കൂടെ ഉള്ള പടം നോക്കൂ . നമ്മൾ മനുഷ്യ ആണുങ്ങളുടെ വൃഷണങ്ങൾ താരതമ്യേന ചെറുതാണ് . ഗൊറില്ലയുടേത് തീരെ ചെറുതും(ശരീരം വച്ച് നോക്കിയാൽ പ്രത്യേകിച്ചും). എന്നാൽ ചിമ്പാൻസിക്ക് അതി ഭയങ്കരം ആയ വൃഷ്ണങ്ങൾ ആണുള്ളത് . ഓരോന്നും ഒരു വലിയ മാങ്ങയുടെ അത്രേം വരും. എന്ത് കൊണ്ടാണത്?
ഇരുപത്തിനാല് മണിക്കൂറും സെക്സ് – അതാണ് ചിമ്പാൻസി ജീവിതം . ഒരു പെൺ ചിമ്പാൻസി അണ്ഡോത്പാദന സമയത്ത് മാത്രമേ സെക്സിന് സമ്മതിക്കു . അപ്പോൾ , ആ ഗോത്രത്തിൽ ഉള്ള ഒരു മാതിരി എല്ലാ ആണുങ്ങളും ഈ പെണ്ണുമായി ബന്ധപ്പെടും . ഉദ്പാദിപ്പിക്കുന്ന സ്പെർമുകൾ തമ്മിൽ ആണ് മത്സരം . ലിറ്റർ കണക്കിന് ഉണ്ടാക്കാനാണ് ഈ വലിയ , ഗംഭീര വൃഷണങ്ങൾ . എന്നാൽ , ഒരൊറ്റ ആണും പല പെണ്ണുങ്ങളും കൂടിയതാണ് , ഗൊറില്ല കുടുംബം . മറ്റുള്ള ആണുങ്ങളെ എല്ലാം ശരീര ശക്തി കൊണ്ട് ഗൃഹനാഥൻ അടുപ്പിക്കാതെ നിർത്തും . ഫലമോ – ചെറിയ നെല്ലിക്കാ വൃഷണങ്ങൾ .
നമ്മുടെ വൃഷ്ണങ്ങളും അത്ര വലുതല്ല . കാരണം ?
മോണോഗാമി . ഒരു ആൺ ഒരു പെണ്ണുമായി ചേർന്ന് ദീർഘകാലം കഴിക്കുന്ന സ്ഥിതി . ഗോമ്പറ്റീഷൻ ഉണ്ടാവാം . എന്നാൽ ചിമ്പാന്സിയുടെ അത്രേം ഇല്ല . എന്നാൽ ഗോറില്ലെടെ അത്രേം നമുക്ക് റിലാസ്ക് ചെയ്യാനും പറ്റില്ല .
എന്നാൽ ശരിക്കും എപ്പോഴും , മുഴു വിശ്വസ്തതയോടെ മോണോഗാമി കാണിക്കുന്ന , അതായത് , ജീവിതം മൊത്തം ഒരേ ഇണ ഉളള ഗിബൺ , മാർമോസെറ്റ് കുരങ് , ചില ചെന്നായ്ക്കൾ എന്നിവയെ വച്ച് നോക്കുമ്പോൾ , നമ്മുടെ മോണോഗാമിക്ക് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നും . ഒരു ആണ് , പല പെണ്ണുങ്ങളെ വച്ച് കൊണ്ടിരിക്കുന്ന ഗൊറില്ല , വാൽറസ് എന്നിവക്കൊക്കെ ഒരു പ്രത്യേകത ഉണ്ട് . ആണുങ്ങൾ ഭയങ്കരന്മാർ ആയിരിക്കും . പെണ്ണിന്റെ ഇരട്ടി വലുപ്പം . പതിന്മടങ്ങ് ശക്തി . കൊമ്പ് , പീലി മുതലായ ഗംഭീര വ്യത്യാസങ്ങൾ . എന്നാൽ , ജീവിതകാലം മൊത്തം , ആണും പെണ്ണും വിശ്വസ്തതയോടെ കഴിയുന്ന ജീവികളിൽ , ആണിനേയും പെണ്ണിനേയും തിരിച്ചറിയാനേ പറ്റില്ല!
എന്നാൽ മനുഷ്യനെ നോക്ക് . ഗൊറില്ലയുടെ പോലെ അല്ലെങ്കിലും , വ്യത്യാസങ്ങൾ ഉണ്ട് . ഇല്ല എന്ന് പറയല്ലേ – ഉണ്ട് .
പിന്നെ ഇപ്പോഴത്തെ പോപുലേഷൻ ജനറ്റിക്സ് എന്ന ശാസ്ത്ര സങ്കേതം ഉപയോഗിച്ച്, മൈറ്റോകോൺഡ്രിയൽ , വൈ ക്രോമോസോമിൽ ഡി ൻ എ ഒക്കെ നോക്കിയാൽ നമുക്ക് പെണ്ണുങ്ങൾ ആയ പൂർവികർ കൂടുതൽ ആണെന്ന് കാണാം . അതായത് , പരിണാമ വഴികളിൽ , കുറെ ആണുങ്ങൾ ഒന്നിൽ കൂടുതൽ പെണ്ണുങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടായിട്ടുണ്ട് . ചില ആണുങ്ങൾ ഒന്നും നടക്കാതെ ചത്തൊടുങ്ങി . എന്നാൽ , ഒരു മാതിരി എല്ലാ പെണ്ണുങ്ങൾക്കും , രമിക്കാൻ ആണുങ്ങളെ കിട്ടിയിട്ടുണ്ട് .
ഇപ്പോഴത്തെ ഗോത്ര സമൂഹങ്ങൾ നോക്കിയാലും ഇത് കാണാം . എൺപത് ശതമാനം മോണോഗാമി തന്നെ ആണ് . എന്നാൽ , ഇരുപത് ശതമാനത്തോളം ആണുങ്ങൾ – വളരെ പ്രബലർ ആയവർ , ഒന്നിൽ കൂടുതൽ പെണ്ണുങ്ങളെ വച്ച് കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ട് .
ചുരുക്കം പറഞ്ഞാൽ , മറ്റുള്ള ആണുങ്ങളെ പേടിപ്പിച്ച് , ആധിപത്യം സ്ഥാപിക്കാൻ ആണുങ്ങൾക്ക് പരിണാമ വഴിയേ ഒരു വാഞ്ഛ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ടെന്നർത്ഥം . സ്റ്റാറ്റസ് കൂടുതൽ ഉള്ള ആണുങ്ങളുടെ പുറകെ പോകാൻ പെണ്ണുങ്ങൾക്ക് ഒരു ചെറിയ ആശ ഉണ്ടാവാനും സാധ്യത ഉണ്ട് .
പ്ലീസ് നോട്ട് – പരിണാമ വഴികളാൽ ഉണ്ടാവുന്ന സ്വഭാവ പ്രത്യേകതകൾ ഒന്നിനെയും ന്യായീകരിക്കുന്നില്ല . പ്രകൃത്യാ ഉണ്ടാവുന്ന ചോദനകൾ നിയന്ത്രിക്കേണ്ടതാണെങ്കിൽ, അത് ചെയ്യുന്നതിൽ ആണ് ഇന്ന് മനുഷ്യന്റെ മിടുക്ക് .
ഇനി കാര്യത്തിലേക്ക് വരാം . വൃഷണം വിടു . ലിംഗത്തിലേക്ക് നോക്ക് . പടം നോക്ക് .
മനുഷ്യ ലിംഗം ഒരു അതി ഭയങ്കര സാധനം ആണ് ! ഗൊറില്ലയുടെ ഒക്കെ ഇരട്ടി ഉണ്ട് . വലിപ്പത്തിൽ ഗൊറില്ല നമ്മുടെ ഇരട്ടി ഉണ്ടെന്നോർക്കണം . എന്താണ് ഈ എമണ്ടൻ ലിംഗത്തിന്റെ ഉദ്ദേശം ?
ഒന്നും മനസിലാകുന്നില്ല .
ഇതരുണത്തിൽ പരിണാമ ശാസ്ത്രജ്ഞന്മാർ ഇറക്കുന്ന ഒരു സാധനം ഉണ്ട് – സെക്സുഅൽ സെലെക്ഷൻ . അതായത് , വലിയ ലിംഗം ഉള്ള ആണുങ്ങളെ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം . അങ്ങനെ തലമുറകൾ തോറും , ആൺ ലിംഗം വലുതായി , വലുതായി വരുന്നു !
എന്നാൽ , പെണ്ണുങ്ങളോടുള്ള ചോദ്യ സർവേകളിൽ ഈ സാധനം പ്രതിഫലിക്കുന്നില്ല ! പെണ്ണുങ്ങൾക്ക് സാദാ ലിംഗവലിപ്പം കഴിഞ്ഞുള്ള ഭീമാകാര ലിംഗങ്ങളിൽ വലിയ താല്പര്യം ഇല്ലത്രെ !
അപ്പൊ . മനുഷ്യന്റെ ഈ ലിംഗ വലിപ്പത്തിന്റെ കാരണം എന്താണ് ?
- ഒന്നുകിൽ പെണ്ണുങ്ങൾ ഒക്കെ നുണ പറയുന്നു .
- അല്ലെങ്കിൽ , ഈ ലിംഗവലിപ്പം പെണ്ണുങ്ങളെ കാണിക്കാൻ ഉള്ളതല്ല – ആണുങ്ങളെ കാണിക്കാൻ ഉള്ളതാണ് !
ഞാൻ വ്യക്തമാക്കാം . ഒത്തിരി സസ്തനികളിൽ ഉള്ളതാണ് ആണുങ്ങൾ തമ്മിൽ ഉള്ള യുദ്ധങ്ങൾ . സ്ക്വീറൽ കുരങ്ങന്മാർ ഉൾപ്പെടെ പലതിലും , പരസ്പരം ഉദ്ധരിച്ച ലിംഗങ്ങൾ കാണിക്കുന്നത് ആണ് യുദ്ധത്തിന്റെ ഒരു പ്രധാന ഭാഗം . ചെറുത് ഉള്ളവൻ , വാലും മടക്കി , പിൻവാങ്ങും .
ഇതേ സംഭവം മനുഷ്യരിൽ ഉണ്ടായിരുന്നിരിക്കാം എന്ന് ചിലർ എങ്കിലും പറയുന്നു . ഇപ്പോഴും നമ്മുടെ നാട്ടിൻ പുറങ്ങളിൽ , പരസ്പരമുള്ള തെറി വിളികൾ മുണ്ട് പോക്കലിൽ അവസാനിക്കാറുണ്ട് എന്നത് മറക്കരുത് .
ഇപ്പോൾ , ഇത് പോലുള്ള പൊക്കലുകൾ കാണുന്നത് സോഷ്യൽ മീഡിയയിൽ ആണ് . എന്റെ പല പോസ്റ്റിന്റെയും താഴെ , ലിങ്കുകൾ പൊക്കി ആളുകൾ അവരുടെ വിയോജിപ്പ് അറിയിക്കാറുണ്ട് . നല്ലത് തന്നെ .
പണ്ട് ഞങ്ങടെ നാട്ടിൽ , ഇങ്ങനെ ഒരു തെറി വിളിയുടെ മൂർദ്ധന്യത്തിൽ , ഒരുത്തൻ മുണ്ട് പൊക്കി കാണിക്കുകയുണ്ടായി . പക്ഷെ എതിരാളി പാന്റ് ആണ് ഇട്ടിരുന്നത് .
എന്നാൽ ബുദ്ധിമാനായ അയാൾ , അടുത്തുള്ള ആളുടെ മുണ്ട് പൊക്കി കാണിച്ച് മാനം കാത്തു എന്നതാണ് കഥ .
ഇത് പോലാണ് നമ്മുടെ ഫേസ് ബുക്കിൽ ഉള്ള ലിങ്ക് പൊക്കി കാണിക്കൽ . നമ്മുടെ ലിങ്ക് അല്ലല്ലോ കാണിക്കുന്നത് . ചിലപ്പോൾ യാതൊരു , മൂല്യവും , ദശയും , ചോരയും നീരും ഇല്ലാത്ത ലിങ്കുകൾ ആവും പലതും .
ഇനി മുതൽ , ലിങ്കിന്റെ വലിപ്പം , സൗന്ദര്യം , ആധികാരികത , പ്രകൃത്യാ ഉള്ളതാണോ അല്ലയോ , ശരിയായി വർക്ക് ചെയ്യുന്നതാണോ , എന്നൊക്കെ നോക്കി ഉയർത്തി കാട്ടാൻ സ്നേഹപുരസ്സരം അഭ്യര്ത്ഥിച്ചു കൊള്ളുന്നു ; അപേക്ഷിച്ചു കൊള്ളുന്നു . (ജിമ്മി മാത്യു )