ഹിമാലയം കയറിയ അപ്പാപ്പനും വലിച്ചെറിഞ്ഞ ഷഢ്ഢികളും:

പണ്ട് തൃശൂർ മെഡിക്കൽ കോളേജിൽ ഹൌസ് സർജൻസി ചെയ്യുമ്പോൾ , മെഡിസിൻ വാർഡിന്റെ മുകൾ നിലയിലുള്ള ഒരു മുറിയിൽ അഞ്ചെട്ട് കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്നതാണ് താമസ സ്ഥലം . മൊബൈൽ ഫോൺ ഇല്ലാത്ത ഒരു കാലമാണ് . (യെസ് . അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു . വിശ്വസിക്കാൻ പ്രയാസം ആണെന്ന് എനിക്കറിയാം ). അസമയങ്ങളിൽ രോഗികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഡോക്റ്ററെ വിളിക്കാൻ നേഴ്സ് , വാർഡ് അസിസ്റ്റന്റിനെ ഞങ്ങളുടെ ഈ മുറിയിലേക്ക് പറഞ്ഞു വിടും .

 

മിക്കവാറും പെണ്ണുങ്ങൾ ആണ് വാർഡ് അസിസ്റ്റന്റുമാർ . അവർക്ക് മോളിലോട്ട് കേറാൻ മടിയാണ് . വേറൊന്നും അല്ല – ചിതറി കിടക്കുന്ന ആൺ ഷഡ്ഢികൾ ! അന്നൊക്കെ ആൺ ഷഡ്ഢി , പെൺ  ഷെഡ്‌ഡി ഒക്കെ തമ്മിൽ വേറെ വേറെ പെട്ടന്ന് തിരിച്ചറിയാം . ഇന്നത്തെ പോലെ അല്ല . ഈ ആൺ ഷഡ്ഢികൾ കാണുന്നതേ അവർക്ക് ചതുര്ഥിയാണ് . ഊരി എറിഞ്ഞത് ഫ്രഷ് ആയി നിലത്ത് ഒരു രണ്ടു മൂന്നെണ്ണം, നനച്ചു പിഴിഞ്ഞത് ഒരു നാലെണ്ണം കസേരകളിലും മേശപ്പുറത്തും കട്ടിലിലും, പിന്നെ നന്നായി ഉണങ്ങിയത് മുറിയിൽ പാറി  നടക്കുന്നവ അസംഖ്യം വേറെ . ഇങ്ങനെ ആണ് . തിരക്കിൽ വലിച്ചു കേറ്റുമ്പോൾ അരയിൽ ലൂസ് ആയി കിടക്കുമ്പോൾ ആണ് നമ്മുടെ അല്ല എന്ന് മനസ്സിൽ ആവുന്നത് . പിന്നെ ഇട്ടതും കൊണ്ടോടും (ജെട്ടി ആണോ വലുത് , ശ്വാസം മുട്ടുള്ള രോഗി ആണോ വലുത് ?)

 

അപ്പുറത്ത് ആണ് പെൺ ഹൌസ് സർജന്മാരുടെ കിടപ്പു മുറി . അവിടെ ഇങ്ങനെ പ്രശ്നമുണ്ടോ എന്നെനിക്കറിയില്ല . ഞാൻ നോക്കീട്ടില്ല . അന്നൊന്നു നോക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .

 

ഇപ്പോൾ ആരോ പറഞ്ഞു എന്ന് പറഞ്ഞു കേട്ടപ്പോൾ ആണ് , ഈ ഷഡ്ഢി പ്രശ്നം സ്ത്രീ ശാക്തീകരണത്തിന്റെ ഒരു സൈഡ് ഇഫക്ട് ആണെന്ന് മനസ്സിലായത് .

 

അതായത് , ജെട്ടി ഇടുന്നരെ , ഇടാത്തവരേ , വല്ലപ്പോഴും ഇട്ട് അഡ്ജസ്റ് ചെയ്യുന്ന അവസര വാദി മനുഷ്യരെ :

 

ഇപ്പുറത്ത് ഞങ്ങൾ ആണുങ്ങൾ , ഈ ജട്ടിയൊക്കെ വാരി വലിച്ചിട്ട് നരക തുല്യ ജീവിതം നയിക്കുന്നു . അപ്പുറത്ത് പെൺ ഹൌസ് സർജൻമാർ ഞങ്ങളുടെ അതേ ജോലി ചെയ്ത് നടക്കുന്നു . അവരുടെ ജെട്ടി സ്റ്റാറ്റസ് അറിയില്ല – അതി നിഘൂഢ പ്രപഞ്ച രഹസ്യം !

 

എന്തിനാണ് ഇങ്ങനെ എന്ന് ഞാൻ ചോദിച്ചു പോകുക ആണ് . വേറെ നല്ല ഒരു അറേഞ്ച്മെന്റ് ചെയ്യാവുന്നതേ ഉള്ളു . രോഗികളുടെ കാര്യം ഞങ്ങൾ ആണുങ്ങൾ നോക്കുന്നു . അവർ , ഞങ്ങളുടെ റൂമിൽ വന്ന് ജെട്ടി ഒക്കെ നനച്ച് ഉണക്കി , അടുക്കി പെറുക്കി വക്കുന്നു . കിളികൾ കൂവുന്നു , കുറുക്കന്മാർ പാടുന്നു (സോറി- നേരെ തിരിച്ച് ), സൂര്യൻ പ്രകാശിക്കുന്നു , മന്ദമാരുതൻ ചീറി അടിക്കുന്നു , സർക്കാരുകൾ നീതി പാലിക്കുന്നു , ലോകം മൊത്തം സമാധാനം പുലരുന്നു .

 

എന്തെ പറ്റൂല്ലേ ? പറ്റണം – ന്നാണല്ലോ മറ്റേ അമ്മാവൻ പറഞ്ഞത് .

 

വരട്ടെ – കളിയാക്കാൻ വരട്ടെ – കുറച്ചു നാള്  മുന്നേ ഒരു പ്രമുഖ പാർട്ടിയുടെ ഒരു പ്രമുഖ എം ൽ എ എന്തോ പറഞ്ഞല്ലോ – എന്തുവാ മക്കളെ അങ്ങേരുടെ പേര് ? ഫ്യൂറിഡാനോ , പരാമറോ – അങ്ങനെ എന്തോ ഒരു പേരാണ്.

 

പെൺ പിള്ളേരെ ഒക്കെ പതിനെട്ട് വയസ്സ് ആകുന്നതിനു മുൻപേ കെട്ടിച്ചു വിടണം . അപ്പോൾ അവര് വഴി തെറ്റി പോകൂല്ല . അവർക്ക് ബുദ്ധി ഉറക്കുന്നതിനു മുൻപേ ഓണര്ഷിപ് കൈമാറണം എന്നാണു ബഹുമാനപ്പെട്ട ഫ്യൂറിഡാൻ  എം ൽ എ പറഞ്ഞത് .

 

പേരൊക്കെ സുരേഷ് എന്നും , സുനിൽ എന്നും ഒക്കെ ഇട്ട് , കുടുംബങ്ങളുമായി ചെങ്ങാത്തം ഒക്കെ സ്ഥാപിച്ച് മുഖ്യ ധാരാ ആളുകളായി ചമഞ്ഞു പറ്റിക്കാൻ നടക്കുന്നവർ ഉണ്ടത്രേ അന്യ മതങ്ങളിൽ . അവർ പെണ്ണുങ്ങളെ വഴി തെറ്റിക്കും എന്ന് ശ്രീമാൻ വളരെ പഠിച്ചും നിരീക്ഷിച്ചും പറയുകയുണ്ടായി .

 

അടിവസ്ത്രത്തെ പറ്റി പറഞ്ഞു എന്ന് പറയപ്പെടുന്ന മഹൻ പറഞ്ഞത് , സ്ത്രീകൾ ജോലിക്കാണ് എന്ന് പറഞ്ഞു പോയി അവിഹിതം നടത്തും എന്നാണു !.

 

ബാലൻസിംഗ് വേണമല്ലോ . ഈ യടുത്ത് കുടംബാസൂത്രണം എങ്ങനെ ആണെന്ന് ചോദിച്ചു കൊണ്ടുള്ള ഒരു സർവേ മ്മ്‌ടെ സഭ നടത്തി അത്രേ . പെണ്ണുങ്ങൾ വീട്ടിൽ ഇരുന്ന് അഞ്ചെട്ട് പിള്ളേരെ ഒക്കെ ഉണ്ടാക്കിയാൽ നല്ലതാണല്ലോ , ജോലിക്ക് പോകുന്നതിനേക്കാൾ നല്ലതാണല്ലോ എന്നൊക്കെ പറയണം എന്നുണ്ട് . ഒളിഞ്ഞും മറഞ്ഞും ഒക്കെയേ പറ്റുന്നുള്ളു എന്ന് മാത്രം.

 

പൊതുവെ ഒരു വായനക്കാരൻ ആയി പതിറ്റാണ്ടുകളോളവും , ഇപ്പോൾ ഔദ്യോഗികം ആയി തന്നെ മനഃശാസ്ത്രവും സമൂഹമനഃശാസ്ത്രവും പഠിക്കുന്ന ഒരു വ്യക്തി  നിലയിൽ ഈ നിലപാടുകളിൽ ഉള്ള സാമ്യം അതീവ രസകരം ആണ് , വലിയ കൗതുകം ഉളവാക്കുന്നവ ആണ് , ജ്ഞാന ദായകം ആണ് .

 

അത്ഭുതകരം – അതല്ല .

 

ഇതൊക്കെ ഒരു കോമൺ ത്രെഡ് ആണ് . ഒരേ സ്റ്റൈലിൽ ഉള്ള നൂൽ ആണ് . ചിലത് പരുത്തിയുടെ ജെട്ടി ആണെങ്കിൽ ചിലത് സിൽക്ക് ജെട്ടി ആണെന്ന് മാത്രം .

 

ആൽവിൻ റ്റോഫ്‌ളിർ എന്ന ഒരാൾ എഴുതിയ സൂപ്പർ സെല്ലർ ആയ ഒരു ബുക്കാണ് – ഫ്യൂച്ചർ ഷോക്ക് .

 

“വളരെ വലിയ മാറ്റങ്ങൾ വളരെ പെട്ടന്ന് വരുമ്പോൾ സമൂഹത്തിൽ ചിലർ വിടുന്ന അന്തത്തിനാണ് “ഫ്യൂച്ചർ ഷോക്ക് ‘ എന്ന് പറയുന്നത് ”

 

ഇങ്ങനെ അന്തം വിട്ടവർ എന്തും പറഞ്ഞും ചെയ്തും കളയും.

 

ചില മത തത്വ സംഹിതകൾ , അഥവാ സമൂഹ ചിന്താ ധാരകൾ ഒരു പോലാണ് . മനുഷ്യ മനസ്സിന്റെ ചില പ്രത്യേകതകൾ ആണ് ഇതിന്റെ മൂല ഉദ്ഭവം എങ്കിലും , കാലാനുസൃതമായി മാറ്റിയില്ലെങ്കിൽ പണ്ട് ഹിമാലയം കയറിയ അപ്പാപ്പന്റെ പോലെ ഇരിക്കും .

 

ഈ താരതമ്യം എന്റെ സുഹൃത്ത് വിശ്വനാഥൻ കെ യുടേതാണ് . അതായത് , പണ്ട് നമ്മുടെ അപ്പാപ്പൻ വീരൻ ആയിരുന്നു . ഇരുപതു വയസ്സിൽ ഹിമാലയം കയറി അപ്പുറത്ത് പോയിട്ടുണ്ട് . നാല് പേരെ ഒരുമിച്ച് അടിച്ചിട്ട അഭ്യാസി ആണ് . യുദ്ധങ്ങൾ നയിച്ച് , വലിയ സാമ്രാജ്യങ്ങൾ നേടിയിട്ടുണ്ട് . വെള്ളത്തിന് മേലെ നടന്നു . പുഷ്പക വിമാനം പറത്തി .

 

ഇപ്പോൾ തൊണ്ണൂറു വയസ്സായി . കണ്ണും കണ്ടൂട , നടക്കാനും വയ്യ . പക്ഷെ ചെറുപ്പം പിള്ളേരെ ഡെക്കാത്തലോണിൽ ജയിക്കണം എന്ന് പറഞ്ഞ് നമ്മൾ ഇങ്ങനെ ഉന്തുക ആണ് . എന്തിനാണത് ?

 

അങ്ങേരുടെ മക്കൾ കാണും , അനന്തരവർ കാണും , അനന്തരവൾ കാണും . തപ്പി കൊണ്ട് വരണം ഹേയ് .

 

പഴേ മുഷിഞ്ഞ അണ്ടർ വെയറുമിട്ട് എന്റെ ജെട്ടിയാ നല്ലത് , എന്റേതാ നല്ലത് എന്ന് പറഞ്ഞു അടി കൂടുന്നതിന് പകരം , പുതിയ എല്ലാവര്ക്കും പറ്റുന്ന നല്ല സൊയമ്പൻ ജെട്ടികൾ ഡിസൈൻ ചെയ്തു ഇട്ടൂടെ എന്നാണു ഞാൻ ചോദിക്കുന്നത് . തീരെ ഇടാതെ നടക്കണം എന്നുമില്ല .

 

പുതിയ കാലത്തിനു പുതിയ ജെട്ടികൾ – അതല്ലേ നമുക്ക് വേണ്ടത് ? (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .