നെഹ്റു മൂത്താപ്പയും കുത്തായുടെ പേരും, ഞാൻ രക്ഷപ്പെട്ട വിധവും :

അങ്ങനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് , തൊണ്ണൂറ്റിയാറ് കാലഘട്ടത്തിൽ ആണ് നമ്മുടെ , അതായത് , സോറി – എന്റെ, കഥ എത്തി നിൽക്കുന്നത് . ഇന്റേൺ ഷിപ് അഥവാ ഹൌസ് സർജൻസി എന്ന മാരണം കഴിയാതെ രക്ഷയില്ലല്ലോ . വേണം താനും . ഈ ഒരു വര്ഷം ഇങ്ങനെ പല ഡിപ്പാർട്മെന്റുകൾ മാറി മാറി നടന്നാൽ അല്ലെ , ഡോക്ടർ ആവാൻ പറ്റൂ . സീ – പുസ്തകം വായിച്ചിട്ട് ആരും നീന്താൻ പഠിച്ചിട്ടില്ല . അയിന് വെള്ളത്തിമ്മേ എറങ്ങണം . കൈയും കാലും ഇട്ടടിക്കണം . തണുത്ത വെള്ളം കുറെ കുടിക്കണം . വിക്കി വിക്കി ചുമയ്ക്കണം . അങ്ങനെ കുറെ ആചാരങ്ങൾ ഒക്കെ ഉണ്ട് .

 

ഇന്റേൺഷിപ്പിനു ഞങ്ങൾ വിളിക്കുന്ന പേര് പട്ടിപ്പണി എന്നാണ് . എല്ലാ ഡിപ്പാർട്മെറ്റിലെയും ഏറ്റവും താഴെ യുള്ള , ജോലികൾ ചെയ്യേണ്ടത് നമ്മൾ ആണല്ലോ . പിന്നെ അന്ന് തൃശൂരിൽ എം എസ് , എം ഡി ഒന്നും ഇല്ലാത്തതിനാൽ പലപ്പോഴും വലിയ പണികളും ഒക്കെ ചെയ്യേണ്ടി വരും ! കൈയും കാലും വിറച്ചോണ്ടാണ് ചിലപ്പോ ജോലി ചെയ്യുന്നത് . തല്ലു കിട്ടാനും സാധ്യത ഉണ്ടല്ലോ . എന്നാൽ എല്ലാം അറിയാം എന്ന് ഭാവിക്കയും വേണം . അല്ലെങ്കിൽ തന്നെ മുടി ഒക്കെ തീർന്നു. തീവ്ര ടെൻഷനുകൾ വരുമ്പോൾ നമ്മുടെ അഡ്രീനൽ ഗ്ലാൻഡ് എന്ന ഗ്രന്ഥിയിൽ നിന്ന് , അഡ്രിനാലിൻ , നോർ അഡ്രിനാലിൻ എന്ന സംഭവങ്ങൾ ഒഴുകുകയും , നമ്മുടെ ഹാർട്ട് പട പടാ ഇടിക്കുകയും , നമുക്ക് ഒരു ആധി , ഒരാന്തൽ , അഥവാ കത്തൽ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും . പിന്നെ നമ്മുടെ മസ്തിഷ്ക ……

 

അതൊക്കെ പോട്ടെ . ഈ മെഡിക്കൽ കാര്യങ്ങൾ പറഞ്ഞു മനുഷമ്മാരെ ബോറടിപ്പിക്കുക എന്നത് ഞങ്ങൾ ഡോക്ടർമാർക്ക് ഒരു ഹരമാണ് , വീക്നെസ് ആണ് .

 

ഇതിന്റെ ഇടയിൽ ആണ് , ഷീബയുടെ കല്യാണം . അങ്ങനെ ആണ് , എൻറെ ഏകദേശം തലച്ചോർ മൊത്തം , അന്ന് കണ്ടിട്ടില്ലാത്ത മൈക്രോവേവ് ഓവനിൽ വച്ച പോലെ ചൂടാവുന്നതും , കുറെ അധികം മുടി ഒറ്റയടിക്ക് പൊഴിയുന്നതും .

നിങ്ങൾ ആകെ ഇത്രയും കാര്യം മനസ്സിലാക്കിയാ മതി . ഈ പ്രേമം ഒരു ടെൻഷൻ ആണ് . അത് സഫലമായാലും , ഇല്ലെങ്കിലും ഡാർക് സീൻ ആണ് മച്ചാ .

 

ആകെ കൺഫ്യൂഷൻ ആയല്ലേ . അതായത് , എം ബി ബി സ് രണ്ടാം വര്ഷം ആകുമ്പോൾ ആണല്ലോ അടിമുടി  ഐശ്വര്യ റായ് തോക്കുന്ന സൗന്ദര്യം ഉള്ള ഷീബയോട് ഞാൻ പ്രണയത്തിൽ ആകുന്നത് . എങ്ങനെ അങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല . അല്ലെങ്കിലും , ലോറി ഇടിക്കുക , സൈക്കിളിന്റെ ടയർ പഞ്ചർ ആവുക , തീവ്ര തലവേദന വരിക , കാലമാടന്മാർ എറിഞ്ഞ പഴത്തൊലിയിൽ നമ്മൾ വീഴുക , നിറഞ്ഞ ലിഫ്റ്റിനകത്ത് അറിയാതെ വളി വിടുക തുടങ്ങിയ അപകടങ്ങൾ ഒന്നും തന്നെ , നമ്മുടെ കൺട്രോളിൽ ഉള്ളവ അല്ല . അത് പോലെ ഒരു ആകസ്മിക , മനോഹര , കദന നിബദ്ധ , ചിരി കരച്ചിൽ സമ്മിശ്രമായ , അതി സങ്കീർണവും , എന്നാൽ സരളവുമായ , ഒരു ഇന്റർനാഷണൽ സാധനം ആകുന്നു ഈ വളി ……ഛെ ….പ്രണയം .

 

എന്നാൽ നമ്മൾ ഇങ്ങനെ വര്ഷങ്ങളോളം മണപ്പിച്ചു മണപ്പിച്ചു നടക്കുന്നതല്ലാതെ , പ്രണയം ഉണ്ടെന്നുള്ളത് നമ്മൾ പറയുന്നില്ല . കാരണം പലതാണ് :

 

നമ്മൾ ഒരു ശരാശരി മനുഷ്യൻ ആണ് , അവളോ , ഐശ്വര്യ  റായിയും . എങ്ങാനും പറഞ്ഞാൽ അവൾ ചിരിച്ചെങ്കിലോ . എന്ത് ശോകം ആയിരിക്കും . നിങ്ങൾ തന്നെ ഒന്ന് ആലോചിച്ച് നോക്ക് .

 

രണ്ട് , ങാഹാ , ഇതായിരുന്നു നിന്റെ മനസ്സിൽ അല്ലേടാ കശ്‌മലാ എന്ന രീതിയിൽ പ്രതികരിച്ചാലോ ? അത് ശോകം സ്ക്വയേർഡ് ആയിരിക്കും . ശോകം ഗുണം ശോകം . ഇമ്മിണി വലിയ ശോകം .

 

പിന്നെ , നമ്മൾ മെഡിക്കൽ കോളേജിൽ വരുമ്പോ ആണല്ലോ പെണ്ണുങ്ങളെ കാണുന്നത് . ഇവറ്റകളെ എങ്ങനെ ഡീൽ ചെയ്യണം എന്ന് അറിയാൻ പാടില്ല . ഇന്നാണെങ്കിൽ ഞാൻ ചോദിച്ചേനെ .

 

“എനിക്ക് നിന്നയെ , അങ്ങട് ഇഷ്ടപ്പെട്ട് ട്ടാ . മ്മക്ക് കെട്ടിയാലാ ? ഏയ് – ഇപ്പൊ വേണ്ട . പിന്നെ മതി . ഹി ഹി ഹി .

ഡീൽ ഓർ നോ ഡീൽ ?”

 

ത്രെ ള്ളോ . ഒന്നൂടി ഒരു ടൈം മെഷീനിൽ കേറി പോയി അങ്ങനെ ഒക്കെ ചെയ്യാമായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു . എന്ത് കാര്യം ലേറ്റ് ആയി പോയില്ലേ . (അങ്ങനെ ഒന്നും തോന്നുന്നില്ല . ഇപ്പൊ ബാര്യയും മക്കളും മാത്രേ മനസ്സിൽ ഉള്ളു . വേറൊന്നും അല്ല – അങ്ങനെ ആണ് )

 

“അയ്യേ – നീയാ – നോ ഡീൽ .”

 

ഇങ്ങനെ പറഞ്ഞിരുന്നെങ്കിലും ഞാൻ രക്ഷപ്പെട്ടേനെ . എന്തോരം സമയം ആണ് ഇതിനെ പറ്റി ചിന്തിച്ചും , ആലോചിച്ചും കളഞ്ഞത് ? ആ സമയത്ത് കുറെ കൂടി വായിച്ചിരുന്നെങ്കിൽ തല്ലു കിട്ടാനും , ആളുകൾ വീട്ടിൽ കല്ലെറിയാനും പറ്റിയ ഒരു ഉഷാർ ബുദ്ധി ജീവി ആകാമായിരുന്നു .

 

എന്നിട്ടും അവൾക്ക് മനസ്സിലാകാതെ ഒന്നും അല്ല എന്ന് ഞാൻ പൂർണമായി വിശ്വസിച്ചു . അതല്ലേ അവളുടെ കല്യാണം ആണെന്ന് പറഞ്ഞപ്പോ , ഭീകര സങ്കടവും ദേഷ്യവും ഒക്കെ വന്നത് . കല്യാണം കഴിഞ്ഞു മാസങ്ങൾ ആയി . എന്നിട്ടും മന പ്രയാസം പോകുന്നില്ല . കുറെ മനപായസം ഉണ്ടതല്ലേ .

 

എന്തോരും മനപ്പായസം ഉണ്ടോ , അതിനു അനുപാതമായിരിക്കും , മൂ## മ്പോൾ ഉള്ള മന പ്രയാസം – ജിമ്മിച്ചൻസ് തിയറി ഓഫ് പ്രേമ മൂ##ൽ .

 

ഞാൻ സത്യത്തിൽ പേടിച്ചു പോയി . അത്രക്ക് ഡിപ്രെഷൻ . നിരാശ . നാല് കാര്യങ്ങൾ ആണ് എന്നെ മഥിച്ചത്:

 

ഒന്ന് – ഇതിൽ നിന്ന് കര കയറാൻ എന്നെങ്കിലും പറ്റുമോ ?

 

രണ്ട് – വേറെ ആരെ എങ്കിലും പ്രേമിക്കാനും സ്നേഹിക്കാനും ഈ ജന്മത്തിൽ പറ്റുമോ ?

 

മൂന്ന് – ങ്ങീ ങ്ങീ , ങ്ങീ ങ്ങീ .

 

നാല് – ങ്ങീ ങ്ങീ ങ്ങീ ങ്ങീ .

 

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ പണ്ട് സ്‌കൂളിൽ ഒരുമിച്ചു പഠിച്ച കുറെ പേര് ഒത്തു ചേരുന്നു എന്ന് പറഞ്ഞത് . ഒരു മാറ്റത്തിന് അതിനു പോയി . മൂഡ് ഓഫ് ആണല്ലോ . എങ്കിലും പോയി .

 

അവിടെ ആണ് പഴേ സഹപാഠി നെഹ്‌റു മുത്തപ്പാനെ കാണുന്നത് . ഇപ്പോൾ വലിയ സോഫ്ട്‍വെയർ എഞ്ചിനീയർ ഒക്കെ ആണ് .

 

നെഹ്‌റു എന്നാണു പേര് ! നെഹ്‌റു മുസ്തഫ !!

 

പോരെ തൃശൂർ പൂരം? അവനെ എല്ലാരും പണ്ട് കളിയാക്കിയതിനു കണക്കില്ല . എന്തുട്ട് പേരാഷ്ടോ ? കിക്കി കിക്കി .

 

അവന്റെ അപ്പൻ മുസ്തഫ , നെഹ്രുവിന്റെ വലിയ ഫാൻ ആയിരുന്നത്രേ , അങ്ങനെ ആണ് നെഹ്‌റു മുസ്തഫ എന്ന മ്പരപ്പിക്കുന്ന പേര് നെഹ്‌റു മുസ്തഫക്ക് കിട്ടിയത് . അത് ഞങ്ങൾ പിള്ളേർ നെഹ്‌റു മൂത്താപ്പ എന്നാക്കി . 

 

പരിപാടി കഴിഞ്ഞു , ഞാൻ എന്റെ മാരുതി കാറിൽ അവനെ ടൗണിൽ കൊണ്ട് വിടാം എന്നേറ്റു . അങ്ങനെ ഞങ്ങൾ പോവുകയാണ് .

 

“എന്നാലും നിന്റെ ഉപ്പ നെഹ്‌റു എന്ന് പേരിട്ടു കളഞ്ഞല്ലാ  . ” ഞാൻ പറഞ്ഞു .

 

അവൻ എന്നെ തറപ്പിച്ചു നോക്കി .

 

“എന്റെ അനിയത്തീടെ പേര് ന്തൂട്ടാന്നു അറിയ്യോ ?”

 

“ഇല്ല ”

 

” വിജയലക്ഷ്മി മുസ്തഫ .”

 

“ങേ ”

 

പകച്ചു പോയ ഞാൻ റോഡീന്നു കണ്ണെടുത്ത് അവനെ അന്തവും കുന്തവും വിട്ട് നോക്കി . അപ്പറത്തൂടെ ഒരു പാണ്ടി ലോറി ഞങ്ങളെ തൊട്ടു , തൊട്ടില്ല , എന്ന മട്ടിൽ കടന്നു പോയി . ഹോൺ ഭട്ടങ്കര ശബ്ദത്തിൽ മുഴങ്ങി . ഞാൻ ഞെട്ടി വണ്ടി വെട്ടി തിരിച്ചു . വഴിയരികിലെ ഒരാട് കഷ്ടിച്ച് രക്ഷപ്പെട്ടു . ഒരു പാവം കിഴവൻ ഓടി മാറി .

 

“ഡാ – നെനക്ക് കേക്കണാ ? ശരിക്ക് എന്താ സംബവന്ന് ?”

അവൻ ചോദിച്ചു . ഞാൻ തലയാട്ടി .

 

അതായത് , നെഹ്രുവിന്റെ ഉപ്പയും ഉമ്മയും കെട്ടി , ആദ്യത്തെ കുഞ്ഞ്- പെൺകുഞ്ഞ്- ഉണ്ടായപ്പോൾ, ഉപ്പ വാശി പിടിച്ചു – കുഞ്ഞിന് വിജയ ലക്ഷ്മി  എന്ന് പേരിടണം !

 

ഉമ്മ ഞെട്ടി . ബന്ധുക്കൾ ഞെട്ടി . നാട്ടാർ മൊത്തം മത്സരിച്ചു ഞെട്ടി . പക്ഷെ ഉപ്പാക്ക് ഒരേ നിർബന്ധം .

 

കാരണം – നെഹ്‌റു പ്രേമം ! ഉപ്പായുടെ ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ആണ്   നെഹ്‌റു. നെഹ്രുവിന്റെ പെങ്ങൾ ആണ് വിജയ ലക്ഷ്മി പണ്ഡിറ്റ്.

 

അങ്ങനെ ആണ് പെങ്ങൾക്ക് വിജയലക്ഷ്മി മുസ്തഫ എന്ന് പേര് വന്നത് .

 

“വിജയ എന്ന് മാത്രം എങ്കിലും ഇടർന്ന്‌ ഷ്ടോ ആ കാലമാടന് .”  നെഹ്‌റു മയമില്ലാതെ അപ്പനെ പ്രാകി .

 

അപ്പൊ രണ്ടാമത്തവൻ ആണ് ഉണ്ടായപ്പോ , സ്വാഭാവികമായി , – നെഹ്‌റു മുസ്തഫ – സിംപിൾ . അത്രേ ഉള്ളു .

 

“ഓ . അത് ശരി . ”

 

“അത് ശരീന്നാ – നൊണയൻ!! തനി ശവി ”

 

“ആര് ?”

 

“ന്റുപ്പാ . അല്ലാതാര് ?”

 

അതായത്, വർഷങ്ങൾ ഇഴഞ്ഞു നീങ്ങി . വിജയലക്ഷ്മി വലുതായി . നെഹ്‌റു കോളേജിലും ആയി . പക്ഷെ ഉപ്പ മുസ്തഫയുടെ ട്രങ്ക് പെട്ടി ആരും തുറന്നു കണ്ടിട്ടില്ല!

 

ഓ – സോറി . പിന്നേം കൺഫ്യൂഷൻ  ആയല്ലേ ?

 

അതായത് , മുസ്തഫക്കാന് ഒരു ട്രങ്ക് പെട്ടി ഉണ്ട് . അത് ഇപ്പോഴും പൂട്ടി വച്ചിരിക്കുകയാണ് . അതാരെയും തുറക്കാൻ സമ്മതിക്കില്ല . ഒരിക്കൽ നെഹ്‌റു കോളേജിൽ പോയ സമയത്ത്, ഉമ്മാക്ക് എവിടന്നോ  ഇതിന്റെ താക്കോൽ കിട്ടി . തുറന്നു . നെഹ്‌റു കോളേജിൽ നിന്നും വന്നപ്പോ വീട്ടിൽ ഭൂകംബം ആണ് – ഭൂകംഭം . എർത് ക്വാക്ക് .

 

ട്രങ്ക് പെട്ടിക്കകത്ത് , കുറെ പ്രേമ ലേഖനങ്ങൾ . പഴേ ഫോട്ടോകൾ . സമ്മാനങ്ങൾ . അങ്ങനെ പലതും . മുസ്തഫാക്കന്റെ പഴേ കാമുകിയുടെ പേര് എന്താണ് എന്നറിയണ്ടേ ?

 

വിജയലക്ഷ്മി !

 

നെഹ്‌റു എന്ന പേര് പോലും , ആദ്യത്തെ കള്ളം മറയ്ക്കാൻ ഉള്ള ഒരു ഉടായിപ്പ് ആയിരുന്നു , എന്നതാണ് , നെഹ്‌റു മുസ്തഫയുടെ അതിഭയങ്കര അമര്ഷത്തിനു കാരണം . എന്തായാലും ഒന്നും സംഭവിച്ചില്ല . ഉമ്മ ഒക്കെ ക്ഷമിച്ചു , വേറെ വഴി ഇല്ലല്ലോ .

 

ഇതും ചിന്തിച്ചോണ്ട് പിന്നീട് ഹോസ്പിറ്റൽ വാർഡിലൂടെ നടക്കുമ്പോൾ ആണ് , പെട്ടന്ന് , ഷീബ എതിരെ വരുന്നത് !

 

കല്യാണം കഴിഞ്ഞേ പിന്നെ ഞാൻ മുഴുവനായി മുങ്ങി നടക്കുക ആയിരുന്നു . എന്റെ ഹാർട്ട് പട പടാ ഇടിച്ചു . അഡ്രിനാലിൻ ഗ്രന്ഥിയിൽ നിന്നും …..

 

സോറി . സോറി .

 

“ഹലോ ” അവൾ അതി മാദകമായി മൊഴിഞ്ഞു . സുന്ദര മുടി ഉലഞ്ഞു . ചെറി ചുണ്ടുകൾ ചിരിച്ചു . നീണ്ട സൗഭഗ ശരീരം ജീവനുള്ള ഒരു സുന്ദര ശില്പമായി …..

 

ഹ . അത് വിട് ഷ്ടാ . പറഞ്ഞിട്ട് എന്ത് കാര്യം .

 

ഹൃദയം വിങ്ങുക ആണ് സുഹൃത്തക്കളെ . ഒരു ബോയിങ് 949 നെഞ്ചത്ത് കേറ്റി വച്ചത് പോലെ . ങേ 949 ഇല്ലെന്നോ – ങാ . എന്നാൽ 747 .

 

“എന്നെ ഒക്കെ മറന്നോ ?” ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു .

 

“ഏയ് . മറക്കരുത് എന്നോർക്കും . പക്ഷെ ഓർക്കാൻ ചെലപ്പോ മറന്നു പോകും . ഹ ഹ ഹഹ ”

 

അവളുടെ ഒരു കക്കകക്ക . ബോയിങ് 747 ടേക്ക് ഓഫ് ചെയ്യുന്നത് പോലെ . ടയറുകൾ ഉള്ളിൽ ആഴ്ന്നിറങ്ങുന്നു .

 

പക്ഷെ ധൈര്യം അഭിനയിക്കാൻ എനിക്ക് നന്നായി അറിയാം . അതല്ലേ ഈ ഹൌസ് സർജൻസിക്ക് പഠിക്കുന്നത് ?

ഞാൻ മുഖത്ത് അക്ഷോഭ്യത കഷ്ടപ്പെട്ട് വരുത്തി പറഞ്ഞു :

 

“നിന്റെ ആദ്യത്തെ കുട്ടി ആൺ ആണെങ്കിൽ എന്റെ പേര് ഇടണം , കേട്ടോ .”

 

ഡിം . ദേ കിടക്കുന്നു . എനിക്ക് അറിയാം . നിങ്ങൾ ഓരോരുത്തരും എന്നോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ഇതാണ് :

 

“വല്ല കാര്യോണ്ടോ ഷ്ടാ ?”

 

സംഭവം ചോദിച്ചു പോയി . എന്റെ പിഴ , എന്റെ പിഴ . എന്റെ വലിയ പിഴ .

 

അവൾ അതി മധുരമായി ചിരിച്ചു .

 

“അതെ , നിന്റെ പേര് ഓൾ റെഡി ഇട്ടു പോയി .”

 

“ങേ ആർക്ക് ?” ഇത്ര പെട്ടന്ന് കുട്ടി ഉണ്ടായോ ? രണ്ടു മാസല്ലേ ആയുള്ളൂ ? ഏയ് , അതാരിക്കില്ല .

 

“കല്യാണം കഴിഞ്ഞ് , ഞാൻ ഒരു പട്ടീനെ വാങ്ങി . പോമറേനിയൻ . തലയിൽ , ഉച്ചിയിൽ പൂട കൊറവാ . അതിനു പേരിട്ടു . ജിമ്മീന്ന് .”

 

പെട്ടന്ന് കൊള്ളിയാൻ മിന്നുന്ന പോലെ , എന്റെ തലച്ചോറിന്റെ ഓക്സിപിറ്റൽ കോര്ട്ടെക്സിൽ ഒരു എന്തോ മിന്നി . ഒന്ന് രണ്ടു പൊട്ടി തെറി ശബ്ദം കേട്ടു . ബോയിങ് 747 പെട്ടന്ന് നെഞ്ചിൽ നിന്ന് പറന്നുയുർന്നു . എന്തൊരാശ്വാസം !!

 

ആ നിന്ന നിൽപ്പിൽ , ആ സ്പോട്ടിൽ, ആ മോമെന്റിൽ , ആ ഒരു ഭീകര നിമിഷാർദ്ധത്തിൽ , എന്റെ പ്രേമം അപ്രത്യക്ഷം ആയി . ഗയാ എന്ന് പറഞ്ഞാൽ ഗയാ . ഉണ്ടോ എന്ന് ചോദിച്ചാൽ നഹി .

 

ജയ് നെഹ്‌റു മൂത്താപ്പ . ജയ് മുസ്തഫാക്ക , ജയ് വിജയലക്ഷ്മി ചേച്ചി .

 

ചലോ ചലോ തിയേറ്റർ . ഞാൻ കൈവീശി . അവളും കൈ വീശി. ഞാൻ തീയേറ്ററിലോട്ട് നടന്നു. (ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .