ഹിന്ദു രാഷ്ട്രമായ ഇന്ത്യ .

ഈസ്റ്ററിനു പള്ളിയിൽ പോയി . ദുഃഖ വെള്ളിയാഴ്ചയിലും പോയി .

 

എന്തിനു പോയി ?

 

അതിന് ഉത്തരം പറയണ്ട കാര്യം ഒന്നുമില്ല . എന്തിനു പോകാതിരിക്കണം ? കുടുംബം മൊത്തം പോകും . അപ്പനും അമ്മയും പോകും . അമ്മൂമ്മ പോകും . കുറെ ബന്ധുക്കൾ വരുന്നുണ്ട് . അത് കൊണ്ടൊക്കെ തന്നെ പിള്ളാരെയും കൊണ്ട് പോകും .

 

ഇതിങ്ങനെ കുറെ നൂറു കൊല്ലങ്ങൾ ആയിഷ്ടോ . പോകണം എന്ന് തോന്നുമ്പോ പോവും .

 

ഇത് ഒരു പ്രിവിലേജ് ആണോ ? പോകാൻ പറ്റുന്നത് ? ഇത് വരെ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല . എന്നാൽ അങ്ങനെയും വിചാരിക്കാമല്ലോ .

 

പാകിസ്ഥാനിൽ ആണെങ്കിലോ ? യെമെനിലോ , സിറിയയിലോ , ചൈനയിലോ , നോർത്ത് കൊറിയയിലോ ആയിരുന്നെങ്കിലോ ? പള്ളീൽ ചിലപ്പം പോകാൻ പറ്റുമായിരിക്കും – അത് പക്ഷെ ഒരു ഔദാര്യം ആണെന്ന് തോന്നിയേക്കും . ചത്താലും ഒന്ന് പോയിട്ട് തന്നെ കാര്യം- എന്ന് നീര്വീക്കണ്ട വന്നേനെ .

 

ഇപ്പൊ അങ്ങനെ ചത്ത് പോകേണ്ട കാര്യമില്ലാത്ത കൊണ്ട് ഇതിനു വിലയില്ല .

 

കുറെ ഒക്കെ നമ്മുടെ സംസ്ഥാനം ആയത് കൊണ്ടാവാം . നമ്മൾ കുറ്റം ഇല്ലാത്തവരല്ല , എങ്കിലും .

 

എങ്ങനെ നമ്മുടെ രാജ്യം ഇങ്ങനെ ആയി എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഞാൻ ചിന്തിച്ചിട്ടുണ്ട് . ഒരു പാട് .

 

സന്ദേശത്തിൽ ഒരു ജ്യോൽസ്യൻ പറയുന്നുണ്ട് – “ങേ , താനെന്താ ഇവിടെ – ഈ ആത്മാവ് ഇപ്പോൾ ഇവിടെ ഉണ്ടാവാൻ പാടില്ലാത്തതാണല്ലോ . ”

 

ഈ ഇന്ത്യ എന്ന ഭാരതം എന്ന ഹിന്ദുസ്ഥാൻ ഈ കോലത്തിൽ ഇവിടെ ഉണ്ടാവാൻ പാടില്ലാത്തതാണ് . അങ്ങനെ വിചാരിച്ചവരാണ് ലോക നേതാക്കൾ പലരും – മ്മക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ .

 

“ഇന്ത്യ ഒരൊറ്റ രാജ്യമായി നില നിൽക്കും എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഇത് വിഡ്ഢിത്തം ആണ് .” ആര് പറഞ്ഞു എന്നില്ല . കുറെ ഏറെ ആളുകൾ പറഞ്ഞു .

 

ഇത് – ഈ മഹാ രാജ്യം – ഒരു ജനാധിപത്യ രാജ്യമായി നില നിൽക്കും എന്ന് ഒരു പൊന്നു കുഞ്ഞും – ങേഹേ – കരുതിയില്ല !

 

പക്ഷെ നില നിന്ന് .ഇതിനു കാരണം കുറെ ഹിന്ദുക്കൾ ആണ് ! മറ്റുള്ളവരുമുണ്ട് . മുസ്ലീങ്ങൾ ഉണ്ട് . ക്രിസ്ത്യാനികൾ ഉണ്ട് . പാഴ്സികളും സിക്കുകാരും ഉണ്ട് . എന്നാൽ പ്രധാനമായും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ഉണ്ടായിരുന്ന , ഗാന്ധിയും നെഹ്രുവും , പട്ടേലും മറ്റു സമാന ചിന്തകരുമാണ് . തീവ്ര വാദികളും സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്തു – എന്നാൽ അവരും മറിച്ചു ചിന്തിച്ചില്ല .

 

ഈ നെഹ്‌റുവും , അത് പോലുള്ള പീറ  കുറെ സെക്കുലറിസ്റ്റുകളും , അംബേദ്‌കർ പോലുള്ള വിപ്ലവ കാരികളും മാത്രമാണ് ആധുനിക ഇന്ത്യയുടെ സ്വഭാവത്തിന് കാരണം എന്ന് പലരും പറയുന്നുണ്ട് . എന്നാൽ അത് മാത്രം അങ്ങനെ പറയാൻ പറ്റില്ല . ഗാന്ധിയെ കൊന്നപ്പോൾ കരയാത്തവർ അധികം ഉണ്ടായിരുന്നില്ലല്ലോ .പിന്നെ നമ്മുടെ ഓർമ്മകൾ ചെറുതായത് കൊണ്ടാണ് – നെഹ്‌റു മരിക്കുന്നതു വരെ ഏറ്റവും ജന പ്രിയ നേതാവായിരുന്നു . നമ്മുടെ നാട്ടിൽ കൂടുതൽ ഹിന്ദുക്കൾ തന്നെ ആയിരുന്നു ഹേ .

 

സീ – സിമ്പിൾ ലോജിക് ആണ് – ഇന്ത്യ ജനാധിപത്യ രാജ്യം ആണ് . ഇവിടെ ബഹു ഭൂരിപക്ഷം ഹിന്ദുക്കൾ ആണ് . അപ്പോൾ ഇന്ത്യയുടെ സ്വഭാവത്തിന്റെ പ്രധാന ഉത്തരവാദികൾ ഹിന്ദുക്കൾ ആണ് .

 

ബോധ്യം ആകുന്നില്ലേ ?

 

കഴിഞ്ഞ ദിവസം കർദിനാൾ രാജ്യ നിയമം , ദൈവ നിയമം എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളി നടത്തിയപ്പോൾ ഞാൻ ചിന്തിക്കുക ആയിരുന്നു . ഇംഗ്ളീഷുകാർ മതംമാറ്റി എൺപതു ശതമാനം ഇന്ത്യക്കാരെയും ക്രിസ്ത്യാനികൾ ആക്കിയിരുന്നു എന്ന് വിചാരിക്കുക . ഇത് പോലുള്ള ഒരു ഭരണ ഘടന ഉണ്ടാകുമായിരുന്നോ ?

യൂറോപ്പ് , അമേരിക്ക ഒക്കെ വിട് – അവിടുള്ള ജനാധിപത്യം ഈ രീതിയിൽ ആയത് മതം കൊണ്ടല്ല – പോസ്റ്റ് – മത ആധുനിക മൂല്യങ്ങൾ കൊണ്ടാണ് .

 

വേണ്ട- എൺപതു ശതമാനം ആളുകളും മുസ്ലീങ്ങൾ ആണെന്ന് വിചാരിക്കുക – ഭരണ ഘടനയും , പിന്നീടുള്ള ജനാധിപത്യ വളർച്ചയും എങ്ങനെ ഇരിക്കുമായിരുന്നു ?

 

എന്തിനു – മതം ഒക്കെ നിരാകരിക്കുന്ന കമ്മ്യൂണിസ്റ്റുകാർ അക്കാലത്തു അധികാരം കയ്യാളി എന്ന് വിചാരിക്കുക – എന്ത് സംഭവിച്ചേനെ ?

 

അറിയില്ലാട്ടോ – ഞാൻ ഒന്നും പറയുന്നില്ല – തീരുമാനം വായിക്കുന്നവർക്ക് വിടുന്നു .

 

എന്തിന് – ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് ഒരു ഹിന്ദു മത ആചാരങ്ങളോട് ആഭിമുഖ്യമുള്ള മാനേജ്‌മെന്റ് ഉള്ള ആശുപത്രിയിൽ ആണ് . പലപ്പോഴായി ഹിന്ദുത്വ എന്ന രാഷ്ട്രീയ ആശയത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഞാൻ നില കൊണ്ടിട്ടുണ്ട് . എന്നാൽ ഇന്ന് വരെ എന്റെ ജോലി സ്വാതന്ത്ര്യത്തിലൊ വ്യക്തി സ്വാതന്ത്ര്യത്തിലോ ആരും ഇടപെട്ടിട്ടില്ല . വളരെ നന്നായാണ് പെരുമാറ്റം . വേറെ പല മാനേജ്‌മെന്റ് ആശുപത്രികളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട് . സർക്കാർ അടക്കം . അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ ഇപ്പോഴും ഇത് പോലെ ഉണ്ടാക്കണമെന്നേയില്ല . അന്തർലീനമായ സഹിഷ്ണുത തന്നെയാണ് ഇതിനു കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു .

 

ഭൂരിപക്ഷ മതത്തിന്റെ സംസ്കാരത്തെ നിരാകരിക്കാത്ത , അതിനോട് ആഭിമുഖ്യം പുലർത്തുന്ന വലതു പക്ഷ രാഷ്ട്രീയത്തിന് ജനാധിപത്യത്തിൽ സ്പെയ്സ് ഉണ്ട് എന്ന് തന്നെ ഞാൻ വിചാരിക്കുന്നു . എന്ത് കൊണ്ട് പാടില്ല ?

അടച്ചു എല്ലാ കാര്യങ്ങളിലും ഈ തരം ആശയങ്ങളോട് എതിർക്കാൻ ഇതിനാൽ തന്നെ തയാറല്ല .

 

ഇത് മാത്രമല്ല , ആക്ഷേപ ഭാഷയിൽ എതിർക്കാതിരിക്കാൻ ഉള്ള കാരണം ! സ്വാഭാവികമായി ഈ നാട്ടിൽ ജീവിക്കുന്നത് കാരണം , എന്റെ വളരെ വലിയ ഒരു ശതമാനം സുഹൃത്തുക്കൾ ഹിന്ദുക്കൾ ആണ് . എന്റെ സാമൂഹ്യ പരിതഃസ്ഥിതികൾ കാരണം അതിൽ വളരെ അധികം ഹിന്ദു മേൽത്തട്ടിലെ ആളുകളാണ് .

 

ഇതിലെ ഭൂരിപക്ഷം ആളുകളും ഇപ്പോൾ ഹിന്ദുത്വ ആഭിമുഖ്യം ഉള്ളവർ ആണ് . മറ്റുള്ള ഹിന്ദു വിഭാഗങ്ങളിലും അങ്ങനെ ഉള്ളവർ അതി വേഗം കൂടിക്കൊണ്ടിരിക്കുക ആണ് . ഇടതു ലിബറൽ സ്‌പൈസിൽ നിൽക്കുന്ന എന്റെ കുറെ ഏറെ സുഹൃത്തുക്കൾക്ക് ഈ പരമാർത്ഥം വ്യക്തം ആകുന്നില്ല എന്ന് മാത്രം .

 

ഇവരുടെ മുൻതലമുറക്കാരായ (വി ടി , ഇ എം സ് .ഉൾപ്പെടെ ) അനേകം നേതാക്കൾ ഇല്ലായിരുന്നെങ്കിൽ അടിസ്ഥാന ജന വിഭാഗം എത്ര കഷ്ടപ്പെട്ട് പൊരുതിയാലും , ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .

 

അപ്പൊ – എതിർപ്പുകൾ ഇവരോട് വ്യക്തിപരമായി അല്ല എന്ന് വ്യക്തമാക്കിയ മതിയാവൂ .

 

ഇതൊക്ക എന്റെ തോന്നലുകൾ ആണ് – തെറ്റാണെങ്കിൽ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം .

 

പല കാരണങ്ങൾ ഇതിന്റെ പുറകിൽ കാണും . അതിലേക്ക് കടക്കുന്നില്ല .

 

എന്റെ തുടർന്നുള്ള പോയിന്റുകൾ ഇപ്പോൾ ഈ കാണുന്ന വലതു രാഷ്ട്രീയം ആയിരിക്കില്ല ഒരു യഥാർത്ഥ ജനാധിപത്യ വലത് എന്ന് സമർഥിക്കാനാണ് . അവിവേകം ആണെങ്കിൽ പൊറുക്കണം .

 

ഇത്രയൊക്കെ പറയാനുണ്ടോ എന്ന് നിങ്ങൾ ചോദിച്ചേക്കാം . ഉണ്ട് . എന്റെ സ്വത്വ ബോധത്തെ പറ്റി ഉടൻ സംശയങ്ങൾ വരും . ആരും സ്വന്തം സ്വത്തിനു മേളിൽ അല്ല . ആണെന്ന് പറഞ്ഞാലും ഉപബോധമനസ്സിൽ അങ്ങെനെ ആകണം എന്നില്ല .

 

ആദ്യത്തേത് അത് തന്നെ ആണ് . ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാന പ്രമാണം പാർട്ടിയുടെ അടിസ്ഥാനം മതം ആയിരിക്കരുത് എന്നാണു . എന്ത് കൊണ്ടാണത് ?

 

സീ – ജനാധിപത്യത്തിന്റെ നില നിൽപ്പ് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചോദ്യം ചെയ്യലുകളിൽ നിന്നാണ് . ഇതാണ് ബാലൻസ് കൊടുക്കുന്നത് . നിയമ നിർമാണ സഭയിൽ പ്രതിപക്ഷം എക്സികുട്ടീവ് ആയ സർക്കാരിനെ നിരന്തരം ചോദ്യം ചെയ്യും . കോടതി ക്ക് എല്ലാരേം ചോദ്യം ചെയ്യാം . മീഡിയ – പത്രം ആകട്ടെ , ടെലിവിഷൻ ആകട്ടെ – സർക്കാരിനും അധികാര കേന്ദ്രങ്ങൾക്കും ഒരു പ്രതിപക്ഷം ആയി തന്നെ പ്രവർത്തിക്കണം എന്ന് ജേർണലിസം ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് വെറുതെ അല്ല .

 

മതം എന്നത് ചോദ്യം ചെയ്യാൻ പാടില്ലാത്ത ദിവ്യത്വം അടിസ്ഥാന പ്രമാണങ്ങളിൽ കല്പിക്കുന്നു . ഇങ്ങനത്തെ അടിസ്ഥാന പ്രമാണങ്ങൾ എങ്ങനെ ഒരു ജ്നാഥ്‌ധിപത്യ പാർട്ടിക്ക് ഉണ്ടാകും ? പാടില്ല .

 

ഉദാഹരണത്തിന് മുസ്‌ലിം ലീഗ് എന്ന പാർട്ടിയെ എടുക്കാം . തികച്ചും മുസ്ലീങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഒരു പാർട്ടിയാണ് ഇത് . കേരള കോൺഗ്രസ്സ് കുറെ അങ്ങനെ ആണ് . ഇതൊന്നും ന്യായീകരിക്കത്തത് അല്ല .

 

ഇത് പോലാണോ ഇന്നത്തെ വലതു പക്ഷ രാഷ്ട്രീയം ? ആണ് . ഏക സ്വഭാവം ഇല്ലാത്ത മതത്തെ സെമിറ്റിക് മതങ്ങളുടെ തീവ്ര നിലപാടുകളെ കവച്ചു വയ്ക്കുന്ന വിശ്വാസ പ്രമാണങ്ങൾ ഉണ്ടാക്കി പുതിയ ഒരു മതം ആക്കി മാറ്റാനായി പത്തറുപത് കൊല്ലങ്ങളായി നടക്കുന്ന വ്യക്തമായ അജണ്ട  ഉള്ള ഒരു മത സംഘടനാ ആണ് ഇന്നത്തെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ കാതൽ . ഈ മത സംഘടനയുടെ അംഗങ്ങൾ ആണ് സാമാജികരും മന്ത്രിമാരും , തലവൻ മന്ത്രിയും ഒക്കെ .

 

ഈ മത സംഘടനയെ പറ്റി സസൂക്ഷ്മം പഠിച്ച ഗോയൽ പറയുന്നത് ഇങ്ങനെ ആണ് :

 

“ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണ് . പുറമെ നിന്ന് വന്ന മുസ്ലീങ്ങൾ , ക്രിസ്ത്യാനികൾ, എന്നിവർ ആത്യന്തികമായി ശത്രുക്കൾ ആണ് . അവർക്ക് ഒരിക്കലും തുല്യ അവകാശത്തിനു യോഗ്യത ഇല്ല . ഇവിടെ ജീവിക്കണമെങ്കിൽ ഭൂരിപക്ഷത്തിന്റെ പൂർണമായും ഔദാര്യതയിൽ ആയിരിക്കണം . ഒരൊറ്റ ജനത , ഒരൊറ്റ ഭാഷ – ഇതാണ് ആത്യന്തികമായി ലക്ഷ്യമിടുന്നത് . രാജ്യത്തിന്റെ പ്രധാന ശത്രുക്കൾ – നാല് “എം ” കളാണ് .

 

എം 1 – മുസ്ലീങ്ങൾ .

എം 2 – മിഷനറിമാർ (ക്രിസ്ത്യാനികൾ എന്ന് വിവക്ഷ )

എം 3 – മാർക്സിസ്റ്റുകൾ ( അപകടം പിടിച്ച ഒരു തത്വ സംഹിത യുടെ ആൾക്കാർ )

എം 4 – മെറ്റീരിയലിസ്റ്റുകൾ ( മതം ഇല്ല എന്ന് പറയുന്നവർ , മതം നോക്കരുത് എന്ന് പറയുന്നവർ , മതത്തിൽ കാര്യമില്ല എന്ന് പറയുന്നവർ , സെക്കുലറിസം പറയുന്നവർ , ലിബറലുകൾ )

 

ചുരുക്കി പറഞ്ഞാൽ , എതിരെ നിൽക്കുന്നവർ എല്ലാവരെയും നശിപ്പിക്കുക എന്നതാണ് ഇതിന്റെ തത്വ സംഹിത എന്ന് പറയുന്നു .

 

എതിർപ്പ് ആണ് ജനാധിപത്യത്തിന്റെ നില നിൽപ്പ് തന്നെ . എതിർപ്പ് ഇല്ലാതാക്കാൻ എന്ന് പറഞ്ഞാൽ എന്താണ് ? എന്ത് വികസനം ഉണ്ടായിട്ടെന്ത് കാര്യം ? അഴിമതി മൊത്തം ഇല്ലാതെ ആക്കിയാൽ പോലും എന്ത് കാര്യം ?

ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് കാര്യം ?

 

വളരെ കുറച്ചു സ്ഥലം ഉള്ള കർഷകർക്ക് പണം നേടാൻ ഉള്ള ഒരു മാർഗം ആണ് കാലി വളർത്ത് . ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ചിലർ പശുവിനെ ഭക്ഷിക്കുന്നത് മ്ലേച്ഛം ആയി കാണുന്നു . അത് കൊണ്ട് , ഈ ഭാഗങ്ങളിൽ ഉള്ള ചിലർ , കറവ വറ്റിയ പശുക്കളെ , മറ്റു ചില വിഭാഗക്കാർക്ക് (മുസ്ലീങ്ങൾക്ക് , ചില ജാതിക്കാർക്ക് ) വിൽക്കുന്നു . അവർ ഇതിനെ കൊണ്ട് പോയി കശാപ്പ് ചെയ്യുന്നു . വലിയ മുതലാളിമാർ ബീഫ് കയറ്റി അയക്കുന്നു .

 

ഇതിന്റെ എല്ലാ നേട്ടവും സമൂഹം മൊത്തം അനുഭവിക്കുന്നു .

 

പക്ഷെ പുതിയ മതത്തിൽ ഇത് തീരെ പാടില്ല . എന്ത് വില കൊടുത്താലും ഇത് തടയണം എന്ന് പറയുന്നു . വയസ്സായ കാലികളെ സംരക്ഷിക്കണം അത്രേ . വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ പാങ്ങില്ലാത്ത , അവരെ നോക്കാൻ നാട്ടുകാർക്ക് ചെറുവിരൽ സഹായം പോലും ചെയ്യാത്ത സർക്കാർ ഇതിനു തുനിഞ്ഞിറങ്ങുന്നു . ഗോ ശാലകൾ സ്ഥാപിക്കുന്നു . ക്രിമിനൽ സംഘങ്ങളെ മേൽ നോട്ടത്തിനു നിയമിക്കുന്നു .

 

സർക്കാരിന്റെ മതാ ൽമതക്ക് ഇതിലും നല്ല ഉദാഹരണം വേണ്ട .

 

ഇനി ഒന്നുള്ളത് , തീവ്രത . അതി തീവ്രത ജനാധിപത്യത്തിൽ ഭൂഷണം അല്ല . മഒയിസ്‌റ്റുകളെ നോക്കു , മറ്റു ഭീകര വാദികളെ നോക്കു – അവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല .

 

തീവ്രത അളക്കാൻ രണ്ടു അളവുകോൽ എടുക്കാം –

 

1 . എതിരെ നിൽക്കുന്നവരെ കൊല്ലുക , ശാരീരിക അക്രമം ചെയ്യുക .

 2 . യാഥാർഥ്യത്തെ വളച്ചൊടിക്കുക , യാഥാർഥ്യം അല്ലാത്തത്  സ്വയം വിശ്വസിക്കുക, യാഥാർഥ്യത്തെ നേരിടാൻ കഴിയാതെ ഗൂഡാലോചനാ സിദ്ധാന്തങ്ങൾ മെനയുക .

 

ഇതിനൊന്നും ഒത്തിരി ഉദാഹരണങ്ങൾ നൽകണം എന്നില്ല . ഒക്കെ നമുക്ക് അറിയാവുന്നത് ആണ് .

 

പുഷ്പക വിമാനം ഉണ്ടെന്നു പറയുക , ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നു പറയുക , പതിനയ്യായിരം കൊല്ലം പഴക്കം എന്നൊക്കെ അടിക്കുക , വ്യക്തമായ ചരിത്രത്തെ വളച്ചൊടിക്കുക , ഇതൊക്കെ ഉദാഹരങ്ങൾ ആണ് . മറ്റേതൊക്കെ സായിപ്പിന്റെ , അഥവാ നെഹ്രുവിന്റെ ഗൂഡാലോചന ആണെന്ന് പറയുക .

 

ഇതൊക്കെ പല മതക്കാരും വിഭാഗക്കാരും പറയുന്നത് ആണെന്ന് നമുക്കറിയാം . പക്ഷെ ചില മൂലകളിൽ നിന്നുള്ള സ്വരങ്ങൾ പോലെ അല്ല , പ്രസിഡന്റും , മന്ത്രിമാരും ഒക്കെ പറയുന്നത് .

 

എതിരാളികളെ , പ്രത്യേകിച്ചും ജേര്ണലിസ്റ്റുകളെ , കൊല്ലുക , ആക്രമിക്കുക – ഇതും തീവ്ര സ്വഭാവം ഉള്ള വിഭാഗങ്ങളുടെ പ്രത്യേകതകൾ ആണ് .

 

അത് കൊണ്ട് തന്നെ , ഇതൊക്കെ എതിർക്കപ്പെടേണ്ടത് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു . ഇതിൽ സ്വാഭാവികമായും എന്റെ സ്വത്വ ബോധ പ്രത്യേകതകൾ വർക് ഔട്ട് ചെയ്തിട്ടുണ്ടാകാം . ഞാൻ അടങ്ങുന്ന ഇവിടെ ജോലി ചെയ്യുന്ന , പൗരന്മാരായ , ടാക്സ് അടക്കുന്ന ആളുകൾ പലരും ജീവിക്കുന്നതെ ഔദാര്യം ആണെന്ന് പറയുന്നത് അറിയാതെ എതിർത്ത് പോകും .

 

എന്നാൽ ഈ പുതിയ ചിന്താ ധാരയുമായി അടുപ്പം ഉള്ള മിക്കവരും പാവങ്ങൾ ആണ് . ഇതിന്റെ തീവ്ര , ജനാധിപത്യത്തിനെതിരായ അടി ഒഴുക്കുകൾ ഒന്നും അവർ മനസ്സിലാക്കുന്നില്ല .

 

ഞാൻ പറയും – ജനാധിപത്യത്തിന് അനുയോജ്യമായ ഒരു വലതു രാഷ്ട്രീയം ഉണ്ടാക്കാൻ അവരാണ് ഏറ്റവും ശ്രമിക്കേണ്ടത് . അവർക്കേ പറ്റൂ (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .