അടാർ അപ്പനും അപ്പാവി അപ്പനും – കാശിന്റെ പാഠങ്ങൾ;

സുഡാനി ഫ്രം നൈജീരിയ എന്ന പടത്തിൽ അതിലെ നടൻ പരാതി പറഞ്ഞു . ആഫ്രിക്കൻ കറുത്തവൻ ആയതു കൊണ്ടാണത്രേ ഇത്രയും കാശ് കുറവ് കൊടുത്തത് . എല്ലാരും ഇതിനെ അപലപിക്കുക ഒക്കെ ഉണ്ടായി .

 

ഇന്ന് അദ്ദേഹം മാറ്റി പറയുക ഉണ്ടായി . അങ്ങനെ ഒരു കുന്തവും ഇല്ലത്രെ . മലയാളികൾ ചങ്കുകൾ ആണ് , പുണ്യവാൻമാർ ആണ് ; ഇന്നാ നൈജീരിയയിൽ നിന്ന് ഒരു ഫ്ലയിങ് കിസ്സ് – എന്നും പുള്ളി പറഞ്ഞു കളഞ്ഞു !

 

സത്യം എന്താണെന്ന് നമുക്കറിയില്ല . പക്ഷെ ചില കാര്യങ്ങൾ ആരും ചോദിച്ചു കണ്ടില്ല .

 

എത്ര ആണ് ഒരു നടന് കൊടുക്കാറ് ? ഇതാരാണ് തീരുമാനിക്കുന്നത് ? മറ്റുള്ള നടന്മാർക്ക് എത്ര കിട്ടി ? സംവിധായകനെത്ര ?

 

അല്ല – ആക്ച്വലി – ഓരോ ജോലിക്കും ഓരോരുത്തർക്കും എന്ത് കിട്ടണം എന്ന് ആര് തീരുമാനിക്കുന്നു ? ഒരു വസ്തുവിന് എത്ര വില കിട്ടണം ? അതിന്റെ ലാഭം എങ്ങനെ വീതിക്കപ്പെടുന്നു ?

 

കുറച്ചു നാൾ മുൻപ് ഒരു ബന്ധുവിനെ കാണാൻ വേറെ ഒരു ആശുപത്രിയിൽ പോയതായിരുന്നു . അവിടെ ഒരു വലിയ പ്ലാസ്റ്റിക് മൈക്രോ സർജറി ടീം ഉണ്ട് . അവിടെ നല്ല പ്രവർത്തി പരിചയം ആയതു കൊണ്ട് മൂന്നു വര്ഷം പ്ലാസ്റ്റിക് സർജറി എം സി എച് ട്രെയിനിങ് കഴിഞ്ഞ റഷീദ് അവിടെ അടുത്ത് ചേർന്നതേയുള്ളു . ഞാൻ കണ്ടപ്പോൾ സംസാരിച്ചു . പുള്ളി ജോലിയെ പ്പറ്റി ഹാപ്പി ആണ് . രാവും പകലും ജോലിയുണ്ട് – അത് നല്ലതല്ലേ ? എക്‌സ്‌പീരിയൻസ് നല്ലതാണല്ലോ . പക്ഷെ ശമ്പളത്തെ പറ്റി ഒട്ടും ഹാപ്പി അല്ല !

 

ഞാൻ രാവും പകലും ജോലി ചെയ്യുന്നു . എനിക്ക് എൺപതിനായിരം ഉലുവ ആണ് തരുന്നത് . ജനറൽ സർജറി കഴിഞ്ഞ ഉടനെ ഉള്ള ഒരുത്തനെ ഇവിടെ എടുത്തു . ഡി ൻ ബി ട്രൈനിങ്ങിനു അദ്ധ്യാപകൻ ആയി ആളില്ല എന്ന് പറഞ്ഞാണ് എടുത്തിരിക്കുന്നത് . മിക്ക ദിവസവും ഉച്ചക്ക് വീട്ടിൽ പോകും . ഒരു ലക്ഷത്തിനടുത് ശമ്പളം കൊടുക്കുന്നുണ്ട്!

 

“എന്ത് അനീതി ആണിത് ??”

 

നമ്മൾ ഒരു കാര്യം മനസ്സിലാക്കണം . എം ബി ബി സ് എന്ന മാരണം കഴിഞ്ഞവർ ആണ് രണ്ടു പേരും . പിന്നെ മൂന്നു കൊല്ലം എം സ് എന്ന ട്രെയിനിങ് പ്രോഗ്രാം കഴിഞ്ഞ ആളാണ് ജനറൽ സർജൻ . ഈ മൂന്നു കൊല്ലം ജനറൽ സർജറി ട്രെയിനിങ് കഴിഞ്ഞു ജെനെറൽ സർജൻ ആയി , അതും കഴിഞ്ഞു മൂന്നു കൊല്ലം എം സി എച് എന്ന പ്ലാസ്റ്റിക് സർജറി ട്രെയിനിങ്ങും കഴിഞ്ഞവൻ ആണ് റഷീദ് ! അപ്പൊ അവനു കൂടുതൽ കൊടുക്കണ്ടേ ?

 

വളരെ ന്യായം അല്ലെ ?

 

ആണ് . ന്യായം ആണ് . പക്ഷെ ഈ ന്യായം അനുസരിച്ചല്ല കാശിന്റെ നിയമങ്ങൾ . അതാണ് പ്രശ്നം .

 

ഇതൊന്നും ആരും ആരോടും പറയുന്നില്ലുണ്ണീ ; അറിയുന്നുമില്ല .

 

നമ്മൾ ഒക്കെ പഠിക്കുമ്പോൾ അപ്പനും അമ്മയും പറയും . നന്നായി പഠിക്കു – വേറൊന്നും നോക്കണ്ട . നല്ല ജോലി കിട്ടിയാൽ ജീവിതം – ഹായ് , ഹായ് . ഒരു ഹായ് കൂടി – ഹാ …യ് !!!

 

അടി പൊളി , എന്ത് രസം .

 

അതായത് , കാശിന്റെ കാര്യം ഒന്നും ആലോചിച്ചു തല പുണ്ണാക്കണ്ട എന്നർത്ഥം .

 

ഞാൻ എം ബി ബി സ് ഒക്കെ പഠിക്കുമ്പോഴും , പിന്നീട് ട്രെയിനിങ്ങിന്റെ ഇടയിലും ഒക്കെ ചിലർ ഉപദേശിക്കാറുണ്ട് – നിങ്ങൾ ആദ്യം ഒക്കെ പണത്തിനു പുറകെ പോകുകയേ അരുത് . ആത്മാർത്ഥം ആയി ജോലി ചെയ്യുക – പണം തനിയെ നമ്മുടെ പുറകെ വരും.

 

ഈ ഫിലോസഫി വച്ചോണ്ടാണ് നമ്മൾ ജീവിതവീഥിയിലൂടെ ഇങ്ങനെ ഓട്ടോ റിക്ഷാ ഓടിച്ചു പോകുന്നത് . എം സി എച് ചെയ്തു കൊണ്ടിരിക്കുന്നു . മുപ്പതു വയസ്സാകാറായി . പെണ്ണും കെട്ടി ; ഒരു കുട്ടിയുമായി .

 

പിന്നെ തള്ളുക അല്ല കേട്ടോ – കുറെ അധികം വായിച്ചിട്ടുണ്ട് . ശാസ്ത്രം , ചരിത്രം , സാഹിത്യം ഒക്കെ . ഇനി ഒന്നും പഠിക്കാനില്ല എന്ന അഹങ്കാരം കുറെ ഉണ്ട് . പിന്നീട് അതൊക്കെ ശൂ ആയി , ഞാൻ വിനയ കുണാന്വിതൻ ആയി , നല്ല മനുഷ്യൻ ആയി- അത് വേറെ കഥ .

 

അപ്പൊ കാശൊന്നുമില്ല . അപ്പന് കുറച്ചു കാശുണ്ട് . നമ്മൾ മുപ്പതു വയസ്സായി , ഇങ്ങനെ നടക്കുക ആണ് . എനിക്ക് മാസം ആറായിരം രൂപ സ്റ്റൈപ്പന്റ് ഉണ്ട് . ഭാര്യ എം സ് സി കഴിഞ്ഞു പി എച് ഡി ചെയ്യുക യാണ് . റിസേർച് ചെയ്യാൻ സി സ് ഐ ർ ഫെലോഷിപ് ഉണ്ട്- മാസം എണ്ണായിരം രൂപാ !

 

അങ്ങനെ പത്തു കൊല്ലം പഴക്കം ഉള്ള മാരുതിയിൽ ദുര്ർർ എന്നിങ്ങനെ പോകുന്നു . ആശുപത്രിയിൽ തോട്ടി പണിയും , പട്ടി പണിയും , മുതൽ ഭേദപ്പെട്ട ശസ്ത്രക്രിയകൾ അടക്കം ചെയ്യുന്നു . ചിലപ്പോൾ ഉറക്കം കളയുന്നു . രോഗികൾ സ്നേഹിക്കുന്നു ; വല്ലപ്പോഴും അടിക്കാനും വരുന്നു .

 

അപ്പോഴൊക്കെ നമ്മക്കറിയാം – കാശ് നമ്മുടെ പുറകെ വരും….ഇങ്ങനെ ജോലി ചെയ്തു ..അങ്ങനെ നടന്നാൽ മതി . ഹാ , എന്ത് നല്ല തങ്കപ്പെട്ട ലോകം .

 

പെട്ടന്ന് മാനാഞ്ചിറ മൈതാനത്തു കറങ്ങുന്നതിന്റെ ഇടയിൽ പഴേ പുസ്തകങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് കാണുന്നു . അതിൽ ഒന്നിൽ എന്റെ കണ്ണ് ഉടക്കുന്നു . ഒരു ചൈനീസ് കണ്ണുള്ള മഹാൻ ഇളിച്ചോണ്ടു നിക്കുന്ന ഫോട്ടോ . പേര് വലിയ അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു :

 

                      RICH DAD, POOR DAD.

 

അതായത് – അടാർ അപ്പനും അപ്പാവി അപ്പനും . റോബർട്ട് കിയോസാക്കി എന്ന ഒരു അമേരിക്കൻ ജാപ്പനീസ് വംശജൻ ആണ് ഇതിന്റെ കർത്താവ് . വലിയ കോടീശ്വരൻ ആണ് . കാശ് ഉണ്ടാക്കുന്നതിനെ പറ്റിയും , കാശ് ഉണ്ടാകുന്നതിന് പറ്റിയും , ക്കെ ആണ് പുസ്തകം . ഇങ്ങേരുടെ സ്വന്തം അപ്പൻ ആണ് അപ്പാവി അപ്പൻ . പി എച് ഡി ഒക്കെ ഉള്ള വലിയ ജോലി ഉള്ള ഇദ്യോഗസ്ഥൻ ആണ് അപ്പാവി അപ്പൻ . അടാർ അപ്പൻ , കൂട്ടുകാരന്റെ അപ്പൻ ആണ് . ചെറിയ അലുക്കുലുത് ബിസിനെസ്സ് ഒക്കെ ആയി നടക്കുന്നവൻ ആണ് അടാർ അപ്പൻ .

 

കാല ക്രമേണ , അപ്പാവി അപ്പൻ മൂഞ്ചി കുത്തുപാള എടുക്കുന്നു . അടാർ അപ്പൻ വച്ചടി വച്ചടി കേറുന്നു – കോടീശ്വരൻ ആകുന്നു . ഇവരുടെ ജീവിതങ്ങളിൽ നിന്ന് കിയോസാക്കി പഠിക്കുന്ന പാഠങ്ങൾ ആണ് ഈ പുസ്തകത്തിൽ .

 

ചില പുസ്തകങ്ങൾ നമ്മുടെ ജീവിതത്തിലേക്കുള്ള ഉള്കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും . അങ്ങനെ , എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ ഒരു പുസ്തകമാണ് ഈ സാധനം .

 

അതായത് – ഇതൊന്നും എനിക്ക് ജീവിതത്തിൽ പകർത്താൻ ഒന്നും അധികം സാധിച്ചിട്ടില്ല . നമ്മുടെ മൂല്യങ്ങൾ കുറച്ചൊക്കെ വേറെ ആയതായിരിക്കാം കാരണം . എങ്കിലും, റഷീദിന്റെ പോലെ വേണ്ടാത്ത കാര്യത്തിന് ഡെസ്പ് ആകാതിരിക്കാൻ ഞാൻ പഠിച്ചു . പ്രധാന പാഠങ്ങൾ വേണമെങ്കിൽ ഞാൻ പറയാം . നിങ്ങൾ പക്ഷെ വിഷാദത്തിനു അടിമപ്പെടരുത് . ഞാൻ ആയ പോലെ .

 

വേറൊരു കാര്യം കൂടി . കിയോസാക്കി ഒരു രോമാഞ്ചൻ ആണ് . രോമം ചേർത്ത് വിളിക്കാവുന്നവൻ ആണെന്ന് വേണേൽ പറയാം . നിങ്ങളുടെ മൂല്യങ്ങളുമായി അങ്ങേര് പറയുന്നത് ഒത്തു പോകണം എന്നില്ല .

 

ഈ പറയുന്നതൊന്നും എന്റെ അഭിപ്രായങ്ങൾ അല്ല ; ഞാൻ അതൊക്കെ അങ്ങെനെ ആയിരിക്കണം എന്നും വിചാരിക്കുന്നു എന്നർത്ഥമില്ല . പക്ഷെ ലോകം അങ്ങനെ ഒക്കെ ആണ് . അതറിഞ്ഞാൽ നമ്മക്ക് കൊള്ളാം . അത്രേയുള്ളു

 

. ആദ്യത്തെ പാഠം – കാശിനു കാലില്ല എന്നതാണ് !

എന്ന് വച്ചാൽ , നമ്മൾ ഇങ്ങനെ ഏതെങ്കിലും ഒരടിപൊളി നാട്ടുകാരെ സേവിക്കുന്ന പ്രഫഷനോ , എഞ്ചിനിയയറിങ്ങോ , അക്കൗണ്ടൻസിയോ മറ്റു അനേകം പ്രയാസമുള്ള കുണാണ്ടരി ഒക്കെ വര്ഷങ്ങളോളം പഠിച്ചു നാട്ടുകാരെ ആത്മാർത്ഥമായ സേവിച്ചു , കാശിപ്പ വരും കാശിപ്പ വരും എന്ന് പറഞ്ഞോണ്ടിരുന്നാൽ കാശു പിറകെ ഓടി വരാൻ കാശിനെന്താ കാലുണ്ടോ ?

 

നമ്മുടെ പുറകെ ഇങ്ങനെ കരഞ്ഞു വിളിച്ചു നടക്കാൻ കാശ് നമ്മള് പെറ്റ ക്ടാവാ ?

 

മ്മളിങ്ങനെ നിക്കുമ്പോ കാശിങ്ങനെ ടാക്സി പിടിച്ചു വരികയല്ലേ – പോടാ ഡാഷേ എന്ന് പറഞ്ഞു കിയോസാക്കി .

എന്റെ മുഖത്തിനിട്ടാണ് അങ്ങേര് ആട്ടിയത്. പഫാ ന്നു … 

 

ജ്യോതീം വരൂല്ല , വെളിചോം വരൂല്ല ഒരു മണ്ണാങ്കട്ടേം വരൂല്ല . വായിച്ചിട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ അതാ മുന്നിൽ ഒരാന പിൺടോം ഇട്ട് അമറിക്കൊണ്ട് നിൽക്കുന്നു . വൃത്തികെട്ട മുഖം ആണ് ആനക്ക് .

 

സത്യത്തിന്റെ മുഖം മിനകെട്ടതും ഭീഭത്സവും ആയിരിക്കും .

 

വളരെ ലളിതം ആണ് കിയോസാക്കിയുടെ വാദഗതികൾ . ഈ സംഭവം തന്നെ നോക്കാം . കിയോസാക്കി ചേട്ടൻ (ദൈവമേ , അങ്ങേർക്ക് നല്ലതു മാത്രം വരുത്തണെ ) എന്നോട് ചോദിക്കുന്നത് ഇതാണ് :

 

പന്ത്രണ്ടു വരെ എന്തുട്ടാ പഠിച്ചേ ?

 

“അത് , കിസാക്കിയെട്ടാ , കണക്കും ശാസ്ത്രോം ക്കെ പടിച്ചട്ടണ്ട്‌ .”

 

“പിന്നെ ?”

 

“പിന്നെ മനുഷ്യശരീരം , രോഗങ്ങൾ ഒക്കെ പഠിച്ചു .”

 

“ണ് ല്ലേ ?”

 

” പിന്നേ – ചികിത്സ , ഓപ്പറേഷൻ – രാത്രിം പകലും ല്ലാണ്ടെ പഠിച്ചു .”

 

“അതെന്തായാലും ഭയങ്കരം ആയി പ്പോയി . അപ്പൊ നീ ചികിത്സ പഠിച്ചു . സ്‌പെഷ്യൽ ആയി ഉള്ള ചികിത്സകളും പഠിച്ചു .”

 

“ഉവ്വാ , സെർറ്റിക്കറ്റ് ണ്ടെന്ന് …..”

 

“ങ്ങാ – അപ്പൊ നീ അതിൽ മിടുക്കൻ ആയിരിക്കും .”

 

“അപ്പൊ കാശ് ?”

 

“അതിപ്പോ – കാശ് ണ്ടാക്കാൻ മാത്രം ആയി കൊല്ലങ്ങൾ പഠിച്ചോരണ്ട്‌ . അത്      സ്‌കൂളിൽ പഠിപ്പിക്കുന്നതല്ല . അവര് കാശ്‌ണ്ടാക്കും . നീ ചികിൽസിക്കാൻ അല്ലെ പഠിച്ചത് ? നീ ചികിത്സയ്ക്കും , അവര് കാഷ്‌ണ്ടാക്കും .”

 

ത്രാള്ളോ കാര്യം .

 

നമ്മളീ പലരും – ഈ മുതലാളിത്ത വ്യവസ്ഥിതിയിൽ , ഇങ്ങനെ ഒക്കെ നടക്കും , അല്ലെങ്കിൽ എന്ത് രസായേനെ എന്നൊക്കെ കാച്ചുന്നത് കേട്ട് കാണും .

 

കിയോസാക്കി പറയുന്നു – ഈ മുതലാളിത്ത വ്യവസ്ഥിതി – ഇത് മാത്രമേ ഇന്ന് ലോകത്തുള്ളൂ . അതിൽ കാശിനു ചില നിയമങ്ങൾ ഒക്കെ ഉണ്ട് . അതൊക്കെ പഠിച്ചു ശ്രമിക്കുന്നവന് കാശ് ഉണ്ടാകും, അല്ലാത്തവൻ മൂ….മൂ ….മൂക്ക് കൊണ്ട് ങ്ഗ വരച്ചു കളിക്കും .

അല്ലാതെ നമ്മുടെ അർഹത നോക്കിക്കൊണ്ടല്ല ആൾക്കാർ നമുക്ക് കാശ് തരുന്നത് . സാമുവേൽ ചുമ്മാ കാശില്ലാതെ അഭിനയിക്കാം എന്ന് പറഞ്ഞാൽ ചിലപ്പോ അങ്ങനെ അഭിനയിപ്പിക്കും . അങ്ങനെ ഇപ്പോഴും അഭിനയിക്കുന്നവർ ഉണ്ടല്ലോ . സാമുവേലിന്റെ പുറകെ നടന്നു ഇന്നാ , ഇന്നാന്നു പ്രൊഡ്യൂസർ പറയും എന്ന് പ്രതീക്ഷിക്കുന്നതെ വിഡ്ഢിത്തം ആണെന്ന് കിയോസാക്കി പറയും .

 

ആ സെന്റർ മൈക്രോ സർജറിക്ക് പേരു കേട്ടത് ആയതു കൊണ്ടാണ് റഷീദ് അവിടെ സ്‌പീരിയന്സിന് വേണ്ടി ജോലി ചോദിച്ചു വാങ്ങിയത് . അപ്പൊ എന്തെങ്കിലും കൊടുക്കും , അത്ര തന്നെ .

 

എസ്പീരിയൻസും വേണം , പിന്നെ കാശും വേണോ ? അല്ല പിന്നെ .

 

മറ്റേ ആളെ അപ്പൊ ആവശ്യം ഉണ്ടായിരുന്നു . അത് കൊണ്ട് കാശ് കൂടുതൽ കൊടുത്തു .

 

റഷീദ് പണി പഠിച്ചു , ആളുകളെ ഒക്കെ ചികിൽസിച്ചു , രാവും പകലും ചത്ത് പണി എടുത്തു , പേര് ഉണ്ടാക്കി നോക്കട്ടെ – അപ്പൊ റഷീദിനെ മുതലെടുത്തു കാശ് ഇണ്ടാക്കാൻ ആശുപത്രി മുതലാളിമാർ പുറകെ വരും . റഷീദിന്റെ ഊപ്പാട് ഇളകും . പക്ഷെ കാശ് കുറെ കൂടുതൽ കിട്ടും . സ്വയം തൊഴിൽ ചെയ്യുന്നവരുടെ പ്രശ്നം അതാണ് . കൂടുതൽ പണി എടുത്താൽ കൂടുതൽ കാശ് – അപ്പൊ പണി എടുത്ത് മരിക്കും . അതാണ് മനുഷ്യ സ്വഭാവം .

 

ജോലിക്കാർക്ക് ഏറ്റവും കുറച്ചു കാശ് കൊടുക്കാൻ തൊഴിലുടമകൾ നോക്കും . എത്ര ഉദാത്ത ജോലി ചെയ്താലും കുറെ ആളുകൾ ഇതേ ജോലിക്ക് അർഹർ ആയി ക്യൂ നിൽക്കുക ആണെങ്കിൽ , പ്രത്യേകിച്ചും . നഴ്സുമാരെയും , പ്രൈവറ്റ് ടീച്ചര്മാരെയും നോക്ക് . സർക്കാർ നിയമങ്ങളും , സംഘടനാ ശക്തിയും മാത്രമേ ഇതിനെ മാറി കടക്കാൻ ഉള്ള മാര്ഗങ്ങള് ആയുള്ളൂ .

 

ഡെന്റൽ ഡോക്ടർമാരെ നോക്ക് – മാസം ഒരു മൂവായിരം രൂപാ കിട്ടും . ഏറ്റവും നല്ല വിദ്യാർത്ഥികൾ ആയിരുന്നവർ ആണെന്ന് ഓർക്കണം . ഒരു ഡെന്റൽ ക്ലിനിക് നടത്തി , സ്വയം തൊഴിൽ കണ്ടെത്തിയാൽ , പണി എടുത്തു മരിച്ചു കാശുണ്ടാക്കാം .

 

എന്നാൽ യഥാർത്ഥ ബിസിനസുകാരുടെ നിർവചനവും കിയോസാക്കി പറയുന്നുണ്ട് . ഒരു ചെറു കട നടത്തുന്ന ആൾ സ്വയം തൊഴിലാളി ആകുന്നതേ ഉള്ളു . സ്വയം കൂടുതൽ ചെയ്‌താൽ കൂടുതൽ കാശ് കിട്ടും .

 

യഥാർത്ഥ ബിസിനെസ്സ് എന്നാൽ , ആറു മാസം ഒരു യാത്രക്ക് പോയാലും ബിസിനെസ്സിനും കാശിന്റെ ഒഴുക്കിനും ഒന്നും സംഭവിക്കാത്തവർ ആണത്രേ . ടാറ്റ യെ നോക്ക് ; അംബാനിയെ നോക്ക് . ആറു മാസവയം അവധി എടുത്താലും ഒരു ചുക്കും സംഭവിക്കില്ല .

 

ഇങ്ങനത്തെ കുറെ കാര്യങ്ങൾ ഉണ്ട് . ഉദാഹരണത്തിന് , എത്ര ധനവാൻ ആണ് നിങ്ങൾ ? ഇത് സ്വത്ത് അളന്നു അല്ല നിശ്ചയിക്കേണ്ടതത്രേ . ശമ്പളം നോക്കാനേ പാടില്ല .

 

ഇപ്പൊ , ഇന്ന് – നിങ്ങൾ ജോലി ചെയ്യുന്നത് നിർത്തി എന്ന് വിചാരിക്കുക . എത്ര നാൾ നിങ്ങൾക്കും കുടുംബത്തിനും ഇതേ പോലെ ജീവിത രീതിയിൽ മാറ്റം ഇല്ലാതെ ജീവിക്കാം ? ഈ സമയം ആണ് നിങ്ങളുടെ സമ്പത്തിന്റെ അളവ് .

 

അതായത് , ചുരുങ്ങി ജീവിച്ചു , മാസം അൻപതിനായിരം രൂപ പെൻഷനോ , ചെറു തോട്ടത്തിൽ നിന്ന് പണിക്കാരെ കൊണ്ട് പണിയിപ്പിച്ചു , അൻപതിനായിരം കാർഷിക വരുമാനമോ ഉള്ള ഒരാൾ , വളരെ സമ്പന്നൻ ആണ് .

 

എന്നാൽ ഒരാൾക്ക് മാസം അഞ്ചു ലക്ഷം രൂപ ശമ്പളം ഉണ്ടെന്നു വിചാരിക്കുക . വീട്ടു ലോൺ അടക്കാൻ മൂന്നു ലക്ഷം വേണം . മാസം രണ്ടു ലക്ഷം ചിലവുണ്ട് . വീട് അതി ഭയങ്കരം ആണ് . ഉഷാർ ജീവിത രീതി ആണ് .

 

പക്ഷെ ജോലി പോയാൽ അന്ന് തന്നെ കുത്തു പാള സ്റ്റൈൽ ആണ് . കിഴിസാക്കിയുടെ കണക്കിൽ ഇയാൾ ഒന്നും അല്ല .

 

അങ്ങനെ കുറെയുണ്ട് . വേണേ വായിച്ചു നോക്ക് (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .