സില്ലി ഗയ്‌സ്‌ .

ടോളമി ആണ് ശരി – സഭ വിധിക്കുന്നു . എല്ലാരും തല കുലുക്കുന്നു . ഇല്ലെങ്കിൽ തല കാണില്ല .

കുറെ നാളായി ചിലർക്ക് സംശയം ഉണ്ട് . നിക്കോളാസ് കോപ്പർ നിക്കസ് എന്നൊരു ശാസ്ത്രജ്ഞൻ ഏകദേശം ഉറപ്പായും മനസ്സിലാക്കി – സൂര്യന് ചുറ്റും ആണ് ഭൂമിയും ഗ്രഹങ്ങളും കറങ്ങുന്നത് എന്ന് . പുള്ളി ഒരു ബുക്കും എഴുതി – “ആകാശ ഉണ്ടകളുടെ കറക്കം “. എഴുതീട്ട് വെറുതെ ഇരുന്നു . എന്താ കാര്യം ?

അച്ചടിക്കാൻ ധൈര്യമില്ല .

അപ്പൊ അച്ചടിച്ചില്ലേ ? അടിച്ചു . പ്രസിദ്ധീകരിച്ച ഉടൻ കോപ്പര്നിക്കസ് ചത്ത് കളഞ്ഞു ! – അങ്ങനെ അല്ല ; ചാകാൻ നേരം ആണ് പ്രസിദ്ധീകരിക്കാൻ കൊടുത്തത് . അനക്ക് മരിക്കണ്ടേ മനുഷ്യാ ? എന്ന് ആർക്കും ചോദിക്കാൻ പറ്റിയില്ല . പുസ്തകം വായിച്ചു മരിക്കണ്ടേയെന്ന് ചോദിക്കാൻ ചെന്നപ്പോഴേക്കും മരിച്ചു കളഞ്ഞു . എങ്ങനുണ്ട് കോപ്പര്നിക്കസ് അണ്ണന്റെ ബുദ്ധി ?

അത് പിന്നെ ഒറ്റ ബാൻ ആണ് . പദ്മാവതി ബാൻ ചെയ്തില്ലേ ? ലജ്ജ ബാൻ ചെയ്തില്ലേ ? സറ്റാനിക്‌ വേഴ്സസ് ബാൻ ചെയ്തില്ലേ ? അത് പോലെ ആകാശ ഉണ്ടകളുടെ കറക്കം സഭ ബാൻ ചെയ്തു .

പ്രശ്നം പറ്റിയത് അവിടെ അല്ല . ആകാശ ഉണ്ടകളുടെ കറക്കം എന്ന പുസ്തകം ബാൻ ചെയ്‌തെങ്കിലും ശരിക്കുള്ള കറക്കം ബാൻ ചെയ്യാൻ മാർപാപ്പ മറന്നു പോയി . അത് കൊണ്ട് ആകാശ ഉണ്ടകൾ കറക്കം തുടർന്നു .

ഗലീലിയോ അപ്പോഴാണ് രംഗ പ്രവേശനം ചെയ്യുന്നത് . കൊച്ചു പിള്ളേർ ആയിടക്ക് കണ്ടു പിടിച്ച ടെലിസ്‌കോപ്പ് എന്ന ഒരു കോപ്പ് കണ്ണിൽ വച്ച് കളിക്കുന്നത് പുള്ളി കണ്ടു . അതെടുത്തു അങ്ങേര് വലുതും നല്ലതുമാക്കി . അടുത്ത വീട്ടിലെ ചേച്ചിയെ നോക്കുന്നതിനു പകരം ആകാശത്തേക്ക് നോക്കി .

സൂര്യനെ നോക്കി . സൺ സ്പോട്സ് കണ്ടു പിടിച്ചു . ചന്ദ്രനിലെ മലകൾ കണ്ടു . ജൂപിറ്ററിനു ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങൾ കണ്ടു . ഒക്കെ കണ്ടു . ബോധ്യമായി . വിവരങ്ങൾ കെപ്ലർ എന്ന ഒരു സുഹൃത് ശാസ്ത്രജ്ഞനുമായി പങ്കു വച്ച് .

എല്ലാ അച്ചന്മാരെയും ബിഷപ്പുമാരെയും അങ്ങേര് വിളിച്ചു :

അച്ചോ ബാ , പിതാവേ ബാ – ദേ ഇതിലൂടെ നോക്ക് . നോക്കി ബോധ്യപ്പെടു . ഞാൻ കാണിച്ചു തരാം .

ചുരുക്കത്തിൽ ഗലീലിയോ അമ്മാവൻ പറഞ്ഞത് ഇതാണ് :

“പഠിച്ചിട്ട് വിമർശിക്കു സുഗ്രിത്തെ ”

എവടെ . ഒരൊറ്റ ഒരാൾ കോപ്പിലൂടെ നോക്കിയില്ല ! പഠിച്ചും ഇല്ല . ഗലീലിയോ യെ പിടിച്ചു മാർപാപ്പ യുടെ അടുത്ത് കൊണ്ട് പോയി .

“ടെലിസ്‌കോപ്പ് , ടെലിസ്‌കോപ്പ് ” എന്നൊക്കെ ഗലീ അമ്മാവൻ പറഞ്ഞു നോക്കി .

താൻ ഒരു കോപ്പും പറയണ്ട – മര്യാദക്ക് ക്ഷമ പറഞ്ഞിട്ട് സൂര്യൻ ഭൂമിക്ക് ചുറ്റും ആണ് തിരിയുന്നത് എന്ന് പറയാൻ പറഞ്ഞു .

ഇല്ലെങ്കിൽ – ചില ചെറിയ പ്രയോഗങ്ങൾ ഉണ്ട്. നഖത്തിനിടയിലൂടെ സൂചി കേറ്റുക , കയ്യും കാലും വലിച്ചു കീറുക , തീയിൽ ചുടുക – അങ്ങനെ ഒക്കെ . ഇതൊക്കെ നന്മക്കു വേണ്ടിയാണ് . ആത്മാവ് സ്വർഗത്തിൽ പോകാൻ ആണ് .

സ്നേഹപൂർവ്വം ആയ ഈ ഉപദേശം ഗലീലിയോ കേട്ട് . തെറ്റ് മനസ്സിലാക്കി ക്ഷമ പറഞ്ഞു .

അങ്ങനെ അത് കഴിഞ്ഞു . കെപ്ലർ ഓടി ജർമനിയിൽ പോയി . അന്ന് ജർമനി പ്രൊട്ടസ്റ്റന്റ് ആയിരുന്നു . മാർപാപ്പയ്ക്ക് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥലം . അവിടെ വച്ച് പഠനങ്ങൾ തുടർന്നു .

പിന്നെ ഈ അടുത്ത കാലത് ഒരു ട്വിസ്റ്റ് ഉണ്ടായി . 1992 ൽ അന്നത്തെ മാർപാപ്പ ആയ ജോൺ പോൾ രണ്ടാമൻ ഗലീലിയോ യോട് മാപ്പ് പറഞ്ഞു ! ഗലീലിയോ പറഞ്ഞത് അപ്പിടി സത്യം ആണെന്ന് 360 വര്ഷം കഴിഞ്ഞു സമ്മതിച്ചു . എന്താല്ലേ .

മാപ്പുകൾ വരും പോകും . ചരിത്രം എന്താണ് നമ്മോട് പറയുന്നത് ?

ചരിത്രം പടിച്ചിട്ട് മാപ്പ് പറയിക്കു സുകൃത്തെ . (ജിമ്മി മാത്യു

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .