പ്ലാറ്റോയുടെ ഗുഹയും ജിമ്മിച്ചന്റെ കണ്ണടയും :

പിലാസാപ്പി എന്ന് കേട്ടിട്ടുണ്ടല്ലോ . വിവരം കുറവുള്ളവർ ഒരു ഫാഷന് ഫിലോസഫി എന്നൊക്കെ കാച്ചും .

കുറെ ജാഡ വാക്കുകൾ ഉപയോഗിച്ച് പൊതുജനത്തെ കൺഫ്യൂഷൻ അടിപ്പിക്കുക എന്നതാണ് സാറേ ഇവമ്മാരുടെ ഒരു മെയിൻ.

അതിലെ ഒരു സാമാനം ആണ് എപിസ്‌റ്റമോളജി . മ്മ്‌ടെ അറിവ് എന്താണ് ? ലോക അറിവ് എന്നൊരു സാനം ഉണ്ടോ – ഇതൊക്കെ ആണ് ചോദ്യം .

പ്ലാറ്റോടെ ഗുഹ :

അതിൽ റോമൻ പീലാസപ്പര് ആയ പ്ലാറ്റോ എന്ന ഒരു ചുള്ളൻ പറഞ്ഞ കാര്യമാണ് “അലിഗറി ഓഫ് ദി കേവ് “. ഗുഹെടെ ഉപമ .

എന്തുട്ട് നാളികേരം ആണ് ഗുഹെടെ ഉപമ ?

അതായത് , നമ്മൾ മനുഷമ്മാരെ ഒക്കെ ഏതോ ഒരു ഗഡി ഒരു ഗുഹയിൽ കെട്ടി ഇട്ടിരിക്കുകയാണ് .
നിലാവില്ലാത്ത രാത്രി ആണ് . കയ്യാമം ഉണ്ട് . കാൽ യാമവും ഉണ്ട്. ങേ- അങ്ങനെ ഒന്നില്ലെന്നോ . കാര്യം മനസിലായല്ലോ , അത് മതി . ഗുഹക്ക് വിശാലമായ ലോകത്തേക്ക് തുറന്നു കിടക്കുന്ന ഒരു വാതിൽ ഉണ്ട്.

പക്ഷെ നമ്മക്ക് അതിലോട്ട് നോക്കാൻ പറ്റില്ല ! അതിന് പുറം തിരിഞ്ഞു , പാറയെ നോക്കി ആണ് നമ്മളെ ഇരുത്തിയിരിക്കുന്നത് . പുറത്തു , അങ്ങ് ദൂരെ , കാട്ടു തീ ഉണ്ട് . അതിന്റെ വെളിച്ചം ഉണ്ടാക്കുന്ന നിഴലുകൾ പാറയിൽ വീഴുന്നത് നമുക്ക് കാണാം . അത് നോക്കി വേണം ഗുഹക്ക് പുറത്ത് നടക്കുന്ന കാര്യങ്ങൾ നമ്മൾ മനസിലാക്കാൻ .

ലോക സത്യങ്ങൾ ഇങ്ങനാണ് നമ്മ സാദാ ആളുകൾ മനസിലാക്കുന്നത് . എന്തൊക്കെയോ നടക്കുന്നു . കുറെ നമ്മൾ ഊഹിക്കുന്നു .

എന്ത് ഡെസ്പ് സീൻ ആണല്ലേ .

ഇച്ചിരി ആശ്വാസം ഉണ്ട് . നിരീക്ഷണം , ഗണിതം , യുക്തി , കാര്യങ്ങൾ സംഭവിക്കുന്ന പാറ്റേൺ മനസ്സിലാക്കൽ , അങ്ങനെ ശാസ്ത്ര സമാന , അനുബന്ധ സർക്കസുകളിലൂടെ പ്രപഞ്ചത്തിന്റെ , പ്രകൃതിയുടെ , ഒക്കെ ആത്യന്തിക സത്യങ്ങളെ പറ്റി നമുക്ക് ഏകദേശം മനസിലാക്കാം .

നോട്ട് ദി പോയിന്റ് – ദർശനങ്ങൾ ഇല്ല . ഉന്നതങ്ങളിൽ നിന്ന് ഇറക്കിയ ചപ്പടാച്ചി കോമാങ്ങകൾ ഒന്നുമില്ല . പെട്ടന്ന് ഉണ്ടാകുന്ന ഉൾക്കാഴ്ചകൾ ഉണ്ട് .

ഇതാണ് പ്ലാറ്റോയുടെ ഗുഹ .

അങ്ങനെ പിലാസപ്പിയിൽ കഥകളിയുടെ മുദ്രകൾ പോലെ കുറെ ഉണ്ട് .

ഹിഹിഹി . എളിമ കാരണം പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല . ഞാൻ ഉണ്ടാക്കിയ ഒരു മുദ്ര കൂടി ഉണ്ട്.
ഞാൻ പറഞ്ഞു തരാം . ഫ്രീ ആയിട്ട് . നിങ്ങൾ ഒന്നും തരേണ്ട . ഈ സംഭവം കുറെ ഷെയർ ചെയ്താൽ മാത്രം മതി .

ജിമ്മിച്ചന്റെ കൂളിംഗ് ഗ്ലാസ് : (ജിമ്മിച്ച കണ്ണട എന്ന് ചുരുക്കി പറയാം )

അതാണത് . എല്ലാ മനുഷ്യർക്കും ഈ കൂളിംഗ് ഗ്ലാസ് ഉണ്ട് . നമ്മുടെ വിശ്വസ സംഹിതകൾ , ലോക വീക്ഷണങ്ങൾ , വളർന്നു വന്നപ്പോഴും ഇപ്പോഴും ഉള്ള മൂല്യ ബോധ്യങ്ങൾ എന്നിവ ഉണ്ടാക്കുന്ന ചിന്താ കലക്കന്മാർ ആണവ ( ചിന്തയെ കലക്കുന്നത് എന്തോ അതാണ് ചിന്താ കലക്കന്മാർ ). മറ്റേ- യുക്തി , ശാസ്ത്ര , ഗണിത സാമാനങ്ങൾ കൊണ്ട് , സത്യത്തെ ഒരു പുസ്തകമാക്കി കയ്യിൽ കിട്ടിയാലും , ജിമ്മിച്ച കണ്ണടയുടെ പ്രത്യേകത അനുസരിച്ച് , സത്യം പിന്നെയും കുറെ ഒക്കെ കലങ്ങി തന്നെ ഇരിക്കും !

ചിലരുടെ കണ്ണടകൾ ഒത്തിരി കറുത്തതും , സത്യത്തിന്റെ വികൃത രൂപം മാത്രം കാണിക്കുന്നതും ആണ് . ആന്തംസ് ന്റെ ഒക്കെ അങ്ങനെ ആയിരിക്കും .

നിങ്ങൾ എവെഞ്ചേലിക്കൽ ക്രിസ്ത്യൻ ട്രംപ്പ് സപ്പോർട്ടർ ആണെങ്കിൽ ട്രംപ്, വ്യവസ്ഥിതിയുടെ ഇരയും ഇലക്ഷൻ അട്ടിമറിക്കപ്പെട്ടു സ്ഥാന ഭൃഷ്ടൻ ആക്കപ്പെട്ട പാവവും ആണ് . നിങ്ങൾ അന്തം ഇസ്ലാമിസ്റ്റ് ആണെങ്കിൽ ഐ എസ ഐ എസിന്റെ സിറിയ ഭൂമിയിലെ സ്വർഗം ആണ് . ധ്യാന മല്ലൻ ആണെങ്കിൽ പ്രസാദം പൈശാചികം ആണ് . അന്തം സംഘി ആണെങ്കിൽ ഉർവശി തീയേറ്റേഴ്സ് കലാകാലങ്ങൾ ആയി ഇറക്കുന്ന ലവ് ജിഹാദ് , ഹലാൽ ഗൂഢാലോചന , പെറ്റുപെരുകൽ പേടിപ്പിക്കൽ എന്നിവയുടെ ആരാധകനും ആണ് .

എന്നാൽ പുരോഗമനക്കാർക്കും (ഞാൻ ഇച്ചിരെ ആണ് ) ഇത് പോലുള്ള ജിമ്മിച്ചൻ കണ്ണടകൾ ഉണ്ട് എന്ന് നാം മറക്കരുത് . ഒരെണ്ണം മാത്രം ഞാൻ സൂചിപ്പിക്കാം :

അധികാര കേന്ദ്രങ്ങൾ എപ്പോഴും അപരാധികളും , താഴെ ഉള്ളവർ എപ്പോഴും ഇരകളും ആണെന്നുള്ളതാണ് ഒരു പ്രധാനം .

കത്തോലിക്കാ സഭ പലപ്പോഴും മാഫിയ സ്റ്റൈലിൽ പ്രവർത്തിക്കാറുണ്ട് . ജോസെഫ് മാഷിനോട് ചെയ്തതും , റോബിൻ , ഫ്രാങ്കോ ഇഷ്യൂകളിലും ഒക്കെ ഉള്ള നിലപാടുകളും ഒക്കെ ഇത് ശരി വെയ്ക്കുന്നു .

എന്ന് വച്ച് , അതിലെ കുറ്റാരോപിതർ എന്തായാലും അപരാധികൾ ആവുന്നോന്നും ഇല്ല . സത്യം വേറെ ആകുന്നില്ല . കോടതി വിധികൾ വിമർശിക്കുന്നവർ മൂരാച്ചികൾ ഓട്ടോമാറ്റിക് ആയി ആവുന്നില്ല .

അവർ നികൃഷ്ടരും , എന്നാൽ അഫ്സൽ ഗുരുവിനെ പുണ്യാളനും ഒരു പോലെ ആക്കാൻ തീവ്ര പുരോഗമന വാദികൾക്ക് തെളിവുകൾ പഠിക്കേണ്ട . വിധിന്യായം വായിക്കേണ്ട .

ഉള്ള കാര്യങ്ങൾ വച്ച് നോക്കിയാൽ രണ്ടു കോടതി വിധികളിലും വിമർശിക്കാൻ ഒത്തിരി ഉണ്ട് എന്നതാണ് സത്യം . യാഥാർഥ്യം ഇപ്പോഴും വ്യക്തവുമല്ല .

അത് പോലെ തന്നെ ആണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള നിയമങ്ങളും . അവയിലെ കാർക്കശ്യം സമൂഹ നന്മയെ ഉദ്ദേശിച്ചു ഉള്ളത് തന്നെ; സംശയമില്ല .

പക്ഷെ , അവ ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടുക ഇല്ല എന്നുള്ളത് ഒരു പുരോഗമന ജിമ്മിച്ചൻ കണ്ണട സത്യത്തെ മറക്കുന്നത് ആണ് .

സ്ത്രീകൾ എപ്പോഴും പാവങ്ങൾ എങ്ങനെ ആവും ? പലപ്പോഴും അവർ ഇരകൾ ആണ് എന്നല്ലേ പറയാൻ പറ്റൂ ?ലക്ഷക്കണക്കിന് കൊല്ലങ്ങൾ ആയി ആൻമേൽക്കോയ്മ ഉള്ള സമൂഹത്തിൽ ജീവിച്ചു പഠിച്ച പെണ്ണുങ്ങളുടെ പിൻതലമുറക്കാർ ആണ് ഇപ്പോഴത്തെ പെണ്ണുങ്ങൾ . അവർ ഒക്കെ നിഷ്കളങ്കരും പൊട്ടികളും ആണെന്ന തിയറി പരിഹാസ്യം ആണ് .

പഠനങ്ങൾ കാണിക്കുന്നത് , ശാരീരിക ആക്രമണങ്ങൾ മിക്കതും നടത്തുന്നത് ആണുങ്ങൾ തന്നെ ആണെന്നാണ് . പക്ഷെ വൈകാരിക ചൂഷണങ്ങൾ , പറ്റിക്കലുകൾ , കുറ്റകരമായ ഗൂഢാലോചന , നുണ പറയൽ , വഞ്ചന എന്നിവയിൽ പെണ്ണുങ്ങൾ ഒട്ടും പുറകിൽ അല്ല എന്നുള്ളതാണ് .

ആൺ കോയ്മ ഉള്ള സമൂഹത്തിൽ പെണ്ണുങ്ങൾക്ക് പ്രത്യേക പരിഗണന തീർച്ചയായും വേണം . പക്ഷേ , അവർ എപ്പോഴും പുണ്യവതികൾ അല്ല .

പോക്സോ കേസുകൾ കൗമാര സെക്സിനെതിരെ ഉപയോഗിക്കുന്നതിൽ എന്ത് ലോജിക് ആണെന്ന് മനസിലാവുന്നേ ഇല്ല . പതിനേഴു വയസുള്ള പെൺകുട്ടിയും , പന്ത്രണ്ടു വയസുള്ള ആൺകുട്ടിയും സെക്സിൽ ഏർപ്പെട്ടാൽ ആരുടെ ഭാഗത്താണ് അപരാധം? പോട്ടെ – പത്തൊൻപത് വയസായ ആൺകുട്ടിയും പതിനെട്ട് തികയാത്ത പെൺകുട്ടിയും തമ്മിൽ കിസ് ചെയ്താൽ , സെക്സിൽ ഏർപ്പെട്ടാൽ ഏത് പൊറുക്കാൻ പറ്റാത്ത അപരാധം ആണ് അവർ ചെയ്തത് ?

പാശ്ചാത്യ രാജ്യങ്ങളിൽ ഈ പ്രശ്നത്തെ മറി കടക്കാൻ അഞ്ചു വയസിനു മേലെ വ്യത്യാസം തുടങ്ങിയ ക്ലോസുകൾ ഒക്കെ ഉണ്ട് .

പക്ഷെ ഇത് ഒന്നും നമ്മൾ പറയാൻ പാടില്ല ! നമ്മെ പിടിച്ച് ഹിറ്റ്ലറും പീഡോഫൈലും ആൺ പന്നിയും ഒക്കെ ആക്കിക്കളയും ! കുറെ ആളുകൾ തെറി പറഞ്ഞ് ഉൺഫ്രൻഡ് ചെയ്യാനും മതി .

പക്ഷെ – ന്യൂ ഇയർ റെസൊല്യൂഷൻ ആണ് .

കണ്ണടകൾ കഴിയുന്നതും സുതാര്യമായി വെയ്ക്കാൻ നോക്കും . പക്ഷെ പറ്റണം എന്നില്ല .

ബികോസ് – ജിമ്മിച്ചൻ കണ്ണട ഊരാൻ പറ്റില്ല . ആർക്കും .

ഊരബിൾ കണ്ണട അല്ലത് . വളരെ ബുദ്ധിമുട്ടി , അതിന്റെ കറുപ്പ് കുറക്കാം എന്ന് മാത്രം .
പ്ലീസ് എച്ചൂസ് മി .
(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .