തന്തൈസ് ആൻഡ് തള്ളയ്‌സ് – മക്കൾ ഓടി തള്ളാതിരിക്കാൻ എന്ത് ചെയ്യണം?

അതായത് രമണ. കാലം ഒത്തിരി മാറിയിരിക്കുന്നു. ഓന്തുകൾക്കും ദിനോസോറുകൾക്കും പണ്ട് ഇവിടെ അപ്പനമ്മമാർ മുതിർന്ന പിള്ളേരോട് പെരുമാറിയിരുന്നത് ആണ് ഇപ്പൊ ഉള്ള തന്തൈകൾക്കും തള്ളയ്ക്കൾക്കും ഓര്മ.

“നീ എനിക്ക് എന്നും കുഞ്ഞാ. എന്ത് കുന്തമാട നീ ചെയ്തോണ്ടിരിക്കുന്നത്? നിനക്ക് അല്ലേലും പണ്ടേ ബോധമില്ല. കേട്ടോടി സരസു, പണ്ടിവന്…..”

“അയ്യേ- നീ വീർത്ത് വീപ്പക്കുറ്റി പോലായല്ലോ. പണ്ടേ ഈ ആക്രാന്തമാ. എങ്ങനെ ഗുണം പിടിക്കാനാ.”

“വേറെ വർക്കതൊള്ള ജോലിയൊന്നും കിട്ടൂല്ലേ മാനേ. ഈ മെനകെട്ടത് മാത്രേ ഒള്ളോ? അല്ല, അപ്പൊ എത്ര കിട്ടും മാസം?”

“എന്തോരും കഷ്ടപ്പെട്ട് വളർത്തിയതാ. നിന്നെ പത്തു മാസം ചെമന്നപ്പോ സ്ഥിരം ശ്വാസം മുട്ടായിരുന്നു. എന്നിട്ട് തിരിഞ്ഞു നോക്കുന്നുണ്ടോ? ….”

ആ മോഡൽ ഇനി വർക് ചെയ്യുമോ എന്ന് ഡൗട്ട് ആണ്. ഈ പാശ്ചാത്യ എന്ന് പറയുന്ന സ്ഥലങ്ങളിൽ ഒക്കെ ആണല്ലോ പഠനങ്ങൾ പലതും നടക്കുന്നത്. അവിടെയൊക്കെ ജീവിക്കാൻ വകയുള്ള പിള്ളേർ പലരും മാതാപിതാക്കളിൽ നിന്ന് ഓടി പോവുകയാണത്രെ. എന്നാൽ കുറെ ഈ മുതിർന്നവരുടെ പ്രശ്നമാണത്രെ!  ഇവിടെയും ഈ സ്ഥിതി ഒക്കെ ആയി ഗഡീസ്. ലോകം ഒരൊറ്റ നരകം….സ്വാറി- നഗരം ആവുകയാണല്ലോ.

രസം അതല്ല- എന്ത് മാത്രം നന്നായി വളർത്തി, എന്തൊക്കെ കൊടുത്തു എന്നതും മക്കൾ മൈൻഡ് ചെയ്യുന്നതുമായി വലിയ പൊരുത്തമൊന്നുമില്ല.

അതായത്- നമ്മൾ എങ്ങനെ അങ്ങോട്ട് ഇപ്പോൾ പെരുമാറുന്നോ അതനുസരിച്ചാണ് മുതിർന്ന മക്കൾ നമ്മളോട് ഇഷ്ടം കാണിക്കുന്നത്.

ഏറ്റവും പ്രധാനം- അനിയന്ത്രിയത എന്നതാണ്. നിയന്ത്രിക്കാൻ അധികം നോക്കരുത് എന്ന്. നീയെന്താ ഇപ്പൊ പല്ലു തേക്കാത്തത്, അപ്പി ഇടാതെയാണോ ജോലിക്ക് പോകുന്നത് തുടങ്ങിയവ ഒഴിവാക്കാം. ‘ഈ ബിസിനസ് നീ ഈമ്പത്തെ ഉള്ളു. സിംഗപ്പൂരിലെ കുഞ്ഞമ്മാവനോട് പറഞ്ഞ് അവിടത്തെ മുനിസിപ്പാലിറ്റി സാനിറ്ററി വർക്കർ ജോലി മേടിച്ചു തരാം’- ഈ സ്റ്റൈൽ സാധനങ്ങൾ ഒക്കെ കടിച്ചു പിടിച്ചു സ്വയം അടക്കുക. ഉപദേശങ്ങൾ വേണ്ട. ഇങ്ങോട്ട് ചോദിച്ചാൽ മാത്രം അഭിപ്രായം പറയാം. കാശൊക്കെ ചോദിച്ചാൽ, നമുക്ക് ശിഷ്ടകാലം ജീവിക്കാനുള്ളത് മാറ്റി വെച്ചിട്ട് വളരെ സൂക്ഷിച്ച് കൊടുക്കാം. പറ്റുന്നത് മാത്രം. അതിന്റെ പേരും പറഞ്ഞ് പിന്നെ നിയന്ത്രിക്കാൻ പൊകുവേം അരുത്.

അപ്പൊ അവർ മണ്ടത്തരം ഒക്കെ കാണിക്കും എന്നല്ലേ?

കാണിക്കും. നമ്മടെ മക്കൾ ആണല്ലോ. അപ്പൊ കാണിക്കുന്നത് പലതും അങ്ങനെയൊക്കെ ആരിക്കും. അതിൽ നിന്ന് പഠിച്ച് ചിലപ്പോ നേരെ ആവുമായിരിക്കും. ആ. ആദ്യം മനസിലാക്കേണ്ടത് മിക്ക കാര്യങ്ങളും നമ്മുടെ കൺട്രോളിൽ ഒന്നും അല്ല എന്നുള്ള അയത്ന ലളിത സത്യമാണ്. പോവേണ്ടത് പോകും. വരേണ്ടത് പലതും ടാസ്‌കി വിളിച്ച് വരും. കൂടുതൽ മുക്കിയാൽ ഉള്ളത് കൂടി പോകും. അവർ ചിലപ്പോ കാണാൻ പോലും വരാതാകും.

നമുക്കിഷ്ടമുള്ളത് ചെയ്താൽ മാത്രം സ്നേഹം. ഇല്ലേൽ ദേഷ്യവും മുഖം വീർപ്പിക്കലും. ഈ പരിപാടി അവസാനിപ്പിക്കുക. ഇതും ഒരു തരം  നിയന്ത്രണം ആണ്. പറ്റുവാണേൽ  എപ്പോഴും സ്നേഹം, സൗമ്യത ഒക്കെ കാണിക്കുക. പറ്റുന്നത് പോലെ അവർ വരുമ്പോ ഒരോളം ഉണ്ടാക്കുക. “അവരുടെ അടുത്ത് പോയാൽ നല്ല രസമാണ്” – ആ വൈബ് ഉണ്ടാക്കുക.

ഈ സദാ സമയവും കുറ്റം പറയുക, ചെറിയ ചെറിയ തെറ്റുകുറ്റങ്ങൾ എപ്പോഴും പറഞ്ഞ് ശല്യപ്പെടുത്തുക, തുടങ്ങിയവ ഒഴിവാക്കുക. ചുമ്മാ കളിയാക്കുക, ഒളിയമ്പ് എയ്യുക, കുത്തുവാക്ക് പറയുക, ഓഞ്ഞ സർകാസം അടിക്കുക ഒക്കെ തീരെ കുറയ്ക്കുക. പണ്ട് വേറെ നിവർത്തി ഇല്ലാത്ത കൊണ്ട് അവർ അതൊക്കെ സഹിച്ചിട്ടുണ്ടാവും. ഇപ്പൊ അതൊക്കെ പ്രശ്നമാണ്.

പണ്ടത്തെ അതേസ്‌നേഹവും അടുപ്പവും പ്രതീക്ഷിക്കേണ്ട. കാലം മാറും. പുഴ ഒഴുകും. മഴ വന്ന് കയ്യാലകൾ  ഒലിച്ചു പോകും, അവിടെ മതിലുകളും റോഡുകളും വരും. അതിരൊക്കെ നോക്കി നടക്കുക.

ഭാര്യ, ഭർത്താവ്, ബോയ്ഫ്രണ്ട്, ഗേൾഫ്രണ്ട് ഇവരെപ്പറ്റി ഒരു മോശം അഭിപ്രായവും വേണ്ട കേട്ടോ. മനസ്സിൽ വെച്ചിരുന്നാൽ  മതി. മക്കളെ വളർത്തുന്നതിൽ അധികം അഭിപ്രായം പറയണ്ട. എന്തിനാ വേണ്ടാത്ത ചുമതലകൾ തലയിൽ കേറ്റുന്നത്?

മക്കൾ അവരുടെ ആവശ്യങ്ങൾ നമ്മുടെ തലയിൽ കേറ്റി വെയ്ക്കുന്നതും സ്നേഹപൂർവ്വം ഒഴിവാക്കാം എന്ന് തോന്നുന്നു- നമുക്കത് വലിയ ഭാരമാണെങ്കിൽ. എല്ലാറ്റിനും ഉപരിയായി സ്വന്തം ഒരു ജീവിതം ഉണ്ടാവുന്നത് നല്ലതായിരിക്കും. . ആവുന്ന കാലത്ത്. അല്ലാത്ത കാലത്ത് പറ്റുമെങ്കിൽ പ്ലാൻ ചെയ്യുക- അധികം ആരെയും ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ.

ഇതൊക്കെ പാടാണല്ലേ. ശരിക്കും ആണ്. എല്ലാം ഇങ്ങനെയൊക്കെ പറ്റുമോ എന്നെനിക്ക് തന്നെ അറിയില്ല. ശ്രമിക്കും എന്തായാലും.

നമ്മുടെ നാട്ടിൽ ഇങ്ങനെത്തെ ഉപദേശം അപ്രസക്തമാണ്  എന്നുണ്ടോ? അറിയില്ല. പ്രസക്തം ആണ് എന്ന് തന്നെയാണ് തോന്നുന്നത്. 

REFERENCES:

Pillemer, K. (2020). Fault Lines: Fractured Families and How to Mend Them.

Ryan, R. M., & Deci, E. L. (2017). Self-Determination Theory: Basic Psychological Needs in Motivation, Development, and Wellness.

Assor, A., Roth, G., & Deci, E. L. (2004). The emotional costs of parents’ conditional regard. Journal of Personality, 72(1), 47–88.

Fingerman, K. L. (2001). Aging Mothers and Their Adult Daughters.

Birditt, K. S., Fingerman, K. L., & Zarit, S. H. (2010). Adult child–parent relationship quality and well-being in later life. Journals of Gerontology Series B.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .