ആദ്യമായി നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, മെഡിസിനിലെ ഇത് പോലുള്ള പൊതു ജനാരോഗ്യ ചോദ്യങ്ങൾക്ക് ഒരിക്കലും എല്ലാവരും അംഗീകരിക്കുന്ന ഒരുത്തരം ഉണ്ടാവില്ല എന്നതാണ്. പൊതുവെ ശാസ്ത്രം അങ്ങനെയാണ്. നൂറു ശതമാനം ഉറപ്പ് എന്നത് ശാസ്ത്രത്തിൽ ഇല്ല.
അത് കൊണ്ട് തന്നെ നിലവിലുള്ള തെളിവ് വെച്ച്, ഒരു മാതിരി വിദഗ്‌ധരെല്ലാം അംഗീകരിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ് എന്നേ പറയാൻ പറ്റൂ.
ഒന്നാമത് ഏകദേശം ഉറപ്പായ ഒരു കാര്യമാണ് ഹൃദ്രോഗവും സ്‌ട്രോക്കും അടങ്ങുന്ന, ലോകത്തെ നമ്പർ വൺ കൊലയാളിയായ കാർഡിയോവാസ്കുലാർ അസുഖത്തിന്റെ പ്രധാന റിസ്കുകൾ എന്തൊക്കെയാണെന്ന് (1,2). പുകവലി, രക്ത കൊളസ്‌ട്രോൾ വ്യതിയാനങ്ങൾ, രക്താതി മർദം, പ്രമേഹം എന്നിവയാണ് ഏറ്റവും പ്രധാനം. ഇവയെ നിയന്ത്രണത്തിൽ കൊണ്ട് വരുന്നതിലൂടെ ഒരു പരിധി വരെ ഈ അസുഖങ്ങളെ തടയാനോ, ഡിലെ ചെയ്യാനോ സാധിക്കും. അതുറപ്പാണ്.
സ്റ്റേറ്റിൻ മരുന്നുകൾ കഴിച്ച് അമിത കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നത് ഗുണകരമാണോ? പൊതുവെ പറഞ്ഞാൽ ഗുണകരമാണ് എന്ന് കാണാം(3,4). ഒരിക്കൽ ഹൃദ്രോഗം സ്ഥിരീകരിച്ചാൽ തീർച്ചയായും ഇങ്ങനെ തന്നെ കൊളസ്‌ട്രോൾ നിയന്ത്രിച്ചു നിർത്തണം. സ്റ്റേറ്റിൻസിനെതിരെ വാദിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്. അവർ വിദഗ്ദ്ധരുടെ ഇടയിൽ വളരെ വിരളമാണ്.
ഇനി ആണ് രസകരമായ ഒരു കാര്യം വരുന്നത്. പൂരിത കൊഴുപ്പുകളായ വെണ്ണ, നെയ്യ്, മൃഗ ഇറച്ചി കൊഴുപ്പുകൾ, പാമോയിൽ, ട്രാൻസ് ഫാറ്റുകൾ, വെളിച്ചെണ്ണ എന്നിവ പൊതുവെ രക്ത കൊളസ്‌ട്രോൾ ഘടകങ്ങളെ കൂട്ടും. എന്നാൽ ഇവ ശരിക്കും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ എണ്ണം, ആഘാതം എന്നിവയെ ബാധിക്കുന്നുണ്ടോ?
കഴിഞ്ഞ അറുപതുകൊല്ലമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അടക്കമുള്ളവരുടെ ഭക്ഷണ നിർദേശങ്ങളിൽ പൂരിത കൊഴുപ്പ് വില്ലനാണ്. കുറച്ചാവാം- പക്ഷെ കൂടുതലും അപൂരിത എണ്ണകളായ സൺഫ്ളവർ എണ്ണ, ഒലിവെണ്ണ തുടങ്ങിയവ ഉപയോഗിക്കാൻ ആണ് അവർ പറയുന്നത്. ഇതാണ് പരമ്പരാഗത നിർദേശങ്ങൾ. ഇപ്പോഴും ഇത് തന്നെ പറയുന്നുണ്ടെങ്കിലും ഇതിന് തെളിവ് കുറവാണെന്ന് സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.
പൂരിത കൊഴുപ്പും കാർഡിയോവാസ്കുലാർ രോഗങ്ങളുമായി വളരെ ചെറിയ ഒരു ബന്ധം ഉണ്ട് എന്ന് ചില റിവ്യൂകൾ കാണിക്കുമ്പോൾ (5,6), ചിലവ പറയുന്നത് അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ് എന്നാണ്! (7,8).
അതായത് പൂരിത കൊഴുപ്പ് കഴിക്കുന്നതും ഈ അസുഖങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ തന്നെ, അത് വളരെ കുറവാണ്.
എങ്കിലും പൂരിത കൊഴുപ്പുകൾ പൊതുവെ രക്ത കൊളസ്ട്രോളിനെ ചെറുതായി പ്രശ്നത്തിലാക്കുന്നു എന്നത് കൊണ്ട് ഈ നിർദേശങ്ങളെ മൊത്തത്തിൽ തള്ളേണ്ടതില്ല. പിന്തുടരാം. എങ്കിലും പൂരിത കൊഴുപ്പ് ഒരു വിഷമല്ല. അതുറപ്പ്.
അപ്പൊ വെളിച്ചെണ്ണ പ്രശ്നമാണ് എന്ന് പൊതുവെ പറയുന്നതിനെ ചെറുതായി ചോദ്യം ചെയ്യേണ്ടി വരും എന്നാണർത്ഥം. പൂരിത കൊഴുപ്പ് ആണ് എന്നത് കൊണ്ടാണ് പ്രധാനമായും ഈ എതിർപ്പ്. അത് വലിയ കുഴപ്പമില്ലെങ്കിൽ വെളിച്ചെണ്ണയെ ഇത്രയും എതിർക്കേണ്ട കാര്യമുണ്ടോ?
വെളിച്ചെണ്ണയും രക്ത കൊളസ്‌ട്രോൾ പ്രശ്നനങ്ങളുമായി ബന്ധമുണ്ട് എന്ന് തന്നെയാണ് ഉള്ള പഠനങ്ങൾ കാണിക്കുന്നത് (9,10, 11). എങ്കിലും ചില ഘടകങ്ങൾ മാറുന്ന വിധം നോക്കിയാൽ അത് ഒരു ഇഷ്യൂ അല്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ വെളിച്ചെണ്ണയും അസുഖങ്ങളുമായി നേരിട്ട് ഉള്ള ബന്ധം നോക്കുന്ന നല്ല പഠനങ്ങൾ ഇല്ല എന്ന് തന്നെ പറയാം.
നല്ല ഒന്നുള്ളത് അമൃതയിൽ ഡോക്ടർ വിജയകുമാർ, ഹൃദ്രോഗികളിൽ നടത്തിയ വെളിച്ചെണ്ണയും സൺഫ്ളവർ ഓയിലുമായി താരതമ്യം ചെയ്ത നല്ല ഒന്നാണ്. അതിൽ വെളിച്ചെണ്ണയും സൺ ഫ്‌ളവർ ഓയിലുമായി ഒരു വ്യത്യാസവും കണ്ടെത്താനായില്ല (12)
ചുരുക്കം:
– രക്ത കൊളസ്‌ട്രോൾ പ്രശ്നങ്ങൾ പ്രശ്നങ്ങൾ തന്നെയാണ്.
– ഡയറ്റ്, ഭാരം കുറക്കൽ എന്നിവ മൂലം ഇത് ശരിയായില്ലെങ്കിൽ മരുന്ന് കൊണ്ട് തന്നെ കുറയ്ക്കണം എന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.
– പൂരിത കൊഴുപ്പിന്റെ കാര്യത്തിൽ തീർച്ചയില്ല. അമിതമാവരുത് എന്ന് പറയാം എന്നാണ് തോന്നുന്നത്. അത് കൊണ്ട് തന്നെ, ഒരാൾ വേറെ എന്തൊക്കെ കഴിക്കുന്നു, അപൂരിത എണ്ണകളും കൂടി കഴിക്കുന്നുണ്ടോ, ശരീര ഭാരം നിയന്ത്രണത്തിൽ ആണോ എന്നിവയെ ഒക്കെ ആശ്രയിച്ചിരിക്കും റിസ്ക്.
– ശരീര ഭാരം ഒരു പത്തു ശതമാനം കുറച്ചാൽ ഉടൻ റിസ്ക് ഫാക്റ്ററുകളിൽ എല്ലാം ഗുണപരമായ മാറ്റം വരും. അതിപ്പോ ഏത് ഡയറ്റ് ആയാലും.
– വെളിച്ചെണ്ണ അത്ര പ്രശ്നമാണ് എന്ന് തെളിവില്ല എന്ന് തന്നെ പറയേണ്ടി വരും. അത്ര മെച്ചവുമല്ല. ഒരു ദിവസം വെളിച്ചെണ്ണ, അടുത്ത ദിവസം അപൂരിത എണ്ണകൾ- അങ്ങനെ ഒക്കെ ആകാം എന്ന് പല വിദഗ്ദ്ധരും പറയുന്നു.
-ട്രാൻസ് ഫാറ്റുകൾ എന്ന ഏറ്റവും അധികം ഹോട്ടലുകൾ, ബേക്കറികൾ എന്നിവയിൽ ഉപയോഗിക്കുന്ന സാധനം നല്ല പ്രശ്നമാണ് എന്ന് യാതൊരു സംശയവുമില്ല. അതിലും എന്ത് കൊണ്ടും ഭേദം വെളിച്ചെണ്ണയാണ്.
– വെളിച്ചെണ്ണ നല്ല ടേസ്റ്റ് ആണ്. എന്ന് മലയാളിയായ ഞാൻ. 😀
(ജിമ്മി മാത്യു )
Selected relevant references:
- Wilson PW, Castelli WP, Kannel WB. Coronary risk prediction in adults (the Framingham Heart Study). The American journal of cardiology. 1987 May 29;59(14):G91-4.
- Yusuf S, Hawken S, Ôunpuu S, Dans T, Avezum A, Lanas F, McQueen M, Budaj A, Pais P, Varigos J, Lisheng L. Effect of potentially modifiable risk factors associated with myocardial infarction in 52 countries (the INTERHEART study): case-control study. The lancet. 2004 Sep 11;364(9438):937-52.
- Mills EJ, Rachlis B, Wu P, Devereaux PJ, Arora P, Perri D. Primary prevention of cardiovascular mortality and events with statin treatments: a network meta-analysis involving more than 65,000 patients. Journal of the American College of Cardiology. 2008 Nov 25;52(22):1769-81.
- Thavendiranathan P, Bagai A, Brookhart MA, Choudhry NK. Primary prevention of cardiovascular diseases with statin therapy: a meta-analysis of randomized controlled trials. Archives of Internal Medicine. 2006 Nov 27;166(21):2307-13.
- Hooper L, Martin N, Jimoh OF, Kirk C, Foster E, Abdelhamid AS. Reduction in saturated fat intake for cardiovascular disease. Cochrane database of systematic reviews. 2020(8).
- Astrup A, Dyerberg J, Elwood P, Hermansen K, Hu FB, Jakobsen MU, Kok FJ, Krauss RM, Lecerf JM, LeGrand P, Nestel P. The role of reducing intakes of saturated fat in the prevention of cardiovascular disease: where does the evidence stand in 2010?. The American journal of clinical nutrition. 2011 Apr 1;93(4):684-8.
- Siri-Tarino PW, Sun Q, Hu FB, Krauss RM. Meta-analysis of prospective cohort studies evaluating the association of saturated fat with cardiovascular disease. The American journal of clinical nutrition. 2010 Mar 1;91(3):535-46.
- Heileson JL. Dietary saturated fat and heart disease: a narrative review. Nutrition reviews. 2020 Jun 1;78(6):474-85.
- Eyres L, Eyres MF, Chisholm A, Brown RC. Coconut oil consumption and cardiovascular risk factors in humans. Nutrition reviews. 2016 Apr 1;74(4):267-80.
- Neelakantan N, Seah JY, van Dam RM. The effect of coconut oil consumption on cardiovascular risk factors: a systematic review and meta-analysis of clinical trials. Circulation. 2020 Mar 10;141(10):803-14.
- Teng M, Zhao YJ, Khoo AL, Yeo TC, Yong QW, Lim BP. Impact of coconut oil consumption on cardiovascular health: a systematic review and meta-analysis. Nutrition reviews. 2020 Mar 1;78(3):249-59.
- Vijayakumar M, Vasudevan DM, Sundaram KR, Krishnan S, Vaidyanathan K, Nandakumar S, Chandrasekhar R, Mathew N. A randomized study of coconut oil versus sunflower oil on cardiovascular risk factors in patients with stable coronary heart disease. Indian Heart Journal. 2016 Jul 1;68(4):498-506.