വാക്സീനും കോവിഡും മറ്റും – ഫോർ നിഷ്കൂസ് :

അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ , സഹോ;

മ്മ്‌ടെ ബോഡീൽ നിറച്ചും സെല്ലുകൾ ആണല്ലോ . സെല്ലുകളുടെ ഒരു നഗരം ആണ് ഓരോ നമ്മളും .

പുറത്ത് ഉള്ള ശത്രുക്കളായ ബാക്റ്റീരിയ , വൈറസ് തുടങ്ങിയ ഗഡുവുകൾ ആക്രമിക്കുമ്പോ , ശരീരം പ്രതിരോധിക്കുന്ന വിധം മുന്നേ ഒരു പോസ്റ്റിൽ പറഞ്ഞതാണല്ലോ . അതിൽ ഒരു പ്രധാന കാര്യം ഓർക്കേണ്ടത് എന്താണെന്നു വച്ചാൽ , സാദാ പട്ടാളക്കാർ ആയ ന്യൂട്രോഫിലുകൾ , മാക്രോഫേജ്സ് തുടങ്ങിയവർ ശത്രുക്കളെ വിഴുങ്ങി , അവയെ കഷണങ്ങൾ ആക്കി , ചില കഷണങ്ങൾ മ്മ്‌ടെ പ്രധാന പ്രതിരോധം ആയ അഡാപ്റ്റീവ് ഇമ്മ്യൂണിറ്റി എന്ന ഇന്റലിജൻസ് ഡിവിഷന് കൈ മാറുന്നു എന്നതാണ് .

ഈ ബാക്ടീരിയയുടെ , അഥവാ വൈറസിന്റെ കഷണങ്ങളെ ആണല്ലോ ആന്റിജേൻ എന്ന് പറയുന്നത് . പലപ്പോഴും പ്രോട്ടീൻ തന്മാത്രകൾ ആണിവ .

“ഇതാണ് ട്ടാ , അവന്മാരുടെ അടയാളം . പഠിച്ചിട്ട് നശിപ്പിക്കു സുഹൃത്തേ ” ഇതാണ് സംഭവം .

ഈ ആന്റിജെന്റെ പുറത്ത് ഒട്ടി , ആന്റിജേൻ വാഹകരായ ശത്രുവിനെ അടിച്ച് , പൊടിച്ച് ഇല്ലാതാക്കാൻ ഉള്ള ആന്റിബോഡികൾ എന്ന കോപ്പ് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഉണ്ടാക്കുന്നു . വേറെയും രീതിയിൽ ശത്രുവിനെ നേരിടുന്നു .

ശത്രു തോറ്റാൽ , അസുഖം മാറി ! അല്ലെങ്കിൽ വരുകയേ ഇല്ല ! യേ !

അത് മാത്രമല്ല . പിന്നെ ഇതേ ശത്രു ഉള്ളിൽ കേറിയാൽ , പ്രതികരണം അതിശക്തമായിരിക്കും ! കാരണം അവനെ തോൽപ്പിക്കാൻ ഉള്ള അറിവ് നമ്മുടെ കയ്യിൽ ഉണ്ടല്ലോ . ചിക്കൻ പോക്സ് പോലെ പല അസുഖങ്ങളും ഒരിക്കൽ വന്നാൽ പിന്നെ വരില്ല .

അപ്പൊ , അസുഖം വന്നാലേ ഈ സംരക്ഷണം ഉള്ളു . അസുഖം വരാതെ തന്നെ , ഇന്റലിജൻസ് ഡിവിഷനെ എങ്ങനെ സജ്ജമാക്കി നിർത്താം ? അതാണ് നമ്മുടെ ചോദ്യം .

ഛായ് – അതിനല്ലേ വാക്സീനുകൾ ?

ശത്രുവിന്റെ കഷണങ്ങൾ ആയ ആന്റിജനുകളെ , എങ്ങനെ എങ്കിലും ശരീരത്തിൽ കേറ്റണം . പക്ഷെ അസുഖം വരുകയും ചെയ്യരുത് ! അതെങ്ങനെ പറ്റും ?

അണുവിനെ അടിച്ചു പഞ്ചറാക്കി , അല്ലെങ്കിൽ കയ്യും കാലും കെട്ടി , ജീവനോടെ , പക്ഷെ ദുർബല രീതിയിൽ ശരീരത്തിൽ കയറ്റി വിടുക : ( ലൈവ് വാക്സീൻ ):

കെമിക്കലുകൾ ഉപയോഗിക്കാം , ഉണക്കി എടുക്കാം , വേറെ ദുർബല സ്‌ട്രെയിൻ ഉപയോഗിക്കാം . ഓറൽ പോളിയോ വാക്സീൻ , ബി സി ജി ഒക്കെ ഉദാഹരണം .

അണുവിനെ അടിച്ചു കൊന്ന് ശവശരീരം കേറ്റി വിടാം : (ഇനാക്ടിവേറ്റഡ് വാക്സീൻ ):

മ്മ്‌ടെ ഭാരത് ബിയോടെക്കിന്റെ കോവാക്സീൻ .(ഉദാ )

പുതുപുത്തൻ നമ്പറുകൾ :

ഇപ്പൊ ദാ , ഒത്തിരി പുതുപുത്തൻ നമ്പറുകൾ ഇറങ്ങിയിട്ടുണ്ട് . ജനിതക എൻജിനീയറിങ് ഉപയോഗിച്ചിട്ടുള്ള വാക്‌സിനുകൾ . ഈയടുത്ത് എബോള വാക്സീനിൽ ഉപയോഗിച്ചതൊഴിച്ചാൽ , ഇപ്പൊ കോവിഡിന് എതിരായിട്ടാണ് , ഈ പ്രയോഗങ്ങൾ ഇദം പ്രഥമമായി ( ആദ്യമായി എന്നേ അർഥള്ളോ – ഓരോ വാക്കോളെ ) ഉപയോഗിക്കുന്നത് .

ഫൈസർ എം ആർ എൻ എ വാക്സീൻ നോക്കു . കോവിഡ് വൈറസിന്റെ പുറത്തുള്ള സ്പൈക്ക് പ്രോട്ടീൻ ഉണ്ടാക്കുന്ന ജനറ്റിക് കോഡ് ഉള്ള എം ആർ എൻ എ നമ്മൾ എടുക്കുന്നു . (എല്ലാ വൈറസിന്റെയും അകത്ത് , അതിനെ മൊത്തം ഉണ്ടാക്കാനുള്ള ഒരു കോഡ് ജനിതക തന്മാത്ര ആയി ഇരുപ്പുണ്ട് , ഇത് ഡി എൻ എ യോ ആർ എൻ എ യോ ആവാം ). അതായത് കോവിഡ് വൈറസിന്റെ ജനിതകതന്മാത്രയുടെ ഒരു ഭാഗം മാത്രമേ എടുക്കുന്നുള്ളു . അതിനെ ഒരു ഉണ്ടാക്കിയെടുത്ത ലിപോപ്രോടീൻ കുമിളക്കകത്താക്കിയതാണ് വാക്സീൻ ! അതായത് , പൂർണമായും ഉണ്ടാക്കി എടുത്ത ഒരു വസ്തു !

എന്നാൽ ഇപ്പോൾ നമ്മൾ എടുത്തോണ്ടിരിക്കുന്ന കോവിഷീൽഡ്‌ എങ്ങനെ ആണെന്ന് നോക്കാം . നമ്മുടെ ശരീരത്തിൽ പെറ്റു പെരുകാൻ കഴിവില്ലാത്ത , ഒരു ചിമ്പാൻസി ജലദോഷ വൈറസ് ആയ ഒരു അഡിനോവൈറസ് ന്റെ അകത്ത് , കോവിഡ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഉണ്ടാക്കുന്ന ഡി എൻ എ ഭാഗം എടുത്ത് സ്ഥാപിക്കുന്നു . എന്നിട്ട് അതാണ് വാക്സീൻ ആയി ഉപയോഗിക്കുന്നത് .

അപ്പൊ എന്ത് സംഭവിക്കും ?

അഡിനോവൈറസ് മേൽമൂടി അഥവാ കുമിള മേൽമൂടി നമ്മുടെ ചില സെല്ലുകളുടെ ഭിത്തിയിൽ ഒട്ടി , ഡി എൻ എ , അഥവാ ആർ എൻ എ , ഉള്ളിലേക്ക് കടത്തി വിടുന്നു . ഈ കോഡ് , നമ്മുടെ സെല്ലിന്റെ പ്രോട്ടീൻ ഉണ്ടാക്കുന്ന യന്ത്ര സംവിധാനം ഉപയോഗിച്ച് , കോവിഡ് സ്പൈക്ക് പ്രോട്ടീനുകൾ ഉണ്ടാക്കി വിടുന്നു . ഈ സെല്ലുകൾ ഉണരുന്നു .

“അണ്ണോ , ഇമ്മ്യൂൺ ഇന്റലിജൻസ് അണ്ണോ – ദേ ഒരു സാനം കേറീട്ട്ണ്ട് ട്ടാ .”

ഇമ്മ്യൂൺ സിസ്റ്റം സ്പൈക്ക് പ്രോട്ടീൻ എന്ന ആന്റിജെനെതിരായി യുദ്ധ സന്നാഹം നടത്തുന്നു .

സൊ സിംപിൾ . ഇനി കോവിഡ് ഓന്റെ സ്പൈക്ക് പ്രോട്ടീനും എഴുന്നള്ളിച്ച് വരട്ടെ . ഹഹഹ . കാണിച്ചു കൊടുക്കാം . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .