ഈശോയെ കൊന്നത് യഹൂദരല്ല !- പഠിക്കാനുള്ള പാഠങ്ങൾ :

യഹൂദർ ഈശോയെ കൊന്നു! കാലാ കാലങ്ങളായി കേൾക്കുന്ന ഒരു കാര്യമാണ് ഇത് . എന്നാൽ ഇത് ശരിയല്ല .

രണ്ടായിരം വർഷങ്ങൾക്ക് മുൻപ്, ജൂതന്മാർ വസിക്കുന്ന ജൂതിയ എന്ന പാലസ്തീൻ പ്രദേശം റോമൻ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു . ടൈബീരിയസ് സീസർ എന്ന ചക്രവർത്തിയുടെ കീഴിൽ ഇങ്ങനെ അടക്കി ഭരിച്ചു കൊണ്ടിരിക്കയാണ് .

ജൂതന്മാരുടെ രാജ്യത്തിന്റെ തലസ്ഥാനം ആണ് ജെറുസലേം . ജറുസലേമിൽ ആണ് ജൂത ക്ഷേത്രം ഉള്ളത് . ക്ഷേത്രം ആണ് , ജൂത രാജ്യത്തിൻറെ ഭരണ സിരാകേന്ദ്രം . വെറും ഒരു ആരാധനാലയം മാത്രമല്ല അത് . ജൂത ദൈവമായ യഹോവയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ , പക്ഷെ , റോമൻ സാമ്രാജ്യ ചിഹ്നങ്ങൾ വച്ചിട്ടുണ്ട് ! ജൂത ഭരണാധികാരി ആയ പ്രധാന പുരോഹിതനെ തിരഞ്ഞെടുക്കുന്നത് റോമാക്കാരാണ് !

ങേ ?

കൺഫ്യൂഷൻ വേണ്ട . പത്തു മുന്നൂറ് കൊല്ലം , വെറും മുപ്പതിനായിരത്തോളം വരുന്ന ഇംഗ്ളീഷുകാർ ആണ് ഇന്ത്യയിൽ ഇരുന്ന് ഇന്ത്യയെ ഭരിച്ചത് . പട്ടാള , ഉദ്യോഗസ്ഥ മേലധികാരികൾ അടക്കം ഉള്ളവർ ഒക്കെ ആരാ ?

ഇന്ത്യക്കാർ .

സാധാരണ ബഹുഭൂരിപക്ഷം ജനങ്ങളും , ഈ ഭരണത്തിന് എതിരാകാം എന്ന് നമുക്ക് അനുഭവം ഉള്ളതല്ലേ ?

ഇതേ സ്ഥിതി ആയിരുന്നു പാലസ്തീനിലും .

ആളുകൾ ഇളകി ഇരിക്കയാണ് . സീലോട്ടുകൾ എന്ന ഭീകര ഒളി പോരാളികൾ ആയ ജൂതന്മാർ ഇടയ്ക്കിടെ റോമക്കാരെയും ഭരണത്തിൽ ഇരിക്കുന്ന ജൂതന്മാരെയും ആക്രമിച്ചു കൊല്ലുന്നു . പല സന്യാസ സമൂഹങ്ങളും മിണ്ടാതെ , ഗോപ്യമായി , റോമക്കാർക്കെതിരെ കരുക്കൾ നീക്കുന്നു .

പത്തു മുപ്പത് വയസ്സായ ഒരു മനുഷ്യൻ , തീക്ഷ്ണ കണ്ണുകളോടെ , ഉറച്ച ശബ്ദത്തോടെ , പലസ്തീനിന്റെ പ്രാന്ത പ്രദേശങ്ങളിൽ പ്രചാരണം നടത്തുന്നു . അധികാരികൾക്ക് മനസ്സിലാകാത്ത വിധത്തിൽ ഉപമകളിൽ , കഥകളിൽ ഒക്കെ വളഞ്ഞ രീതിയിൽ വരാനിരിക്കുന്ന സ്വതന്ത്ര രാജ്യത്തെ കുറുച്ച്‌ സംസാരിക്കുന്നു . അനേകായിരം ജൂതന്മാർ പിറകെ കൂടുന്നു .

അദ്ദേഹം ആദ്യമായി ജെരൂസലെമിൽ പ്രവേശിക്കുമ്പോൾ , ആളുകൾ ആർപ്പോടെ വരവേൽക്കുന്നു . ഈശോ അനുയായികളുമൊത്ത് , പന്തിയോസ് പീലാത്തോസ് എന്ന റോമൻ ഗവർണറുടെ കീഴിൽ പ്രവർത്തിക്കുന്ന ജെരൂസലേം ക്ഷേത്രത്തിൽ കയറുന്നു .

“ആരാണിവിടെ ഈ കച്ചറ ഒക്കെ കാണിക്കുന്നത് ?” എന്നലറുന്നു . ആക്രമണം അഴിച്ചു വിടുന്നു .

