പറയാൻമടിയുള്ളസത്യങ്ങൾ@ജിമ്മിച്ചൻ
കുറച്ചൊക്കെ വിവരം വെച്ച്, അത്യാവശ്യം ലോകപരിചയമൊക്കെ ആയി, അവനവൻറെ വീക്ഷണകോൺ എന്ന തറയിൽ നിന്ന് സ്വല്പമെങ്കിലും ബദ്ധപ്പെട്ട് പറന്ന് ഒരു ദൂരക്കാഴ്ച സാധ്യമാകുന്ന ഒരു സ്ഥിതി ആയി (ചിലപ്പോഴും; പലപ്പോഴും- ശരിക്കും ആർക്കും പറ്റില്ല) എന്ന് ഇച്ചിരി തോന്നൽ എനിക്കുണ്ട് (നിങ്ങക്ക് വിയോജിക്കാം).
ചില അഭിപ്രായങ്ങൾ സത്യങ്ങളാണെന്ന് ഏകദേശം ഉറപ്പുണ്ടെങ്കിലും പറയാൻ മടിയാണ്. പലതും അപ്രിയ കാര്യങ്ങളാണ്. ചിലവ സത്യങ്ങളെങ്കിലും പറഞ്ഞിട്ട് കാര്യമില്ലാത്തവ ആണ്. ചിലത് പറഞ്ഞാൽ മനുഷ്യർക്ക് നിരാശയും ഭയവും ഉണ്ടാക്കുന്നവയാണ്. പലതും എന്തെങ്കിലും ചാപ്പ കിട്ടാൻ സാദ്ധ്യത ഉള്ളതാണ്. ചിലതൊക്കെ പലരുടെയും ഏറ്റവും പ്രിയപ്പെട്ട വിശ്വാസങ്ങളെ ഹനിക്കുന്നവയാണ്. ഈ വിശ്വാസങ്ങളിൽ ഒരു തരം തെറ്റായ ഗ്രൂപ്പിസ്റ്റ് പുരഗോമനവും വരും.
മരണം ആരെയും വിശുദ്ധരാക്കാത്തത് പോലെ, ഏതെങ്കിലും ഐഡന്റിറ്റി ഗ്രൂപ്പിൽ ആയത് ആരെയും വിശുദ്ധനോ നിഷ്കളങ്കനോ എന്നേക്കും കുറ്റമില്ലാത്തയാളോ ആക്കുകയില്ല. ഏതെങ്കിലും പ്രശ്നത്തിന്റെ ഒരു വശത്ത് സവര്ണനോ, പുരുഷനോ, ഭൂരിപക്ഷ വിഭാഗമോ, സമ്പന്നനോ ആയത് കൊണ്ട് മാത്രം അയാൾ ഓട്ടോമാറ്റിക് ആയി വേട്ടക്കാരൻ ആവുകയില്ല. അങ്ങനെയുള്ളവരെ സഹായിക്കുന്ന സെറ്റപ്പുകൾ സമൂഹത്തിൽ കൂടുതൽ ഉണ്ടാവാൻ സാദ്ധ്യതയുണ്ട് എന്നത് ശരിയാണ്.
അത് കൊണ്ട് തന്നെ, ന്യൂനപക്ഷം, ലൈംഗിക ന്യൂനപക്ഷങ്ങൾ, ദരിദ്രർ, ദളിതർ, സ്ത്രീകൾ ഇവരൊക്കെ പ്രത്യേക കരുതൽ അർഹിക്കുന്നവരാണ്. യാതൊരു സംശയവുമില്ല.
പക്ഷെ എന്നുവെച്ച് അവർക്കൊക്കെ എല്ലാക്കാര്യത്തിനും ബ്ലാങ്കറ്റ് ഇമ്മ്യൂണിറ്റി എന്ന ഓട്ടോമാറ്റിക് ഇളവ് യാതൊരു ഉപാധികളുമില്ലാതെ കൂട്ടത്തോടെ ചാടി വീണു നൽകുന്ന പ്രവണതയോട് എനിക്ക് എതിർപ്പാണുള്ളത്. സാമൂഹ്യ സാഹചര്യങ്ങളെ അതിതീവ്ര നിയമങ്ങൾ കൊണ്ട് എപ്പോഴും പ്രതിരോധിക്കാം എന്ന് കരുതുന്നതും തെറ്റാണു. ഒരു സ്ത്രീയോ, പിന്നോക്കവിഭാഗത്തിലുള്ളയാളോ എപ്പോഴും എല്ലായ്പ്പോഴും ബുദ്ധിയില്ലാത്ത, സംരക്ഷണം മാത്രം ആവശ്യമുള്ള ഒരു ദുർബല ജീവി ആയിക്കാണുന്ന ആക്ടിവിസം ഒരു തരം പാട്രനൈസിങ് അഹങ്കാരമാണെന്നാണ് എന്റ്റെ തോന്നൽ. ഏതൊരു മനുഷ്യനും സാഹചര്യങ്ങളെ മുതലെടുത്ത് സ്വന്തം കാര്യം കാണാനുള്ള ഉപായം ആലോചിക്കാനുള്ള ബുദ്ധി ഉള്ളവർ ആണെന്നാണ് സാധാരണ ജീവിത അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ സംഭവങ്ങളെയും അതിന്റെതായ സവിശേഷ തെളിവുകളുടെ പുറത്ത് മാത്രം വിലയിരുത്തണം (സാഹചര്യങ്ങളെയും പരിഗണിച്ചു കൊണ്ട്) എന്നാണ് പലപ്പോഴായി പഠിച്ച ഒരു പാഠം. ഇല്ലെങ്കിൽ സംവിധാനങ്ങളുടെയും നിയമങ്ങളുടെയും ലെജിറ്റിമസി എന്ന ആധികാരികതയിൽ ആളുകൾക്ക് വിശ്വാസം കുറയും. ഇത് രാഷ്ട്രീയത്തിലടക്കം വളരെ ദോഷമായി പ്രതിഫലിക്കും. അമേരിക്കയിലെ ട്രംപ് പ്രതിഭാസത്തിൽ ഇത് വളരെ പ്രകടമായിരുന്നു. അത് പിന്നൊരിക്കൽ പറയാം.
(ജിമ്മി മാത്യു)