മ്മ്ടെ ശശി തരൂർ എഴുതിയ ഒരു ബുക്ക് ആണ് – വൈ അയ് ആം എ ഹിന്ദു ? ഞാൻ എന്ത് കൊണ്ട് ഹിന്ദു ആയി ?
നല്ല ബുക്കാണ് . ഇങ്ങനെ ആണ് തീവ്ര മതവാദികളെ നേരിടേണ്ടത് എന്നും എനിക്ക് അഭിപ്രായമുണ്ട് . കൂർമ്മ ബുദ്ധി – അതുമുണ്ട്. പിന്നെ എഡ്ഡീകഷൻ – അതിന്റെ അസ്കിത വേറെ ….ഉണ്ടല്ലോ .
അപ്പൊ , ഞാനും എഴുതാം എന്ന് വിചാരിച്ചു- കൂർമ്മ ബുദ്ധി ഹീനത , എഡ്ഡീക്കഷൻ – ഒക്കെ എനിക്കും ണ്ട് . പിന്നെ നസ്രാണി ആയതിന്റെ എളിമ വേറെ ണ്ട് . മാർഗം കൂടിയ ബ്രാഹ്മണന്മാരാണല്ലോ എന്റെ പൂർവികർ . അപ്പൊ – അതിന്റെ സ്പെഷ്യൽ എളിമ – അതും ണ്ട് . ? ന്തെ ? ങേഡ് മാറി നിക്ക്വാ – അല്ല പിന്നെ .
ഈശോ എന്ന ക്രിസ്തു . പ്രാപഞ്ചിക സാഹോദര്യം . ലോകമേ തറവാടിത്തരം . അങ്ങനെ ഘോര ഘോരം ഡയകോൽ അടിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടൊന്നുമല്ല . പക്ഷെ സത്യം പറയട്ടെ . നസ്രാണി മാപ്പിള എന്ന ക്രിസ്ത്യൻ ജാതി ഗ്രൂപ്പിൽ ഞാൻ ആയിപ്പോയത് , ഒരു കോസ്മിക് ആക്സിഡന്റ് ആണ് – പ്രാപഞ്ചിക ആകസ്മികത അഥവാ ചുമ്മാ ഒരിത് . ചുമ്മാ , എങ്ങനെയോ സംഭവിച്ചു പോയ ഒരിത് ആണ് അത് . അപ്പനും അമ്മയും അതായത് കൊണ്ട് ഉണ്ടായ ഒരിതാണ് , എന്റെ നസ്രാണി മാപ്പിളത്തരം എന്ന സംഭവം . എനിക്ക് എന്തോരും വിശ്വസം ഉണ്ട്, എന്നതൊന്നും ഇവിടെ പ്രസക്തമല്ല . എന്ത് മാത്രം ഞാൻ ഇവിടെ കിടന്ന് കാറി കൂവി വിളിച്ചാലും , എന്റെ ആത്യന്തികമായ അസ്തിത്വം ഇന്നത്തെ ഇന്ത്യയിൽ അത് തന്നെ ആണ് . ലിബറൽ , സെന്റർ ലെഫ്റ്റ് എന്നൊക്കെ , കോഴിക്ക് പൂ ഉള്ളത് പോലെ പറയാം എന്ന് മാത്രം . കോഴി ഈസ് കോഴി .
അപ്പൊ വേറെ ചിലത് കൂടി പറയേണ്ടി വരും . ഞാൻ ഡോക്ടർ ആയി . സർജൻ ആയി . അത്യാവശ്യം വിവരം ഉണ്ട് . ഇതിൽ എനിക്ക് അഭിമാനിക്കാമോ ? അഹങ്കരിച്ചു കൂടെ ?
വേണേൽ ചെയ്യാം എന്ന് മാത്രം . ഞാൻ ഒരു ഭയങ്കരൻ . എന്റെ മാത്രം മിടുക്ക് . ഞാൻ ടാക്സ് കൊടുക്കുന്നു . എന്നൊക്കെ അടിച്ചു ഞെളിയാം . രണ്ടു കക്ഷത്തിലും നാരങ്ങാ വച്ചത് പോലെ , കൈ വിരിച്ചു , നെഞ്ചും വിരിച്ചു നടക്കാം .
സത്യം എന്താണ് ? വാട്ട് ഈസ് ദി ബ്ലഡി ട്രൂത് ?
എന്റെ അപ്പൻ ഡോക്ടർ ആയിരുന്നു . അപ്പന്റെയും അമ്മയുടെയും കുടുംബത്ത് അത്യാവശ്യം സ്വത്ത് ഉണ്ടായിരുന്നു . ചെറുപ്പത്തിൽ എത്ര പുസ്തകങ്ങൾ വേണമെങ്കിലും വാങ്ങാമായിരുന്നു . നല്ല കലക്കാനായി ഞണ്ണാൻ പുട്ട് , പഴം , ഇഡ്ഡലി , ചോറ് , ചാറ് , പോത്ത് , പോർക്ക് , ആവോലി , നെയ്മീൻ എന്ന് വേണ്ട , സകലമാന സാധനങ്ങളും ഇഷ്ടം പോലെ ഉണ്ടായിരുന്നു .
അത് കൊണ്ട് , തടി ഉണ്ടായി , മസിൽ ഉണ്ടായി , ഇത്തിപ്പോരം തലച്ചോറും ഉണ്ടായി – അത് ഉപയോഗിക്കാൻ ഉള്ള സൗകര്യങ്ങളും ഒത്ത് കിട്ടി .
പി സീ തോമാസ് മാഷിന്റെ അവിടെ എൻട്രൻസ് പഠിക്കാൻ പോയി . ഇല്ലെങ്കിൽ മെഡിസിന് പഠിക്കാൻ കിട്ടും എന്ന് യാതൊരു ഉറപ്പുമില്ല . കണക്കും ഫിസിക്സും ഭയങ്കര പാടായിരുന്നു .
എം ബി ബി സ് കഴിഞ്ഞു പിന്നെയും പത്തു പന്ത്രണ്ടു കൊല്ലം , കാശ് ഒന്നും നോക്കാതെ അകാടെമിക് പടികൾ കയറാൻ പറ്റി . ഇതൊക്കെ ചുമ്മാതാ ?
എന്തിനു – ഇത് പോലെ പത്ത് വാക്ക് കുത്തി കുറിക്കാൻ ഉള്ള ഒരു അവസരം കിട്ടുന്നത് പിന്നേം കുറെ ആകസ്മികതകളുടെ പുറത്താണ് .
വെറും കോസ്മിക് ലോട്ടറി ആണ്ഇഷ്ടോ – പ്രാപഞ്ചിക ലോട്ടറി അടിച്ചതാണ് . ഇല്ലെങ്കിൽ ഈ സ്ഥിതിയിൽ എത്താൻ യാതൊരു സാധ്യതയും ഇല്ല . ഇന്റെനാഷണൽ പേടിത്തൊണ്ടൻ ആണ് . കുറെ അന്തര്മുഖത്വം ഉണ്ട്. നല്ല മടി ഉണ്ട് .
പറയാൻ വന്നത് ശരിക്കും അതല്ല . നസ്രാണി മാപ്പിള എന്ന ജാതി ഇവിടെ എങ്ങിനെ വന്നു ? ജാതി സ്രെണിയിൽ ഇപ്പോഴുള്ള സ്ഥിതിയിൽ എങ്ങനെ എത്തി ?
വളരെ പെട്ടന്ന് പറയാം . ഇതിനു ഒരു രണ്ടാം ഭാഗം വേണ്ടി വരും , ശരിക്ക് പറയണമെങ്കിൽ .
പുരാതന നസ്രാണികൾ: സെന്റ് തോമസ് എന്ന ഈശോയുടെ ശിഷ്യൻ ഇവിടെ വന്നു കുറെ ആളുകളെ ക്രിസ്ത്യാനികൾ ആക്കി എന്ന് വളരെ ശക്തമായ ഐതിഹ്യം ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഇടക്ക് ഉണ്ട് . ഇതിന്റെ സത്യാവസ്ഥ അപഗ്രഥിക്കണമെങ്കിൽ കുറെ എഴുതണം . ബ്രാഹ്മണന്മാരെ മതം മാറ്റി എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണെന്ന് മാത്രം പറയാം . അന്നുണ്ടായിരുന്ന പ്രാചീന ദ്രവീഡിയ , ബുദ്ധ , ജൈന മതക്കാരെ ആയിരിക്കണം ഇങ്ങനെ മാറ്റിയത് .
വേറൊരു സാധ്യത , കൊടുങ്ങല്ലൂരിൽ കച്ചവടത്തിനായി കുറെ ജൂതന്മാർ ഉണ്ടായിരുന്നവരിൽ , അന്ന് , ജൂതമതത്തിന്റെ ഒരു വകഭേദം മാത്രം ആയിരുന്ന കുറെ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു . അവർ തദ്ദേശീയയരെ കുറെ പേരെ കൂടെ കൂട്ടി ഒരു സമൂഹം ആയി വളർന്നു എന്നതാണ് .
എന്തായാലൂം , സുറിയാനി ആരാധന ക്രമം വരുന്നതും, അന്ത്യോഖ്യ പാത്രിയര്കീസിന്റെ നേതൃത്വത്തിൽ ആവുന്നതും , എ ഡി 352 ൽ മിഡിൽ ഈസ്റ്റിൽ ക്നാനാ എന്ന സ്ഥലത്തു നിന്നും വന്ന തോമസ് എന്ന കച്ചവടക്കാരന്റെ കൂടെ ഏകദേശം മൂവായിരം ക്രിസ്ത്യാനി ജൂതന്മാർ കൊടുങ്ങല്ലൂരിൽ കപ്പലിൽ വന്നിറങ്ങി .
ഇവർ ആണ് ക്നാനായ ക്രിസ്ത്യാനികൾ അഥവാ തെക്കും ഭാഗർ എന്ന് അറിയപ്പെടുന്നവർ .
ഇവർ പിന്നീട് നാട്ടു നസ്രാണികളെ അവരുടെ വരുതിയിൽ നിർത്തി എന്ന് വേണം വിചാരിക്കാൻ . അന്ന് ചേര രാജാക്കന്മാരുടെ പ്രധാന വരുമാനം കൊടുങ്ങല്ലൂർ (മുസിരിസ് ആണെന്ന് വിചാരിക്കപ്പെടുന്നു ) കേന്ദ്രമായ കച്ചവടം ആണ് . കുരുമുളക് , അത് പോലുള്ള നാണ്യ വിളകൾ കൃഷി ചെയ്യാനും , അത് കച്ചവടം ചെയ്യാനുമുള്ള , പ്രധാന ഒരു സമുദായമായി നസ്രാണി മാപ്പിളമാർ മാറി .
മാറി മാറി വന്ന രാജാക്കന്മാർ , ചേരമാൻ പെരുമാൾ മുതൽ , പ്രത്യേക ചില അവകാശങ്ങൾ , ഇവർക്ക് കൊടുത്തു . മൂന്നു പ്രധാന വിളംബരങ്ങൾ നമുക്കറിയാം :
ക്നായി തൊമ്മൻ ചേപ്പേട് . (ഒറിജിനൽ )
ഇരവികോർത്തൻ ചെപ്പേട്
തരിസാപ്പള്ളി പട്ടയം .
അഞ്ചെട്ടു നൂറ്റാണ്ട് ഇടവിട്ടുള്ള ഈ മൂന്നിലും പല അവകാശങ്ങൾ കൊടുത്തിട്ടുള്ളതിന്റെ കൂടെ , പറഞ്ഞിട്ടുള്ള പ്രധാന ഒരു അവകാശം ആണ് :
പതിനേഴ് താഴ്ന്ന ജാതിക്കാരുടെ മേൽ ഉള്ള ഭരണാവകാശം .
അതായത് , വളരെ ചുരുക്കി പറഞ്ഞാൽ , സവർണ ക്രിസ്ത്യാനികളുടെ ജാതി സ്രെണിയുടെ ആധാര ശില ഈ സംഭവം ആണ് .
ഒന്നാലോചിച്ചു നോക്കണേ – പണ്ട് കാലത്തേ ഓരോ കാര്യങ്ങൾ എങ്ങനെ ഇന്നത്തെ എന്റെ അടക്കം ഉള്ളവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ?
തമാശ അതല്ല . ജാതി ശുദ്ധത നില നിർത്താൻ അശ്രാന്ത പരിശ്രമം ചെയ്യുന്ന ക്നാനായ ക്രിസ്ത്യാനികളെ ഇപ്പൊ നോക്കിയാൽ തനി കേരളീയർ തന്നെ ! എന്നിട്ടും ശുദ്ധതാ വാദത്തിനു ഒരു കുറവും ഇല്ല .
എന്നാൽ ചില ജനിതക തെളിവുകൾ അവശേഷിക്കുന്നുണ്ട് താനും .
കുറെ കൂടി വിശദീകരിച്ചുള്ള കേരള ക്രിസ്ത്യാനി ചരിത്രം വേറൊരു ലേഖനത്തിൽ .
ഗുണപാഠം എന്താണെന്നു വച്ചാൽ , നമ്മൾ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്നതിന് ആകസ്മിക കാര്യങ്ങൾക്ക് നമ്മൾ വിചാരിക്കുന്നതിനേക്കാൾ വളരെ പ്രാധാന്യമുണ്ട് .
വൈ ശശി തരൂർ ഈസ് എ ഹിന്ദു ?
അദ്ദേഹം അങ്ങനെ ജനിച്ചത് കൊണ്ട് .
വൈ ഹി ഈസ് എ പവർഫുൾ ഹിന്ദു ?
സാഹചര്യങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട് . ഉണ്ട് .
(ജിമ്മി മാത്യു )