കെട്ടണോ വേണ്ടയോ- ആകെ കൺഫ്യൂഷൻ ആയല്ലോ .

പലപ്പോഴായി ചില കാരണവന്മാർ എന്നോട് പറഞ്ഞട്ടുണ്ട് : അവരുടെ മക്കളെ ഉപദേശിക്കാൻ.

 

അവൻ / അവൾ – ” പത്തു മുപ്പത്തഞ്ച് / മുപ്പത് വയസ്സാവാനാ പോണേ – കെട്ടണം എന്ന് പറഞ്ഞാൽ അപ്പം ഓടും. എന്തുട്ടാ ചെയ്യാ / എന്നാ ചെയ്യാനാ ”

 

ഞാൻ എന്തുട്ട് ചെയ്യാനാ- എനിക്ക് ഉപദേശിക്കാൻ യാതൊരു യോഗ്യതയും ഇല്ലെന്നു നിങ്ങൾക്കറിയാമല്ലോ . വെറും ഒരു ഗ്രീൻ മാൻ ആയ ഞാൻ എന്ത് പറയാൻ.

 

പക്ഷെ ഈ പ്രവണത കൂടി വരികയാണ് . സോഷ്യോളജിക്കലായി കെട്ടണോ വേണ്ടയോ എന്ന് അപഗ്രഥിക്കാൻ പറ്റുമോ ? ശാസ്ത്രീയമായോ യുക്തിപരമായോ ഇതിനെ സമീപിച്ചാൽ റിലാക്‌സേഷൻ കിട്ടുമോ ? അതോ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങുമോ ? എന്താണ് കെട്ടൽ അഥവാ കല്യാണം ?

 

പരിണാമപരമായി പറഞ്ഞാൽ, മിക്ക ജീവികളിലും ‘അമ്മ മാത്രം ആണ് കുട്ടികളെ നോക്കുന്നത്. ആണിന് ഒരു പണിയുമില്ല .( ഐ മീൻ – പണി കഴിഞ്ഞാൽ അപ്പം സ്ഥലം വിടും!). ചില പക്ഷികൾ ഇതിന് അപവാദം ആണ്. ഓരോ സീസണിൽ ഒരു കല്യാണം. കൂടു കെട്ടി പിള്ളേർ പറന്നു കഴിഞ്ഞാൽ അടുത്ത സീസൺ വരെ ഫ്രീ . പിന്നെ അടുത്ത സീസണിൽ വേറൊരാൾ – സീരിയൽ മോണോഗാമി . അരയന്നം പോലുള്ള ചുരുക്കം ചില പക്ഷികളിൽ ആജീവനാന്ത ബാന്ധവം ഇല്ലാതില്ല .

 

ചെന്നായ , ഗിബ്ബൺ എന്ന ആൾകുരങ്ങ് അങ്ങനെ ചുരുക്കം ചില സസ്തനികളിൽ ജീവിതകാലം മൊത്തം ഒറ്റ ഇണ ആണ് .

 

മനുഷ്യരിൽ സ്ഥിരമായ ഇണ ഒരു അനിവാര്യത ആണെന്ന് ഒരു ശക്തമായ വാദം ഉണ്ട് . അതായത് , മനുഷ്യകുഞ്ഞിന്റെ തലച്ചോർ വളരെ വലുതാണ് . അപ്പോൾ തലയും വളരെ വലുതായല്ലേ പറ്റൂ . ഇതാണ് മനുഷ്യ സ്ത്രീകളിൽ പ്രസവം ഇത്ര അപകടം നിറഞ്ഞതായത് . ഇടുപ്പ് പെണ്ണുങ്ങളിൽ വളരെ വലുതായിട്ടും കുഞ്ഞുങ്ങൾ പുറത്തു വരാൻ പ്രയാസം ആണ് . പെണ്ണുങ്ങളുടെ ഇടുപ്പ് ഇനിയും വികസിച്ചാൽ നടക്കാൻ വരെ പ്രയാസം നേരിടും .