ആ രാത്രി തന്നെ ഈശോ പിടിക്കപ്പെടുന്നു . രാജ്യദ്രോഹത്തിന് , പീലാത്തോസ് , ഈശോയെ ശിക്ഷിക്കുന്നു . റോമൻ സാമ്രാജ്യത്തിൽ പല തരം വധ ശിക്ഷകൾ നിലവിലുണ്ട് . അതിൽ സാമ്രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് യുദ്ധം ചെയ്യുന്നവർക്കുള്ള ശിക്ഷ ആണ് കുരിശിൽ ഉള്ള മരണം .

ഇത്രയും , ഈശോ ശിഷ്യന്മാരുടെ സുവിശേഷങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ് .

പിന്നെ, ഈശോയെ പറ്റി ഉള്ള ചരിത്ര സോഴ്‌സുകൾ രണ്ടേ രണ്ടാണ് – ജൂത ചരിത്രകാരൻ ജോസെഫസ് എന്നയാളുടെയും , റോമൻ ചരിത്രകാരൻ ടാസിറ്റസ് എന്ന ആളുടെയും എഴുത്തുകൾ . രണ്ടിലും പറയുന്നത് ഒരേ കാര്യമാണ് :

“ഈശോ ഒരു യഹൂദ നേതാവും ആചാര്യനും ആയിരുന്നു . ടൈബീരിയസ് സീസറിന്റെ കാലത്ത് , രാജ്യദ്രോഹ കുറ്റത്തിന് , പീലാത്തോസ് എന്ന ഗവർണർ , കുരിശു മരണത്തിനു വിധിച്ചു .”

ഇത്രേ ഉള്ളു .

അപ്പോൾ , എങ്ങനെ ആണ് , യഹൂദർ ആണ് ഈശോയെ കൊന്നത് എന്ന വിശ്വാസം ഇത്ര രൂഢ മൂലമായത് ?

അത് വലിയ ഒരു കഥയാണ് . ചരിത്ര കാരണങ്ങൾ കുറെ ഉണ്ട് . അത് ഇവിടെ വിടുന്നു .

എന്നാൽ , ഈ ചരിത്ര വളച്ചൊടിക്കലിന് , യഹൂദർ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ് .

കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം മൂന്നാം നൂറ്റാണ്ടിൽ സ്വീകരിച്ചതോടെ , റോമൻ സാമ്രാജ്യം മൊത്തം പ്രബലം ആയ ക്രിസ്തുമതം , അവിടവിടെ ആയി ചിതറി കിടന്ന യഹൂദരെ നന്നായി ഉപദ്രവിച്ചു .

കൃഷിയിടത്തിന് അവകാശം ഇല്ല . അന്ന് മൊത്തം സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്മേലാണല്ലോ അധികാരം മൊത്തം .

അങ്ങനെ ജൂതന്മാർ പഠനത്തിലേക്കും കച്ചവടത്തിലേക്കും കടന്നു . അതിൽ മികവ് പ്രകടിപ്പിച്ചു . അപ്പോൾ ആ പേരിൽ ആയി ആക്രമണങ്ങൾ . യൂറോപ്പിൽ എവിടെ ഒക്കെ പ്രശ്നങ്ങൾ ജനത്തിനെ മഥിച്ചോ , അവിടൊക്കെ യഹൂദർക്കെതിരെ ആക്രമണങ്ങളും കൂട്ടക്കൊലകളും നടന്നു .

അറുപത് ലക്ഷത്തോളം യഹൂദരെ പല രീതിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൊന്നൊടുക്കിയ ഹിറ്റ്ലറിൻറെ കൂട്ടക്കൊല അതിനെ ഏറ്റവും അവസാനത്തേത് ആണെന്ന് മാത്രമേ ഉള്ളു . പച്ചക്ക് , അന്നത്തെ ജർമൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന യഹൂദർക്കെതിരെ വർഗീയ വിഷം വിളമ്പി ആണ് ഹിറ്റ്ലറുടെ രാഷ്ട്രീയ പ്രവേശം .

എന്നാൽ യഹൂദർക്കെതിരെ ഉള്ള എതിർപ്പിന്റെ മൂല കാരണം എന്താ ? ഈശോയെ കൊന്നവർ എന്ന പേര് .

ശരിക്കും ഈശോയെ കൊന്നത് ആരാ ?

റോമൻ സാമ്രാജ്യം .

പിന്നെ ക്രിസ്തീയത ഇത്ര അധികം വളരാൻ കാരണം ആരാ ?

റോമൻ സാമ്രാജ്യം .

അപ്പൊ ശരിക്കും വാശി തീർക്കേണ്ടത് ആരോടായിരുന്നു ?

റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ആയ യൂറോപ്യൻ ക്രിസ്ത്യാനികൾ മൊത്തം . അവനവനോട് തന്നെ .

ചരിത്ര കുറ്റങ്ങൾക്ക് പരിഹാരം തേടുന്നത് വളിക്ക് വിളി കേൾക്കുന്നത് പോലെ പരിഹാസ്യം ആണ് .

ഇതിൽനിന്നു നമുക്ക് എന്തെങ്കിലും പഠിക്കാൻ ഉണ്ടോ ?

ഉണ്ടല്ലോ . ചരിത്രത്തിൽ നിന്ന് എപ്പോഴും പഠിക്കാൻ കാണും .

പഠിക്കാൻ തലച്ചോർ ഉള്ളവർ പഠിക്കട്ടെ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .