ഒരു ഫ്ലൈയിംഗ് കിസ് എങ്കിലും

എന്റെ ചെറുപ്പത്തില്‍ ഭയങ്കര പ്രശ്നമായിരുന്നു – ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടാന്‍ പാടില്ല! അതായത് – വല്ലപ്പോഴും കല്ല്യാണങ്ങള്‍ക്കും മറ്റും കാണുമ്പോള്‍, വീട്ടുകാര്‍ തമ്മില്‍ പരിചയം ഉണ്ടെങ്കില്‍ ഒന്നു രണ്ടു വാക്കൊക്കെ മിണ്ടാം. അത്ര തന്നെ.

തൃശ്ശൂര്‍ മോഡല്‍ “ബോയ്സ്” സ്കൂള്‍ – അതിലാണു പഠിച്ചത്. ലൂസായ നിക്കറും സദാ വലിച്ച് കേറ്റി, വെള്ള ഷര്‍ട്ടിന്റെ പോക്കറ്റ് ഭാഗത്ത് നീലമഷിയും അങ്ങിങ്ങായി ചെളിയും കുനിഞ്ഞ് മൂക്ക് തുടക്കുന തോള്‍ഭാഗത്ത് മൂക്കളയുമായി കിക്കി കക്ക എന്നിളിച്ചോണ്ട് നടക്കുന്ന കുറേ അലവലാതികള്‍. അതിന്റെയൊക്കെക്കൂടെ കാളകളിച്ചും തെറിപറഞ്ഞും അടി വാങ്ങിയും പെണ്ണുങ്ങളെ കാണാതെ നടക്കാനായിരുന്നു ബാല്യകാലവിധി. പത്താംക്ലാസ്സുവരെ അങ്ങനെതന്നെ.

അന്നു പ്രീഡിഗ്രി അത്ര ചെറിയ ഡിഗ്രിയൊന്നുമല്ല. കോളേജിലാണത് – കോളേജില്‍ ഉണ്ടല്ലോ സെന്തോമാസ് എന്ന് വിളിക്കിക്കുന്ന സെന്റ് തോമസ് കോളേജ് ഫോര്‍ മെന്‍. ‘മെന്‍’ – പണ്ടാരം . മെന്‍ പോലും.

“എവിട്യാ പഠിക്കണേ ക്ടാവേ”
“സെന്തോമാസിലാ”
“ബെസ്റ്റായിട്ട്ണ്ട്”

പ്രീഡിഗ്രി ക്ലാസ്സിന്റെ ഒരു വശത്തെ ജനലിന്നരുകിലിരുന്നാല്‍ താഴെ പൊതുറോഡ് കാണാം. വെറും റോഡല്ലത്. സെന്റ് മേരീസ് കോളേജ് ഫോര്‍ വിമന്‍ എന്ന വിശ്വവിഖ്യാത സ്ഥാപനത്തിലേക്കുള്ള രാജപാതയാണ്

“മനുജര്‍ നമ്മെ നാമായ് മാറ്റും വലിയൊരു റോഡല്ലോ” എന്ന് കവി പാടിയത് ഈ റോഡിനെപറ്റിയാണു. ഈ ജനലിലൂടെ നോക്കിയാല്‍ ഈ പറഞ്ഞ കോളേജിലേക്ക് പോകുന്ന സുന്ദരികളെ കാണാം. ബേസിക്കലി രണ്ടാം നിലയില്‍ നിന്ന് നോക്കുന്നത് കൊണ്ട് ഉച്ചി മാത്രമേ കാണാന്‍പറ്റൂ.
മിക്കപെണ്ണുങ്ങളും ചുമ്മാ കുട ചൂടിക്കൊണ്ടാണു നടക്കുന്നത്. നമ്മള്‍ എറിയുന്ന ആരോകള്‍ മേത്ത് വീഴാതിരിക്കാനാണത്.

പൂക്കളും മറ്റും ഉള്ള പലനിറത്തിലുള്ള ഒരു കുട. താഴെ ചെരുപ്പിട്ട ഒരു പാദം. രണ്ടിനുമിടയില്‍ ഒരു സാരിയുടെ മിന്നലാട്ടങ്ങള്‍. ഇത്രയും നോക്കി ബാക്കി ഊഹിക്കുക എന്ന മഹാഗണിത ശാസ്ത്ര സമസ്യ ചെയ്യലാണു പ്രധാന വിദ്യാഭ്യാസം.

“ടാ ടാ ഇങ്ങട് നോക്യേടാ. എണീറ്റ് നിക്കടാ”

മാഷാണു

“എങ്ങട്ടാ നോക്കണേടാ ? എവിട്യാ നീ പഠിച്ചേ ? ”

മോഡല്‍ ബോയ്സില്

ഇപ്പൊ എവിട്യാ നീ പഠിക്കണേ?
സെന്തോമാസില്
മുഴുവന്‍ പേരും പറഞ്ഞേരാ

സെന്തോമാസ് കോളേജ് ഫോര്‍ മെന്‍

മെന്‍ – മനസ്സിലായാ . മാഡല്‍ ബായ്സിലെ ബായിസല്ല, മെന്‍

ബിഹേവ് ലൈക്ക് എ മാന്‍

പതിനാറു വയസ്സേയുള്ളൂ. മാന്‍ – തേങ്ങാക്കൊല

പള്ളീപ്പോണത് പുത്തമ്പള്ളീലാണു. വശങ്ങള്‍ രണ്ടും ആണുങ്ങള്‍ക്ക്. മുമ്പിലുള്ള പ്രധാനഭാഗം മുഴുവന്‍ പെണ്ണുങ്ങള്‍ക്കുള്ളതാണു. ഞാന്‍ എംബിബി‌എസ് ഒക്കെ ആയപ്പോള്‍ ആണുഗ്ങ്നള്‍ പ്രധാനഭാഗത്ത് പെണ്ണുങ്ങളുടെ പുറകിലായി ഇരിക്കാന്‍ തുടങ്ങി. ഇഷ്ടമ്പോലെ സ്ഥലമുണ്ട്. അപ്പൊ പുതിയതായി വന്ന അച്ചന്‍ പറയാണു :

പുരുഷന്മാരെല്ലാം വശങ്ങളില്‍ പോയിരിക്കണം

വശങ്ങളില്‍ സ്ഥലമില്ല. കുറേപ്പേര്‍ പോയി. കുറെപ്പേര്‍ കേള്‍ക്കാത്തതു പോലെ ഇരിക്ക്യാണു

അപ്പോള്‍ അച്ചന്‍

എന്താ നിങ്ങക്കൊക്കെ പെണ്ണുങ്ങടെ ബാക്കും നോക്കിക്കോണ്ടിരിക്കണോ ?

അച്ചന്റെ മനസ്സ് മാതിരിയാണു എല്ലാവരുടേയും എന്നാണു വിചാരം. ഞാന്‍ അപ്പോള്‍ തന്നെ പള്ളീല്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു.

പ്രീഡിഗ്രിക്ക് ഒരിക്കല്‍ സൈക്കിളില്‍ കോളേജിലേക്ക് വരും വഴി രാജപാതയിലൂടെ ധൈര്യം സംഭരിച്ച് ഒന്നു കറങ്ങി. എതിരേ ഒരു ലോറി വരുന്നു. ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല. വശത്ത് നടന്ന് വരുന്ന സുന്ദരിയുടെ മേത്തേക്ക് ചാഞ്ഞു. തൊട്ടോ -തൊട്ടില്ല. എന്നാല്‍ തൊട്ടു. ഞാനും ഞെട്ടി. അവളും ഞെട്ടി. നല്ല സുന്ദര മുഖമാണു.

എന്തൂട്ടാണ്ട ചെറ്ക്കാ മോത്ത് കണ്ണില്ലേ

ദേഷ്യത്തില്‍ ഒരു ചോദ്യം . ചടപടാ ഒരു പോക്ക്.

പതുക്കെ സൈക്കിള്‍ ഉന്തിക്കൊണ്ട് ഞാന്‍ നടന്നു. ഓടിക്കാന്‍ പറ്റുന്നില്ല. കിലുകിലാ എന്നാണു വിറയ്ക്കുന്നത്

സെക്കന്റ് ഇയറില്‍ കോളേജ് ഡേക്ക് മുന്നേയുള്ള മീറ്റിങ്ങില്‍ സ്റ്റേജില്‍ നോക്കിയപ്പോള്‍ അതാ പഴേ സൈക്കിളിടിച്ച് സുന്ദരി പ്രിന്‍സിപ്പാളിനടുത്ത് ഇരിക്കുന്നു!

അടുത്തതായി നമ്മുടെ അതിഥിയായ സെന്റ് മേരീസ് കോളേജ് യൂണിയന്‍ പ്രസിഡന്റ് അന്നാമ്മ വര്‍ഗീസ് നിങ്ങളോട് സംസാരിക്കുന്നതായിരിക്കും
കൂവല്‍, ഡെസ്കിലടി, ബഹളം. പ്രിന്‍സിപ്പല്‍ എണീറ്റ് ആംഗ്യം കാണിച്ചപ്പോള്‍ ഒട്ടൊരു ശാന്തത. അന്നാമ്മ വര്‍ഗീസ് തുടങ്ങി.

സുഹൃത്തുക്കളേ ഈ കൂവല്‍ ഒന്നും ഇപ്പോളൊരു ഫാഷനല്ല – എന്നിട്ടൊരു ചിരിയും

ഒരു കൂസലുമില്ലാതെ കുറച്ച് സംസാരിച്ചു

ഞങ്ങള്‍ കുറേ അന്നമ്മയെ ചീത്തവിളിച്ചു. എനിക്കൊരു വിരോധവും ഉണ്ട്. ഒരാണായ എന്നെ പണ്ട് നിശിതമായി ശകാരിച്ചതും അവള്‍ ആണു. ഇത്ര കൂസലില്ലായ്മയോ. ഇത്രയും ആണുങ്ങളുടെ മുന്നിലിരുന്ന് കൂളായി പ്രസംഗിക്കാന്‍ ? അതും ഒരു ഡിഗ്രി ഫസ്റ്റ് ഇയര്‍ എന്തോ ആണു. ഒരു പെഴ തന്നെ

സൂര്യന്‍ സ്വന്തം അച്ചുതണ്ടില്‍ കുറേ തിരിഞ്ഞു. ഭൂമി ചുറ്റിക്കൊണ്ടിരുന്നു. കുറെ ആമ്പിള്ളാരും പെമ്പിള്ളാരും പുതുതായി പെറ്റുവീണു. പഴേ യുവാക്കള്‍ നരച്ചു മുടിയിഴകള്‍ കുറെ പഴയ ഫോട്ടോകളിലെ ഓര്‍മകളായി മാറി.

പത്ത് മുപ്പത്തഞ്ച് വയസ്സായപ്പോഴാണു പെണ്ണുങ്ങളോട് നോര്‍മല്‍ ആയി സംസാരിക്കാം എന്നായത്. പുതിയ എന്ത് മാത്രം വീക്ഷണകോണുകളാണു സ്ത്രീകളുമായി സംസാരിച്ചപ്പോള്‍ കിട്ടിയത്. പാതി ജന്മം പാഴായി.

ഈയടുത്ത് തൃശ്ശൂരില്‍ പോയപ്പോള്‍ പള്ളിയില്‍ പോയിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും കുടുംബങ്ങളും ഇടകലര്‍ന്ന് ഇരിക്കുന്നുണ്ട്. എന്റെ ഒരു പഴയ സുഹൃത്തിനെകണ്ട് സംസാരിച്ചു. അവസാനം ചോദിച്ചു,

ടാ ആ അന്നാമ്മ വര്‍ഗീസ് ഇപ്പൊ എവിടെയാ ?

ഏത്

ആ യൂണിയന്‍ പ്രസിഡണ്ടേ – മ്മടെ സെന്താമാസില്‍ വന്ന ?

ആ ആര്‍ക്കറിയാം എന്തിനാ അറിഞ്ഞട്ട് ?

അല്ല ഒരുമ്മ കൊടുക്കാനായിരുന്നു

ങ്ങേ

ഒരു ഫ്ലയിങ്ങ് കിസ്സെങ്കിലും……

അതായത് , ഇന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു – അവർ ഒരു വലിയ സ്ത്രീ ആയിരുന്നെന്ന് . അന്നോ – തന്റേടി , അഹങ്കാരി , അലവലാതി . അങ്ങനെ ആണ് അന്നൊക്കെ എന്റെ ചിന്താഗതി . അങ്ങനെയല്ലാതെ ചിന്തിക്കുവാൻ പറ്റിയ രീതിയിലുള്ള ചിന്താ സരണികളിലൊന്നും നമ്മുടെ ശ്രദ്ധ പെടുന്നില്ല . ആക്ചുഅലി അങ്ങനെ ഉള്ള ചിന്തകൾ അന്ന് കുറവാ .

കുറച്ചു കൊല്ലങ്ങൾ കൊണ്ട് ഞാൻ എത്ര മാറി എന്ന് ഞാൻ ആലോചിക്കുക ആണ് . പലപല കാര്യങ്ങൾ മാറി മറിയുന്നു . നമ്മൾ ഇന്ന് ഉറച്ചു വിശ്വസിക്കുന്ന പല ശരികളും നാളെ നേരെ തിരിച്ചാകാം .

മാറാൻ പറ്റണ്ടേ ? അനന്തമായ , അനുസ്യൂതമായ മാറ്റം ആകുന്നു ജീവിതം .

(ജിമ്മി മാത്യു – ഔർ കിഡ്സ് എന്ന മാസികയിൽ മുൻപ് വന്നത് )