 

പരിണാമം ഇതിനെ മറികടന്നത് , പാതി വളർന്ന തലയുമായി കുഞ്ഞുങ്ങളെ ജനിപ്പിച്ചു കൊണ്ടായിരുന്നു . ജനനാൽ തീരെ നിസ്സഹായ അവസ്ഥയിൽ ആണ് മനുഷ്യക്കുഞ്ഞു. എന്നാൽ ഒരു മാൻകുട്ടിയെ നോക്ക്. ജനിച്ച ഉടനെ ഓടാം ചാടാം . കൂട്ടത്തിനൊപ്പം കൂടാം . മാത്രമല്ല, മനുഷ്യ കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാൻ കുറെ ഏറെ കാര്യങ്ങൾ പഠിക്കണം . ഒരു പത്തിരുപതു വര്ഷം വേണം സ്വന്തം കാലിൽ നിൽക്കാൻ.

 

അമ്മയെ കൊണ്ട് മാത്രം ഒന്നും നടക്കില്ല. അപ്പനും ഉത്സാഹിച്ചേ പറ്റൂ- കുറെ കുട്ടികളെ വളർത്തി എടുക്കാൻ . അങ്ങനെ വിവാഹം വേണ്ടി വന്നു . ഇതാണ് . ഒറ്റ നോട്ടത്തിൽ ശരിയാണ് എന്ന് തോന്നും. കൗമാരം ആകുമ്പോഴേക്കും ആണിന് പെണ്ണിനോടും , തിരിച്ചും – അതി ശക്തമായ ആകർഷണവും, പ്രേമത്തിൽ ആകുക എന്ന പ്രതിഭാസവും സംഭവിക്കുന്നുണ്ട് . ജീവശാസ്ത്രപരമായി ഇതിൽ എന്തോ ഒരു സത്യം ഉണ്ട് .

 

പക്ഷെ നമ്മൾ ഒരു കാര്യം മനസ്സിലാക്കണം. ഈ പറയുന്ന പോലെ രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള ഒരു കളി മാത്രം ആകാൻ ഒരു സാധ്യതയും ഇല്ല വിവാഹം. രണ്ടു ലക്ഷം വര്ഷങ്ങളായി ആധുനിക മനുഷ്യൻ ഉണ്ടായിട്ട് . അന്ന് മുതൽ ഗോത്രങ്ങളിൽ ആയി ആണ് നടപ്പ് . നൂറു മുതൽ അഞ്ഞൂറ് വരെ ഉള്ള ഗോത്രങ്ങൾ . ഈ ഗോത്രത്തിൽ നിന്നും പുറത്തായാൽ ആളുടെ കാര്യം സ്വാഹാ. വല്ല സിംഹമോ പുലിയൊ പിടിച്ചോ പട്ടിണി കിടന്നോ മരണം ഉറപ്പ് .

 

 

അൻപതിനായിരം കൊല്ലങ്ങൾ ആയി ഗോത്രങ്ങൾ തമ്മിൽ നല്ല കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിവുകൾ ഉണ്ട് . തമ്മിൽ യുദ്ധങ്ങളും കൂട്ട കൊലകളും പെണ്ണുങ്ങളെ പിടിച്ചു കൊണ്ട് പോവലും മറ്റും അത്ര തന്നെ സർവ സാധാരണവും ആയിരുന്നു . പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ ഒരു സങ്കീർണ സമൂഹ നിയമ കെട്ടുപാടിൽ ആയിരുന്നു മനുഷ്യൻ എന്നും . ശരിക്കും കല്യാണം ഒരു സാമൂഹ്യ സ്ഥാപനമാണോ അതോ രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു സ്വാഭാവിക ജീവ ശാസ്ത്ര സംഭവമോ ?

 

പല രീതിയിലും പഠനങ്ങൾ ആവാം. ഇപ്പോഴുള്ള പ്രാകൃത ഗോത്ര സമൂഹങ്ങളിൽ എൺപതു ശതമാനത്തിലും സമൂഹം അറേനജ് ചെയ്യുന്ന വിവാഹങ്ങൾ ആണ് ! പിന്നെ പോപ്പുലേഷൻ ജനറ്റിക്സ് എന്ന ഒരു നൂതന ശാസ്ത്ര ശാഖാ ഉണ്ട് . അതിൽ നിന്നുള്ള പഠനങ്ങൾ കാണിക്കുന്നത്, ഒരു അൻപതിനായിരം വർഷങ്ങൾ എങ്കിലും ആയിട്ട് സമൂഹം കല്യാണങ്ങൾ അറേഞ്ച് ചെയ്യുന്നു എന്നാണ്‌! തെരഞ്ഞെടുക്കാൻ ഉള്ള അവകാശം ആണിനും പെണ്ണിനും കൊടുക്കുന്നില്ല ! (ലിങ്ക് കമന്റിൽ ).

 

ഇതേ പഠനങ്ങൾ പറയുന്നത് , ആണുങ്ങളിൽ ഇരുപതു ശതമാനത്തിനു  ഒന്നിൽ കൂടുതൽ ഇണകൾ ഉണ്ടായിരുന്നു എന്നാണ്. അതായത് ഇപ്പോൾ ഉള്ള പരമ്പരാഗത സമൂഹങ്ങളിൽ (നമ്മുടെ പോലെ ഉള്ള ) നില നിൽക്കുന്നത് പോലുള്ള ഒരു സ്ഥിതി തന്നെ ഒരു അൻപതിനായിരം കൊല്ലമായി അങ്ങനെ ഒക്കെ തന്നെയാണ്  എന്നാണു .

 

മിക്ക ആണുങ്ങൾക്കും ഒരു ഭാര്യ. ചില വേന്ദ്രന്മാർക്ക് കൂടുതൽ. ഒക്കെ കാരണവന്മാരും സമൂഹവും നിശ്ചയിക്കും . ദിതാണ് .

 

ഒരു ഗോത്രത്തിൽ നിന്ന് വിവാഹം ചെയ്തു മറ്റൊരു ഗോത്രത്തിലേക്ക് പോകുന്ന പെൺകുട്ടിയാണ് ചിത്രത്തിൽ

 

ദൈവം കൂട്ടി ചേർത്തത് മനുഷ്യർ വേർപെടുത്താൻ പാടില്ല . വിവാഹം ദൈവികം ആണ്. വിവാഹ മോചനം പറ്റില്ല . പറ്റിയാൽ തന്നെ വളരെ മോശം . പിന്നെ സ്ത്രീകൾ പ്രത്യേകിച്ചും പുനർ വിവാഹം ചെയ്യരുത് . ഇതാണ് മിക്ക മതാധിഷ്ഠിത സമൂഹങ്ങളുടെയും ലൈൻ . ഹിന്ദു കോമൺ സിവിൽ കോഡ് കൊണ്ട് വന്നപ്പോൾ അതിനെതിരെ അന്നത്തെ ചില പാരമ്പര്യ വാദികൾ നടത്തിയ ആക്രമണത്തിന്റെ ഒരു പ്രധാന മുന വിവാഹ മോചനം സ്‌മൃതികൾ , വേദങ്ങൾ എന്നിവക്ക് എതിരാണ് എന്നതാണ് .

 

അതായത് വിവാഹം ഒരു കൂദാശ ആണ് . അതിനു പവിത്രത ഉണ്ട്. വിവാഹം കഴിച്ചേ പറ്റൂ . അത് ഒരാളുടെ ഉത്തരവാദിത്വം ആണ് . എന്ത് വില കൊടുത്തും അത് നില നിർത്തിയെ പറ്റൂ . എന്തും സഹിച്ചു അതിൽ തുടരേണ്ടതും വിവാഹിതരുടെ ഉത്തരവാദിത്വത്തിൽ പെടും . ഇതിനെതിരെ പ്രവർത്തിക്കുന്നവരെ സമൂഹം നാശകോശം ആക്കും . കല്ലെറിഞ്ഞു കൊല്ലും . എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പ്രത്യേകിച്ചും പെണ്ണുങ്ങളെ .

 

പോരാത്തതിന് നരകത്തിലും പോകും! പോരെ പൂരം.

 

നമ്മൾ ഇപ്പോൾ കല്യാണത്തെ സമീപിക്കുന്നത് ഇങ്ങനെ അല്ല. ഞാൻ മുൻപ് ഇവിടെ ഇട്ട ചോദ്യങ്ങൾക്ക് ആരും തന്നെ ഈ രീതിയിൽ – ദൈവം , പവിത്രത , ഉത്തരവാദിത്വം – പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

 

പിന്നെ എങ്ങനെ ആണ് നമ്മുടെ പ്രതികരണം?

 

വിവാഹം കൊണ്ട് എന്റെ സന്തോഷം അഥവാ ജീവിത സംതൃപ്തി കൂടിയിട്ടുണ്ടോ ? എന്റെ ആല്മാഭിമാനം സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ ? കുട്ടികളെ വളർത്തി വലുതാക്കിയത് കൊണ്ട് നമുക്ക് എന്തെങ്കിലും ഗുണം ഉണ്ടോ?

 

വയസ്സാം കാലത്തെങ്കിലും വിവാഹം കൊണ്ട് ആത്മ സംതൃപ്തി ഉണ്ടാകുമോ ?

 

ഇപ്പോഴത്തെ ശാസ്ത്ര , യുക്തി കേന്ദ്രീകൃതം ആയ , വ്യക്തീ പ്രാധാന്യത്തിൽ ഊന്നിയ ലിബറൽ ജനാധിപത്യ വ്യവസ്ഥിതിയിൽ , മത വിശ്വാസികൾ പോലും ചിന്തിക്കുന്നത് ഇങ്ങനെ ആണ് .

 

ഇതൊന്നും മാറ്റാൻ പറ്റുന്ന കാര്യങ്ങൾ അല്ല. ചരിത്രത്തിനു റിവേഴ്‌സ് ഗിയർ ഇല്ല. മാത്രവുമല്ല , ഈ ‘ആധുനികത ‘ വന്നതിനു ശേഷം ആണ് വ്യക്തികൾക്ക് പ്രാധാന്യം കൈ വന്നത് . പെണ്ണുങ്ങൾ . കുട്ടികൾ , ദരിദ്രർ , പാവങ്ങൾ , വികലാങ്കർ, എന്നിവർക്ക് അവകാശങ്ങൾ ആദ്യം ഉണ്ടായത് ഈ ഹ്യൂമാനിസ്റ് വിപ്ലവത്തിന് ശേഷം ആണ് . അടിമത്തം , തൊട്ടു കൂടായ്മ , മറ്റുള്ള ജാതി , ഗോത്ര , മത , രാജ്യ വിഭാഗങ്ങളെ ഒരു മന സാക്ഷിയും ഇല്ലാതെ കൊന്നൊടുക്കൽ എന്നിവ സാധാരണ ഗതിയിൽ നമുക്ക് അചിന്തനീയം ആയതും അതിനു ശേഷം ആണ് .

 

പക്ഷെ ഈ മാറ്റം വളരെ സിമ്പിളായി പറഞ്ഞാൽ വിവാഹം എന്ന സംഭവത്തിന്റെ കടക്കൽ കത്തി വക്കുന്നവ ആണ് . സമൂഹ നിർബന്ധം വിവാഹ കാര്യത്തിൽ ദുർബലം ആയതിനു ശേഷം അമേരിക്ക , യൂറോപ്പിൽ ഒക്കെ വിവാഹ മോചനം കണ്ടമാനം കൂടി . അൻപതു ശതമാനത്തിനു മേലെ ആണ് വിവാഹ മോചന നിരക്ക്. അത്രയും തന്നെ ആളുകൾ പല സ്ഥലത്തും വിവാഹം വേണ്ടെന്നു വക്കുന്നു .

 

കഴിഞ്ഞ ഒരു പത്തു പതിനഞ്ചു വർഷങ്ങൾ ആയി ഇന്ത്യയിലും ഇത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നതായി നമ്മുടെ ഇവിടെ പഠനങ്ങൾ നടത്തിയ സെഫാലി സന്ധ്യ എന്ന മനഃ ശാസ്ത്രജ്ഞ പറയുന്നു. വിവാഹ മോചന നിരക്ക് അഞ്ചു മടങ്ങു് ആയിട്ടുണ്ടത്രെ. കല്യാണം വേണ്ട എന്ന് വയ്കുന്നവരുടെ എണ്ണവും കൂടി വരുന്നു. മിക്ക വിവാഹ മോചനങ്ങൾക്കും തുടക്കമിടുന്നത് ഇന്ത്യയിൽ സ്ത്രീകൾ ആണ് .

 

പെണ്ണുങ്ങൾക്ക് പ്രശ്നങ്ങൾ വളരെ അധികം ആണ് . കൂടുതൽ ത്യാഗം സ്ത്രീ ചെയ്തേ പറ്റൂ എന്ന് എല്ലാവരും നിർബന്ധം പിടിക്കുന്നു . അഡ്രെസ്സ് പോലും മാറുന്നു . ഭർത്താവിന്റെ വാൽ ആകുന്നു. കെട്ടിയോന്റെ വീട്ടുകാരെ (അവർ വയസ്സ് ആകുമ്പോഴും) നോക്കേണ്ടി വരുന്നു .

 

കുട്ടികളെ പ്രസവിക്കുക വളർത്തുക വീട് നോക്കുക എന്നിവ പലപ്പോഴും എത്ര ഭർത്താവ് സഹായിക്കാം എന്ന് വച്ചാലും , ഭാര്യ കൂടുതൽ ചെയ്യേണ്ടി വരുന്നു . സ്വന്തം പഠന ജോലി മേഖല  നന്നായി തന്നെ ത്യജിക്കേണ്ടി വരുന്നു . ബാലൻസ് ഓഫ് പവർ തെറ്റുന്നു . കാശുണ്ടാക്കുന്നവന് ആണല്ലോ പവർ .

 

ഇതൊക്കെ ത്യജിക്കുന്ന, സഹിക്കുന്ന ഭാര്യമാർ ഉള്ള ആണുങ്ങൾ തൃപ്തർ ആകുന്നതും, പെണ്ണുങ്ങൾ വിവാഹ മോചനത്തിന് മുൻകൈ എടുക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണെന്നു പകൽ പാവക്ക പോലെ വ്യക്തം .

 

പകരം കിട്ടുന്നതോ – സെക്സ് . അത് പണ്ടേ പെണ്ണുങ്ങൾക്ക് ഭയങ്കര ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നുമല്ല എന്ന് ചിലർ പറയുന്നു . ആധുനിക കാലത് അതിനു വേണ്ടി വിവാഹം കഴിക്കണ്ട കാര്യവുമില്ല . മറ്റുള്ള സ്ത്രീകളും സുഹൃത്തുക്കളുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും അതിൽ സംതൃപ്തി കണ്ടെത്താനും പെണ്ണുങ്ങൾക്ക് കഴിവ് കൂടുതൽ ആയിരിക്കാം എന്ന് സൂചനകൾ ഉണ്ട് . കുട്ടികൾ ഇന്ന് അവരുടെ കാര്യം നോക്കി പോകും എന്ന് ഏതാണ്ട് ഉറപ്പാണ് .

 

സമൂഹത്തിന്റെ നിർബന്ധം മാത്രമാണ് ത്രാസിന്റെ ഇങ്ങേ തട്ടിൽ ഉള്ളത്! പിന്നെ ഒരു കുടുംബം ഉണ്ടായി എന്ന ആത്മ സംതൃപ്തിയും . അത് മതിയാകുമോ ? അറിയില്ല .

 

എന്നാൽ തുല്യത തന്റെ പെണ്ണിന് കൊടുക്കണം എന്നുറച്ചു വിശ്വസിക്കുന്ന ആധുനിക ആണിന്റെ പ്രശ്നങ്ങൾ നോക്ക് :

 

കുട്ടികളെ വളർത്തൽ , വീട്ടു ജോലികൾ ചെയ്യൽ , പാചകം ചെയ്യൽ എന്നിവ പാതി ചെയ്‌താൽ പോരാ !

 

സീ – കുട്ടികളെ പ്രസവിക്കൽ , പാലൂട്ടി വളർത്തൽ , എന്നിവ മൂലം എന്തായാലും വളരെ അധികം ത്യാഗങ്ങൾ പെണ്ണുങ്ങൾ എന്തായാലും ചെയ്യേണ്ടി വരുന്നുണ്ട് . കൂടാതെ ആണിന്റെ വീട്ടുകാർ , സമൂഹം ഇവരുടെ പക്ഷാപാതം , പെണ്ണിന്റെ പഠനം , കരിയർ മേഖലയിൽ ചെയ്യേണ്ടി വരുന്ന ത്യാഗം- ഇതൊക്കെ ഉണ്ട് .

 

ഇതിനൊക്കെ നന്നായി അറിഞ്ഞുള്ള അധിക പങ്കാളിത്തം കാണിച്ചാൽ മാത്രമേ ഒരു സ്ത്രീ തൃപ്ത ആവുകയുള്ളൂ . അപ്പോൾ സ്വന്തം മേഖലയിലെ ജോലി നന്നായി കുറക്കേണ്ടി വരും . ജോലി ഇല്ലാത്ത ത്യാഗിണി ഭാര്യമാർ ഉള്ള ആണുങ്ങൾ നിഷ്കരുണം മുന്നേറും . മത്സരത്തിൽ നിന്ന് ഏതാണ്ട് പൂർണമായും ഔട് ആകാനും മതി . അങ്ങനെ ഔട്ട് ആയി ജോലിയും കൂലിയും ഇല്ലാതെ വീട്ടു ജോലിയുമായി നിന്നാൽ ഭാര്യ അത്ര ബഹുമാന സ്നേഹങ്ങൾ കാണിക്കണം എന്നുമില്ല ! അതാണ് അതിന്റെ ഒരു മനഃശാസ്ത്രം . സമൂഹം എന്തായാലും പുച്ചിച്ചു ഒരു വഴിക്കാക്കും .

 

വികസിത രാജ്യങ്ങളിൽ ഉള്ള ചില പഠനങ്ങൾ പറയുന്നത് വിവാഹം കഴിച്ചവർ കഴിക്കാത്തവരെ കാൾ സന്തോഷം ഉള്ളവർ ആണെന്നാണ് . എന്നാൽ ഈ പഠനങ്ങൾക്ക് ചില കുഴപ്പം ഉണ്ട് :

ഒന്ന് : സന്തോഷം കൂടുതൽ സ്വയം ഉള്ളവർ ആവാം കല്യാണം കഴിക്കുന്നത് . അല്ലാത്തവർ വിവാഹം വിടുവിച്ചിട്ടും ഉണ്ടാകാം .

രണ്ട് : പല പഠനങ്ങളും കാണിക്കുന്നത് – ദാമ്പത്യ ജീവിതത്തിൽ സംതൃപ്തി ഉള്ളവർ വളരെ സംതൃപ്തർ . അല്ലാത്ത കുറെ പേർ വളരെ അസന്തുഷ്ടർ . ശരാശരി എടുക്കുമ്പോൾ കെട്ടിയ ചുരുക്കം ചിലരുടെ ഓവർ സന്തോഷം മൂലം ശരാശരി ഉയരുന്നു . കുറെ ഏറെ പേർ കല്യാണം കഴിക്കാത്തവരെ കാൾ വളരെ അസന്തുഷ്ടർ ആയിരിക്കാൻ സാധ്യത ഉണ്ട് .

മൂന്നു ; പണ്ടത്തെ പഠനങ്ങൾ ആണ് ഈ അസന്തുഷ്ടി കാണിക്കുന്നത് . പുതിയ പഠനങ്ങളിൽ ഇത് അത്ര കാണുന്നില്ല . അതായത് , കല്യാണം കഴിക്കാത്ത അവസ്ഥയെ മോശമായി കാണുന്നത് സമൂഹം നിർത്തിയപ്പോൾ അവിവാഹിതരുടെ സംതൃപ്തി ഉയരുന്നതും ആവാം .

 

എന്റെ പോയിന്റ് ഇതാണ് – ജീവിതാവസാനം വരെ ഉള്ള വിവാഹം ചരിത്രാതീത കാലം മുതൽ ഒരു സാമൂഹ്യ വ്യവസ്ഥിതി ആണ് . രണ്ടു കമിതാക്കൾ തമ്മിൽ സ്വയം തോന്നി ചെയ്യുന്നതല്ല . വ്യക്തികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് പവിത്രത . സമൂഹം , പവിത്രത , ത്യാഗം – ഇത് മൂന്നും സമവാക്യത്തിൽ നിന്ന് മാറ്റി ഗുണ ദോഷങ്ങളുടെ ഒരു കണക്കെടുപ്പ് മാത്രം ആയാൽ വിവാഹത്തിന് സാംഗത്യം ഉണ്ടോ ?

 

ചുരുക്കി പറഞ്ഞാൽ , രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള തുല്യ ഒരിടപാട് എന്ന രീതിയിൽ നോക്കിയാൽ കല്യാണം ഒരു നഷ്ട കച്ചവടം ആണ് . ഈ സങ്കട കരമായ വസ്തുത പറയണ്ട എന്ന് കരുതിയാണ് പണ്ടേ പ്ലാൻ ചെയ്ത ഈ ലേഖനം ഇത്ര വൈകിച്ചത് . എതിരഭിപ്രായം ഉള്ളവരും പോംവഴികൾ പറയാൻ ഉള്ളവരും ദയവായി പ്രതികരിക്കുക

എന്നാലും എല്ലാം മാറി കടക്കാനുള്ള സ്നേഹത്തിന്റെ കഴിവിൽ നമുക്ക് വിശ്വസിക്കാം. വിശ്വാസം – അതല്ലേ എല്ലാം .(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .