ആദവും പ്രസവവും ഹവ്വയുടെ കുലുങ്ങി കുലുങ്ങിയുള്ള നടപ്പും :

പ്രകൃതി വാസിയോം ഓർ മേരെ പ്യാരേ ദോസ്‌തോം ; ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയും ആയി സൃഷ്ടിച്ചു . ബല്ലാത്ത ചെയ്തതായി പോയീന് . സമാധാന പ്രിയനായിരുന്നു ദൈവം . എന്നാലും ഈ കാര്യത്തിൽ അദ്ദഹത്തിനു ഒരു കാല്കുലേഷൻ മിസ്റ്റേക്ക് പറ്റി .

 

എന്നാലും ഏദൻ തോട്ടം തന്നു – സ്വർഗം തന്നെ . നാണമില്ലാത്തതിനാൽ തുണി ഉടുക്കാതെ ആദവും ഹവ്വയും നടന്നു . അതോണ്ടാണോ എന്നറിയില്ല , ഹവ്വ പെട്ടന്ന് തന്നെ ഗർഭിണിയായി . പ്രസവങ്ങൾ ഒരു പ്രശ്നവുമില്ല . ചിരിച്ചോണ്ടാണ് പ്രസവിക്കുന്നത് . പിന്നെ ഒരു കാര്യം – അത് മറന്നു പോയി – മരണം ഇല്ല . ഇങ്ങനെ നടക്കാം . അല്ലലില്ല. എന്ത് സുഖം . ഹവ്വ ഡീസന്റാണ് . വേണ്ടാത്ത വർത്തമാനം ഒന്നുമില്ല . ആദത്തിനു പരമസുഖം .

 

ആകെ ഒരു പ്രശ്നമേയുള്ളു – അറിവിന്റെ പഴം – അത് തിന്നരുത് . അരുതേ അരുത് .

 

ഓ – ഒരു കാര്യം വിട്ടു പോയി . ഹവ്വ ഇടുപ്പ് കുലുക്കി കുലുക്കി മദാലസയായി അല്ല നടക്കുന്നത് ! ആദത്തിന്റെ പോലെ ചട് പുടു എന്നാണു . എന്തൊരു ബോർ .

 

പിന്നെ ആദത്തിനും ഹവ്വക്കും പൊക്കിൾ കോടി ഉണ്ട് . അതെന്താണെന്ന് പറയാൻ മനസ്സില്ല . ഉണ്ട് അത്ര തന്നെ .

 

അതായത് – ഒരു അമ്പതു ലക്ഷം വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികരും ചിമ്പാൻസികളുമായി നമ്മൾ കൂട്ടം വിട്ടു . ഗൊറില്ലകളും ഒറാങ്ങുകളും ഒക്കെയായി പണ്ടേ ബൈ ബൈ പറഞ്ഞിരുന്നു . അന്നേ നമ്മുടെ തല മറ്റു മൃഗങ്ങളുമായി നോക്കുമ്പോൾ വളരെ വലുതാണ് . ഒരു 400 ഗ്രാം – കഷ്ടിച്ചു അര കിലോ കാണും .

 

കൂട്ടം വിട്ടത് നിവർന്നു നടക്കാനാണ് . നാല് കാലിൽ നടക്കാൻ മടി തോന്നി . പെട്ടന്ന് പുൽപ്രദേശങ്ങൾ ആയല്ലോ . നിവർന്നു നടക്കാം ഓടാം . കൈ കൊണ്ട് എന്തെങ്കിലും ചെയ്യാം . എല്ലാരും കൂടെ കൈയും തലയും ഉപയോഗിച്ചു , കല്ല് , മരം ഒക്കെ കൊണ്ട് എങ്ങനെയെങ്കിലും . ജീവിക്കണം . തലയില്ലാത്തവക്ക് രക്ഷയില്ല . തലയുള്ളത് ജീവിക്കും .

 

തല വളർന്നു തുടങ്ങി .

 

രണ്ടു ലക്ഷം വര്ഷം മുൻപ് ആണ് നമ്മൾ നമ്മളെ വിളിക്കുന്ന ബിമൽ കുമാർ ……അല്ല സോറി –  ഹോമോ സാപ്പിയൻസ് ആയത് . (ഹോമോ എന്നാൽ മനുഷ്യൻ .. അല്ലാതെ ….വേണ്ടാത്ത പലതുമേ ചിന്തിക്കൂ ). അപ്പോൾ തലച്ചോർ മൂന്നിരട്ടിയോളം വളർന്നു . എന്നിട്ടും ജനിച്ചിട്ട് ഒരു രണ്ടു മൂന്നു വര്ഷം കഴിഞ്ഞാലേ ഉടൻ ജനിച്ച ഒരു ചിമ്പാൻസി കുഞ്ഞിന്റെ അത്രേം കാര്യപ്രാപ്തി ആവുള്ളു . അതായത് ജനിക്കുമ്പോഴേ തല കുറച്ചൂടെ വലുത് ആവണമായിരുന്നു എന്നർത്ഥം . എന്ത് കൊണ്ട് അത് പറ്റുന്നില്ല ?

 

അതായത് ഉത്തുങ്ക പ്രജകളെ – തല വലുതാവും തോറും പ്രസവിച്ചു പുറത്തു വരുത്താൻ ഭയങ്കര പാടാ . പെണ്ണുങ്ങടെ ഇടുപ്പ് വലുതായി വലുതായി വന്നു . അതാണ് ഈ കുലുങ്ങി കുലുങ്ങി ഉള്ള നടപ്പിന് കാരണം .

 

ഇനിയും ഇടുപ്പ് വലുതായാൽ ഓടാൻ ഒന്നും പറ്റാതെ വരും . അതാണ് നമ്മൾ ജനിക്കുമ്പോൾ ഒന്നിനും പറ്റാതെ ഇരിക്കുന്നത് . തല വീണ്ടും വളർന്നു കൊണ്ടേ ഇരിക്കും .

 

പ്രസവിക്കാൻ മനുഷ്യർക്ക് മാത്രം ഇത്ര പ്രയാസം അതാണ് . കുറെ പെണ്ണുങ്ങൾ പ്രസവത്തിൽ മരിക്കും . കുറെ കുട്ടികളും .

 

തല വളർന്നതും നമുക്ക് ബോധോദയം വന്നു . നമ്മുടെ അവസ്ഥയിൽ നമുക്ക് തൃപ്തി ഇല്ലാതായി . കാര്യങ്ങളുടെ കിടപ്പ് നമുക്ക് ഏകദേശം പിടി കിട്ടി . ശ്രമിച്ചാൽ ചില കാര്യങ്ങൾ നമുക്ക് ശരിയാക്കാം എന്ന് തോന്നി തുടങ്ങി .

 

അറിവിന്റെ പഴം നമ്മൾ തിന്നു എന്നറിഞ്ഞപ്പോൾ ദൈവം കോപാക്രാന്തൻ ആയി . ഏദൻ തോട്ടത്തിൽ നിന്ന് നമ്മെ ചവുട്ടി പുറത്താക്കി . മരണം വന്നു . നാണം വന്നു . ഹവ്വയെ സ്‌പെഷ്യൽ ആയി ദൈവം ശപിച്ചു :

 

“ഇനി മുതൽ വേദനയോടെ നീ മക്കളെ പ്രസവിക്കും .”

 

 

അതായത് ; പ്രസവിച്ച സ്ത്രീകളേ , പ്രസവിക്കാത്ത സ്ത്രീകളെ , ഒരിക്കലും പ്രസവിക്കാൻ സാധിക്കാത്ത ബ്ലഡി പുരുഷൻസെ :

 

തല വളർന്നു , ബുദ്ധി വളർന്നപ്പോൾ ഭാവിയെ പറ്റി ആലോചിക്കാം എന്നായി . മരണമാണ് എന്തായാലും അവസാനം എന്ന് മനസ്സിലായി . അതായത് മരണം ഉണ്ടായി എന്നർത്ഥം . അറിയാത്ത മരണം എന്ത് മരണം ? അങ്ങനെ ഒരു സാധനമേ ഇല്ലല്ലോ . തലച്ചോർ വികസിച്ചില്ലെങ്കിൽ ആധിയും ഇല്ല .

 

വളർന്ന തല പുറത്തു വരാൻ പാടാണ്‌ . സ്ത്രീകൾ വേദന അറിഞ്ഞേ പ്രസവിക്കുക ഉള്ളു .

 

പക്ഷെ തലച്ചോർ ഉണ്ടെങ്കിൽ പ്രസവം എങ്ങനെ താരതമ്യേന അപകട രഹിതം ആക്കാം എന്ന് നോക്കാം . വേദന എപി ഡ്യൂറൽ ഇട്ട് ഇല്ലാതാക്കാം . മരണത്തെ മാറ്റി കൊണ്ട് പോകാം . മരിക്കുമ്പോൾ വേദന രഹിതമായി മരിക്കാം .

 

തല ഇല്ലെങ്കിലോ ?

 

ഒരു ആധിയും വ്യാധിയും അറിയാത്ത പ്രകൃതി ജീവിതം നയിക്കാം . എവിടേം പ്രസവിക്കാം . മൂഢ സ്വർഗത്തിൽ കഴിയാം .

 

എന്നാലും ദൈവമേ – ഈ തല – ഒരു ഭയങ്കര ചെയ്ത്തായി പോയി ആ പഴം തിന്നത് .

 

തലച്ചോർ വളർന്നെ പിന്നെ ആണ് സംസാരം തുടങ്ങിയത് . ഈ ഹവ്വെടേ പിന്മുറക്കാർ പെണ്ണുങ്ങൾ – ചെവി തല കേൾപ്പിക്കുന്നില്ല .

 

സാരമില്ല – പ്രകൃതിയിലേക്ക് തിരിച്ചു പോട്ടെ . തിലകനെ പോലെ ഞാൻ തുണി ബഹിഷ്കരിക്കുക ആണ് സുഹൃത്തുക്കളെ . കൂടെ നാവും ചിന്തകളും .

 

പ്രകൃത്യായ നമഃ

 

പ്രകൃതിയെ സ്വസ്തി .

 

കമ്മന്റിക്കോളു . ഞാൻ മിണ്ടില്ല . തുണിയില്ല ; നാണമാണ് . നാവുമില്ല .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .