പൊന്നു സുഹൃത്തുക്കളേ. വത്സല മക്കളേ-
ആദിയിൽ വെള്ളമുണ്ടായിരുന്നു. ഫോസ്ഫോലിപിഡ് പാടകൾ കൊണ്ടുള്ള കുമിളകൾക്കകത്ത് ഡി എൻ എ ഉണ്ടായിരുന്നു. ആർ എൻ എയും. ആർ എൻ എ ആദ്യം. പ്രോട്ടീനുകൾ നീന്തി നടന്നു. അവ ചെറു മെഷീനുകൾ ആയിരുന്നു.
കുമിളകൾക്ക് ഘടന ഉണ്ടായിരുന്നു. ഘടന നിലനിർത്താൻ ഊർജം വേണമായിരുന്നു. ഊർജം വലിയ തന്മാത്രകളിലുള്ള കെമിക്കൽ ബോണ്ടുകളിൽ ഒളിച്ചിരുന്ന് തരില്ല പുല്ലേ എന്ന് വെല്ലുവിളിച്ചു.
ഗ്ളൂക്കോസ് പോലുള്ള തന്മാത്രകളെ പൊളിച്ച് ചെറുതാക്കി, കുറഞ്ഞ എൻട്രോപ്പിയെ കവർന്ന് ആദിയിൽ ഉണ്ടാക്കിയത് പ്രോട്ടോൺ ഗ്രേഡിയൻറ് എന്ന പ്രോട്ടോൺ വെള്ളച്ചാട്ടം! കുമിളയുടെ പാടക്ക് പുറത്തേക്ക് പ്രോട്ടീനുകൾ വെള്ളത്തിലുള്ള ഹൈഡ്രജൻ അയോൺസ് എന്ന പ്രോട്ടോണുകളെ തള്ളി പുറത്താക്കി. പാടയിലുള്ള ഇലക്ട്രോൺ ട്രാൻസ്‌പോർട്ട് ചെയ്‌നിലൂടെ ഇലക്ട്രോണുകൾ ഒഴുകി. ഈ കറണ്ട് ഉപയോഗിച്ചാണ് പ്രോട്ടോണുകളെ തള്ളുന്നത്!! ഈ ഇലക്ട്രോണുകൾ വരുന്നത് എൻ എ ഡി എച് 2 മുതലായ സാധനങ്ങളിൽ നിന്നാണ്. അത്തരം തന്മാത്രകളെ ഉണ്ടാക്കലാണ് ഈ ഗ്ലൈകോലൈസിസ്, ക്രീബ്സ് സൈക്കിൾ മുതലായ രാസ പ്രക്രിയകള്ടെ ഉദ്ദേശം തന്നെ!! സംഭവം ല്ലേ? ഭയങ്കരമാന ടെക്‌നോളജി ഷ്ടോ.
പാടക്ക് പുറത്ത് ഉഗ്രൻ പോസിറ്റീവ് ചാർജ്. അകത്ത് നെഗറ്റീവും. അതായത്, ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞിരിക്കുന്നു. അത് താഴോട്ട് ഒഴുകുമ്പോൾ ഉപയോഗിക്കാവുന്ന ഊർജം ഉണ്ടാവുന്നു.
അതായത്, ഒരു പാട കുമിള എന്ന ബാക്ടീരിയ ഒരു ഉഗ്രൻ ബാറ്ററി ആണ്. അതിന്റെ ഫ്ലാജെല്ല എന്ന തുഴച്ചിൽ യന്ത്രത്തിന്റെ കടക്കൽ ഒരു ചക്രം (!! ശരിക്കും) ഉണ്ട്. അതിലൂടെ പ്രോട്ടോണുകൾ ഒഴുകുമ്പോൾ തുഴ ബോട്ടിന്റെ റോട്ടർ പോലെ കറങ്ങുന്നു! എ ടി പി സിന്തേസ് എന്ന പാടയിലുള്ള കറങ്ങുന്ന പ്രോട്ടീനിലൂടെ പ്രോട്ടോണുകൾ ഒഴുകുമ്പോൾ ആ ഊർജം ഉപയോഗിച്ച് എ ടി പി എന്ന ഊർജം കൂടുതലുള്ള തന്മാത്രകൾ ഉണ്ടാക്കുന്നു. ഇത് പാടക്കകത്ത് രാസപ്രക്രിയകൾക്ക് ഊർജം കൊടുക്കാൻ ഉപയോഗിക്കാം!! മാത്രമല്ല, ഈ പ്രോട്ടോൺ ഗ്രേഡിയൻറ്റ് നേരിട്ടുപയോഗിച്ച് വേണ്ട തന്മാത്രകളെ അകത്തേക്കും വേണ്ടാത്തവയെ പുറത്തേക്കും തള്ളാം!! ഘടന നിലനിർത്തൽ- എല്ലാ ജീവന്റെയും എസ്സെൻസ്- ഹോമിയോസ്റ്റേസിസ്.
അപ്പൊ കടലിന്റെ ആഴത്തിൽ ചൂട് വെള്ളം പ്രവഹിക്കുന്ന ആൽക്കലിന് വെൻറ്സ് ഉണ്ട്. സൂക്ഷ്മ ദ്വാരങ്ങളുള്ള മിനറൽ പാറകൾ. അകത്ത് ആൽക്കലൈൻ. പുറത്ത് ആസിഡ് കടൽ!!
- ഡാഷുകളേ- പ്രോട്ടോൺ ഗ്രേഡിയെന്റ്റ്!! ഇതാണോ പാടകൾ ആദ്യം ഉപയോഗിച്ചത്? ഇങ്ങനെയാണോ ജീവികൾ ആദ്യം ഉണ്ടായത്?
ആവാം.
ആദിയിൽ പ്രോട്ടോൺ വെള്ളച്ചാട്ടങ്ങൾ ഉണ്ടായി.
നമ്മുടെ പ്രൊ കാര്യോട്ടിക് സെല്ലുകൾക്കകത്ത് ഒരിക്കൽ ഫ്രീ ആയി നീന്തി നടന്നിരുന്ന, എന്നാൽ ഇപ്പോൾ സെല്ലുകളുടെ അടിമ ആയി മാറിയ മൈറ്റോകോൺഡ്രിയകൾക്കകത്ത് ഇപ്പോഴും അനന്തരം, അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്നു- പ്രോട്ടോൺ വെള്ളച്ചാട്ടങ്ങൾ. ഗ്ലൂക്കോസ് സെല്ലിൽ കേറുന്നു. പൊടിച്ച് എൻ എ ഡി എച് 2 വും എഫ് എ ഡി എച് 2 വും മറ്റും ഉണ്ടാക്കുന്നു. അപ്പോഴേക്കും അതിൽ അധികവും മൈറ്റോകോൺഡ്രിയകൾക്കകത്ത്. ഇലക്ട്രോണുകൾ ചെയിനിലൂടെ ഒഴുകുന്നു. പ്രോട്ടോണുകൾ മൈറ്റോകോൺഡ്രിയൽ പാടകൾക്കിടയിൽ ചാർജ് ഉണ്ടാക്കുന്നു. അപ്പോൾ എ ടി പി സിന്തേസ്….കാര്യം മനസിലായല്ലോ- അത് മതി.
അതായത് സഹോ. ക്രീബ്സ് സൈക്കിളും മറ്റും ഇങ്ങനെ പറഞ്ഞു തരാതെ കാണാപ്പാഠം പഠിപ്പിച്ച പ്രീഡിഗ്രി, മെഡിക്കൽ സ്‌കൂൾ അദ്ധ്യാപകരെ, നിങ്ങൾക്ക് എന്റ്റെ നടുവിരൽ നമസ്കാരം. ഒരു ഇലക്ട്രോൺ തെറി. ഒരായിരം പ്രോട്ടോൺ ചവിട്ടുകൾ!!
ആദിയിൽ വിവരമില്ലായ്മ ഉണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു വരുന്നു. പ്രോട്ടോൺ പമ്പുകൾക്ക് സ്തുതിയായിരിക്കട്ടെ!!
(ജിമ്മി മാത്യു)