ശാസ്ത്രീയ ചികിത്സയും വ്യാജവും നമ്മുടെ മനഃശാസ്ത്രവും:

: ഇന്റർനെറ്റും അതിലെ ഫേസ്ബുക്കും വാട്സ് ആപ്പും ഒരു പ്രത്യേക സാധനം ആണ് . അക്ഷയ ഖനിയാണ് – എന്നാൽ കുപ്പത്തൊട്ടിയുമാണ് . അമൂല്യമായ അറിവിന്റെ മാണിക്യ കഷ്ണങ്ങൾ കോഴി പപ്പിന്റേയും ചീഞ്ഞ മുട്ടയുടെയും അളിഞ്ഞ തക്കാളിയുടെയും ഇടയ്ക്കു കിടക്കുന്നു . നല്ലതു പെറുക്കിയെടുക്കാൻ തന്നെ നല്ല ബോധം വേണം . നമ്മുടെ മനസ്സിനോട് തന്നെ പൊരുതണം . കാന്താരിമുളകും ആവണക്കെണ്ണയും അരച്ച് സേവിച്ചാൽ നടുവേദന മാറും എന്നതു പോലെ ഉള്ള മണ്ടത്തരങ്ങളും  ആവശ്യമായ ഒരു മാതിരി എല്ലാ ഉജ്വലമായ അറിവുകളും ചക്ക കുഴഞ്ഞത് പോലെ കുഴഞ്ഞു കിടക്കുന്നു .

എന്നാൽ ഇവ കൊണ്ടും , ഇവ പടച്ചു വിടുന്ന ചില വ്യാജ വൈദ്യന്മാർ കൊണ്ടും ശരിക്കും പ്രശ്നങ്ങൾ ഉണ്ട് .

വാക്സിൻ വിരുദ്ധത കാണിക്കുന്നത് രണ്ടു തരാം ആളുകൾ ആണ് . ഒന്ന് – വ്യാജന്മാർ , പിന്നെ ആധുനിക വൈദ്യത്തെ പല കാരണങ്ങൾ കൊണ്ട് എതിർക്കുന്നവർ (അതിൽ ഡോക്ടർമാർ , ആശുപത്രികൾ എന്നിവയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായവർ കാണും .)

പിന്നെ വാക്സിൻ വിരുദ്ധത യും കുറെ ഒക്കെ ആധുനിക വൈദ്യത്തെ എതിർക്കുന്നവരും തീവ്ര മത വാദികൾ ആണ് . അതിന്റെ മനഃശാസ്ത്രം കുറെ കൂടി സങ്കീർണം ആണ് . പഴയ , മതങ്ങൾ അതിശക്തമായ കാലങ്ങൾ തിരികെ കൊണ്ട് വന്നാൽ മാത്രമേ മതങ്ങൾ രക്ഷപ്പെടൂ എന്നവർ ഉപ ബോധ മനസ്സിൽ വിശ്വസിക്കുന്നു . അമേരിക്കയിലും ഒക്കെ ഇങ്ങനത്തെ ആളുകൾ ഉണ്ട്. ജന സംഖ്യാ കുറയുന്നതിനെ അവർ ആശങ്കയോടെ കാണുന്നു . വാക്സീനുകളാണ് അതിനു കാരണം എന്ന് ആരെങ്കിലും പറഞ്ഞാൽ കണ്ണുമടച്ചു അവർ വിശ്വസിക്കും .  വിചിത്രമായ രീതിയിൽ അവർ പറയുന്നത് ശരി ആണ് താനും . വാക്സ്സീനുകൾ , വൈദ്യ ശാസ്ത്രം ഇവ മൂലം ഉണ്ടാകുന്ന കുറഞ്ഞ ശിശു മരണ നിരക്കും ആളുകൾ കുട്ടികൾ കുറച്ചു മതി എന്ന് തീരുമാനിക്കുന്നതും തമ്മിൽ ബന്ധം ഉണ്ടെന്ന് ലോകം ആകമാനം ഉള്ള പഠനങ്ങൾ ഉണ്ട് . എന്നാൽ സ്ത്രീ ശാക്തീകരണം , ആധുനികത എന്നിവയുടെ അനിവാര്യമായ ഒരു സംഭവമാണ് ഇതൊക്കെ .

ചികിൽസിച്ചു ഭേദമാക്കാവുന്ന കാൻസറുകൾ പലതും ആദ്യം ചികില്സിക്കുന്നത് കാൻസർ എന്ന അസുഖമേയില്ല എന്ന് പറയുന്ന വ്യാജന്മാരാണ് . പലപ്പോഴും ചികിത്സ ഫലിക്കാത്ത അത്ര വലുതായി കഴിയുമ്പോഴാണ് ആധുനിക വൈദ്യന്മാരുടെ അടുത്തു എത്തുന്നത് . ഈ കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു – ഗർഭപാത്രത്തിൽ നിന്നുള്ള രക്ത സ്രാവത്തിന് ഇഷ്ടിക പൊടിച്ചത് കഴിച്ചാൽ മതിയെന്ന് വൈദ്യർ  എന്നറിയപ്പെടുന്ന ഒരാൾ പറയുന്നു . ആരും വിശ്വസിക്കുന്ന ആത്മ വിശ്വാസത്തോടെ ആണ് കാച് .

മയോ ക്ലിനിക്കിലെ ഡോക്ടർ രതീഷ് മേനോൻ എന്ന ഒരാളുടെ ആണെന്ന് പറഞ്ഞു ഒരു ഓഡിയോ ക്ലിപ്പ് കണ്ടു . അമിത രക്ത സമ്മർദത്തിന് ഒരിക്കലും മരുന്ന് കഴിക്കരുത് എന്ന് ആരോ  പറയുന്നു . കുറെ വെള്ളം കുടിച്ചാൽ മതി അത്രേ . ഹൃദയ ധമനികൾക്ക് ഉണ്ടാകുന്ന ബ്ലോക്ക് മാറ്റാൻ അമിത രക്ത സമ്മർദം അത്യാവശ്യം ആണത്രേ . എന്നാൽ എന്താണ് സത്യം ? ഹൃദയ ബ്ലോക്കുകൾ ഉണ്ടാകാനുള്ള ഏറ്റവും വലിയ നാല് ഘടകങ്ങളിൽ ഒന്നാണ് അമിത രക്ത സമ്മർദം . അമിത കൊലെസ്റ്ററോളും കൊഴുപ്പു ഘടകങ്ങളും , പ്രമേഹം , പുകവലി എന്നിവ ആണ് മറ്റുള്ളവ . വളരെ കാലത്തെ പഠനങ്ങൾക്ക് ശേഷം ഒരു മാതിരി ഉറപ്പായ കാര്യങ്ങൾ ആണ് ഇവ ഒക്കെ . (ങേ – കൊളെസ്റ്റെറോളോ – അതൊന്നും കുഴപ്പമില്ല എന്ന് ഈയടുത്തു വന്നില്ലേ ? – അങ്ങനെ ചോദിക്കരുത് . അങ്ങനെ ഒന്നും ഇല്ല . ഈ വക ഒക്കെ ഇത് പോലത്തെ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ് . കഴിക്കുന്ന കൊളസ്‌ട്രോൾ കൊണ്ട് അല്ല പ്രധാനമായതും രക്ത കൊളസ്റ്ററോൾ കൂടുന്നത് എന്നുള്ള ഒരു പത്തു കൊല്ലത്തോളം ആയുള്ള ഒരു അറിവ് ഇപ്പോൾ ഏകദേശം ശാസ്ത്രലോകം ശരി വച്ചു എന്നതേയുള്ളു . രക്ത കൊളെസ്റ്ററോൾ അധികരിക്കുന്നത് ഹൃദയ രോഗ സാധ്യതയെ കൂട്ടുമെന്നും പൂരിത കൊഴുപ്പുകൾ, ഡാൽഡ , ഇറച്ചിയിലെ കൊഴുപ്പുകൾ എന്നിവയും സ്‌റ്റാർച് , പഞ്ചസാര എന്നിവ മറ്റു രക്ത കൊഴുപ്പുകളെ കൂട്ടുമെന്നും അവ ഭക്ഷണത്തിൽ കുറക്കണം എന്നും ൽ ഡി ൽ , ട്രൈ ഗ്ലൈസെറീഡ്സ് , കൊലെസ്റ്ററോൾ എന്നീ ഘടകങ്ങൾ കുഴപ്പത്തിൽ ആണെങ്കിൽ ഒരു നിശ്ചിത അളവിൽ താഴെ നിർത്തുന്നതാണ് നല്ലതു എന്നും , ഭക്ഷണം കൊണ്ട് അത് സാധിക്കുന്നില്ലെങ്കിൽ മരുന്ന് കഴിക്കണം എന്നുമുള്ള ഗൈഡ് ലൈനുകളിൽ കാര്യമായ യാതൊരു മാറ്റവും വന്നിട്ടില്ല !)

അത് പോട്ടെ -ഇതേ ഓഡിയോ ക്ലിപ്പ് കണ്ട രക്ത സമ്മർദത്തിന് ഉള്ള മരുന്ന് നിർത്തിയ കുറെ ആളുകളെ എനിക്കറിയാം .

എന്നാൽ ആരാണ് ഈ രതീഷ് മേനോൻ ? ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി – അങ്ങനെ ഒരാൾ മയോ ക്ലിനിക്കിൽ എന്നല്ല – ഭൂമുഖത്തെവിടെയും ഇല്ല . ശരിക്കും ഈ ഓഡിയോ ക്ലിപ്പിനു പുറകിൽ ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്ന് വിരമിച്ച ഒരു എഞ്ചിനീയർ ആയിരുന്നു . പെട്ടന്ന് പുള്ളിയുടെ “നിരീക്ഷണത്തിൽ” തോന്നിയതാണത്രേ . വെള്ളം കുത്തി ഒഴുകുമ്പോൾ അഴുക്കുകൾ പോകുമല്ലോ . ഇറിഗേഷൻ എഞ്ചിനീർക്ക് അങ്ങനെ തോന്നിയതിൽ അത്ഭുതമില്ല . എന്നാൽ പിന്നെ ശ്രീ ബുദ്ധനെ പ്പോലെ ബോധോദയ ജ്ഞാനം എല്ലാവര്ക്കും പറഞ്ഞു കൊടുത്തേക്കാം എന്ന അദമ്യമായ വാഞ്ഛയാണ് ഈ ക്ണാപ്പ് – അല്ല , സോറി – ക്ലിപ്പിനു പുറകിൽ .

എന്ത് കൊണ്ട് കാർ നന്നാക്കാനും വീട് പണിയാനും ശാസ്ത്രീയമായി പഠിച്ച എന്ജിനീർമാരെ ആശ്രയിക്കുന്ന ജനങ്ങൾ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും യുക്തി സഹം ആയ തീരുമാനങ്ങൾ എടുക്കുന്നില്ല എന്നൊരു ചോദ്യമുണ്ട്. ഇത് ജനങ്ങളുടെ കുറ്റം അല്ല എന്നുള്ളതാണ് സത്യം .

ഒന്നാമത്തെ കാരണം മനുഷ്യ മനസ്സ് തന്നെ ആണ് . ആരെ കല്യാണം കഴിക്കണം , ആരെ പ്രണയിക്കണം , മക്കളെ ഏതു കോഴ്സിന് ചേരാൻ പ്രോത്സാഹിപ്പിക്കണം , ഏതു കൂട്ടുകാരോട്  ഒത്തു സമയം ചിലവിടണം , സ്വന്തം വിശ്രമ സമയങ്ങളിൽ എന്ത് വിനോദങ്ങളിൽ ഏർപ്പെടണം തുടങ്ങിയ കാര്യങ്ങളിൽ ആളുകൾ തീർത്തും ശാസ്ത്രീയമായും യുക്തി സഹമായും ആണോ തീരുമാനങ്ങൾ എടുക്കുന്നത് ?

അല്ല എന്നാണു ഉത്തരം . നമ്മുടെ വളരെ വ്യക്തിപരവും , വൈകാരികമായി നമ്മെ ബാധിക്കുന്ന കാര്യങ്ങളിൽ നമ്മൾ നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള വികാരങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത് . ഉള്ളിൽ ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ ആ തീരുമാനത്തെ സാധൂകരിക്കുന്ന തെളിവുകൾ നമ്മൾ അവിടന്നും ഇവിടന്നും പെറുക്കി കണ്ടെത്തും . എതിരെയുള്ള വാദ മുഖങ്ങളെ നമ്മൾ മനഃപൂർവം അല്ലാതെ  നടിക്കുകയും ചെയ്യും . ഇതാണ് നമ്മുടെ ഒക്കെ ഒരു സൈകോളജി .

നമ്മുടെ അല്ലെങ്കിൽ നമ്മുടെ ഉറ്റവരുടെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ സ്തോഭ ജനകമാണ് , ആധി വർദ്ധിതമാണ് . എന്തെങ്കിലും വിശ്വാസത്തെ മുറുകെ പിടിക്കാൻ മനുഷ്യരെ നിരബന്ധിക്കുന്നവയും ആണ് . ആരും ദൈവത്തെ വിളിച്ചു പോകുന്ന ഈ അവസ്ഥകളിലൂടെ ഞാനും നിങ്ങളും ഒക്കെ കടന്നു പോയിട്ടുണ്ട് ; അല്ലെങ്കിൽ പോകും . ആർക്കും അതിൽ നിന്ന് രക്ഷയില്ല . ഇത് പ്രാർഥനക്കാർക്ക് നല്ല ഒരു റോൾ ഉണ്ടാക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ . അതവിടെ നിൽക്കട്ടെ .

ഒരു മാതിരി ഇതേ മനഃ സവിശേഷതകളാണ് വ്യാജന്മാരിലും ആളുകൾ വിശ്വാസം അർപ്പിക്കാൻ ഒരു പ്രധാന കാരണം . ദൈവിക കഴിവുകളുള്ള ഒരു ചികിത്സകൻ ആണ് പാരമ്പര്യമായി തന്നെ , നൂറ്റാണ്ടുകൾ കൊണ്ട് നമ്മുടെ മനസ്സിൽ ഉള്ളത് . ഞാൻ എല്ലാം ശരിയാക്കാം – എനിക്കെല്ലാം അറിയാം . ഈ ഒരു മനസ്ഥിതിയുടെ ഹാലോ (മ്മടെ പുന്യാളൻമാരുടെ തലയ്ക്കു ചുറ്റും ചട്ടി കമത്തിയ മാതിരി ഉള്ള ഒരു പ്രകാശ വലയമില്ലേ – അതാണീ സാധനം ) അവർ  മനഃപൂർവം എടുത്തിടുന്നു .

അത് കൊണ്ട് തന്നെ ചികിത്സയെ പറ്റി വളരെ നന്നായി , ശാസ്ത്രീയമായി എത്ര പറഞ്ഞു കൊടുത്താലും രോഗികൾ അത് നന്നായി എടുക്കണം എന്നില്ല . തൃപ്തി വരാതെ ‘എല്ലാം ഞാൻ ശരിയാക്കി തരാം ‘ എന്ന് പറയുന്ന ആളുകളുടെ അടുത്തേക്ക് ഓടാൻ കുറെ ഏറെ പേര് തയാറാകും .

ശാസ്ത്രം ഒരു എതിരൻ ആണ് . നമ്മുടെ വിശ്വാസങ്ങൾ എതിരൻ  അല്ല . കോമളൻ വൈദ്യൻ നമ്മെ രക്ഷിക്കും എന്ന് വിശ്വസിച്ചാൽ പിന്നെ ആ വിശ്വാസ ഗ്രാമത്തിലെ ഓരോ തെളിവ് അരിയും നമ്മൾ പെറുക്കിയെടുത്തു തിന്നും . എല്ലാ സാക്ഷ്യവും വിശ്വസിക്കും . ഒരൊറ്റ സാക്ഷ്യം  മതി – നമ്മുടെ ഒരു ബന്ധു – “അങ്ങേര് എന്റെ വയറു  വേദന മാറ്റി “,എന്ന് പറയുകയോ . “കോർത്തോ ബെർബ് എന്റെ നടു വേദന മാറ്റി ” , “പാമ്പേന്റെ കസൂരി കഴിച്ചപ്പോ എന്റെ ശ്വാസം മുട്ട് പോയി ” എന്ന് ആൾക്കാരെ കൊണ്ട് കാശ് കൊടുതു പറയിപ്പിക്കുന്നത് കേൾക്കുകയോ ചെയ്‌താൽ മതി – നമ്മുടെ വിശ്വാസം അതി ദൃഢം ആകാൻ .

എന്നാൽ എതിരായുള്ള വാദ മുഖങ്ങളോ – എന്റെ സാറേ – നമ്മൾ കാണുക കൂടി ഇല്ല .

ശാസ്ത്രം പ്രവർത്തിക്കുന്നത് അങ്ങനെ അല്ല . ഒരു വിദഗ്ദ്ധൻ എന്തെങ്കിലും പുതിയ ചികിത്സയിലുള്ള വിശ്വാസം പറഞ്ഞാൽ , അല്ലെങ്കിൽ പുതിയ ഒരു മരുന്ന് ഞാൻ കണ്ടു പിടിച്ചു എന്ന് പറഞ്ഞാൽ മറ്റുള്ള ശാസ്ത്രജ്ഞരും ഡോക്ടർമാരുമെല്ലാം അയാളുടെ മേത്തു കേറി നിരങ്ങും . സർക്കാർ സംവിധാനങ്ങളും പൊതു ജനവും ചിലപ്പോൾ കേറി നിരങ്ങി എന്നിരിക്കും .

ഈ പ്രാന്തന്റെ പുതിയ അവകാശത്തിനു എതിരായ തെളിവുകൾ എന്തൊക്കെ ? ഇത് കണ്ടു പിടിക്കലും , അവകാശവാദം ഉന്നയിച്ച ആളുടെ വാദങ്ങളെ എതിർക്കുകയും ചെയ്യുക എന്നതാണ് ഈ ശാസ്ത്രീയ സംവിധാനത്തിന്റെ പ്രധാന കലാപരിപാടി . ആധുനിക നിയന്ത്രണ സർക്കാർ സംവിധാനങ്ങൾ കുറെ ഒക്കെ ഇതേ ശാസ്ത്രീയ രീതിയിൽ തന്നെ ആണ് വർക് ചെയ്യുന്നത് . അതാണ് ശാസ്ത്രം ഒരു എതിരൻ ആണെന്ന് പറയുന്നത് . ശാസ്ത്ര രീതി കഴിഞ്ഞ വളരെ കുറച്ചു പതിറ്റാണ്ടുകളായി (ഒന്ന് രണ്ടു നൂറ്റാണ്ട് എന്ന് പറയാം ) സത്യത്തെ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം ആയതു കൊണ്ട് പതിയെ സ്വയം പൊങ്ങി വരിക ആയിരുന്നു . മനുഷ്യ മനസ്സുകൾ സ്വതേ ഇത്തരം ചിന്തയിൽ നിന്ന് പുറം തിരിഞ്ഞു നിക്കുന്നവ ആണ് .

ഈ എതിരൻ സ്വഭാവം കാരണം ആണ് നേരത്തെ പറഞ്ഞ കൊളെസ്റ്റെറോളിനെ പറ്റി  ഉള്ളത്  പോലെ സത്യം കൂടുതൽ കൂടുതൽ തേച്ചു മിനുക്കപ്പെടുന്നത് . കൂടുതൽ നല്ല മരുന്നുകൾ വരുമ്പോൾ അല്ലെങ്കിൽ ചെറിയ അശാസ്ത്രീയതകൾ പുറത്തു വരുമ്പോൾ കുറെ മരുന്നുകൾ നിരോധിക്കപ്പെടുന്നു . ഉപേദേശങ്ങൾ അഥവാ ഗൈഡ് ലൈനുകളിൽ ചെറിയ മാറ്റങ്ങൾ വരുന്നു .

എന്നാൽ പൊതു ജനം ഇതിനെ സ്ഥിരത ഇല്ലായ്മ ആയി കാണുന്നു . എന്നാൽ നമ്മുടെ മനസ്സിന്റെ പ്രത്യേകത കാരണം ,  ഇല്ലാത്ത രതീഷ് മേനോൻ , വെള്ളം ധാരാളം കുടിച്ചാൽ പഞ്ചസാര മൂത്രത്തിലൂടെ പോയി പ്രമേഹം മാറും എന്ന് പറയുമ്പോൾ കണ്ണും അടച്ചു , അത് വിശ്വസിക്കയും ചെയ്യുന്നു .

അതായത് – സ്വാഭാവികമായി തന്നെ – വിശ്വാസത്തിൽ എടുക്കാൻ ആധുനിക വൈദ്യത്തിനു പരിമിതികൾ ഉണ്ട്.

ആകെ ആധുനിക ഡോക്ടർമാർക്കും വൈദ്യന്മാർക്കും ചെയ്യാവുന്നത് മാക്സിമം ആല്മാർത്ഥത കാണിക്കാം എന്നുള്ളതാണ് . കുറച്ചെങ്കിലും വിശ്വാസം ആർജിക്കാൻ അതെ ഉള്ളു മാർഗം . അത് കൊണ്ട് തന്നെ ആണ് മോശം പ്രവണതകൾ എങ്ങനെയും എതിർക്കാൻ ഇതിന്റെ ഉള്ളിൽ ഉള്ളവർ തന്നെ മുന്നോട്ട് വരണം എന്ന് പറയുന്നത് . അപ്പോൾ എതിരൻ വാദങ്ങൾ കൊണ്ട് വരരുത് .(-ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .