ഹിന്ദി വന്ന ജനിതക വഴി : ഇന്ത്യൻ മനുഷ്യ ചരിത്രം :

ഹിന്ദി പഠിക്കേണ്ടി വരുമോ ? ഏകദേശം ഉറപ്പായും പഠിക്കേണ്ടി വരും . ഇംഗ്ളീഷും പഠിക്കേണ്ടി വരും .

അപ്പൊ മലയാളമോ ? പഠിച്ചല്ലേ പറ്റൂ . നമ്മെ നാം ആക്കുന്നത് പ്രധാനമായും ഭാഷ ആണല്ലോ .

ഇതെല്ലം കൂടി നടക്കുമോ ? നടന്നേക്കില്ല . ഭാവി പ്രവചിക്കാൻ ബുദ്ധിമുട്ടാണ് . ഒരു പക്ഷെ , ഇംഗ്ളീഷിന്റെ വകഭേദങ്ങൾ ലോകത്തെ മൊത്തം വിഴുങ്ങുന്നതിനു മുൻപ് , ഹിന്ദി ഇന്ത്യയിൽ നമ്മുടെ മലയാളത്തെ വിഴുങ്ങി ക്കൂടെന്നില്ല . അങ്ങനെ വന്നാൽ മൂവ്വായിരത്തഞ്ഞൂറ് കൊല്ലം മുൻപേ തുടങ്ങിയ ഒരു മിശ്രണ പ്രക്രിയ അതിന്റെ സ്വാഭാവിക പരിണാമ ഗുപ്തിയിൽ എത്തി , എന്ന് കരുതിയാൽ മതി .

ലുക്ക് ഹിയർ – വെറുതെ വികാരം കൊണ്ടിട്ട് കാര്യമില്ല . ചരിത്രത്തിന്റെ ഭയാനകതകളെ കണ്ണിൽ തന്നെ നോക്കാൻ ധൈര്യം ഉള്ളത് ആവണം നമ്മുടെ സംസ്കാരം . അതിനു കഴിയുന്നില്ലെങ്കിൽ , ആ ഭയാനതകളുടെ ഭീകര വശങ്ങൾ നമ്മെ വിട്ടു പോയിട്ടില്ല എന്ന് കരുതേണ്ടി വരും . അങ്ങനെ കണ്ണടച്ച് മുന്നോട്ട് പോകാൻ പറ്റില്ല . ചരിത്രം എന്ന കണ്ണാടിയിലേക്ക് നോക്കിയേ പറ്റൂ . ലുക്ക് മാൻ . ലുക് . വേറെ നിവർത്തിയില്ല .

ഇന്ത്യയിൽ രണ്ടു പ്രധാന ഭാഷ കുടുംബങ്ങൾ  ഉണ്ടെന്ന് പണ്ടേ അറിയാമായിരുന്നു .

ഇൻഡോ – യൂറോപ്യൻ ഗ്രൂപ്പ് – സംസ്‌കൃതത്തിൽ നിന്ന് വന്നവ – ഹിന്ദി , ഹിന്ദി വകഭേദങ്ങൾ , ഗുജറാത്തി , മറാത്തി , ഒറിയ , ബംഗാളി , തുടങ്ങിയവ .

ദ്രവീഡിയൻ ഭാഷകൾ – ഏതോ അജ്ഞാത ഭാഷ അമ്മയിൽ നിന്ന് വന്നവ – മലയാളം , തമിഴ് , തെലുങ്ക് , കന്നഡ , കൊങ്കണി , ഒക്കെ – ഇങ്ങു തെക്ക് മാത്രം ഉള്ളവ .

വില്യം ജോൺസ്‌ എന്ന ഇംഗ്ളീഷ് ജഡ്ജി – ഒരു ഭാഷ പണ്ഡിതൻ – വേദങ്ങൾ ആദ്യമായി കേട്ട് അന്തം വിട്ടവൻ.

സംസ്‌കൃതം , ലാറ്റിൻ , ഗ്രീക്ക് എന്നീ ഭാഷകൾ , മറ്റൊരു മുതു മുത്തശ്ശി ഭാഷയുടെ മക്കൾ ആണെന്നതാണ് അത് . എന്നാൽ ദ്രവീഡിയൻ , ഇവിടെ ഇന്ത്യയിൽ മാത്രമേ ഉള്ളു . യൂറോപ്യൻ ഭാഷകൾ മിക്കവയും ലാറ്റിൻ , ഗ്രീക്ക് എന്നിവയിൽ നിന്ന് വന്നവ ആണ് .

അച്ഛൻ, അപ്പൻ  – പിതാഹ (സംസ്‌കൃതം ), പിതാ (ഹിന്ദി ), പാറ്റെർ (ലാറ്റിൻ ), ഫാദർ (ഇംഗ്ളീഷ് )

‘അമ്മ                   – മാതാഹ, മാതാ , മാറ്റർ , മദർ .

അനിയൻ , ചേട്ടൻ – ഭ്രാതാഹ , ഫ്രാറ്റർ , ബ്രദർ.

അങ്ങനെ തുടങ്ങിയാൽ തീരില്ല . ചരിത്രപരമായ പഴക്കം , ഭാഷ മാറുന്നതിന് അനുസരിച്ച് , നമുക്ക് കണക്കാക്കാം . ഋഗ്വേദവും മറ്റു വേദങ്ങളും തമ്മിൽ ഉള്ള മാറ്റങ്ങൾ വച്ച് , റിഗ് വേദത്തിനു കണക്കാക്കിയ പഴക്കം – മൂവായിരത്തഞ്ഞൂറ് , നാലായിരം കൊല്ലം .

ആരാണ് വേദങ്ങളുടെ ഉപജ്ഞാതാക്കൾ ? സംസ്‌കൃത ശ്ലോകങ്ങൾ മാത്രം – സാധനങ്ങൾ ഇല്ലാത്ത വാക്കുകൾ .

എന്നാൽ , അയ്യായിരം , ആറായിരം കൊല്ലം പഴക്കം ഉള്ള , അന്നത്തെ കാലത്തെ ഏറ്റവും വലിയ നാഗരിക സംസ്കാരമായ , ഒരു പക്ഷെ എല്ലാ ആദ്യകാല പൗരാണിക സംസ്കാരങ്ങളെക്കാളും വലിയ , സിന്ധൂ നദീ തട സംസ്കാരം . പക്ഷെ ഒത്തിരി ഒത്തിരി പഴേ കെട്ടിടങ്ങളും , നഗരങ്ങളും , വസ്തുക്കളും മാത്രം . കുറെ എഴുത്തുകൾ . പക്ഷെ ഇത് വരെ വായിക്കാൻ പറ്റിയിട്ടില്ല .

സാധനങ്ങൾ – പക്ഷെ വാക്കുകൾ ഇല്ല . വാക്കുകൾ ഇല്ലാത്ത സംസ്കാരം . മണ്മറഞ്ഞ ഒന്ന് .

മഴ കുറഞ്ഞതിനെ തുടർന്ന് , ഏകദേശം നാലായിരത്തഞ്ഞൂറ് , നാലായിരം കൊല്ലം മുൻപ് , പതിയെ അസ്തമിച്ചു തുടങ്ങിയ സംസ്കാരം . ആരാണവർ ? എന്തായിരുന്നു മതം ? രാജാക്കന്മാർ ആര് ?

ഒരു ചുക്കും അറിഞ്ഞൂടാ .

പിന്നെ നമ്മുടെ രാജ്യത്ത് , പല തരം ആളുകൾ ഉണ്ട് . കറുത്തവരും , വെളുത്തവരും ഉണ്ട് . വടക്ക് പടിഞ്ഞാറ് , വെളുത്തവർ കുറച്ച് കൂടുതൽ ഉണ്ട് . അതിൽ തന്നെ ജാതി വ്യത്യാസങ്ങൾ ഉണ്ട് . ഇന്ത്യ ആകമാനം നോക്കിയാൽ , ജാതിയിൽ ഒരു വർണ വ്യത്യാസം ഉണ്ട് . വേദങ്ങളിൽ തന്നെ വർണങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് .

ഇങ്ങനെ ഇരിക്കുമ്പോൾ ആണ് പോപ്പുലേഷൻ ജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖാ , ബോംബുകൾ തുടരെ തുടരെ പൊട്ടിക്കുന്നത് . ഏറ്റവും വലിയ ബോംബ് , ദാ ഇപ്പൊ – 2019 ൽ പൊട്ടിയതേ ഉള്ളു . സയൻസ്  , സെൽ എന്നീ വിഖ്യാത ജേര്ണലുകളിൽ വന്ന രണ്ടു ബ്രഹത് പഠനങ്ങളിലൂടെ .(റെഫെറെൻസ് )

എന്താണ് പോപ്പുലേഷൻ ജെനെറ്റിക്സ് ?

മനുഷ്യരുടെ ഡി ൻ എ പഠിക്കുന്നത് വഴി , മനുഷ്യ യാത്രകളുടെ ചരിത്രം നമുക്ക് അറിയാൻ പറ്റും  എന്നതാണ് അത് . വിശദാംശങ്ങൾക്ക് റെഫെറൻസുകൾ നോക്കുക .

വൈ ക്രോമസോമുകളിലൂടെ , ആണുങ്ങൾ വഴിയുള്ള മിശ്രണം അറിയാം .

മൈറ്റോ കോൺഡ്രിയൽ ഡി ൻ എ യിലൂടെ പെണ്ണുങ്ങളുടേത് അറിയാം .

മുഴുവൻ ഡി ൻ എ യിലെ ഇന്ട്രോൺസ് എന്ന സ്ഥലങ്ങളിലെ മാറ്റങ്ങൾ (മ്യൂറ്റേഷൻ റേറ്റ് ) നോക്കി പഴക്കം അറിയാം .

ഇതേ ടെക്നിക്കുകൾ ഇപ്പോൾ ഉള്ള , ആളുകളിൽ നോക്കാം . മൂവ്വായിരവും , നാലായിരവും വര്ഷം പഴക്കം ഉള്ള ശവങ്ങളിൽ നിന്ന് , എല്ലുകളിലെ മജ്ജയിൽ നിന്ന് , ഡി ൻ എ എടുക്കാം! ഇതും , ഇപ്പോൾ അവിടെ താമസിക്കുന്നവരുമായി നമുക്ക് പൊരുത്തം നോക്കാം .

ചുരുക്കത്തിൽ പറയട്ടെ – എം ർ ഐ , സി ടി സ്കാൻ ഒക്കെ മസ്തിഷ്ക്ക പഠനങ്ങളിൽ എന്ത് മാത്രം മാറ്റങ്ങൾ വരുത്തിയോ , ഏകദേശം അത്രേം മാറ്റം , ചരിത്ര പഠനത്തിൽ , ഈ കൊണാണ്ടറി കൊണ്ട് വന്നിട്ടുണ്ട് .

ഇപ്പൊ സംഭവങ്ങൾ ഏകദേശം ക്ലിയർ ആണ് . സബ് കുച്ച് , ഥോഡാ ബഹുത് – ദിഖ്‌താ ഹേ !!

ഹാൻ ജീ .

രണ്ടു ലക്ഷം വർഷങ്ങൾക്ക് മുൻപ് , മനുഷ്യൻ ഉണ്ടായി- ആഫ്രിക്കയിൽ . ഏകദേശം അറുപതിനായിരം വർഷങ്ങൾക്ക് മുൻപ് , കുറെ എണ്ണം പുറത്ത് ചാടി . ഒരു ഗ്രൂപ്പ് , കടൽത്തീരം വഴി , ഇന്ത്യയിൽ വന്നു , പിന്നീട് ഓസ്‌ട്രേലിയ വരെ എത്തി .

അന്ന് തൊട്ട് , ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ , ഇഷ്ടം പോലെ മനുഷ്യർ തിങ്ങി പാർത്തിരുന്നു! അവർ പെറുക്കികളും നായാടികളും ആയി ജീവിച്ചു എന്ന് വിചാരിക്കണം . ഇപ്പോഴത്തെ , ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മാത്രമേ , കലർപ്പില്ലാത്തവർ ഉള്ളു !

ഇപ്പോൾ ഉള്ള ഇന്ത്യക്കാർ മൊത്തം ഒരു മിശ്രണം ആണ് . എന്നാൽ ഈ മിശ്രണത്തിനു ചില പ്രത്യേകതകൾ ഉണ്ട് .

ഏകദേശം ആറായിരം കൊല്ലങ്ങൾക്ക് മുൻപ് , ഇപ്പോൾ ഇറാൻ എന്ന് ഉള്ള പ്രദേശത്ത് ഉള്ള ആളുകളും , ഒറിജിനൽ ഇന്ത്യക്കാരും ഒരു മിശ്ര വിഭാഗം ആയി , കൃഷി പഠിച്ചു . ഒരു ഭീകര സംസ്കാരം ആയി വളർന്നു . പത്ത് രണ്ടായിരം കൊല്ലം അതി ബ്രഹത് ആയി നില നിന്നു . ബാബിലോൺ , ഈജിപ്ത് മുതലായ സ്ഥലങ്ങളിൽ വ്യാപാര ബന്ധങ്ങൾ പുലർത്തി . ദ്രവീഡിയൻ ‘അമ്മ ഭാഷ ഇവരുടെ ആയിരിക്കാൻ സാധ്യത ഉണ്ട് .

പിന്നീട് , നാലായിരം കൊല്ലങ്ങൾക്ക് മുൻപ് , ഈ പടുകൂറ്റൻ സംസ്കാരം ക്ഷയിച്ചു . അവർ പതിയെ തെക്കോട്ടും കിഴക്കോട്ടും സഞ്ചരിച്ചു . പുരാതന ഇൻഡ്യാക്കാരുമായി ലയിച്ചു . ലയനം കൂടുതലും , സിന്ധൂ സംസ്കാര ആണുങ്ങളിൽ നിന്ന് , പുരാതന പെണ്ണുങ്ങളിലേക്ക് ആണ് നടന്നത് . അതായത് , സിന്ധൂ നദീ തടക്കാർ (ദ്രവീഡിയൻ ഭാഷ പറഞ്ഞിരിക്കാൻ സാധ്യത ഉള്ളവർ ) സാമൂഹികമായി ഉന്നതർ ആയിരുന്നിരിക്കാൻ സാധ്യത ഉണ്ടെന്നർത്ഥം . മാത്രമല്ല , ദ്രവീഡിയൻ ഭാഷകൾ ഇന്ത്യ മൊത്തം ആധിപത്യം സ്ഥാപിച്ചിരിക്കണം ! ഉയർന്ന ആളുകളുടെ ഭാഷ ഇപ്പോഴും ജയിക്കും !! അപ്പൊ അൻപതിനായിരം കൊല്ലം നില നിന്നിരുന്ന മറ്റേ ഭാഷകൾ എല്ലാം സ്വാഹാ ! അവ ഇങ്ങിനി വരാത്ത വണ്ണം പോയി മറഞ്ഞു !

ഇനിയാണ് ക്ളൈമാക്സ് – ബഹുത് ബഡാ .

മൂവായിരത്തഞ്ഞൂറും നാലായിരവും കൊല്ലങ്ങൾക്ക് ഇടയിൽ , അത്രയും മുൻപ് , റഷ്യൻ പുൽത്തകിടികളിൽ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പ് , പല സമയങ്ങളിൽ ആയി , ഇന്ത്യയിലോട്ട് പ്രവഹിച്ചു . ആട് , പശു മേയ്ക്കൽ ആയിരുന്നു ഇവരുടെ പ്രധാന പരിപാടി . കുതിരയെ ആദ്യമായി മെരുക്കുന്നത് ഇവർ ആണ് . സിന്ധു സംസ്കാരത്തിൽ കുതിര ഇല്ലെന്നു തന്നെ പറയാം .

ഇതിനും ആയിരം കൊല്ലങ്ങൾക്ക് മുൻപ് , യൂറോപ്പ് മൊത്തം കൈയേറി , ഇൻഡോ യൂറോപ്യൻ ഭാഷകൾ  അവിടെ മൊത്തം അവർ ആക്കി . ലാറ്റിൻ , ഗ്രീക്ക് ഒക്കെ . ഇന്ന് ലോകം മൊത്തം ഈ ഭാഷകൾക്ക് ആണ്  മേൽകൈ .

ഇവിടെ ഇൻഡോ യൂറോപ്യൻ ഭാഷകൾ കൊണ്ട് വന്നത് ഇവർ ആണെന്ന് ഏകദേശം ഉറപ്പാണ് .

വളരെ പതിയെ , ഇവരും ഇന്ത്യൻ ജനതയിൽ ലയിച്ചു . ഇവിടെ ലയനം , വരത്തൻ ആണുങ്ങളിൽ നിന്ന് ഇവിടുണ്ടായിരുന്ന പെണ്ണുങ്ങളിലേക്ക് ആണ് . ഇതിൽ നിന്നും ഇവർ ഇവിടെ സാമൂഹികമായി ഉയർന്നവർ ആയിരുന്നു എന്നൂഹിക്കാം .

സിന്ധു നദീ തട സംസ്കാരത്തിൽ നിന്നുള്ള (രാഖിഗാർഹിയിൽ – ഹരിയാന ) ഒരു ശവത്തിൽ നിന്ന് സ്റ്റെപ്പി ജനിതകം തീരെ കിട്ടിയില്ല !! വേറെ പല കാരണങ്ങൾ കൊണ്ടും , സിന്ധു സംസ്കാരം വേദങ്ങൾക്ക് മുൻപ് ഉള്ളത് ആണ് .

ഇപ്പോൾ ഉള്ള എല്ലാ ഇൻഡ്യാക്കാരിലും ഈ കലർപ്പ് മൊത്തം ഉണ്ട് ! എന്നാൽ , ചില പ്രതേകതകൾ ഉണ്ട് .

ഒന്ന് – വടക്കേ ഇന്ത്യക്കാരിൽ റഷ്യൻ സ്റ്റെപ്പിയിൽ നിന്ന് വന്നവരുടെ കലർപ്പ് വളരെ കൂടുതൽ ആണ് . തെക്കോട്ട് വരും തോറും ഇത് കുറഞ്ഞു , കുറഞ്ഞു വരുന്നു .

രണ്ട് – ഉയർന്ന ജാതിക്കാരിൽ , സ്റ്റെപ്പി ജീനുകൾ കൂടുതൽ ആണ് . തെക്കേ ഇന്ത്യയിൽ ഉള്ളവരിലും ഈ വ്യത്യാസം പ്രകടം തന്നെ .

കുറച്ചൊക്കെ മിശ്രണം നടന്നെങ്കിലും , കഴിഞ്ഞ ഒരു ആയിരത്തി എണ്ണൂറ് കൊല്ലങ്ങൾ ആയി , ഇന്ത്യൻ ജാതികൾ തമ്മിൽ മിശ്രണം വളരെ കുറവ് ആണ് . ഇത് ലോകത്തിൽ ഒരിടത്തും ഇല്ലാത്ത ഒരു അദ്‌ഭുതം ആണ് . വടക്കേ യൂറോപ്പ്യനും , തെക്കേ യൂറോപ്പ്യനും തമ്മിൽ ഉള്ളതിനേക്കാളും വളരെ ഏറെ ജനിതക വ്യത്യാസം ഒരേ ഗ്രാമത്തിൽ ഉള്ള രണ്ടു ജാതിക്കാർ തമ്മിൽ ഉണ്ടായേക്കാം !!

ഇത്രയും പറഞ്ഞത് , ഏകദേശം ഉറപ്പായ സത്യങ്ങൾ മാത്രം . ഇതിൽ നിന്ന് അധികം ഊഹിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല . അത് ശരിയും അല്ല . അത് വായനക്കാർക്ക് വിടുന്നു .

വളരെ പഴയ യുദ്ധങ്ങൾ നമ്മൾ മറന്നിരിക്കുന്നു . പുതിയവ മാത്രമേ ഓര്മയുള്ളു . പഴേ ഭാഷകൾ പോയി , പുതിയവ വന്നു . ഇനിയും ഭാഷകൾ മരിക്കും . നമ്മൾ ഒത്തിരി മറക്കും . (ജിമ്മി മാത്യു )

References:

Books:

  1. Which of us are Aryans?- Romila Thapar, Michael Vitzel and three more.
  2. Who we are and how we came here?- David Reich
  3. The early Indians- Tony Joseph.

Papers:

Numerous. Selected:

  1. Reconstructing Indian population History- Nature, 2009- David Reich, Kumaraswamy Thangaraj, et al
  2. The formation of human populations in south and central asia- Science, 2019- 120 authors including David reich.
  3. An ancient Harappan genome lacks ancestry from Steppe pastoralists or Iranian farmers- Cell, 2019, Shinde, et al. (This is the paper, recently erroneously reported as ‘debunks Aryan Migration theory’ in recent media. It actually supports it, as the Indus Valley body showed no evidence of steppe ancestry. Only, Iranian hunter gatherer and ancient south Indian ancestry!)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .