ലവ് ജിഹാദ് ഉണ്ട് ! ഉണ്ട് !

സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു – ലവ് ജിഹാദ് ഉണ്ട്! ഇത് അറിഞ്ഞപ്പോൾ മുതൽ ഞാൻ ഞെട്ടി ഇരിക്കയാണ് . നിങ്ങളും ഞെട്ടണം .

പക്ഷെ അതിനു മുൻപ് ചില ബാക്ഗ്രൗണ്ട് ഒക്കെ ഇടണം . അതിൽ ആണ് കൂടുതൽ ഞെട്ടിക്കുന്ന കാര്യങ്ങൾ .

അതായത് , ഈ കല്യാണത്തെ പറ്റി നമുക്ക് ചില അബദ്ധ ധാരണകൾ ഉണ്ട് :

  • രണ്ടു വ്യക്തികൾ തമ്മിൽ അതിയായ പ്രേമം തോന്നുന്നു . അവർ കല്യാണം കഴിക്കുന്നു . ഈ രണ്ടു വ്യക്തികൾ തമ്മിൽ മാത്രം ഉള്ള ഒരു കോൺട്രാക്ട് ആണ് വിവാഹം . അങ്ങനെ വിശ്വസ്തതയോടെ ജീവിത കാലം മൊത്തം കഴിയാൻ മനുഷ്യർക്ക് , ജൈവികവും , നൈസർഗ്ഗികവും (ഹോ – ഓരോ വാക്കോളെ ) ആയ ഒരു വേദന …..ച്ചെ —ചോദന ഉണ്ട് .

ഇതൊക്കെ തെറ്റാണ് !

മനുഷ്യ ശിശു കൊല്ലങ്ങളോളം നിസ്സഹായൻ ആണ് .. പത്തിരുപത് കൊല്ലം പിടിക്കും ഒന്ന് തന്നെ വളർന്നു വരാൻ . അപ്പൊ കുറെ എന്നതിനെ വളർത്തണമെങ്കിൽ അപ്പൻ കൂടെ കൂടിയേ പറ്റൂ . അതിനാൽ , പ്രേമവും , ആൺ പെൺ ആജീവനാന്ത ബന്ധവും ഉരുത്തിരിഞ്ഞു വന്നു . ഇതാണ് സാധാരണ ഉള്ള ഒരു ധാരണ . വളരെ ഉപരിപ്ലവമായി നോക്കിയാൽ ശരിയാണ് എന്ന് തോന്നുമെങ്കിലും , കാര്യമായ ചില പ്രശ്നങ്ങൾ ഉണ്ട് .

പ്രേമം തന്നെ എടുക്കാം . അവൻ വീണു . അവളെ വീഴ്ത്തി . പ്രേമത്തിൽ തല കുത്തി വീണു . എന്നൊക്കെ സ്ഥിരം പറയാറുണ്ട് . ഇതെന്താ ചാണക കുഴിയോ ഇങ്ങനെ വീഴാൻ?

എന്തിട്ടഷ്ടോ ദ് ?

പെട്ടന്ന് , അറിയാവുന്ന ഒരാളോട് അദമ്യമായ ആഗ്രഹവും അടുപ്പവും തോന്നുന്നു . എപ്പോഴും അടുത്തുണ്ടാവണം എന്നൊരു വാശി പോലെ . സ്വന്തമാക്കണം എന്ന വാഞ്ഛ . ഡോപമിൻ , ഓക്‌സിടോസിൻ ഒക്കെ മലവെള്ളം പോലെ ഒഴുകുന്നു . ആൾ അടുത്തുള്ളപ്പോൾ ആറാട്ട് . ഒന്ന് വിട്ടു നിന്നാൽ ഡിപ്രഷൻ .

ഇത് ഉള്ളതാണ് . പലർക്കും അനുഭവം കാണും . എനിക്കും ഉണ്ട് . ഇതിന്റെ പ്രശ്നം എന്താണെന്നു വച്ചാൽ , പഠനങ്ങൾ കാണിക്കുന്നത് , ഈ അവസ്ഥ വളരെ താൽക്കാലികം ആണെന്നുള്ളതാണ് . ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയാൽ , ആ സ്പോട്ടിലോ , മാസങ്ങൾക്കുള്ളിലോ ഈ പ്രതിഭാസം അപ്രതീക്ഷിതമാകുന്നു . സോറി – അപ്രത്യക്ഷമാകുന്നു . അതെന്ത് കൊണ്ടാണ് അത് ?

ഇനി ചരിത്രാതീത കാലത്തേക്ക് ഒന്ന് എത്തി നോക്കാം . ലക്ഷക്കണക്കിന് വർഷങ്ങൾ മനുഷ്യർ ഗോത്ര ജീവികൾ ആയിരുന്നല്ലോ . പാട്രിലോക്കി എന്ന ഒരു സാധനം ഉണ്ട് . പോപ്പുലേഷൻ ജനറ്റിക്സ്, അൻഷ്യന്റ് ഡി ണ് എ ഡാറ്റ ഒക്കെ നോക്കിയാൽ , നിയാണ്ടര്താൽ മനുഷ്യന്റെ കാലം തൊട്ട് , മനുഷ്യ ആണുങ്ങൾ ഒരു ഗോത്രത്തിൽ തന്നെ നിൽക്കുകയും , പെണ്ണുങ്ങൾ പല ഗോത്രങ്ങളിലേക്ക് മാറിപ്പോകുകയും ചെയ്യിരുന്നതായി കാണാം .

ഇപ്പോൾ ബാക്കിയുള്ള പുരാതന ഗോത്രങ്ങൾ പഠിച്ചാൽ വളരെ രസകരമായ ഒരു കാര്യം കാണാം . എൺപത് ശതമാനം ഗോത്രങ്ങളിലും , ലവ് മാരിയേജ് വളരെ ബുദ്ധിമുട്ടാണ് ! (വേഴ്ചകൾ വേറെ ). അതായത് , വളരെ ചെറിയ പ്രായത്തിലെ തന്നെ സമൂഹം പെണ്ണുങ്ങളെ പിടിച്ചു കെട്ടിക്കും ! ആണുങ്ങളെയും ! രണ്ടാൾക്കും അതിൽ വലിയ റോൾ ഒന്നുമില്ല . പെണ്ണുങ്ങളെ ചിലപ്പോൾ അതെ ഭാഷ സംസാരിക്കുന്ന അടുത്തുള്ള , ബന്ധം ഉള്ള ഇതര ഗോത്രത്തിലേക്ക് കൊടുക്കും .

എന്നാൽ ശത്രുത ഉള്ള ഗോത്രങ്ങളിലേക്ക് , അഥവാ അപര ഗോത്രങ്ങളിലേക്ക് ഒരിക്കലും കൊടുക്കില്ല . യുദ്ധങ്ങൾ നടക്കുമ്പോൾ ‘പിടിച്ചെടുക്കുന്ന ” പ്രധാന വസ്തുക്കളിൽ ഒന്നാണ് സ്ത്രീകൾ ! ആ ശത്രുത ഒന്നും ഒരു കാലത്തും ഗോത്രങ്ങൾ മറക്കില്ല . പിന്നെയും കൊല്ലലും , യുദ്ധങ്ങളും , പിടിച്ചോണ്ട് പോക്കും നടക്കും . ഗോത്രത്തിന്റെ ഉള്ളിൽ ആണെങ്കിലും , മിക്കവാറും , പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്ക് ആണ് വരുന്നത് . ഇപ്പോഴും അങ്ങനെ തന്നെ ആണ് നടക്കുന്നത് .

‘വസ്തുക്കൾ ‘ എന്ന് പറഞ്ഞത് മനഃപൂർവം ആണ് . ലോക ചരിത്രം പരിശോധിച്ചാൽ , ഗോത്ര സമൂഹത്തിന്റെ സ്വകാര്യ സ്വത്തായിട്ടാണ് എന്നും സ്ത്രീകളെ കണ്ടിരുന്നത് . ക്രിസ്ത്യാനികളുടെ പത്തു കല്പനകൾ എടുക്കാം . സമൂഹത്തിനകത്ത് പാലിക്കേണ്ട മര്യാദകൾ ആണ് അതിൽ എഴുതിയിരിക്കുന്നത് . (യൂണിവേഴ്സൽ അഥവാ പ്രാപഞ്ചികം അല്ല . അത് പോട്ടെ ). ഈ ബലാത്സംഗം എന്ന ഹീനമായ കുറ്റകൃത്യത്തിനെതിരെ എന്തെങ്കിലും അതിൽ ഉണ്ടോ ?

നോക്കിക്കോ – ഇല്ല .

എന്നാൽ , അന്യന്റെ ‘വസ്തുക്കൾ’ മോഹിക്കരുത് , എന്ന പ്രമാണം കഴിഞ്ഞ് വരുന്നുണ്ട് :

“അന്യൻറെ ഭാര്യയെ മോഹിക്കരുത് !!!”

പ്ലീസ് നോട്ട് ദി പോയിന്റ് . ‘അന്യന്റെ ഭർത്താവിനെ മോഹിക്കരുത് ‘ – അങ്ങനെ ഒരു സംഭവം ഉണ്ടോ ?

ഇല്ല .

അതായത് . പത്തു പ്രമാണങ്ങൾ അടിസ്ഥാനപരമായി സമൂഹ നേതാക്കളായ ആണുങ്ങളോടുള്ള നിർദേശങ്ങൾ ആണ് . പെണ്ണുങ്ങൾക്ക് ‘വ്യക്തി ‘ അഥവാ ‘സ്വതന്ത്ര വ്യക്തി ‘ എന്ന പരിഗണനയെ കൊടുത്തിട്ടില്ല .

ഹമ്മുറാബിയുടെ നിയമങ്ങൾ ആണ് ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ടിരിക്കുന്നു നിയമ സംഹിത . അതിൽ ചിലതിൽ , ഒരാൾ ഏതെങ്കിലും കന്യകയെ ബലമായി പ്രാപിച്ചാൽ , അയാളുടെ മകളെ , അഥവാ സഹോദരിയെ ഒക്കെ ബലാത്സംഗം ചെയ്യുക ഒക്കെ ആണ് ശിക്ഷ ആയി പറഞ്ഞിട്ടുള്ളത് . ചരിത്രത്തിൽ ഉള്ള നിയമസംഹിതകൾ ഒക്കെ ഇങ്ങനെ ആണ് . എന്തിന് , ഇപ്പോൾ പോലും , ഇന്ത്യയിലും , പാകിസ്താനിലും ഉള്ള ഖാപ് പഞ്ചായത്തുകൾ ഇടയ്ക്കിടെ ഈ ജാതി ഉടായിപ്പ് ശിക്ഷവിധികളുമായി വരുന്നത് കാണാം .

ഹൌ ബ്യൂട്ടിഫുൾ പീപ്പിൾ !

ഇതൊക്കെ ആണ് നമ്മൾ . അപ്പൊ നമ്മൾ വിചാരിക്കും . ഇപ്പൊ ഇതൊക്കെ മാറിയില്ലേ എന്ന് .

2016 ൽ കേര അഡിൽഡോർഫും റോഷൻ പാണ്ഢ്യനും ചേർന്ന് , അമ്പതിനായിരത്തോളം പേരിൽനടത്തിയ ഒരു സർവേ പഠനം ഉണ്ട് (റെഫറൻസ് ) . 1970 മുതൽ 2001 വരെ ഉള്ള വിവാഹങ്ങളെ പറ്റി സ്ത്രീകളോട് ചോദിച്ചു നടത്തിയ പഠനം ആണിത് .

  • ഇന്ത്യയിൽ അറേൻജ്‌ഡ്‌ കല്യാണങ്ങൾ തന്നെ ആണ് ഇപ്പോഴും നടക്കുന്നത് .
  • സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ കണ്ടെത്തി എന്ന് പറയുന്നത് മൂന്നാലു ശതമാനത്തിൽ നിന്നും അഞ്ചാറ് ശതമാനത്തിലേക്കേ വളർന്നിട്ടുള്ളു .
  • 1970 ൽ , എഴുപത്തഞ്ചു ശതമാനം സ്ത്രീകളും കല്യാണ ദിവസം ആണ് വരനെ ആദ്യമായി കാണുന്നത് . ച്ചെ ..എന്താല്ലേ ? പണ്ടത്തെ ഓരോ കാര്യങ്ങളെ . അപ്പൊ മുപ്പത് വര്ഷം കഴിഞ്ഞോ ? – അറുപത്തഞ്ചു ശതമാനം പേരും കല്യാണ ദിവസമാണ് ആദ്യമായി വരനെ കാണുന്നത് ! സന്തോഷായില്ലേ അരുണേട്ടാ ?
  • ഇന്റർ കാസ്റ്റ് കല്യാണങ്ങൾ നാലു ശതമാനത്തിൽ നിന്ന് ആറു ശതമാനമായി ഉയർന്നു . ആഹഹ .

അതായത് , ചില പായിന്റുകൾ :

പാശ്ചാത്യ രാജ്യങ്ങളിലെ ഒരു കല്യാണമേ അല്ല നമ്മുടെ കല്യാണങ്ങൾ . ഒന്ന് ഒന്നിച്ചു ചേരാൻ ജൈവീകമായി ചോദന ഉണ്ടെങ്കിലും , പിന്നീട് കുടുംബത്തെ നില നിർത്തുന്നത് കർശന സാമൂഹിക നിയമങ്ങൾ ആണ് . സ്വാംശീകരിച്ച സാമൂഹ്യ മൂല്യങ്ങൾ ആണ് . വിവാഹത്തിന് നൽകുന്ന ദിവ്യത അഥവാ പവിത്രത ആണ് .

സ്ത്രീകളെ സ്വസമുദായ സ്വത്ത് ആയാണ് പ്രാകൃത ഗോത്ര സമൂഹങ്ങൾ കണക്കാക്കുന്നത് . അവരെ കവർന്നെടുക്കുന്നത് , അതിപ്പോ ആത്മാർത്ഥമായി സ്നേഹിച്ചായാലും ലവ് ജിഹാദ് ആണ് .

അതിനിപ്പോ ഡാറ്റ , പാറ്റ , നിയമ നിർവ്വചനങ്ങൾ ഒന്നും വേണ്ട . സ്വല്പമെങ്കിലും സംഘടിതമായി അതിനെയോ മതം മാറ്റത്തെയോ പ്രോത്സാഹിപ്പിച്ചാൽ , സ്വാഭാവികമായി അത് ഒരു വലിയ പ്രകോപനമായി ഏത് ഗോത്രവും കാണും .

ഇന്ത്യ , പല ഗോത്രങ്ങളുടെ ഒരു കൂട്ടായ്മ ആണ് . ഈ ജാതി , മത കൂട്ടങ്ങളെ മിക്ക നിർവചനം അനുസരിച്ചും ഗോത്രങ്ങൾ ആയി തന്നെ കാണാം .

അപ്പൊ ഒരു ചോദ്യത്തിന് ഉത്തരം ആയി . പെണ്ണുങ്ങളെ കല്യാണം ചെയ്ത് , മതം മാറ്റുന്നതാണ് ഏറ്റവും പ്രശ്നം – ആണുങ്ങളെ അല്ല . പെണ്ണുങ്ങളെ ആണ് ‘സ്വത്ത് ‘ ആയി കണക്കാക്കിയിട്ടുള്ളത് . മതം മാറിയ ആണ് ‘കുലം കുത്തി ‘ മാത്രമാണ് .

ഇനിയും ചോദ്യങ്ങൾ ഉണ്ട് . എന്ത് കൊണ്ട് ഈ സമയത്ത് , ഈ വിഭാഗത്തിന് മറ്റേ ആ വിഭാഗത്തോട് മാത്രം ഇങ്ങനെ തോന്നാൻ ?

അതിനു കട്ട ലോക്കൽ കാരണങ്ങൾ ആയിരിക്കും . കുറെ എല്ലാവര്ക്കും അറിയാവുന്നതാണ് . അത് പിന്നെ .

ഇപ്പോൾ വെറും വിഹഗ വീക്ഷണം . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .