ചരിത്രത്തിന്റെ ചവറ്റു കൂനകൾ : (യൂണിഫോം സിവിൾ കോഡിന് ആര് മണി കെട്ടും ?)

സ്വാമി കർപ്രാതി മഹാരാജ് എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലാ ? ഞാനും കേട്ടിട്ടില്ലായിരുന്നു .

ആയിരത്തി തൊള്ളായിരത്തി നാല്പത്തൊമ്പതിൽ കത്തി നിന്ന ഒരു സംഭവമായിരുന്നു ഈ സ്വാമി . 1949 ഡിസംബർ 11 ആം തീയതി ഡൽഹിയിലെ രാം ലീല ഗ്രൗണ്ടിൽ ആർ എസ് എസ് എന്ന സംഘടന ഒരു ഭയങ്കര സമ്മേളനം നടത്തി . ഹിന്ദു സിവിൾ കോഡിനെ എതിർത്ത് തോൽപ്പിക്കാനാണ് സമരം . നെഹ്‌റു ചാവട്ടെ . മുദ്രാവാക്യം മുഴങ്ങി. നെഹ്രുവിന്റേയും അംബേദ്കറിന്റെയും കോലവും കത്തിച്ചു . കത്തുന്ന പ്രശ്നമാണല്ലോ .

 

യൂണിഫൈഡ് സിവിൽ കോഡ് ഫോർ ഹിന്ദുസ് (ഹിന്ദു സിവിൾ കോഡ് ) പാർലമെന്റിൽ പാസാക്കാൻ വച്ചിരിക്കയാണ് . അംബേദ്‌കർ ആണ് നിയമ മന്ത്രി . അങ്ങോർ ആണ് ഇതിന്റെ ശില്പി . നെഹ്‌റു കട്ട സപ്പോട്ടക്ക . വല്ലഭ് ഭായ് പട്ടേൽ കാര്യങ്ങൾ സൂക്ഷിച്ചു വീക്ഷിക്കുന്നു . രാജേന്ദ്ര പ്രസാദിന് സത്യത്തിൽ എതിർപ്പാണ് . കൊറേ ലിബറൽ (ഇന്നത്തെ ഭാഷയിൽ അന്തം കമ്മി ) ഹിന്ദുക്കൾ കൂടി തീരുമാനിക്കുന്നു – ഇതൊന്നും അത്ര ഇഷ്ടമില്ലാത്ത ഹിന്ദുക്കളുടെ മേത്തു ഇടാൻ ഇംഗ്ലണ്ടിൽ ഒക്കെ യുള്ള മാതിരി ഓരോ സാധനവും പൊക്കി പിടിച്ചോണ്ട് വന്നിരിക്കുന്നു ! എന്നാലും ഇടക്കൊരോ എതിർ ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ട് പുള്ളി അമർഷം കടിച്ചമർത്തുന്നു .

 

പാസാക്കാൻ വച്ചിരുന്ന ഹിന്ദു വ്യക്തി നിയമത്തിൽ വളരെ ചുരുക്കി പറഞ്ഞാൽ ഇത്രയൊക്കെയേ ഉള്ളു :

 

ഒരാണ് (വിൽപത്രം എഴുതാതെ ) മരിച്ചാൽ മോനും മോൾക്കും വിധവക്കും സ്വത്ത് തുല്യമായി വീതിക്കേണ്ടി വരും .

 

ഒരു പെണ്ണിന് അവരുടെ സ്വത്ത് ആണിനെ പോലെ തന്നെ ഇഷ്ടം പോലെ എന്തും ചെയാം .

 

ചില സന്ദർഭങ്ങളിൽ വിവാഹ മോചനം സാധ്യമാണ് . പലപ്പോഴും (സന്ദർഭം അനുസരിച്ച) സ്ത്രീക്ക് ജീവനാംശം കൊടുക്കണം .

 

ജാതികൾ , ഉപജാതികൾ , എന്നിവയും വിവാഹവും ആയി ഒരു ബന്ധവും ഇല്ല . ആർക്ക് ആരെ വേണേലും ഏതെങ്കിലും ആചാര പ്രകാരം കെട്ടാം . ഒരു പ്രശ്നവും ഇല്ല .

 

ഒരാണിന് ഒരു പെണ്ണിനെ മാത്രമേ കെട്ടാൻ പാടുള്ളു . തിരിച്ചും .

 

ഇത്ര ഒക്കെയേ ഉള്ളു .

 

 

സ്വാമി കർപാത്രിജി ഒക്കെ കട്ട എതിർപ്പാണ് . ഹിന്ദു മഹാ സഭ , പിന്നീട് വന്ന ജന സംഘ് , ആർ എസ് എസ് ഒക്കെ  എതിർപ്പിൽ മുന്നിൽ . സ്വാമി പ്രസംഗിച്ചു :

 

അംബേദ്‌കർ ആരാണെന്നു നമ്മൾക്കറിയാം . ഹിന്ദുവിന്റെ കാര്യങ്ങൾ എന്ന് മുതല ആണ് ഇങ്ങനെ ഒരുത്തൻ (എങ്ങനെ ? അങ്ങനെ …) തീരുമാനിച്ചു തുടങ്ങിയത് ? യാഗ്യ വൽകാൻ പറഞ്ഞിട്ടുണ്ട്- ഒരു പെണ്ണിനേക്കാൾ കൂടുതൽ കെട്ടാം എന്ന് . യാഗ്യ വൽകന്റെ സ്മ്രിതിയിൽ മൂന്നാം അധ്യായത്തിൽ മൂന്നാം ചരണത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് . പിന്നെ മനുസ്മ്രിതി ഉണ്ട് . ശാസ്ത്രങ്ങൾ ഉണ്ട് . അതിലൊന്നും , സ്വാമിയുടെ അഭിപ്രായം അനുസരിച്ചു് വിവാഹ മോചനം സാധ്യമേയല്ല . സ്ത്രീക്ക് അപ്പന്റെ സ്വത്തിന്റെ വെറും എട്ടിൽ ഒന്ന് ഭാഗത്തിന്റെ അവകാശമേയുള്ളു .

 

കൂടുതൽ പറയണ്ട . ആ സെഷനിൽ ബിൽ പാസ്സായില്ല . അത്ര എതിർപ്പായിരുന്നു . ഹിന്ദുക്കൾ കുറെ ഏറെ പേര് എതിർത്തു . അംബേദ്‌കർ കെറുവിച് രാജി വച്ചു . എലെക്ഷൻ വന്നു . 1952 ൽ നെഹ്രുവിനെതിരെ മത്സരിച്ചത് പ്രഭു ദത് ബ്രഹ്മചാരി എന്ന ഒരാൾ ആയിരുന്നു . ഹിന്ദു സിവിൽ കോഡിനെ എതിർക്കുക എന്നതായിരുന്നു പുള്ളിയുടെ പ്രധാന ഉദ്ദേശം . നെഹ്‌റു ജയിച്ചു . വീണ്ടും സിവിൽ കോഡ് കൊണ്ട് വന്നു .

 

അവസാനം – ഏകദേശം പത്തു വർഷത്തെ അടി ഇടി കഴിഞ്ഞു പല കഷണങ്ങൾ ആക്കി രൂപം മാറ്റി ഈ സംഭവങ്ങൾ 56 ഓടെ പാസാക്കി .

 

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും എന്തിനു ഒഴിവാക്കി ? ഒരാളെ നമ്മൾക്ക് കെട്ടാമെങ്കിൽ എല്ലാർക്കും അത് പോരെ ? എല്ലാ പെണ്ണുങ്ങളും ഇന്ത്യയുടെ മക്കൾ അല്ലെ ? എന്തുട്ടാഷ്ടാ ? ദ് ? ഡോക്ടർ ശ്യാമ പ്രസാദ് മുഖർജി എന്ന ആദരണീയനായ ഒരു നേതാവ് നിയമ സഭയിൽ വികാര ധീനൻ ആയി ചോദിച്ചു .

 

ആർക്കും അതിനു ഉത്തരം ഇല്ലായിരുന്നു .

 

നിങ്ങള്ക്കാര്ക്കും അതിനു ധൈര്യം ഇല്ല . മുഖർജി മുഖത്തടിച്ച പോലെ പറഞ്ഞു . അവരെ നിങ്ങൾ ഭയക്കുന്നു . ഹിന്ദുക്കളുടെ മേലെ നിങ്ങൾക്ക് എന്തും ചെയ്യാം .

 

സീ രാജഗോപാലാചാരി പറഞ്ഞു –

 

മുഖർജി ജീ – അങ്ങനല്ല – നമ്മൾ ആണ് ഹിന്ദുക്കൾ.

 

അതാണ് കാര്യം . ഹിന്ദുക്കൾ ആണ് ഹിന്ദു യൂണിഫോം സിവിൽ കോഡ് കൊണ്ട് വന്നത് . അതില്ലായിരുന്നെങ്കിൽ എന്താകും ആയിരുന്നു രാഷ്ട്രത്തിന്റെ സ്ഥിതി ?

 

എവിടെ സ്വാമി കർപ്പരാതി ? ആരാണയാൾ ? ആരായിരുന്നു അയാൾ ? ആരായിരുന്നു പ്രഭു ദത് ബ്രഹ്മചാരി ?

 

ആ ചരിത്രത്തിന്റെ ഏതോ ചവറ്റു കൂനയിൽ .

 

പാതിരിമാരെ , മത നേതാക്കളെ – ചില മൂല്യങ്ങൾ  കാലത്തിന്റെ ആവശ്യം ആണെന്ന് കാലം തെളിയിക്കട്ടെ . അതിൽ ചിലർ ചവറ്റു കൂനയിൽ വീഴും . ചിലരെ ചരിത്രം വാഴ്ത്തും .

 

മോളിൽ നിന്നല്ല , ഉള്ളിൽ നിന്ന് വരണം വിവേകം. എന്നാലേ ഗുണം ഉണ്ടാവൂ .

 

എന്തായാലും കെട്ടി പിടിച്ചോണ്ടിരിക്കുന്ന പലതിന്റെയും  പുറത്തൂടി കാലത്തിന്റെ ടാർ വണ്ടി കേറി ഇറങ്ങും . കാനൻ നിയമം ഒക്കെ കാനയിൽ കിടക്കും . അങ്ങനെ അങ്ങനെ പോകും . നമ്മൾ വണ്ടിക്കു ചെവി ഓർത്തു ശരി ഏതാണ് എന്ന് നോക്കികൊണ്ടിരിക്കാം . ഒരു പ്ലാൻ ആർക്കോ ഉണ്ടാവുമല്ലോ . (ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .